പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കലിത്തോറ്റം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സന്തോഷ്‌ കോറമംഗലം

കവിത

മനുഷ്യൻഃ

മനസ്സിന്റെ മണ്ണിലെ

ഭ്രംശപാളികളുടെ സ്ഥാനചലനത്താൽ

നീളെ വിളളലുകൾ വീണ്‌

തീരെ ദുർബലമായ

ഒരു ബഹുനിലകെട്ടിടം

ജീവിതംഃ

നിയോഗങ്ങളുടെ ആദികാവ്യം

കാലമിനിയും എഴുതിത്തീരാത്ത

ദുരിത രാമായണം

ഭ്രാന്ത്‌ഃ

മൗനത്തിന്റെ കുന്നിൽനിന്ന്‌

ചിന്തകളുടെ കല്ലുരുട്ടിയിടുന്ന

ഒറ്റയാന്റെ അട്ടഹാസം.

സ്‌നേഹംഃ

ആത്മദാഹം തീർത്ത്‌

ജീവചൈതന്യമേകുമ്പോൾ

സ്വാർത്ഥതയുടെ ചതുപ്പിടുക്കിലേക്ക്‌

പെട്ടെന്ന്‌ താഴ്‌ന്നുപോയ

മണിക്കിണർ.

സ്വപ്നംഃ

ഭവസാഗരത്തിൽ പെട്ടുഴലുന്നവന്റെ

അവസാനത്തെ വൈക്കോൽത്തുരുമ്പ്‌

നേരിന്റെ തീയ്യിൽ

പൂംചിറക്‌ കരിഞ്ഞുപിടയും

ഒരു ‘പൂമ്പാറ്റ’.

ചിതയും കല്ലറയുംഃ

മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കാതിരിക്കാൻ

ഓർമ്മയുടെ ഒരു നാമ്പുപോലും

തളിർക്കാതിരിക്കാൻ വേണ്ടി

ജീവിച്ചിരിക്കുന്നവർ മെനഞ്ഞ

ചാണക്യതന്ത്രം!

യുഗങ്ങളുടെ അച്ചുതണ്ടിൽ

‘സ്വയം ഭ്രമണം’ ചെയ്യുന്ന

അഭയസത്രത്തിലെ

രക്തം പടർന്ന

ഈ വ്രണിതസന്ധ്യയിൽ

ആസുരതാളത്തിൽ

മുറുകുന്ന കലിത്തോറ്റം!

ആർത്തലച്ചലറിയടുക്കുന്ന

കുരുതിക്കാറ്റിൽ

പ്രളയ സംക്രമണം!.....

സന്തോഷ്‌ കോറമംഗലം

മലയാള പഠനഗവേഷണകേന്ദ്രം തൃശ്ശൂർ നടത്തിയ മലയാള കവിതാമത്സരത്തിൽ രണ്ടാം സ്ഥാനത്തിന്‌ അർഹനായി. സാഹിത്യ അക്കാദമി, എൻ.വി.ട്രസ്‌റ്റ്‌ തുടങ്ങിയവർ നടത്തിയ കവിതാക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മാതൃഭൂമി, ചന്ദ്രിക, ഉത്തരദേശം തുടങ്ങിയവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കണ്ണൂർ എ.ഐ.ആറിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്‌.

വിലാസം

സന്തോഷ്‌ കോറമംഗലം,

കൈതപ്രം,

മാതമംഗലം പി.ഒ.,

കണ്ണൂർ - 670 306.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.