പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തരളിതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

നിന്നോര്‍മ്മകള്‍ക്കുദയ ചാരുത പകരുവാ-
നിടനെഞ്ചിലൊരുഹരിതകാലം പുതുക്കുവാ-
നണയുന്നു പതിയെ പുലര്‍ഗീതമായോമനേ-
യിടയില്‍ തൂമണവുമായിന്നുമാ പ്രിയസ്വനം.

മഹിതമ,ല്ലതിലുപരിയൊരു പ്രണയലോകമാ-
ണോര്‍മ്മകള്‍ക്കാകെച്ചിലങ്കചാര്‍ത്തുന്നതും
ചിരമോഹമണയാതെ കാത്തുവയ്ക്കുന്നൊരാ-
സുരകാലമായ് പിന്നില്‍നിന്നുചിരിതൂവതും.

കര്‍ണ്ണികാരംനിറയെ നിന്‍ സ്മിതപ്പൂക്കളാല്‍
രമണീയമാക്കിടുന്നൊരു സുഖദ പുലരിയെ-
ന്നോര്‍മ്മയില്‍ പതിവുപോ-ലനുപമേയീവിധ-
മറിയുന്നുവോ,നീയുമൊരുവേള-യെന്നെയും?
* * *

അലിഞ്ഞടുത്തീടുമൊരു ഗാനംകണക്കെന്റെ
മൊഴികളിന്നിരുള്‍വീണ വഴിയിലൂടയരുവാന്‍
സ്‌മൃതികളില്‍നിറയുമാ,സ്‌നേഹവര്‍ണ്ണങ്ങളി-
ന്നഴല്‍വീണ ഹൃദയചിത്രങ്ങള്‍ തെളിക്കുന്നു.

ഇടയിലൂടൊരുബാല്യസ്മരണതന്‍ കിരണമെ-
ന്നിമകളിലൊരു പുതിയ കാവ്യം രചിക്കുന്നു;
ശ്രുതിനിലയ്ക്കാതുളളിലമരുമൊരു മോഹമെന്‍
വ്യഥിത വിപഞ്ചികയെത്തൊട്ടുണര്‍ത്തുന്നു!!

വന്നുനില്‍ക്കുന്നരികെയിരുളിലാശ്വാസമായ്
പുതുതാരകാകാരമായ് പ്രിയദെ, നിന്‍സ്മിതം
എന്നകം കേഴുന്ന വരികളില്‍ നിന്നെഞാന്‍
ചേര്‍ത്തുനിര്‍ത്തുന്നദയമായ് നിത്യ,മാദരം.
* * *

തെറ്റിയൊരു വരിയിലൂടരുകില്‍വന്നിന്നെന്റെ
ചുറ്റിലും; സ്‌മരണതന്‍ പനിനീരുതിര്‍ക്കവേ,
ഛേദിപ്പതെന്തു ദ്രുതകാലമേ, പതിവുപോല്‍
ചോദിപ്പു; ഭാരിച്ചയോര്‍മ്മപോല്‍ പുലരിയും!

തിരുസന്നിധിയില്‍ ലയിച്ചു നില്‍ക്കുമ്പോഴു-
മിഹ! ക്രൗഞ്ചമിഥുനമായ് വീണു പിടയ്ക്കുന്നു;
കരളിനോടൊത്തയാ, നാള്‍മുതല്‍ തരളിത-
മായ്‌ത്തീര്‍ന്നതാം സുദിനമോരോന്നുമീവിധം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.