പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സിനിമ സിനിമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

സ്വാഗതം...
പുകവലി പാടില്ല
മുന്‍ സീറ്റില്‍ ചവിട്ടരുത്
അസോസിയേറ്റഡ് പിക്ചേഴ്സ്-
അവതരിപ്പിക്കുന്നു...
സത്യന്റെ സ്വത്വഭാഷണങ്ങള്‍,
പ്രേംനസീറിന്റെ പ്രേമപ്രകടനങ്ങള്‍
മധുവിന്റെ മദനതന്ത്രങ്ങള്‍
സുകുമാരന്റെ സൂത്രവാക്കുകള്‍
സോമന്റെ സോപ്പുപ്രണയങ്ങള്‍,
ജയന്റെ ജയഭേരികള്‍,
മമ്മൂട്ടിയുടെ മായാവിനോദങ്ങള്‍
മോഹന്‍ലാലിന്റെ മോഡേണ്‍ അവതാരങ്ങള്‍,
സുരേഷ്ഗോപിയുടെ സൂപ്പര്‍ ഡയലോഗുകള്‍,
ജഗതിയുടെ ജഗജില്ലന്‍ നമ്പറുകള്‍‍
ജയറാമിന്റെയും ദിലീപിന്റെയും -
വീട്ടുകോമഡികള്‍,
പൃഥിരാജിന്റെ പിത്തലാട്ടങ്ങള്‍
ഇടയ്ക്ക് ഗ്യാപ്പില്‍...
വാള്‍പയറ്റിയെത്തുന്ന ഏഴെതോഴന്‍
ഇരുകൈകളിലും തുപ്പാക്കിയുമായി-
എത്തുന്ന സ്റ്റൈല്‍ മന്നന്‍,
കാതല്പേശും പുന്നകൈ മകന്‍,
പിന്നെ ചിന്നദളപതിയും, സൂര്യയും മറ്റും മറ്റും...
ഒപ്പം ബിഗ്ബി, ഖാന്‍ത്രയത്തിന്റെ-
മേരേ ഭാരത് മഹാനുഭവന്മാര്‍
ഇടവേളകളില്‍
അര്‍നോള്‍ഡ് ഷ്വാര്‍സ്ന്ഗറിന്റെയും ജാക്കിച്ചാന്റെയും-
കിനുറീവ്സിന്റെയും , മെല്‍ഗിബ്സന്റെയും-
കിടിലന്‍ ട്രെയ് ലറുകള്‍
നായികമാരുടെ എടുത്താല്‍ പൊങ്ങാത്ത-
വാ‍നിറ്റി ചമയപ്പെട്ടികളും, ഗ്ലിസറിന്‍ വികാരങ്ങളും
ഫാന്‍സുകാരുടെ പാലഭിഷേകം, വിളയാട്ടം
പിന്നാമ്പുറത്ത്...
സ്ക്രിപ്റ്റ് ചര്‍ച്ച, പൂജ, സ്വിച്ചോണ്‍ , ക്ലാപ്പടി,
പിന്നെ വാതില്‍പ്പുറ ചിത്രീകരണങ്ങള്‍
നാട്ടുപാട്ടിന്റെ പല്ലവി പഞ്ചാബില്‍ ,
അനുപല്ലവി ആസ്ട്രേലിയായിലും
ചരണം ചൈനീസ് ലൊക്കേഷനുകളിലും...
ഓര്‍ക്കാപ്പുറത്ത് വിലക്ക് പ്രതിസന്ധി
ഷെഡ്യൂള്‍ഡ് പായ്ക്കപ്പ്
പിന്നെ പ്രൊഡ്യൂസര്‍ക്ക്-
സംഘടനകളുടെ കാല്‍കഴുകുന്ന പെസഹാ
ഒട്ടിയവയറും ബാഗുമായി
അയാള്‍ മാര്‍വാടിത്തെരുവില്‍
പിന്നെ പോസ്റ്റ് പ്രൊഡക്ഷന്‍,
ഫസ്റ്റ് കോപ്പി
തീയേറ്ററില്‍ മാറ്റിനി ഓടുമ്പോള്‍
ഹൗസ്ഫുള്‍ ബോര്‍ഡ്
ഇരുണ്ട മൂലയില്‍ പൊടിപിടിച്ചങ്ങനെ..
ക്ലൈമാക്സില്‍ കൂട്ടത്തല്ല്
പിന്നെ അശുഭമാം ശുഭം
എന്തിനീ ക്രൂരത കാട്ടി
ഞങ്ങളെ തെരുവിലാക്കി...?
സൃഷ്ടാവിന്റെ വിലാപചോദ്യം
ജെ സി ദാനിയേലിനോട്...
ദാദാസാഹിബ് ഫാല്‍ക്കെയോട്...
ലൂമിയര്‍ ബ്രദേഴ്സിനോട്...!

ബി. ജോസുകുട്ടി.

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Phone: 09961077837,09497221722
E-Mail: bjosekutty13@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.