പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വേശ്യ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.

നക്ഷത്രങ്ങളൾ വാശിപിടിച്ച്‌ കരഞ്ഞ കൗമാരത്തിൽ അവൾ എല്ലാം വലിച്ചെറിഞ്ഞു. വലിച്ചെറിയാൻ മാത്രം അവൾക്ക്‌ ബന്ധങ്ങളില്ല. ബന്ധനങ്ങളും. ഉള്ളത്‌ ശരീരത്തെ ചുറ്റിയ ചേലകൾ മാത്രം. അഴുകിയ ജഡങ്ങളുമായി മെത്തയിൽ തൊട്ടടുത്ത്‌ കിടന്ന്‌ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത്‌ പലരും അവളോട്‌ പറഞ്ഞു “നീ സുന്ദരിയാണ്‌. ആദ്യമായി ആർത്തിയോടും ആസക്തിയോടും തന്റെ ശരീരത്തെ നോക്കിയ രണ്ടാനച്ഛനു മുന്നിൽ എല്ലാം നഷ്‌ടപ്പെട്ട അവൾക്കിന്ന്‌ അജ്ഞാതമായ നേർവഴികളിലൂടെ യാത്ര പോകാൻ ആത്മബന്ധങ്ങളില്ല. ദ്രവിച്ച സ്വപ്‌നങ്ങളുടെ കറുത്ത ഛായയിൽ മുഖം നോക്കി നില്‌ക്കാൻ അവൾ കാത്തു നിന്നില്ല. സാന്നിധ്യമില്ലാതെയും സാമീപ്യമില്ലാതെയും ജീവിതം ജീവിച്ചു തീർക്കാം. പക്ഷെ പണമില്ലാതെ - പണത്തോടൊപ്പം ഇത്‌ രണ്ടും ഉണ്ടായാൽ എന്ന ചിന്ത അവളെ ഒരു വേശ്യയാക്കി.

ഈയൊരു സമ്പന്നതയിൽ ഒരുപാട്‌ വിയർപ്പിന്റെ ഗന്ധവും ഒപ്പം ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റും കോടികളുടെ ബാങ്ക്‌ ബാലൻസും ഇന്നവൾക്ക്‌ സ്വന്തം. മനസ്സിൽ കരിമ്പടം പുതപ്പിക്കുന്ന അദൃശ്യ ചിന്തകളൊന്നുമില്ല. ഒപ്പം കുറ്റബോധവും. ഗർഭപാത്രത്തിൽ അണ്‌ഡങ്ങൾ കരഞ്ഞു തുടങ്ങിയപ്പോഴും മരവിച്ച ശരീരത്തിൽ നിന്നും സ്വപ്‌നങ്ങൾ കീറിമുറിച്ച്‌ ഗർഭ പാത്രം അറുത്തു മാറ്റിയപ്പോഴും, അറുത്തുമാറ്റിയ സ്‌ത്രീത്വം അവൾക്ക്‌ വേദനയായില്ല. ചോര കട്ടപിടിച്ച മുറിവുകളിൽ പണത്തിനോടുള്ള അമിതമായ ആസക്തി മാത്രമായിരുന്നു അവളുടെ മുന്നിൽ, കൂടെ എന്തിനേയും നേരിടാനുള്ള കരുത്തും. വിലകൂടിയ വസ്‌ത്രങ്ങളും ലിപ്‌സ്‌റ്റിക്കും ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളോടുമായിരുന്നു അവളുടെ ഓമനത്വം. ദുഷിച്ച രക്തത്തിൽ സമ്പന്നതയുടെ ഹിമശൈലങ്ങൾ അവളെ കീഴപ്പെടുത്തുകയായിരുന്നു.

തെറ്റുകൾ അവളുടെ മുറികൾക്കലങ്കാരമായിരുന്നു. നഗ്നതയുടെ ഊട്ടുപുരയിൽ ഓരോ ദിവസവും അവൾ ആദ്യരാത്രിയിലെ മണവാട്ടിയായി ഒരുങ്ങി നിന്നു. കൂടെ കിടന്നവരിൽ പലരിലും അവൾ തന്റെ ആദമിനെ കണ്ടു. ചുണ്ടിൽ ദന്തക്ഷതങ്ങളും മുടിക്കെട്ടിൽ വിരലഴിഞ്ഞ പാടുകളും അവൾക്കു ഹരമായി. കരുണ വറ്റിയ മിഴികളിലെ കാമം നഗ്നശരീരത്തിൽ കുത്തിയിറക്കിയപ്പോഴും നനഞ്ഞ നഗ്നതയിൽ ആസക്തിയുടെ വിയർപ്പു പുരണ്ട നോട്ടുകെട്ടുകളോടായിരുന്നു അവൾക്ക്‌ പ്രണയം. നഗ്നതയിൽ പുരണ്ട മാലിന്യം ഷവറിൽ നിന്നും വരുന്ന പുണ്യാഹം തളിച്ച്‌ ശുദ്ധമാക്കിയപ്പോൾ വിശപ്പടക്കിയ നിർവ്യതിയോടെ ഇറങ്ങിപ്പോയവരിൽ മനസ്സ്‌ കട്ടെടുക്കാൻ വന്ന അധിനിവേശപക്ഷികളും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ഒരുപിടി ചോറ്‌ നൽകി യാചകബാലികയെ പ്രാപിച്ചവരും സ്വന്തം പത്‌നിയിൽ പരസ്‌ത്രീകളെ കണ്ട്‌ സംതൃപ്‌തരായവരും തെരുവിലെ ഭ്രാന്തിയുടെ ശോഷിച്ച ശരീരത്തിൽ കാമം കണ്ടെത്തിയവരും പെടുന്നു.

സ്വന്തം ചോരനൽകി ജീവൻ രക്ഷിച്ചവന്റെ വാക്കുകളെക്കാളും അവളുടെ വാക്കുകൾക്ക്‌ വിലകൊടുക്കുന്ന സമൂഹം. ഇരുളും പകലുമെന്നില്ലാതെ കൊടികളുടെ നിറഭേദമില്ലാതെ, ഭരണചക്രം തിരിക്കാനും വ്യാപാരങ്ങൾ ഊട്ടി ഉറപ്പിക്കാനുമായി അവളെ ഭോഗിക്കാനും ചൂതാട്ടത്തിന്‌ കളത്തിൽ വെക്കുവാനുമായി മത്സരിക്കുന്നവർ. അവളിലെ കണ്മഷി പടർന്ന മിഴികളും നീല ഞെരമ്പുകളും വിറയലും കാണാൻ കൊതിക്കുന്നവർ ഏറെ. ഇന്നവളുടെ പടിപ്പുരയ്‌ക്ക്‌ മറ്റേതു വീട്ടിനെക്കാളും ഉറപ്പുണ്ട്‌. കാരണം അവൾക്ക്‌ നഷ്‌ടപ്പെടുവാൻ ഒന്നുമില്ല. നഷ്‌ടപ്പെടുത്താനായി കാത്തിരിക്കുന്നവർ തന്നെ അതിനെ കാവലിരിക്കുന്നു.

നാളെയൊരുപക്ഷെ പ്രായം ശരീരത്തിനൊരു വിലങ്ങുതടിയായാൽ അവളും തെരുവിലേക്ക്‌ വലിച്ചെറിയപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരുപക്ഷെ മരണമണി മുഴങ്ങുമ്പോഴും ഏതെങ്കിലുമൊരു പുരുഷത്വത്തിന്‌ മുന്നിൽ തളർന്നു വീണേക്കാം. ഒടുവിൽ അവളെക്കുറിച്ചോർത്ത്‌ കരയാൻ ആരോരുമില്ലാതെ, മുനിസിപ്പാലിറ്റിയുടെ കാരുണ്യത്തോടെ ഏതെങ്കിലുമൊരു വൈദ്യുതീകരിച്ച ശ്‌മശാനത്തിൽ ഭൂമിദേവിയെ സ്‌പർശിക്കാൻ കഴിയാതെ ഒരുപിടി ചാരമായ്‌ അവളുടെ ശരീരം അനാഥമായി എരിഞ്ഞടങ്ങും. പക്ഷെ അവൾ അതിനെയൊന്നിനെയും ഭയക്കുന്നില്ല. അവൾ കാത്തിരിക്കുന്നു, വീണ്ടും ഒരു അസ്‌തമയം. മൊബൈൽ ഫോണിന്റെ വിലാപത്തിന്‌ കാതോർത്ത്‌, കഴുകന്റെ ആത്മരോഷത്തിനു തയ്യാറായ്‌.....

സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.


E-Mail: saijush@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.