പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ആത്മാവിന്റെ പുസ്‌തകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമ കുറുപ്പ്‌

പുസ്‌തകനിരൂപണം

നല്ല രചനകളെന്നു പറയാവുന്നവ ഒട്ടേറെയുണ്ട്‌. ചിലത്‌ വായനക്കാരെ അക്ഷരവിസ്‌മയംകൊണ്ടു കീഴടക്കും; മറ്റു ചിലവ ആശയസമ്പത്തുകൊണ്ട്‌ അമ്പരപ്പിക്കും. ഇനിയും ചിലതാകട്ടെ വൈകാരികമായ ഔന്നിത്യങ്ങളാണ്‌ സമ്മാനിക്കുക. എന്നാൽ വായനക്കാരന്റെ ജീവിതവീക്ഷണംതന്നെ മാറ്റിക്കളയുന്ന രചനകൾ വളരെ കുറച്ചേ ഉണ്ടാകാറുളളു-ജീവിതത്തെ വായനയ്‌ക്കു മുൻപും ശേഷവുമെന്നു വിഭജിക്കാൻ ശേഷിയുളള രചനകൾ. ഡി ഡി ബുക്‌സ്‌ ഈയിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഓഷോയുടെ ‘ജലമെവിടെ ചന്ദ്രബിംബമെവിടെ’ എന്ന പുസ്‌തകം ഇക്കൂട്ടത്തിൽപ്പെടുന്നതാണ്‌. പത്തു സെൻ കഥകളെ ആസ്‌പദമാക്കിയുളള ഓഷോയുടെ പ്രഭാഷണങ്ങളാണ്‌ ഈ പുസ്‌തകം. ലളിതയുക്തികളിലൂടെ അതീവസങ്കീർണ്ണമായ ജീവിതത്തെ വ്യാഖ്യാനിക്കുന്നവയാണ്‌ സെൻ കഥകൾ. തന്നിലേക്കു വളരാനും സ്വയം ബോദ്ധ്യപ്പെടാനും ബോധോദയമുണ്ടാകാനും അതു പഠിപ്പിക്കുന്നു. ആർക്കും മനസ്സിലാകുന്ന ലളിതമായ കഥകൾ. എന്നാൽ കഥയുടെ ലാളിത്യം പുറംപൂച്ചുമാത്രം. ഓരോ വരിയിലും ആത്യന്തിക ലക്ഷ്യം സ്‌ഫുരിക്കുന്ന വാക്കുകളിലൂടെ ഓഷോ അതു വ്യാഖ്യാനിക്കുമ്പോൾ അതിന്റെ സങ്കീർണ്ണത ബോദ്ധ്യപ്പെടുന്നു.

ജീവിതത്തെക്കുറിച്ചുളള കാഴ്‌ചപ്പാടുതന്നെ മാറ്റിമറിക്കാൻ കഥകൾ ശക്തി നേടുന്നു. കഥയുടെ നർമ്മവും ലാളിത്യവും വായനക്കാരന്റെ ജീവിതത്തിലേക്കു സംക്രമിക്കപ്പെടുകയും ചെയ്യുന്നു. സെൻ കഥകൾ മുൻനിർത്തി ഒരു ചർച്ചയോ വാഗ്വാദമോ അല്ല ഓഷോ ഉദ്ദേശിക്കുന്നത്‌. പകരം ചില വെളിപ്പെടുത്തൽ മാത്രം. തർക്കത്തിനും വാഗ്വാദത്തിനും ആത്യന്തിക സത്യത്തിലെത്താനുളള കഴിവില്ലെന്ന്‌ ഓഷോ പറയുന്നു. അതു ചിലപ്പോൾ നിങ്ങളെ പണ്ഡിതനാക്കിയേക്കാം. ആത്യന്തികമായ അറിവു നേടാൻ സഹായിക്കില്ല. ജീവിതസത്യമറിയാൻ പറ്റുകയില്ല. ഓഷോ പറയുന്നു; “വാഗ്വാദമെന്നുവച്ചാൽതന്നെ വിഡ്‌ഢിത്തമാണ്‌. കാരണം ചർച്ചയിലൂടെ, വാഗ്വാദത്തിലൂടെ യാതൊരാൾക്കും സത്യത്തിലെത്തിച്ചേരാൻ കഴിയില്ല. നിങ്ങൾക്കൊരു രാത്രിയിലെ അഭയം കിട്ടിയെന്നുവരും. പക്ഷേ, അത്രതന്നെ.” അതല്ല നമ്മുടെ ലക്ഷ്യം. അതു സത്യമാണ്‌; ആത്യന്തികസത്യം. അതു വിജയമല്ല. കാരണം അവിടെ വിജയമില്ല. പരാജയവും.

ഓഷോ ഗുരുനാഥനാണ്‌. എന്നാൽ സാധാരണ ഗുരുക്കന്മാരെപ്പോലെ ജീവിതത്തെ നേരിടേണ്ടതെങ്ങനെയെന്ന്‌ അദ്ദേഹം പഠിപ്പിക്കില്ല. പകരം ജീവിതം മറികടക്കാൻ സന്നദ്ധരാക്കും. ധ്യാനത്തിലൂടെ ആത്മാനന്ദത്തിന്റെ നവവിതാനത്തിലേക്ക്‌ ജീവിതത്തെ ഉയർത്തുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. എന്നാൽ അത്‌ നിങ്ങളുടെ ഉളളം തിരിച്ചറിയുന്ന ആനന്ദമാണ്‌. ഓഷോ പറയുന്നുഃ “നിങ്ങൾക്ക്‌ പുതിയതെന്തെങ്കിലും നല്‌കാൻ അദ്ദേഹത്തിനു (ഗുരുവിനു) കഴിയില്ല... നിങ്ങളിലെ ഉണ്മയുടെ സത്യത്തെപ്പറ്റി നിങ്ങളെ ജാഗരൂകനാക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുളളൂ.”

ആധുനിക മനുഷ്യന്‌ ഉളളിലെ ഉണ്മ കണ്ടെത്താൻ ഗുരുവിനെ ആവശ്യമാണ്‌. “ആധുനിക മനുഷ്യൻ ജീർണമായ പാരമ്പര്യങ്ങളാലും ആധുനികജീവിതത്തിന്റെ ഉത്‌കണ്‌ഠകളാലും ഞെരിഞ്ഞമരുകയാണെന്നും അതുകൊണ്ടുതന്നെ ചിന്താശൂന്യവും സ്വസ്ഥവുമായ ഒരു ധ്യാനാവസ്ഥയെ കാംക്ഷിക്കുന്നതിനുമുൻപേ നിശിതമായ വിമലീകരണപ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന്‌” ഓഷോ പറയുന്നു. അതിനുളളവയാണ്‌ ഓഷോയുടെ രചനകൾ.

ഓഷോയുടെ പ്രഭാഷണങ്ങൾ അറുനൂറിൽപ്പരം വാല്യങ്ങളായി മുപ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഒരു മഹാഗുരുവിന്റെ സാന്നിദ്ധ്യമാണ്‌ ഓരോ പുസ്‌തകവും. അവനവനെ അറിയുന്നതിന്റെ ആത്മാനന്ദത്തിലേക്ക്‌ അവ വായനക്കാരെ നയിക്കുന്നു. ‘ജലമെവിടെ ചന്ദ്രബിംബമെവിടെ’ എന്ന പുസ്‌തകവും വ്യത്യസ്‌തമല്ല. ആ പേരിൽത്തന്നെയുണ്ട്‌ പുസ്‌തകത്തിന്റെ സത്ത. ജലവും ചന്ദ്രബിംബവും രണ്ടു രൂപകങ്ങളാണ്‌; ഐഹികലോകത്തിന്റെ ഭ്രമാത്മകതയുടെ രൂപകങ്ങൾ. ഓരോ സെൻകഥ വ്യാഖ്യാനിക്കുന്നതിന്റെ അവസാനവും ആ ഭ്രമാത്മകതയുടെ പൊളളത്തരത്തിലേക്ക്‌ ഓഷോ വിരൽ ചൂണ്ടുന്നുഃ “ഒരിക്കൽ നിങ്ങൾ ശൂന്യതയുടെ രുചിയറിഞ്ഞു കഴിഞ്ഞാൽ, ജീവിതത്തിന്റെ അർത്ഥമെന്തെന്നറിഞ്ഞു കഴിഞ്ഞു. ശൂന്യതയെ സംവഹിക്കുക, നിങ്ങളുടെ അഹന്തയാകുന്ന, നിങ്ങളുടെ മനസ്സാകുന്ന, നിങ്ങളുടെ വിചാരമാകുന്ന ആ ജലപാത്രത്തെ വിട്ടുകളയുക.”

ആത്മാവിലുളള പാഠങ്ങളാണ്‌ ഓഷോയുടെ പ്രഭാഷണങ്ങൾ. അതിമനോഹരമായ ഭാഷയിൽ അതീവലളിതമായി അതു വെളിപ്പെടുന്നു; ഒരു സെൻകഥപോലെ. മലയാളത്തിലേക്കുളള വിവർത്തനത്തിലും അതനുഭവിക്കാൻ വിവർത്തകനു കഴിഞ്ഞിട്ടുണ്ട്‌. ഒരു ഭാഗം നോക്കൂഃ “വാതിൽ ഒരു കാത്തിരിപ്പാണ്‌, വാതിൽ ഒരു സ്വാഗതമരുളലാണ്‌, വാതിൽ ഒരു സ്വീകാര്യമാണ്‌. അതു നിങ്ങളെ കാത്തുകൊണ്ടിരിക്കുന്നു. നിങ്ങളാകട്ടെ ചുമരിൽ മുട്ടിക്കൊണ്ടുമിരിക്കുന്നു.” ലളിതം, സുന്ദരം, ഗഹനം, ഏറ്റവും നല്ല ഒരു കവിത പോലെ.

യുക്തിയെ നിഷേധിക്കുന്ന ഓഷോയെ യുക്തിബോധമുപയോഗിച്ച്‌ എതിർക്കാം. എന്നാൽ യുക്തിബോധത്തിന്റെ ചതുരംഗക്കളമല്ല ജീവിതം. ബുദ്ധനും ശങ്കരനും ക്രിസ്‌തുവുമെല്ലാം സാമാന്യയുക്തിക്ക്‌ വഴങ്ങാത്തവരാണ്‌. സാമാന്യയുക്തിയെ ചോദ്യം ചെയ്‌തവരാണ്‌; പുതുയുഗസ്രഷ്‌ടാക്കളും! ഓഷോയും ആ ശ്രേണിയുടെ ഇങ്ങേയറ്റത്താണ്‌. അദ്ദേഹത്തിന്‌ പൂർവഗാമികൾ ആർജ്ജവം നല്‌കുന്നു; തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം നേടാനുളള ആർജ്ജവം.

പുസ്‌തകത്തിന്റെ മുൻകുറിപ്പിൽ മാ യോഗ റാബിയെ ഉദ്ധരിക്കുന്ന വരികൾ ഇങ്ങനെയാണ്‌ഃ

“......സെൻ ഒരിക്കലും നിങ്ങൾക്ക്‌

യാതൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല.

അതു നിങ്ങൾക്ക്‌

ഇപ്പോൾ ഇവിടെ

നല്‌കുക മാത്രം ചെയ്യുന്നു.”

ഓഷോയും വാഗ്‌ദാനമല്ല നല്‌കുന്നത്‌. കാരണം ഓഷോ ഭാവിയെയോ ഭൂതത്തെയോ ഉപാസിക്കുന്നവനല്ല. വർത്തമാനത്തെ സമയാതീതതലത്തിലേക്കു പരിപ്രേക്ഷിപ്പിക്കുകയാണ്‌. ഈ പുസ്‌തകത്തിൽ സെൻകഥകളാണ്‌ അതിനുളള ഇന്ധനം. ചിതയിലെരിഞ്ഞാൽപോലും ചന്ദനം സുഗന്ധം പരത്തും. അപ്പോൾ യാഗകുണ്ഡത്തിലെരിഞ്ഞാലോ?

ജലമെവിടെ? ചന്ദ്രബിംബമെവിടെ? (തത്ത്വചിന്ത), ഓഷോ, ഡി സി ബുക്‌സ്‌, പേജ്‌ ഃ 298, വില ഃ 120 രൂപ.

സുമ കുറുപ്പ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.