പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും > കൃതി

രണ്ട്‌ - യൗവ്വനം(ഭാഗം-2)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ എം.ജി

ബാല്യം, യൗവ്വനം, മരണം പിന്നെ ഉയിർപ്പും

സത്യമറിയുവാനാണ്‌ അമ്മ തോമസിനെ അയച്ചത്‌. കഫർണാമിൽ അവന്റെ പ്രസംഗം കേട്ട തോമസ്‌ വിസ്മയിച്ചുപോയി. കർത്താവിന്റെ മക്കളെന്നും, ഇസ്രയേലി മക്കളെന്നും ഊറ്റം കൊള്ളുന്നവർ ക്യമി കീടങ്ങളേക്കാൾ അധഃപതിച്ച ജീവിതമാണ്‌ നയിക്കുന്നതെന്നവൻ അറിഞ്ഞു. കഫർണാമിൽ റോമാ സാമ്രാജ്യത്തിനെതിരെ ആഞ്ഞടിച്ച അവനെ റോമാ പടയാളികളും പ്രഭുക്കന്മാരും വളഞ്ഞു. നസ്രായേരുടെ സന്ദർഭോചിതമായ ഇടപെടൽ അവന്റെ ജീവനെ രക്ഷപ്പെടുത്തി. തിരിച്ചു വന്ന തോമസ്‌ കഥയത്രയും അമ്മയോടു പറഞ്ഞു. അവനാരെന്ന്‌ എനിക്കറിയില്ല. അവനു ജന്മം നൽകിയ അമ്മ പുണ്യവതിയാണ്‌. അതുറപ്പാണ്‌. അവന്റെ മുഖത്തു കണ്ടിട്ടുള്ള തേജസ്സ്‌ പിന്നെ ഞാൻ കണ്ടിട്ടുള്ളത്‌ അമ്മയുടെ മുഖത്തു മാത്രമാണ്‌. അവൻ പറഞ്ഞു നിറുത്തി. അമ്മയുടെ മനസ്സു മന്ത്രിച്ചു.... സത്യമായും അത്‌ ജോഷ്വാ തന്നെ. അവർ തോമസിനോട്‌ അവന്റെ കൂട്ടത്തിലൊരാളായി അവനു വേണ്ടതു ചെയ്തുകൊടുക്കാമ്മോയെന്നു ചോദിച്ചു. അപ്പൻ നിന്നെ പലപ്പോഴും ജോഷ്വായെന്നു വിളിക്കാറുണ്ട്‌. നിങ്ങൾ തമ്മിലുള്ള രൂപ സാദ്യശ്യം അത്രകണ്ടാണ്‌. ആ അപ്പന്റെ ആത്മാവിനെയോർത്ത്‌ നീയിതു ചെയ്യണം. അമ്മയഭ്യർത്ഥിച്ചു. തോമസ്‌ എതിർത്തില്ല. സത്യത്തിൽ അവന്റെ കൂടെ കൂടുവാൻ തോമസിന്റെ മനസ്സ​‍്സു വെമ്പുകയായിരുന്നു.

ഒരു വർഷമായിക്കാണില്ല തോമസ്‌ വീട്ടിൽ നിന്നും ഇറങ്ങിയിട്ട്‌. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അവനിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതു തന്നെ. ജയിംസ്‌ വിസ്മയിച്ചു.

“അതെ ജയിംസ്‌. ഞാൻ തോമസ്‌ തന്നെ. ശുദ്ധമായ ഹീബ്രൂ പോലും സംസാരിക്കുവാനറിയാതിരുന്ന തോമസ്‌. എന്നിലീ അറിവു നിറച്ചത്‌ അവനാണ്‌. അവന്റെ സാമീപ്യമാണ്‌. അവന്റെ സ്നേഹമാണ്‌. എനിക്കുറപ്പാണ്‌, അവൻ നമ്മെ ഈ അടിമത്വത്തിൽനിന്നും പുറത്തു കടത്തും. നമ്മൾ തലമുറയായി പറഞ്ഞു നടന്ന പറുദീസ അതിവിടെ തന്നെയുണ്ട്‌. ഇവിടെ തന്നെയാണ്‌. നാളെ ഈ ജറുസലേം ഒരു പറുദീസയാകും. ”

“തോമസ്‌ ... എനിക്കവനെ കാണണം.” അമ്മ വീണ്ടും പറഞ്ഞു. രഹസ്യമായല്ലാതെ വഴിനടക്കുവാൻ അവനോ നിങ്ങൾക്കോ ഇന്നാകുന്നില്ലെന്ന്‌ പലരും പറയുന്നു. നാട്ടു പ്രമാണിമാരും റബ്ബിമാരും അവനെതിരാണെന്നും ആരൊക്കെയോ പറഞ്ഞു കേട്ടു. യോഹന്നാന്റെ അനുഭവം എന്നെ ഭയപ്പെടുത്തുന്നു.“

”യോഹന്നാന്റെ അനുഭവത്തിൽ നിന്നും ഞങ്ങൾ പലതും പഠിച്ചു. ഇനിയങ്ങനെയൊന്നു സംഭവിക്കാതിരിക്കുവാനായി ഞങ്ങൾ പല മുൻകരുതലുകളും ചെയ്തിട്ടുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ അനുവാദമില്ലാതെ ആരേയും അവന്റെ അടുത്തേക്കയക്കാത്തത്‌.“

”അതിനർത്ഥം അവനു ചുറ്റും അപകടം പതിയിരിക്കുന്നുവെന്ന്‌ നിങ്ങൾക്കറിയാമെന്നല്ലേ?“ ജയിംസ്‌ സംശയമുതിർത്തു.

”അറിയാം. ഞങ്ങൾക്കറിയാം. ലോകം മുഴുക്കെ കാൽക്കീഴിലാക്കിയ ശക്തിയുമായാണ്‌ നമ്മളെതിർക്കുന്നത്‌. നമ്മുടേതെന്ന്‌ പറയാവുന്ന ഇന്നാട്ടിലെ സർവ സമ്പന്നരും അവരുടെ കൂടെയാണ്‌. ചൂഷിതരും മർദ്ദിതരും മാത്രമാണ്‌ നമ്മുടെ കൂടെ. അവരാകട്ടെ, സിംഹക്കൂട്ടിലകപ്പെട്ട മുയൽകുഞ്ഞിനെപ്പോലെ പേടിച്ചിരിക്കുകയാണ്‌. ഭയം അവരെ അവർക്കുതന്നെ എതിരാക്കിയിരിക്കുന്നു. ആ ഭയത്തിൽ നിന്നും ഭരണാധിപന്മാർ മുതലെടുക്കുന്നു. ചൂഷിതർ കൂടുതൽ ശോഷിക്കുന്നു. കൂടുതൽ ഭയപ്പെടുവാൻ തുടങ്ങുന്നു. അങ്ങിനെയുള്ള അവസ്ഥയിൽ സമ്പന്ന വർഗ്ഗത്തിനെതിരായി, അധികാരി വർഗ്ഗത്തിന്നെതിരായി ആരു ശബ്ദമുയർത്തുന്നുവോ അവരെ ഉന്മൂലനം ചെയ്യുക ഭരണ വർഗ്ഗത്തിന്‌ എളുപ്പമാണ്‌. അതുകൊണ്ടു തന്നെ ഞങ്ങൾ വളരെ സൂക്ഷിച്ചാണ്‌ നീങ്ങുന്നത്‌. ഒരു ചെറിയ പാളിച്ച യോഹന്നാന്റെ തിരോധാനത്തിന്‌ വഴി വച്ചു. സഭക്കേറ്റ വലിയൊരു പ്രഹരമായിരുന്നു അത്‌. എന്നാൽ ജോഷ്വാ, യോഹന്നാന്റെ ഇംഗിതം പൂർത്തീകരിക്കുവാനായി കൂടുതൽ കരുത്തനായി. അവന്റെ ഇച്‌ഛാശക്തി ഇരട്ടിച്ചിരിക്കുന്നു.“

”തോമസ്‌...... ഞാനവന്റെ അമ്മയാണ്‌.... എനിക്കവനെ കാണണം..... കാണാതെ ഞാൻ തിരിച്ചു പോകില്ല.“ അമ്മ വീണ്ടും പറഞ്ഞു.

തോമസ്‌ ശബ്ദം വിഴുങ്ങി. തല താഴ്‌ത്തി.

”ഞങ്ങളിൽ ജയിംസിനൊഴികെ ആർക്കും തന്നെ ജോഷ്വായെ കണ്ട ഓർമ്മയില്ല. കണ്ടിട്ടേയില്ലെന്നുപറയുകയാകും ശരി. “ശീമയോനാണ്‌ പറഞ്ഞത്‌. ”അവനെ ഒരു നോക്കു കാണുവാൻ ഞങ്ങൾക്കും അതിയായ ആഗ്രഹമുണ്ട്‌.“ അവൻ തുടർന്നു.

”അവനെക്കുറിച്ച്‌ നാട്ടുകാരിപ്പോൾ പറഞ്ഞു നടക്കുന്നതു കേൾക്കുമ്പോൾ അവനെ കാണുവാനുള്ള ആഗ്രഹം കൂടിവരുന്നു. അതുകൊണ്ടു മാത്രമാണ്‌ ഞങ്ങൾ അമ്മയുടെ കൂടെ വന്നത്‌.“ യൂദാ കൂട്ടിചേർത്തു.

”എനിക്കു മനസ്സിലാകുന്നു......... പക്ഷേ......“

”ഒരു പക്ഷേയുമില്ല. അവനെ കണ്ടിട്ടേ ഞങ്ങൾ തിരിച്ചുപോകുന്നുള്ളു. അവനെ കാണുക മാത്രമല്ല, അവനേയും കൊണ്ടേ ഞങ്ങൾ പോകുന്നുള്ളൂ. അവൻ ഞങ്ങളുടെ ജ്യേഷ്‌ഠനാണ്‌. അപ്പന്റെ സ്ഥാനം വഹിക്കേണ്ടവൻ. ഞങ്ങളുടെ സുഖ ദുഃഖങ്ങളിൽ ഞങ്ങളോടൊത്തുണ്ടാകേണ്ടവൻ. അവൻ വീടു വിട്ടു പോയ കഥകൾ വളരെയേറെ ഞങ്ങളും കേട്ടിരിക്കുന്നു. പാതിയിലേറേയും അവന്റെ തന്നെ ഭാവനകളായിരുന്നു. ഒരു തരം അപകർഷതാബോധം. അവനെയോർത്ത്‌ അപ്പൻ കരയുന്നത്‌ നമ്മളെല്ലാം കണ്ടിട്ടുള്ളതാണ്‌. ഒരു പക്ഷേ അവൻ നമ്മോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ അപ്പനും ഇന്ന്‌ നമ്മോടൊപ്പം ഉണ്ടായിരുന്നേനേ. ആരെതിർത്താലും, ആരു തടുത്താലും ഞങ്ങളിന്ന്‌ അവനെ കണ്ടിട്ടേ പോകുന്നുള്ളു.“ ജയിംസ്‌ തീർത്തു പറഞ്ഞു.

”ഞാനൊന്നു കൂടി ശ്രമിക്കട്ടെ.“ തോമസ്‌ പറഞ്ഞു.

”വേണ്ട. ശ്രമിക്കണ്ട. അവനോടു പറയ്‌, അവനെക്കാണുവാൻ അമ്മയും സഹോദരങ്ങളും വന്നിരിക്കുന്നുവെന്ന്‌. അത്രമാത്രം മതി.“

”നിങ്ങളൊന്നു മനസ്സിലാക്കണം. നിങ്ങൾക്കെന്നപോലെ എനിക്കും അവൻ ജ്യേഷ്‌ഠനാണ്‌. അവന്റെ സുരക്ഷയെ മാനിച്ചു മാത്രമാണ്‌ സഭ ഇങ്ങിനെ ഒരു തിരുമാനമെടുത്തിരിക്കുന്നത്‌.“

”സഭയുടെ തീരുമാനമോ? പാവങ്ങളുടെ രാജാവെന്ന്‌ സഭ സ്വയം പുകഴ്‌ത്തുന്നവന്റെ അടുത്തെത്തുവാൻ സഭയുടെ അനുവാദമെന്തിന്‌. പാവങ്ങളുടേ രാജാവിന്‌ പുറത്തിറങ്ങി നടക്കുവാൻ സഭയുടെ അനുവാദം വേണോ? അവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ അവനോ അതോ നിങ്ങളോ? വീടും വീട്ടുകാരുമുള്ള അവനെന്തിന്‌ മരുഭൂമിയിലും മലയോരങ്ങളിലും അലയണം. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നാടുനീളെ തെണ്ടണം? അപ്പന്റെ കരവിരുത്‌ അപ്പാടെ പകർന്നുകിട്ടിയിട്ടുള്ളത്‌ അവനും പിന്നെ നിനക്കും മാത്രമാണെന്ന്‌ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്‌. നീ കൂടെക്കൂടെ അവന്റെ സുരക്ഷയെ കുറിച്ചു പറയുന്നു. കഫർണാമിൽ അവനനുഭവിച്ച ദുരിതം നീ നേരിട്ടു കണ്ടതാണ്‌. നീ തന്നെ ഞങ്ങളോടതു പറഞ്ഞിട്ടുള്ളതുമാണ്‌. ഖൊറോനീറിൽ അവൻ രക്ഷപ്പെട്ടത്‌ തലനാരിഴക്കാണെന്നത്‌ നാട്ടിൽ പാട്ടാണ്‌. ബേത്സയദായിൽ നിന്നും പ്രഭാഷണംപോലും മുഴുവനാക്കാതെ അവനും സംഘവും ഓടിപ്പോയെന്ന്‌ റബ്ബികളും പ്രഭുക്കന്മാരും പരിഹസിക്കുന്നു. വീടും വീട്ടുകാരേയും മറന്ന്‌ ഇസ്രയേലിന്റെ മോചനത്തിനായിറങ്ങിയ യോഹന്നാന്റെ തല രാജകുമാരി കാഴ്‌ച വസ്തുവായി ചോദിച്ചത്‌ പൂർവ്വികർ പറഞ്ഞു തന്ന കഥയല്ല. നമ്മളെല്ലാം നമ്മുടെ കണ്മുന്നിൽ കണ്ടതാണ്‌. അവനും ജോഷ്വായും സമപ്രായക്കാരാണ്‌. അടുത്ത സുഹ്യത്തുക്കളും. വേണമെങ്കിൽ തുല്യ ദുഃഖിതരെന്നും പറയാം. അലക്സാന്ദ്രിയായിൽ നിന്നുമെത്തിയ നസ്രായേർ ജോഷ്വായുടെ മനസ്സിൽ ചെലുത്തിയ സ്വാധീനം, ജോഷ്വാ യോഹന്നാനിലേക്കും പകർന്നിരുന്നുവെന്നത്‌ സത്യം മാത്രമാണ്‌. റോമൻ പട്ടാളം സെഫോറിയാസ്‌ കയ്യേറി, അമ്മ ജോഷ്വായെ ഗർഭം ധരിച്ചപ്പോൾ കൂട്ടെന്ന നിലക്കോ, അമ്മയുടെ മനസ്സിനു ശക്തി പകരുവാനോ എന്നറിയില്ല, അമ്മയെ യോഹന്നാന്റെ അപ്പന്റെ അടുത്തേക്കാണ്‌ മാറ്റിത്താമസിപ്പിക്കുവാൻ തീരുമാനിച്ചത്‌ എന്നും കേട്ടിട്ടുണ്ട്‌. അത്ര അടുത്ത ബന്ധമാണ്‌ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ. ജോഷ്വ വീടു വിട്ടു പോയതിനു ശേഷം അമ്മയെ സമാധാനിപ്പിക്കുവാനായി അവൻ പലതവണ വന്നിട്ടുള്ളത്‌ നീയും കണ്ടിട്ടുള്ളതാണ്‌. അതുകൊണ്ടു തന്നെ യോഹന്നാനെ നഷ്‌ടപ്പെട്ട ഞങ്ങൾ ജോഷ്വായെ ആർക്കും വിട്ടുകൊടുക്കില്ല. അവനെയെങ്കിലും ഞങ്ങൾക്കു കിട്ടണം.“ എല്ലാവർക്കും വേണ്ടിയെന്നപോലെ യോസേഫ്‌ പറഞ്ഞു നിറുത്തി.

”യോസേഫ്‌... എനിക്കു മനസ്സിലാകുന്നു.... നീ പറഞ്ഞതത്രയും എനിക്കു മനസ്സിലാകുന്നു.... നിന്റേയും, യൂദായുടേയും, ശീമയോന്റേയും നമ്മുടെ സഹോദരിമാരുടേയും അമ്മയുടേയും എല്ലാം മനസ്സു വായിക്കുവാൻ എനിക്കു കഴിയും. നമ്മൾ പറഞ്ഞു കേട്ടിട്ടുള്ള, നീയിപ്പോൾ അപകർഷതാബോധമെന്നു വിളിച്ച അവന്റെ ആത്മരോഷം, ഇസ്രയേൽ മണ്ണിൽ ആധിപത്യം സ്ഥാപിച്ച, ഇസ്രയേലി മക്കളെ അടിമകളും, വെപ്പാട്ടികളുമാക്കിയ റോമക്കാരനോടുള്ള അവന്റെ രോഷം, ഇസ്രയേലി മണ്ണ്‌ ഇസ്രയേലിക്കെന്ന അവന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതു വരെ അടങ്ങുകയില്ല. തെറ്റായ മാർഗ്ഗത്തിലൂടെ എന്തെങ്കിലും നേടുവാൻ അവൻ തയ്യാറല്ല. തെറ്റു ചെയ്യുന്നവനോട്‌ ക്ഷമിക്കുവാൻ ഇന്നവൻ പഠിപ്പിക്കുന്നു. ലക്ഷ്യം മാത്രമല്ല, മാർഗ്ഗം കൂടി പ്രധാനമാണെന്ന്‌ അവനോർമിപ്പിക്കുന്നു. വാളും പരിചയുമെടുത്തല്ല സ്വാതന്ത്ര്യം നേടേണ്ടതെന്നാണവന്റെ ഉറച്ച വിശ്വാസം. യുദ്ധം ചെയ്യുന്നവൻ സ്വസഹോദരന്റെ മരണത്തിന്‌ കാരണക്കാരനാകുകയാണ്‌. ജീവനെടുക്കുന്നതുപോകട്ടെ സഹജീവികൾക്കുപദ്രവമാകുന്ന യാതൊന്നും ചെയ്യരുതെന്ന്‌ അവൻ ഓർമ്മിപ്പിക്കുന്നു. ഇസ്രയേൽ ജനത ഒറ്റക്കെട്ടായി അവരുടെ ഇസ്രയേലിനെ ബന്ധന വിമുക്തമാക്കുകയെന്നത്‌ അവന്റെ സ്വപ്നമാണ്‌. ഒന്നായിത്തീരുന്ന ഇസ്രയേലി ജനതക്കു മുമ്പിൽ ഒരു സാമ്രാജ്യ ശക്തിക്കും എതിർത്തു നിൽക്കുവാനാകില്ലെന്ന്‌ അവനുറപ്പുണ്ട്‌.“

”ആ സ്വപ്നം സാക്ഷാത്‌കരിക്കുവാൻ അവൻ കൂട്ടുപിടിച്ചിരിക്കുന്നത്‌ ചുങ്കക്കാരേയും അവിശ്വാസികളേയുമാണല്ലോ? അവൻ സാബത്തു പോലും മറക്കുന്നുവെന്ന്‌ ആരോപണമുണ്ട്‌.“ ജയിംസ്‌ ഇടക്കു കയറി.

”ശരിയാണ്‌. ഞങ്ങളിൽ ചുങ്കക്കാരുണ്ട്‌. കൊല്ലരുത്‌, ഉപദ്രവിക്കരുത്‌ എന്നെല്ലാം അവൻ പറയുമ്പോഴും കൈയ്യിൽ വാളുമായിമാത്രം നടക്കുന്നവരുണ്ട്‌. പണം മാത്രമാണ്‌ എല്ലാം എന്നു കരുതുന്നവരുണ്ട്‌. സഭയുടേയും അവന്റേയും കാര്യങ്ങൾ നോക്കി നടത്തുവാനായി നിയമിക്കപ്പെട്ട ഞങ്ങളുടെ കാര്യം തന്നെയെടുക്കുക. പന്ത്രണ്ടു പേരുണ്ട്‌ ഞങ്ങൾ. അതിൽ മത്തായി ചുങ്കക്കാരനാണ്‌. അതുകൊണ്ടു തന്നെ പണക്കാരനും. പത്രോസും ആന്ത്രയോസും അക്ഷരഭ്യാസം പോലുമില്ലാത്ത മുക്കുവരാണ്‌. ഞാനാകട്ടെ വെറുമൊരു മരപ്പണിക്കാരനും. നീ ചുങ്കക്കാരൻ എന്നു വിളിച്ചത്‌ മത്തായിയെയാണെന്ന്‌ എനിക്കറിയാം. സർവ്വതും ത്യജിച്ചാണ്‌ അവൻ സഭയിൽ ചേർന്നത്‌. ചുങ്കപ്പിരിവിനിറങ്ങിയതായിരുന്നു അവൻ. ജോഷ്വായുടെ പ്രഭാഷണം പാതിപോലും കേട്ടിരിക്കില്ല. സത്യം സത്യമായി മാത്രം പറയുന്ന ജോഷ്വായുടെ പ്രഭാവം അദ്ദേഹത്തെ ചിന്തിപ്പിച്ചു. എല്ലാം ത്യജിച്ച്‌ ജോഷ്വായുടെ കൂടെ കൂടി.“

”എനിക്കു സംശയം പത്രോസിനെ കുറിച്ചാണ്‌. സത്യവും സ്നേഹവും മാത്രം പറയുന്നവന്റെ കൂടെ കൂടിയ അവനെന്തിന്‌ ഇപ്പോഴും വാളുമായി നടക്കുന്നു. സ്നേഹം അവനിപ്പോഴും പങ്കുവയ്‌ക്കുന്നത്‌ വാൾ തലപ്പുകൊണ്ടാണോ? അക്ഷരഭ്യാസമില്ലാത്തവനെങ്കിലും മുക്കുവ പ്രമാണിയായിരുന്നു അവൻ. കടലോര ഗ്രാമങ്ങളിൽ അവന്റെ വാക്കിനെതിർവാക്കാകുവാൻ ആർക്കുമായിരുന്നില്ല. അതിനവൻ സമ്മതിക്കുമായിരുന്നുമില്ല.“ ജയിംസിന്റെ സംശയം തീരുന്നില്ല.

”അവന്റെ ഉടയാടകളുടെ ഭാഗം മാത്രമായിരിക്കണമത്‌. ജോഷ്വായുടെ ഏറ്റവും വിശ്വസ്തരിൽ ഒന്നാമനാണിന്നദ്ദേഹം. അവനെക്കുറിച്ച്‌ ജോഷ്വാക്കെന്നും മതിപ്പാണ്‌.“

”സഭയുടേ ചിട്ട വട്ടങ്ങൾ അവൻ തെറ്റിക്കുന്നുവെന്നല്ലേ അതിനർത്ഥം. സഭക്ക്‌ അവർ തീരുമാനിച്ച വസ്ര്ത ധാരണ രീതികളുണ്ടല്ലോ. ജോഷ്വാ എന്നും ശുദ്ധാത്മാവായിരുന്നുവെന്ന്‌ അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്‌. പെട്ടെന്നുള്ള വിക്ഷോഭത്തിൽ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യുന്ന അവന്റെയാ മാനസിക വൈകല്യം മാറ്റിവച്ചാൽ ആ മനസ്സു നിറയെ അന്നും സ്നേഹമായിരുന്നുവത്രെ. ആ സ്നേഹവും ആപത്താണെന്നു തന്നെയായിരുന്നു അപ്പന്റെ അഭിപ്രായം. ആപത്തു വിളിച്ചു വരുത്തുന്ന സ്നേഹം എന്നാണ്‌ അപ്പനതിനെ വിശേഷിപ്പിക്കാറ്‌. പലരേയും അവൻ അമിതമായി വിശ്വസിക്കുന്നു. നിനക്കറിയാത്ത കാര്യങ്ങൾ ഞാൻ പറയാം. അല്ലെങ്കിൽ ഇതെല്ലാം നിനക്കും അറിയാവുന്നവയായിരിക്കും. പക്ഷേ നീ പറയില്ല. നിന്റെ സ്വഭാവം ഞങ്ങൾക്കറിയാം. സഭയിൽ അവനെക്കഴിഞ്ഞാൽ അടുത്ത സ്ഥാനം വഹിക്കേണ്ടവൻ എന്തുകൊണ്ടും നീയാണ്‌. പത്രോസോ മത്തായിയോ സെബിദി പുത്രരോ അല്ല. നീ അവന്റെ സഹോദരനാണ്‌. പക്ഷേ നിന്നെയവർ തരം താഴ്‌ത്തി നിറുത്തിയിരിക്കുന്നു. സംശയം തോമയെന്നോമനപ്പേരിട്ടിരിക്കുന്നു. നിന്നെ ആവതും പ്രധാന കാര്യങ്ങളിൽ നിന്നും അകറ്റി നിറുത്തുവാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണത്‌. നിനക്ക്‌ തീർത്തൊരു തീരുമാനമെടുക്കുവാനുള്ള കഴിവില്ലെന്നു വരുത്തിത്തീർക്കുക. നിന്നെ ഒരടിമയായി മാത്രം ചിത്രീകരിക്കുക. എന്നാൽ ജോഷ്വായുടെ വീട്ടിൽ നിന്നും വന്നവൻ എന്നതുകൊണ്ടു മാത്രം നിന്നെ മുഴുവനായി തള്ളിക്കളയുവാൻ അവർക്കാകുന്നില്ല. അതുകൊണ്ട്‌ കൂട്ടത്തിൽ നിറുത്തുന്നു. പന്ത്രണ്ടിൽ പന്ത്രണ്ടാമനായി. പണമാണിവിടെയും പ്രശ്നം. പത്രോസും സഹോദരൻ ആന്ത്രയോസും മുക്കുവരെങ്കിലും പണക്കാരാണ്‌. എക്കാലത്തും അനേകം അടിമകളെ വച്ചു പുലർത്തിയിരുന്നവർ. മത്തായിയാകട്ടെ ചുങ്കക്കാരനും. ചുങ്കക്കാരന്റെ കയ്യിൽ കണക്കിൽ കൊള്ളിക്കാവുന്നതിലധികം പണമുണ്ടാകുമെന്നത്‌ ആർക്കാണറിയാത്തത്‌. സെബിദി പുത്രരാകട്ടെ സഭയിൽ ചേർന്നതു തന്നെയെങ്ങിനെയെന്നത്‌ എല്ലാവർക്കും അറിയാവുന്നതാണ്‌. അവന്റെ ഇടതും വലതും, അതായത്‌ സഭയിൽ രണ്ടാമത്തേയും മൂന്നാമത്തേയും സ്ഥാനങ്ങൾ ചോദിച്ചു വന്നവരാണവർ.

ഇതെല്ലാം നാട്ടുകാർ പറഞ്ഞുകേട്ട അറിവാണ്‌. ഞങ്ങൾ പറയുന്നത്‌ തെറ്റെങ്കിൽ നീ തിരുത്തണം. ഞങ്ങൾക്കുത്‌കണ്‌ഠ അവനെക്കുറിച്ചു മാത്രമാണ്‌. യോഹന്നാനു പറ്റിയതുപോലെ അവനും എന്തെങ്കിലും സംഭവിച്ചാൽ..... അതു ഞങ്ങൾക്കോർക്കാനാകില്ല. പതിനെട്ടു വർഷത്തിനു ശേഷം അവൻ തിരിച്ചെത്തിയെന്നറിഞ്ഞപ്പോൾ ഒട്ടാനന്ദിച്ചവരാണു ഞങ്ങൾ. അതവൻ തന്നെയെന്ന്‌ ഉറപ്പായ ദിനം അമ്മ മധുരം വിതരണം ചെയ്തു. അവൻ വീട്ടിലേക്കു വരുന്നതും കാത്ത്‌ എന്നും അന്തിയേറെ മറയും വരെ അമ്മ കാത്തിരിക്കുന്നത്‌ നീയ്യും കണ്ടിട്ടുള്ളതാണ്‌. കാണാതായപ്പോഴാണ്‌ നിന്നെ അയച്ചത്‌. അവന്റെ അടുത്തെത്തിയിട്ടും നീയ്യിപ്പോഴും അവനടുത്തെത്തിയിട്ടില്ല. ഞങ്ങളിൽ നിന്നും അകലുകയും ചെയ്തു.

പത്രോസ്‌ അവന്‌ ഏറ്റവും വേണ്ടപ്പെട്ടവനാണത്രെ. കാര്യങ്ങൾ തീരുമാനിക്കുന്നത്‌ പത്രോസാണെന്നുമറിഞ്ഞു. യോഹന്നാനെന്ന മറ്റൊരുത്തന്‌ അവനോടെന്തും തുറന്നു പറയുവാനും ചോദിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടത്രെ. സെബിദി പുത്രരരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഫിലിപ്പും ബർഥലൂമുവും എന്നും ഒരു ശരീരത്തിന്റെ ഇടതു വലതു കരങ്ങൾപോലെയാണെന്നത്‌ എല്ലാവർക്കുമറിയാം. ജയിംസും ശീമയോനും ജൂദായും അവനെത്രയും വേണ്ടപ്പെട്ടവരായിക്കഴിഞ്ഞിരിക്കുന്നു. യൂദാ ഇസ്‌കറിയത്താകട്ടെ സഭയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരനാണ്‌. ഒരു പക്ഷേ കൂട്ടത്തിൽ ജോഷ്വായുടെ ഏറ്റവും വിശ്വസ്തനും അവനായിരിക്കണം. ഒറ്റപ്പെട്ടു നിൽക്കുന്നത്‌ നീയ്യാണ്‌. നീ മാത്രം. അവന്റെ സഹോദരങ്ങളായ ഞങ്ങളേക്കാൾ അവന്റെ അപ്പനും അമ്മയും സ്നേഹിച്ച നീ.“

തോമസ്‌ മിണ്ടിയില്ല. തല കുനിച്ചു നിന്നു. പിന്നെ മറിയയെ നോക്കി പറഞ്ഞു. ”പലരും പലതും പറയും. എല്ലാം സത്യമായിരിക്കണമെന്നില്ല. സഭയിൽ സ്ഥാനമാനങ്ങളില്ല. വലിപ്പ ചെറുപ്പങ്ങളില്ല. ഞങ്ങളെല്ലാം എല്ലാമുപേക്ഷിച്ച്‌ സഭക്കുവേണ്ടി സമർപ്പിക്കപ്പെട്ടവരാണ്‌. ഇസ്രയേലിനു വേണ്ടി സമർപ്പിക്കപ്പെട്ടവരാണ്‌. ഞാനെന്നും അവന്റെ കൂടെ നിൽക്കും. അവന്റെ ഇഷ്‌ടം മാത്രമായിരിക്കും എന്റെ ഇഷ്‌ടം.“

”എനിക്കു നിന്നെ വിശ്വാസമാണ്‌ തോമസ്‌. നീയവന്‌ ഒന്നും വരാതെ നോക്കുമെന്നു എനിക്കറിയാം. പക്ഷേ കുട്ടികളോരോന്ന്‌ പറഞ്ഞു കേൾക്കുമ്പോൾ........ ഞാനൊരമ്മയാണ്‌. അവനെയിതുവരെ........ മുപ്പതിൽ പരം വർഷങ്ങളായിട്ടും, ഒന്നാവോളം, മതിവരുവോളം ഓമനിക്കുവാൻ കിട്ടാത്ത ഒരമ്മ. എനിക്കു ഭയമാകുന്നു....... എല്ലാവരും ജോഷ്വായെപ്പോലെ, യോഹന്നാനെപ്പോലെ, നിന്നെപ്പോലെ സഭക്കുവേണ്ടി, പാവങ്ങൾക്കു വേണ്ടി ജീവിക്കുന്നവരാകണമെന്നില്ല. സെബിദി പുത്രന്മാർ സഭയിൽ ചേർന്നപ്പോൾ സ്ഥനമാനങ്ങളെ ചൊല്ലി സഭയിൽ വാക്കു തർക്കമുണ്ടായെന്നു കേട്ടു. അപ്പോൾ മുതൽ ഞങ്ങളുടെ മനസ്സിൽ തീയ്യാണ്‌. ഇന്നവന്‌ പുറത്തിറങ്ങി നടക്കുവാൻപോലും രണ്ടു തവണ അലോചിക്കേണ്ട ഗതികേടിലാണ്‌. നിങ്ങൾപോലും കൂട്ടമായി എവിടേക്കും പോകാറില്ലല്ലോ. ഗ്രാമങ്ങളിൽ നിങ്ങളുടെ പ്രചാരകരിന്നെത്തുന്നത്‌ രഹസ്യമായാണ്‌. രഹസ്യമായി തന്നെ അവർ സ്ഥലം വിടുകയും ചെയ്യുന്നു. ഇതെല്ലാം അലോചിക്കുമ്പോൾ അവൻ തിരിച്ചു വന്നില്ലായിരുന്നെങ്കിൽ എന്നു പോലും ഞാൻ അലോചിക്കാറുണ്ട്‌. എന്നെങ്കിലും അവൻ എന്റെയടുത്തേക്ക്‌ വരുമെന്ന ഒരു പ്രതീക്ഷയെങ്കിലും എനിക്കു ബാക്കി വയ്‌ക്കാമായിരുന്നു. ഇന്നിപ്പോൾ......... റോമക്കാരോട്‌ നേരിട്ട്‌ എതിർക്കുവാനുള്ള കരുത്ത്‌ നിങ്ങൾക്കില്ലെന്നത്‌ സത്യം മാത്രമാണ്‌. നിങ്ങളിന്നു സ്വപ്നം കാണുക യാഥാർത്ഥ്യമാകുക അസാധ്യമാണ്‌. എന്തിനുമേതിനും മടിക്കാത്തവരാണ്‌ നമ്മുടെ ഭരണാധിപന്മാർ. ഇസ്രായേലിലെ പ്രമുഖർ മുഴുക്കെ അവരുടെ കൂടെയാണ്‌. അതുകൊണ്ടു തന്നെ അവനെ കണ്ട്‌, അവനെ ഞങ്ങളോടൊത്ത്‌ കൊണ്ടുപോകുവാനാണ്‌ ഞാൻ വന്നത്‌. നീ അവനോടു പോയി പറയ്‌, അവന്റെ അമ്മയും സഹോദരങ്ങളും പുറത്ത്‌ കാത്തു നിൽക്കുന്നുവെന്ന്‌.“

തോമസ്‌ ഒന്നും പറയാതെ അകത്തേക്കു നീങ്ങി.

അവർ കാത്തിരുന്നു. ജനക്കൂട്ടം അവന്റെ വാക്കുകൾ കേൾക്കുകയാണ്‌. അവർ അവനടുത്തെത്തുവാൻ ശ്രമിച്ചു. ആയില്ല. അവർ തോമസിനെ തിരഞ്ഞു. കണ്ടില്ല. ജനക്കൂട്ടത്തിലാരോ അവരെ തിരിച്ചരിഞ്ഞു. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. ”ഇതാ നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും.“ ആ ശബ്ദം അവനടുത്തെത്തി. അവൻ പ്രഭാഷണം നിറുത്തി. അവൻ ജനക്കൂട്ടത്തിന്റെ അറ്റത്തേക്കു നോക്കി. ദൂരെ, അങ്ങു ദൂരെ അവനടുത്തെത്തുവാൻ പാടു പെടുന്ന അവന്റെ അമ്മയെ ആരൊക്കെയോ തടഞ്ഞു നിറുത്തുന്നത്‌ അവൻ കണ്ടു. അവൻ ജനക്കൂട്ടത്തെ നോക്കി പറഞ്ഞു. ”ഇതാ എന്റെ അമ്മയും സഹോദരരും.“

Previous Next

സുരേഷ്‌ എം.ജി

B2/504, Jamnotri,

Safal Complex,

Sector 19A,

NERUL, NAVI MUMBAI-400706

Maharashtra.


Phone: 9320615277
E-Mail: suresh_m_g@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.