പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സൗന്ദര്യത്തെ ആദരിക്കൂ.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മേഘനാദൻ

അഴകിന്റെ ആർഭാടം ആകർഷകമായി പ്രദർശിപ്പിക്കാൻ കഴിയുന്ന സൃഷ്‌ടികൾ പെൺവർഗത്തെപ്പോലെ ഏറെയില്ല. സൗന്ദര്യമത്സരങ്ങൾ ആസൂത്രണം ചെയ്യപ്പെടാനുള്ള കാരണങ്ങളിലൊന്ന്‌ ഇതാവാം.

മത്സരവേദികളിൽ പെണ്ണഴകിന്റെ ഉജ്ജ്വലത പ്രദർശിപ്പിച്ച്‌ സംഘാടകർ അവരുടെ ഗൂഢലക്ഷ്യം സാധിക്കുന്നു എന്ന്‌ ചിലർക്കെങ്കിലും ആക്ഷേപമുണ്ട്‌. സൗന്ദര്യവർദ്ധക സാധനങ്ങളുടെ നിർമാതാക്കൾക്ക്‌ അവരുടെ ഉല്‌പന്നങ്ങൾ കച്ചവടമാക്കാൻ സംഘാടകർ കൂട്ടുനിൽക്കുന്നു എന്നതെത്രെ അത്‌.

എങ്ങനെയായാലും എല്ലാ വർഷവും ലോകസുന്ദരിപ്പട്ട മത്സരം നടക്കുന്നു. 58-​‍ാംമത്‌ ലോകസുന്ദരിപ്പട്ട മത്സരമാണ്‌ ഇക്കഴിഞ്ഞ ഡിസംബർ 13-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടന്നത്‌.

സൗന്ദര്യത്തിന്റെയും ബുദ്ധിസാമർത്ഥ്യത്തിന്റെയും സഞ്ചയങ്ങളിൽ നിന്നുള്ള സാരാംശങ്ങൾ സമഞ്ജസമായി സമ്മേളിച്ച ഒന്നിലധികം സുന്ദരികൾ മത്സരാർത്ഥികൾക്കിടയിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നു. സുന്ദരിപ്പട്ടം ഒന്നേയുള്ളു. അതിന്‌ അർഹത നേടുന്നവൾ ലോകസുന്ദരി. എന്നുവച്ച്‌, തൊട്ടടുത്ത സ്‌ഥാനത്തേക്കു തള്ളപ്പെടുന്ന സുന്ദരി, സുന്ദരിയല്ലാതാവുന്നില്ല. ഒരക്കത്തിന്റെ വ്യത്യാസത്തിൽ ഷോഡതി നഷ്‌ടപ്പെടുന്ന പോലെത്തെ ഒരവസ്‌ഥ മാത്രമാണത്‌.

പെൺസൗന്ദര്യസങ്കല്‌പത്തിൽ വമ്പിച്ച മാറ്റമാണ്‌ ഇക്കാലത്ത്‌ വന്നിട്ടുള്ളത്‌. നമ്മുടെ യുവനടികളിൽ പലരും പിടിച്ചുനിൽക്കുന്നതേ ഈ മാറ്റത്തിന്റെ പുറത്താണ്‌. ശരീരം സ്വല്‌പം ചീർത്താൽ ഈ താമരത്തണ്ടു നടികൾ വീട്ടിലിരിക്കേണ്ടിവരും. കുറെ മദ്ധ്യവയസ്‌കരും ഷഷ്‌ടിപൂർത്തി ആഘോഷിച്ചവരുമേ ഇന്ന്‌ പൃഥുനിതം ബിനികളുടെയും പീനസ്‌തനികളുടെയും ആരാധകരായിട്ടുള്ളു. പെണ്ണിന്റെ കേശഭാരംപോലും യുവാക്കന്മാർക്ക്‌ മനസ്സിന്റെ ഭാരമാണ്‌. മുടി മുറിച്ച്‌ ഹ്രസ്വകേശിനികളായവർക്കാണ്‌ താരതമ്യേന യുവമനസ്സ്‌ ഇടം നൽകുന്നത്‌.

ഇതറിയാവുന്നവരത്രെ ഇന്നത്തെ പെൺകൊടികൾ. മുറയ്‌ക്കു വ്യായാമം ചെയ്‌തും തടി കുറയ്‌ക്കാൻ ഭക്ഷണം ക്രമീകരിച്ചും ദീർഘകേശം വെട്ടിയൊതുക്കിയും അവർ സുന്ദരി ചമയുന്നു.

എന്നാൽ ഇപ്പറഞ്ഞതിലപ്പുറം വേറെ ചില യോഗ്യതകൾ കൂടി സൗന്ദര്യമത്സരത്തിന്‌ തയ്യാറെടുക്കുന്നവർക്കു വേണം. ഉടുപ്പിലല്ലാതെ നടപ്പിലും ചന്തം പുലർത്തണം. ചലനങ്ങൾ ഓരോന്നും അഴകൊഴുകുന്നതാകണം. വർത്തമാനം കേട്ടാൽ കൊതിക്കണം. പുഞ്ചിരിയിൽ ആരും മയങ്ങണം.

ഇങ്ങനെ നിരവധി ഘടകങ്ങളെകൂട്ടിയിണക്കാൻ നിരന്തര പരിശീലനവും അതു നൽകാൻ അതാതു തുറകളിലെ വിദഗ്‌ദ്ധരുടെ സഹായവും വേണ്ടിവരും.

കൂട്ടത്തിൽ ആത്മവിശ്വാസത്തിന്റെ ഊഷ്‌മളത കാത്തുവയ്‌ക്കാനുള്ള മിടുക്ക്‌ ഇല്ലാതിരിക്കയുമരുത്‌.

എല്ലാറ്റിനും മുന്നോടിയായി വേണ്ട വേറൊന്നുണ്ട്‌. അതാണ്‌ ആഗ്രഹപൂർത്തിക്കായുള്ള ഒടുങ്ങാത്ത ത്വര. തരുണാവസ്‌ഥയിലെ ദിനങ്ങൾ കഠിനപ്രയത്നം ചെയ്‌ത്‌ എരിച്ചുകളയുന്നതിന്റെ ഫലം ഭാവിയിൽ കിട്ടാതിരിക്കില്ല എന്ന ശുഭചിന്തയും അവശ്യം വേണ്ട ഗുണമാണ്‌.

ലോകസുന്ദരിപ്പട്ട മത്സരത്തിൽ പങ്കെടുക്കുന്നത്‌ പല രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സുന്ദരിമാരാണ്‌. അതിനാൽ തന്നെ ഓരോ മത്സരാർത്ഥിക്കും വേദിയിൽ സമ്മർദമേറുന്നു. മികവുകാട്ടാനുള്ള വെപ്രാളത്തിനിടയിലും പ്രത്യാശയും ധൈര്യവും കൈവിടാതെ നോക്കേണ്ടത്‌ ഓരോ സുന്ദരിയുടെയും ഉത്തരവാദിത്വമായി മാറുന്നു.

അഭ്യാസത്തിനിടയിൽ ഒരു കായികതാരം നേരിടുന്ന പ്രയാസങ്ങളേക്കാൾ ഒട്ടും കുറവല്ലാത്ത രീതിയിലുള്ള പ്രയാസങ്ങളാണ്‌ സുന്ദരിപ്പട്ട മത്സരാർത്ഥിയും നേരിടുന്ന്‌. 2008-ൽ മിസ്‌ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട പാർവതി ഓമനക്കുട്ടൻ ലോകസുന്ദരിപ്പട്ട മത്സരവേദിയിൽ കയറുന്നത്‌ ഇച്ഛാശക്തിയും സ്വത്വബോധവും കൈമുതലാക്കിക്കൊണ്ടാണ്‌. ലോകസുന്ദരിപ്പട്ടം അണിയാനുള്ള ഭാഗ്യമുണ്ടായില്ല എങ്കിലും അവർ ഒന്നാമത്തെ ‘റണ്ണർ അപ്പ്‌’ ആയി.

അവരുടെ എന്നത്തെയും മോഹം ലോകസുന്ദരിപ്പട്ടമായിരുന്നു. അതിനുവേണ്ടി ആവേശപൂർവ്വമായ ഒരുക്കങ്ങളാണ്‌ അവർ കൗമാരം തൊട്ടേ നടത്തിവന്നത്‌. മകളുടെ അഭിരുചികണ്ടറിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുന്നതിൽ അച്‌ഛൻ ഓമനക്കുട്ടനും അമ്മ ശ്രീകലയും പുലർത്തിപ്പോന്ന ശുഷ്‌കാന്തി അനിതരസാധാരണമായതാണ്‌.

കലാ-കായികരംഗങ്ങളിൽ ശോഭിക്കാൻ മക്കളെ അവിടേക്ക്‌ തള്ളിവിട്ട്‌ പ്രോത്സാഹിപ്പിക്കുന്ന മലയാളി സമൂഹം പാർവതി ഓമനക്കുട്ടന്റെ മാതാപിതാക്കളെ മാതൃകയാക്കേണ്ടതാണ്‌.

കിടയറ്റതും വർണധൂസരവുമായ സൗന്ദര്യമത്സരത്തോട്‌ മലയാളിസമൂഹത്തിന്‌ പൊതുവെ ആഭിമുഖ്യമില്ല. അത്‌ ഇന്നും മലയാളിക്ക്‌ സാംസ്‌കാരികലോപത്തിന്റെ പര്യായമാണ്‌.

പി.ടി.ഉഷ ഓടി ജയിച്ചാൽ അത്‌ നമുക്ക്‌ ആഘോഷമാണ്‌. അഞ്ജു ബോബി ജോർജ്‌ ചാടാനൊരുങ്ങുമ്പോൾ അവർ വിജയിക്കാൻ നമ്മൾ പ്രാർത്ഥിക്കും. ശ്രീശാന്തിന്റെ പന്തേറിൽ വമ്പന്മാരുടെ കുറ്റി തെറിക്കാൻ നമ്മൾക്കു മോഹം.

നമ്മുടെ പാർവതി ഓമനക്കുട്ടൻ ജോഹന്നസ്‌ബർഗിലെ സാൻഡ്‌ടോൺ കൺവെൻഷൻ സെന്ററിൽ സൗന്ദര്യപ്പട്ടത്തിനു മത്സരിച്ചപ്പോൾ അവരുടെ രക്ഷിതാക്കളും കൂടപ്പിറപ്പും അടുത്ത ബന്ധുക്കളും ഒഴികെ അവർ പട്ടമണിയിന്നതു കാണാൻ ആഗ്രഹിച്ച എത്ര മലയാളികളുണ്ടാവും?

സൗന്ദര്യമത്സരത്തെ നമ്മൾ തരംതാണ ഏർപ്പാടായികാണുന്നതിന്റെ ഫലമാണിത്‌.

നമ്മുടെ സർക്കാരിന്റെ കാര്യവും തഥൈവ. പാരിതോഷികങ്ങളും സ്വീകരണവും നൽകി കായികതാരങ്ങളെയും ക്രിക്കറ്റുകളിക്കാരെയും മാത്രം ആദരിക്കുന്ന പാരമ്പര്യമേയുള്ളു നമ്മുടെ സർക്കാരിന്‌. കോടീശ്വരപുത്രൻ അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ സ്വീകരണം നൽകി സർക്കാർ ആ യുവാവിനെ ആദരിച്ചത്‌ അടുത്തിടെയാണ്‌. ഒളിമ്പിക്‌സിൽ വെടിയുതിർത്ത്‌ അഭിനവ്‌ ഒന്നാംസ്‌ഥാനം നേടി. താരതമ്യേന തിളക്കം കുറഞ്ഞ ഷൂട്ടിംഗ്‌ മത്സരത്തിലാണ്‌ ബിന്ദ്ര വിജയിയായത്‌. ഇതാണോ വലിയ കാര്യം? നിസ്സാരവത്‌കരിച്ചു പറയുകയല്ല. ബിന്ദ്രയെപ്പോലെ കോടികൾ മുടക്കി പരിശീലനം നേടാനായാൽ നമ്മുടെ യുവാക്കൾക്കും ഉണ്ടാക്കാവുന്ന നേട്ടം മാത്രമാണത്‌.

ലോകമെമ്പാടുമുള്ള അനേകമാളുകൾ ദാരിദ്ര്യദുഃഖം അനുഭവിക്കുമ്പോൾ സൗന്ദര്യമത്സരങ്ങൾ നടത്തുന്നതിനെ ധൂർത്തായിട്ടാണ്‌ അപക്വമതികൾ വ്യാഖ്യാനിക്കുന്നത്‌. അങ്ങനെയാണെങ്കിൽ ഒളിമ്പിക്‌സ്‌ ധൂർത്തല്ലേ? ക്രിക്കറ്റ്‌, ഫുട്ട്‌ബോൾ തുടങ്ങിയ കായികമത്സരങ്ങൾ ധൂർത്തല്ലേ?

നമ്മളിൽ ചിലരുടെയും നമ്മെ പ്രതിനിധീകരിക്കുന്ന സർക്കാരിന്റെയും കാഴ്‌ചപ്പാടിലെ വൈകല്യം മാറണം. സൗന്ദര്യം എന്താണെന്ന്‌ മനസ്സിലാക്കുമ്പോൾ സൗന്ദര്യമത്സരങ്ങളെ അംഗീകരിക്കാനും പാർവതി ഓമനക്കുട്ടനെപ്പോലുള്ളവരെ ആദരിക്കാനുമുള്ള മഹാമനസ്‌കത കൈവരും.

എന്നും യൗവ്വനാവസ്‌ഥയിൽ കഴിയാനാണ്‌ നമ്മളേവരും ആഗ്രഹിക്കുന്നത്‌. യൗവനത്തിന്റെ ഏറ്റവും വലിയ സിദ്ധി സൗന്ദര്യം കാണുവാനുള്ള കഴിവാണ്‌. ഫ്രാൻസ്‌ കാഫ്‌കയുടെ ഇനി പറയുന്നവാക്കുകൾ വിളംബരം ചെയ്യുന്ന സത്യത്തിലേക്ക്‌ കൈചൂണ്ടിക്കൊണ്ട്‌ ഇതവസാനിപ്പിക്കാം; സൗന്ദര്യം കാണുവാനുള്ള കഴിവ്‌ വച്ചുപുലർത്തുന്ന ഏത്‌ ആളും വാർദ്ധക്യത്തെ പ്രാപിക്കുന്നില്ല.

കടപ്പാട്‌ - ജ്വാല.

മേഘനാദൻ


Phone: 09323190126,09975855108
E-Mail: meghanadanjwala@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.