ഒട്ടേറെ പ്രായമാ,യംഗലാവണ്യവും
തൊട്ടേ തെറിച്ചിട്ടില്ലെന്നാകിലും
നമ്മുടെ കെ.എസ്.കെ. കേരള ഭാഷയാം
അമ്മുവിന്നോമലാമാട്ടിൻകുട്ടി!
നിർമ്മല സ്നേഹത്തിൻ വെണ്മ പരത്തിയും
നന്മൃദുശാലീന ഭാവമാർന്നും
നർമ്മവും കാവ്യകലയും കിലുങ്ങുന്ന
നന്മണി ചാർത്തിയും നീൾക്കഴുത്തിൽ,
നാട്ടിന്റെ വെൺമണൽ മുറ്റമായ് മിന്നുമീ
നാട്ടികയിങ്കൽ പ്രകൃതിഭംഗി
നീട്ടിടും പുൽക്കൂമ്പു തിന്നും, കശുമാവിൻ
ചോട്ടിലെപ്പൂമണമാസ്വദിച്ചും
വിദ്യാലയത്തിലെപ്പൈതങ്ങൾക്കൊക്കെയും
മിത്രമായ് ക്തൂഹലം പകർന്നും
ക്ലേശശതങ്ങളാം മുളളുകളേറ്റാലും
കൂസലില്ലാതെ കുതിച്ചുപാഞ്ഞും
അന്തിയ്ക്കു വാനിലെത്താരാനിരയുമാ-
യന്തർഗതങ്ങൾ കൈമാറിക്കൊണ്ടും
കൊണ്ടാടി വാഴുമീയാട്ടിൻകിടാവിനെ-
ക്കൊണ്ടാകെ മാംസക്കറി ചമക്കാൻ
ഒത്ത കയറാൽ വലിച്ചു മരണമേ,
എത്ര തവണ നീ കൊണ്ടുപോയി!
എന്നാലുമശ്രുവാൽ നിന്നെജ്ജയിച്ചമ്മു
തന്നാട്ടിൻകുഞ്ഞിനെക്കൊണ്ടുപോന്നു!
കൂട്ടരേ, നാമൊത്തു താന്തോന്നിയാകുമീ-
യാട്ടിൻകിടാവിനൊരാല തീർത്തു
ശീലിച്ച നല്ലിളം പുല്ലേകി, നീരേകി,
പാലിയ്ക്ക നാമിനി വേണ്ട കാലം.
ബുദ്ധനെടുത്തു നടന്ന കുഞ്ഞാടില്ലേ?
അത്തരമൊന്നീയജകിശോരം.