പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ആരാണ്‌ പുതിയ പൗരൻ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാലചന്ദ്രൻ വടക്കേടത്ത്‌

ലേഖനം

ഈ ചോദ്യം പ്രസക്തമാകുന്ന കാലത്തിലൂടെയാണ്‌ ഇപ്പോൾ നാം കടന്ന്‌ പോകുന്നത്‌. രാഷ്‌ട്രീയ-സാമൂഹ്യവ്യവസ്ഥയിൽ ഒരു പൗരന്റെ സ്ഥാനം നിർണ്ണയിക്കപ്പെടേണ്ടതുണ്ട്‌. എന്നാൽ കേരളീയ സമൂഹത്തിൽ പൊതുവെ ഇന്ത്യൻ സമൂഹത്തിൽ ഒരു പുതിയ സംഘർഷം രൂപപ്പെട്ട്‌ വരികയാണ്‌. അതിന്റെ ഫലമായി ഓരോ വ്യക്തിയും ശിഥിലീകരണത്തിന്‌ പാത്രിഭൂതമാവുകയും ചെയ്യുകയാണ്‌. സംഘർഷ നിർഭരമായ ഈ സമൂഹത്തിൽ തന്റെ സ്വത്വമെന്താണെന്ന്‌ അന്വേഷിക്കുന്ന ഓരോ പൗരനും നിസ്സഹായനായി മാറുന്നു. സ്വയം നിർവ്വചിക്കാൻ പറ്റാത്ത അവസ്ഥ തിടംവച്ച്‌ വരുമ്പോൾ മനുഷ്യന്‌ സന്ദേഹിയാവാതിരിക്കാനാവില്ല. ഈ സന്ദേഹത്തിന്റെ അടിമകളാണ്‌ ഇന്ന്‌ ഓരോ പൗരനും?

അപ്പോൾ പഴയ പൗരൻ ആര്‌ എന്നൊരു ചോദ്യമുണ്ടല്ലോ? ഒരു സമൂഹത്തിന്റെ ആശയ രൂപീകരണത്തിൽ പഴയ പൗരൻ പ്രധാനപങ്ക്‌ വഹിച്ചിരുന്ന ദേശം എന്ന ഒരു സങ്കൽപ്പം വളർന്നുവരികയും മാനവികമായ ഒരിടം ഓരോ സമൂഹത്തിലും അന്വേഷിച്ചവനാണ്‌ പഴയ പൗരൻ. മതനിരപേക്ഷത അവൻ മൂല്യമായി കണ്ടു. അതിനുവേണ്ടി നിലകൊളളുന്നതാണ്‌ എന്റെ സ്വത്വപൂർണ്ണത്തിന്‌ അടിസ്ഥാനമെന്ന്‌ അവൻ മനസ്സിലാക്കി. അതിന്റെടിസ്ഥാനത്തിൽ സമൂഹത്തെ അവൻ നിർവചിച്ചു. അങ്ങിനെ ആ പഴയ പൗരൻ ദേശീയ വ്യക്തിത്വത്തിന്റെ ഉടമയടയാളമായിത്തീർന്നു. ഈ പൗരനാണ്‌ ഇപ്പോൾ സന്ദേഹിയായിരിക്കുന്നത്‌. നാളത്തെ പൗരനെക്കുറിച്ച്‌ വ്യക്തമായ ദിശാസൂചനകളില്ല. ഇന്നലെകളെയും നാളെയും വർത്തമാനത്തിൽ പ്രതിഷ്‌ഠിക്കാൻ കഴിയുമ്പോഴാണല്ലോ ഒരു സമൂഹം സാർത്ഥകമാകുന്നത്‌.

നമ്മുടെ സമൂഹം അപ്പാടെ വിഭാഗീയമായിക്കഴിഞ്ഞു. വർഗ്ഗീയത ഒരു ഭാഗത്ത്‌ നാവുയർത്തി നിൽക്കുന്നു. രാഷ്‌ട്രീയത്തിൽ വംശീയത കടന്ന്‌ വന്ന്‌ പഴയ പൗരന്റെ മൂല്യമായ ദേശീയതയെ വെല്ലുവിളിക്കുന്നു. ഇതിനപ്പുറം അധിനിവേശത്തിന്റെ പുതിയ പ്രശ്‌നങ്ങൾ പൊന്തിവരുന്നു. ഇവിടെ എവിടെയാണ്‌ ഇന്നത്തെ പൗരൻ നിൽക്കേണ്ടത്‌. അതാണ്‌ പുതിയ പൗരൻ അനുഭവിക്കുന്ന ദുരന്തം.

ഇതാണ്‌ അവസ്ഥയെങ്കിൽ ഇന്നത്തെ പൗരനെ നാമെങ്ങനെ നിർവ്വചിക്കും?

ഒരു ഭീതിയിലാണ്‌ പുതിയ മനുഷ്യൻ. അവന്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌ സ്വതന്ത്രമായ വിചാരശീലമാണ്‌. വിഭാഗികവും, ജീർണ്ണവുമായിക്കൊണ്ടിരിക്കുന്ന സമൂഹത്തെക്കുറിച്ച്‌ സൂക്ഷ്‌മമായ അഭിപ്രായങ്ങളവനുണ്ട്‌. പക്ഷേ, തുറന്ന്‌ പറയാനാവാത്തവിധം സമൂഹം വ്യവസ്ഥവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഉളളിൽ കടുത്ത അമർഷവും യാഥാർത്ഥ്യങ്ങളുറക്കെ വിളിച്ചു പറയാനുളള താൽപ്പര്യവും ഉണ്ടെങ്കിലും ഒന്നും പറയാനാവാതെ ഒരു ഭീതിയകപ്പെട്ടവനാണ്‌ ഇന്നത്തെ പൗരൻ. അതായത്‌ ഉളളിൽ പ്രക്ഷുബ്‌ധവും പുറത്തേക്ക്‌ നിസ്സംഗതയും പുലർത്തുന്നവനെപ്പോലെ ആയിരിക്കുന്നു ഓരോ പൗരനും. പ്രക്ഷുബ്‌ധനായ നിസ്സംഗനെന്ന്‌ ഈ പൗരനെ ഞാൻ നിർവ്വചിക്കട്ടെ.

മാറാടും ഗുജറാത്തും നമ്മുടെ രാഷ്‌ട്രീയ വിവേചനങ്ങളും അക്രമവും എല്ലാം കൂടിച്ചേർന്ന്‌ രൂപപ്പെടുത്തിയ ഒരു സമൂഹവ്യവസ്ഥയിലെ പൗരന്‌ ഇങ്ങനെയല്ലാതെ എങ്ങനെ ജീവിക്കാനാകും. പക്ഷേ, നമ്മുടെ എഴുത്തുകാർ ഇനിയും ഈ പ്രക്ഷുബ്‌ധനായ നിസ്സംഗനെ തിരിച്ചറിഞ്ഞിട്ടില്ല. ആധുനികതയുടെ കാലത്ത്‌ വ്യർത്ഥമാക്കപ്പെട്ട മനുഷ്യർ കഥാപാത്രങ്ങളായി വന്നു. അസ്ഥിത്വം നഷ്‌ടപ്പെടുന്നതോർത്ത്‌ ഛർദ്ദിക്കുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ ആവിഷ്‌കൃതമായി. എന്നാൽ അവരാരും മലയാളത്തിന്റെ പൗരൻമാരായിരുന്നില്ല. എന്നിട്ടും നമ്മുടെ എഴുത്തുകാർ ആ പൗരനെ ആവർത്തിച്ച്‌ നിർവ്വചിച്ചുകൊണ്ടിരുന്നു.

മലയാളിയായ പ്രക്ഷുബ്‌ധനായ നിസ്സംഗത കാണിക്കുന്ന ഇന്നത്തെ പൗരനെ എന്തേ ഇവർ മറന്നുപോകുന്നു?

(നന്ദി ഃ വിശകലനം മാസിക)

ബാലചന്ദ്രൻ വടക്കേടത്ത്‌

1955 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു. വാക്കിന്റെ സൗന്ദര്യശാസ്‌ത്രം, മരണവും സൗന്ദര്യവും നിഷേധത്തിന്റെ കല, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്‌ എന്നിവയാണ്‌ കൃതികൾ. കാവ്യമണ്ഡലം അവാർഡും (നിഷേധത്തിന്റെ കല) ഫാദർ വടക്കേൽ അവാർഡും (ഉത്തരസംവേദന) ലഭിച്ചിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നു. അച്‌ഛൻ ഃ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്ത്‌.

ഭാര്യ ഃ സതി.

മകൻ ഃ കൃഷ്‌ണചന്ദ്രൻ.

വിലാസം

വടക്കേടത്ത്‌ വീട,​‍്‌

നാട്ടിക പി.ഒ.

തൃശൂർ ജില്ല

680 566
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.