പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പെൺജീവിതത്തിന്റെ രംഗഭാഷ്യങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

എ.ശാന്തകുമാറിന്റെ ഇത്താരചരിതം ഒന്നാംഭാഗം എന്ന നാടകത്തെക്കുറിച്ച്‌

സാംസ്‌കാരിക അധിനിവേശത്തിന്റെ പുതിയ ദൃശ്യസംസ്‌ക്കാരം മലയാളിയുടെ ആസ്വാദനത്തിന്റെ ബോധതലങ്ങളിൽ പ്രകടമായ ‘മാറ്റ’ങ്ങൾ ഉണ്ടായപ്പോഴാണ്‌ അമേച്വർ നാടകവേദിയും നാടകകൂട്ടായ്‌മയും ദുർബ്ബലമായിത്തീർന്നത്‌. നാടിന്റെ അകങ്ങളെക്കുറിച്ച്‌ തീക്ഷ്‌ണമായ സംവാദങ്ങളുണ്ടാക്കുകയും അതിന്റെ ഫലമായി തന്റെ കാലത്തിന്റെ സ്പന്ദനങ്ങളോടൊക്കെയും തീവ്രമായി പ്രതികരിക്കുകയും ചെയ്ത രാഷ്‌ട്രീയ അവബോധമുളള നാടകകൂട്ടായ്‌മ നിഷ്‌ക്രിയമാകുന്നതിലെ അപകടങ്ങൾ ചെറുതല്ല. തനത്‌ നാടകവേദി എന്ന കെട്ടിക്കാഴ്‌ച്ചകളിലെ അരാഷ്‌ട്രീയതയും അക്കാദമിക്‌ വിദ്യാഭ്യാസം നേടിയ ‘ഔദ്യോഗിക’ കലാകാരന്മാരുടെ രംഗഭാഷ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അന്തഃസാരശൂന്യതയും നാടകത്തെ വെറുമൊരു സുകുമാര കലയാക്കി മാറ്റി. സത്യത്തിന്റെ ആർജ്ജവവും കാലത്തോട്‌ നീതിയും പുലർത്തുന്ന ഒറ്റപ്പെട്ട നാടകശ്രമങ്ങൾ ഇന്നും ബാക്കിനിൽക്കുന്നു. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ തുടങ്ങിയ നാടകങ്ങളിലൂടെ കാലികപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന കോഴിക്കോട്‌ ജനം നാടകവേദിയുടെ ‘ഇത്താരചരിതം ഒന്നാംഭാഗം’ എന്ന നാടകം ഇതിവൃത്ത പരിചരണത്തിലൂടെയും ആവിഷ്‌ക്കാര തനിമയിലൂടെയും ശ്രദ്ധേയമാണ്‌.

സ്‌ത്രീ പ്രശ്‌നങ്ങളുടെ സങ്കീർണതകളുമായാണ്‌ ‘ഇത്താരചരിതം ഒന്നാംഭാഗം’ രംഗത്തെത്തുന്നത്‌. ഇത്താര, താര എന്നീ രണ്ടു സ്‌ത്രീകൾക്ക്‌ തങ്ങളുടെ ഭർത്താവിൽനിന്ന്‌ നേരിടേണ്ടിവരുന്ന കൊടിയ പീഢനങ്ങളുടെയും ഒടുവിൽ അവർ ഭർത്താക്കൻമാരിൽ നിന്ന്‌ സ്വാതന്ത്ര്യം കണ്ടെത്തുകയും ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങുന്നതുമാണ്‌ നാടകത്തിന്റെ ഇതിവൃത്തം. ഇത്താരയുടെ ഭർത്താവിന്റെ ധാർഷ്‌ട്യം നിറഞ്ഞ സംഭാഷണങ്ങളിലൂടെ വായിച്ചെടുക്കാൻ കഴിയുന്നത്‌ പുതിയ കാലത്തെ പൊതുമനസ്സിന്റെ സ്‌ത്രീവിരുദ്ധ (മനുഷ്യവിരുദ്ധ) നിലപാടുകളാണ്‌. താരയുടെ ഭർത്താവിന്റെ അലസതയാണ്‌ അവളുടെ ജീവിതത്തെ കൂടുതൽ ദുഷ്‌ക്കരമാക്കുന്നത്‌.

പത്തുവയസ്സിൽ താഴെയുളള ഒരു ബാലികയെ പീഡിപ്പിച്ച ഒരു നീചനെ സ്വന്തം വീട്ടുമുറ്റത്തുനിന്ന്‌, താരയും ഇത്താരയും ചേർന്ന്‌ ആട്ടിയോടിക്കുന്ന പൊളളുന്ന ദൃശ്യത്തിലൂടെയാണ്‌ നാടകം ആരംഭിക്കുന്നത്‌. വിപണിയുടെ എല്ലാ ആശീർവാദത്തോടും കൂടി സ്‌ത്രീയുടെ എല്ലാ സ്വകാര്യതകളിലേക്കും ഭീകരമായ വിധത്തിൽ ഇടപെടുന്ന ആസക്തമായ ഒരു കാലത്തിന്റെ പേടിപ്പെടുത്തുന്ന മറ്റൊരു ദൃശ്യത്തിലാണ്‌ നാടകം അവസാനിക്കുന്നത്‌. കോഴിക്കോടൻ ഗ്രാമ്യഭാഷയുടെ സൗന്ദര്യത്തിലൂന്നി നിൽക്കുന്ന ലളിതമായ സംഭാഷണങ്ങൾ നാടകത്തിലെ സവിശേഷതയാണ്‌. ദീപവിതാനങ്ങളുടെ അകമ്പടികളില്ലാതെ, ശബ്‌ദനിയന്ത്രണങ്ങളുടെ സങ്കീർണ്ണതകളില്ലാതെ നടന്റെ, ശരീരഭാഷയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയ ഇത്താരചരിതം-ഒന്നാംഭാഗം പോലുളള രംഗമാതൃകകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്‌. ചുരുങ്ങിയ ചെലവിൽ വേദിയിലെത്തിക്കാവുന്ന ഇത്തരം നാടകശ്രമങ്ങൾ സാമ്പത്തിക പരിമിതികളിൽപ്പെട്ടുഴലുന്ന ജനകീയ നാടകക്കൂട്ടായ്‌മകൾക്ക്‌ മാതൃകയാക്കാവുന്നതുമാണ്‌.

എ.ശാന്തകുമാർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ‘ഇത്താരചരിതം ഒന്നാംഭാഗ’ത്തിൽ വേഷമിടുന്ന ഹരീഷ്‌, ശശികുമാർ, സുധീർ എന്നിവരുടെ അഭിനയമികവ്‌ നാടകത്തിന്റെ അവതരണ സാധ്യതകളെ പൂർണ്ണമാക്കുന്നു. പ്രേക്ഷകനും നാടകപ്രവർത്തകനും സമൂഹവും തമ്മിലുളള ജൈവികമായ വിനിമയം സാധ്യമാകുന്ന ലക്ഷ്യബോധമുളള നാടകവേദി ഇനിയും സജീവമാകുമെന്ന്‌ പ്രതീക്ഷിക്കാം.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.