പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജാഗ്വര്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ. എ. നസീറ

ശീതം തളം കെട്ടിയ വാഹനത്തിനുള്ളിലെ ലഹരിയുടെ മണം അവരെ കൂടുതല്‍ ഉന്മേഷവാന്മാരാക്കി. അവര്‍ നാലു പേര്‍ മെഡിസിനു പഠിക്കുന്നവര്‍ അച്ഛനമ്മമാരുടെ ധന മികവില്‍ ഇടം നേടിയ മൂവരും. സ്വന്തം മിടുക്കില്‍ സ്ഥാനം പിടിച്ചു പറ്റിയ സ്കൂളദ്ധ്യാപികയുടെ മകനും.

കമ്പത്തിന്റെ കാര്യത്തിലൊരുപോലെയവര്‍ എന്‍ഫീല്‍ഡ്, ബി എം ഡബ്ലിയു, ബെന്‍സ് അവരങ്ങനെ പലരേയും കാമത്തോടെ പ്രാപിച്ചുകൊണ്ടിരുന്നു.

ഇന്നിതാ ജാഗ്വറിനോടൊപ്പം തീര്‍ത്ഥാടനയയാത്ര. പേരെടുത്ത വ്യവസായി മകനു നല്‍കിയ വാഗ്ദാനം നിറവേറ്റി. മെഡിസിനു ചേര്‍ന്ന മകനോടു കാട്ടിയ വാത്സല്യം. ചുവന്ന ബോര്‍ഡില്‍ മൂന്ന് അക്ഷരങ്ങള്‍ മാത്രമുള്ള അവരുടെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം.

പുറത്തെ താപനില സ്റ്റിയറിംഗിനു നേരെ കൂട്ടിയും കുറച്ചും പഠനോത്സാഹിയായ കുട്ടിയുടെ മികവ് കാട്ടി. വളയം പിടിച്ചവര്‍ അവ നോക്കി പരിഹാസത്തോടെ പറഞ്ഞു.

'' എന്തുമാകട്ടെ ടെമ്പറേച്ചര്‍ വി ആര്‍ ഇന്‍ അന്റാര്‍ട്ടിക്''

പുറകുവശത്തെ ഇരിപ്പിടത്തിനു നടുവില്‍ ബോട്ടില്‍ ഹോള്‍ഡറില്‍ തപം ചെയ്ത പൂജാവസ്തു ഓരോരുത്തരുടേയും അധരങ്ങളിലേക്ക് ഊര്‍ന്നിറങ്ങി. സിരകളില്‍ നിര്‍വൃതിയുടെ വീര്യം കൂടുന്നതിനനുസരിച്ച് കിലോമീറ്റര്‍ സൂചി രണ്ടക്കസംഖ്യയില്‍നിന്നും മൂന്നക്കത്തിലേക്കും അവ തന്നെ അവരോഹണത്തിലുമായ് വേഗത പരിധിയുടെ പലകകള്‍ ദൃശ്യമാകുമ്പോള്‍‍ അദ്ധ്യാപികയുടെ മകന്‍ ചെറുതായി താക്കീതു നല്‍കി.

'' ഞാനിന്നും ഇന്നലെയും വളയം കറക്കാന്‍ തുടങ്ങിയതല്ല '' വളയത്തെ ആര്‍ത്തിയോടെ ഉള്ളംകയ്യാല്‍ കശക്കിക്കൊണ്ടുള്ള വ്യവസായിയുടെ മകന്റെ മറുപടി.

മുന്നില്‍ പോകുന്നവയ്ക്കു വേഗത പോരില്ലെന്ന കാരണത്താല്‍ വലതും ഇടതും കുതിച്ചു വെട്ടിയും കൊഞ്ഞനം കുത്തിയും ജാഗ്വര്‍ കുതിച്ചുകൊണ്ടിരുന്നു. നിരത്തിലെ പുലിയാണ് താനെന്നറിയിക്കാന്‍ അപ്പപ്പോള്‍ അലറാതിരിക്കാന്‍ മറന്നില്ല. സിഗ്നലുകള്‍ക്ക് നിറം പോരെന്നു പറഞ്ഞ് വകുപ്പധികാരികളെ പുലഭ്യം പറഞ്ഞു. അവനപ്പോള്‍ മുഖമുള്ള മറ്റൊരുവന്‍ ഇരുചക്രത്തില്‍ മുന്നേറിയപ്പോള്‍ മുന്‍ സീറ്റിലെ ഇടതുവശക്കാരന്‍ വലതു വശക്കാരനെ പ്രോത്സാഹിപ്പിച്ചു.

''അവനെ വെട്ട്''

നിരത്തിലെ ഗര്‍ജ്ജനം നില്‍ക്കുന്നില്ലെന്നു കണ്ട് ഇരുചക്രക്കാരന്‍ മാനിനേപ്പോലെ ഓരത്തെവിടെയോ പതറി നിന്നു. തെരുവോരങ്ങളില്‍ നിന്ന പലരും കൗതുകത്തോടെ പറഞ്ഞു.

'' അവന്‍ പുലി തന്നെടാ''

ഉള്ളിലെ തേരാളിയും കൂട്ടരും അതു കേട്ട് അഹങ്കാരത്തോടെ അമര്‍ന്നിരുന്നു. ഒരുവന്‍ തണുത്ത അക്ക്വാഫിനയില്‍ ചേര്‍ത്ത് മുന്നിലെ വളയക്കാരനു നല്‍കി. വളയക്കാരനില്‍ കവിത തുളുമ്പി.

'' ഗിയറില്ലാത്തത് എത്ര നന്ന്. ഇടതുകരമിപ്പോള്‍ നിനക്കായ്മാത്രം. നിന്നെ തഴുകാന്‍ മാത്രം നിന്നെ പിടിച്ചടുപ്പിക്കാന്‍ മാത്രം. നിന്നെ തഴുകി നിന്റെ ചുണ്ടുകള്‍ക്ക് എന്റെ ചുണ്ടോടടുപ്പിക്കാന്‍ എന്തെളുപ്പം''

അകത്തെ തണുപ്പും ജാസും ഇണകലര്‍ന്നപ്പോള്‍ നാല്‍വരുടേയും കരങ്ങള്‍ ഉന്മാദനൃത്തം ചെയ്തു പൂജാവസ്തു അധരത്തിലൂടെ സ്ഖലനം ചെയ്തു.

അരുതെന്നു കല്പ്പിച്ചിടത്ത് കടിച്ചു വച്ച എല്ലില്‍ തുണ്ടും ഒഴിഞ്ഞ കുപ്പികളും വലിച്ചെറിഞ്ഞു. അടിവയറിന്റെ എരിച്ചിലടക്കാതെ തെരുവോരങ്ങളിലേക്കിറങ്ങി. നാലാള്‍ നടന്നു പോകുന്നിടത്ത് നീരൊഴുക്കി. കടുത്ത മഞ്ഞ വെള്ളത്തിന്റെ എരിച്ചില്‍ ഗന്ധം നാസികകളിലൂടെ അവരിലേക്കു തന്നെ ഇരച്ചു കയറി അവരെത്തന്നെ പുളകിതരാക്കി. കോളേജിലെ തടിച്ച നിതംബക്കാരിയായ ജോത്സനയെക്കുറിച്ചവര്‍ വാചാലരായി. സുന്ദരിയായ സ്റ്റെല്ലക്കു വേണ്ടി തര്‍ക്കിച്ച് വഴക്കിട്ടപ്പോള്‍‍ കിലോമീറ്റര്‍ സൂചി ചലനരഹിതമായി. വളയക്കാരന്‍ പുറത്തിറങ്ങി പിറകിലെ ഖജനാവ് തുറക്കാന്‍‍ സ്റ്റല്ലക്ക് വേണ്ടി മാക്ടോവെല്ലിനെ വലിച്ചിറക്കി തല തല്ലിയുടച്ചു ചുടു രക്തം വാശിയോടെ കുടിച്ചു വെച്ചു.

ജാഗ്വര്‍ വീണ്ടും കുതിക്കുന്നു. മുന്‍പേ പോയവര്‍ ഹമ്പുകളില്‍ വേഗത കുറച്ചപ്പോള്‍‍ വാതിലിലൂടെ പുലി ഒരോറ്റച്ചാട്ടം മുന്നിലെത്തിയവനെ തേരാളി രൂക്ഷമായി നോക്കി.

പച്ച സിഗ്നലുകളില്‍ പുല്‍ച്ചെടിയെപ്പോലെയായി. കൂട്ടത്തില്‍ അല്പ്പം ഭയം തങ്ങി നിന്ന അദ്ധ്യാപികയുടെ മകനെ നോക്കി ഭയമില്ലാത്തവന്‍ അല്പ്പം അഭിമാനത്തൊടെയും അതിലേറെ അഹങ്കാരത്തോടേയും പറഞ്ഞു.

'' എടാ നിന്റെ പാട്ടവണ്ടിയല്ലിത് സേഫ്റ്റി ബാഗുണ്ടിതില്‍''

ഇടയ്ക്കെപ്പോഴോ ജാഗ്വര്‍ മലഞ്ചരിവിലൂടെ കുതിച്ചു. നീര്‍ത്തടാകങ്ങളിലിറങ്ങി . സീമ ലംഘിച്ച് അവര്‍ കുറുമ്പ് കാട്ടി. ശരീരത്തിലങ്ങുമിങ്ങും അനുഭവപ്പെട്ട നീറ്റലിന്റെ കാരണമന്വേഷിക്കുവാന്‍ അവര്‍ മിനക്കെട്ടുമില്ല.

നീര്‍ത്തടാകത്തിലെ ശീതക്കാറ്റേറ്റപ്പോള്‍ വീണ്ടും അവര്‍ സ്റ്റെല്ലയെ കുറിച്ച് സംസാരിച്ചു. മാക്ടോവെല്ലിന്റെ തല തല്ലിയുടയ്ക്കാതെ മെലിഞ്ഞ കഴുത്തിനെ മെല്ലെയുയര്‍ത്തി ചുണ്ടുകളെ ചുണ്ടോടടുപ്പിച്ചു നാല്‍വരും മാറി മാറി ചുംബിച്ചു.

ജാഗ്വര്‍ കുതിക്കുകയാണ് വിശാലമായ നിരത്തില്‍ ഇരുവശത്തും നില്‍ക്കുന്ന വൈദ്യുതമരങ്ങള്‍ ഉലഞ്ഞിറങ്ങുന്നു അവരുടെ മുന്നില്‍ ഹമ്പില്ല സിഗ്നലില്ല മറ്റേതൊരു തടസവുമില്ല. സ്വതന്ത്രമായ വീഥി. തീര്‍ത്ഥാടകര്‍ തൂവലിന്റെ ഭാരമില്ലായ്മയിലും വിമാനത്തിന്റെ വേഗതയിലും വതുകാലിലെ വിരലുകള്‍ അമര്‍ന്നമര്‍ന്ന് അവ അനുസരണക്കേടു കാട്ടുമ്പോള്‍ വളയക്കാരന്‍ അമര്‍ഷം കാട്ടി അമര്‍ത്തിപ്പിടിക്കും. മൂക്കിടിച്ച് ഒറ്റനില്പ്പ് ഒറ്റ ചാട്ടം. ജാഗ്വര്‍ വിശാലമായ രാജവീഥിയിലൂടെ നിലം തൊടാതെ പറന്നു. വലം കൈ തെരുതെരെ വളയത്തിലൂടെ സഞ്ചരിച്ചു കണ്ണില്‍ പതിച്ച ചുവന്ന വെളിച്ചം ഉള്ളിലേക്കിരച്ചു കയറി പല്ലുകളെ കൂട്ടിയിടുപ്പിച്ചു.

സ്റ്റെല്ലയുടെ മുടിക്കെട്ടിലെ വളഞ്ഞ പിന്നുകളെ അവളോടൊപ്പം കിടന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നു. അതീലെ ചുവന്ന ചായത്തിന്റെ സ്ഫുരണം സിരകളിലേക്കും ആഴ്ന്നിറങ്ങി അവനില്‍ തളര്‍ച്ചയോ ഉന്മേഷമോ തോന്നിച്ചില്ല. ചുവന്ന ചായത്തെ ഉന്മാദത്തോടെ ഉരസിയുരസി ജാഗ്വര്‍ കുതിച്ചു ചാടി നാല്‍വരും പറന്നു പറന്നു....

ഹാ എന്തു സുഖം

വായുവില്‍ പറക്കുമ്പോള്‍‍ നെഞ്ചത്തനുഭവപ്പെടുന്ന ആ സുഖം

നാലുനാഴിക കഴിഞ്ഞു സ്ഥലവാസികള്‍ മൂക്കു പൊത്തി. നാല്‍വരുടേയും നാട്ടാര്‍ കണ്ണുപൊത്തി. വീട്ടുകാര്‍ അലമുറയിട്ടു. അവര്‍ നാലുപേരും തൂവലിന്റെ ചിറകിലേറി അപ്പോഴും പറന്നുകൊണ്ടിരുന്നു.

അഡ്വ. എ. നസീറ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.