പുഴ.കോം > വിശകലനം > ഉപന്യാസം > കൃതി

വിചിന്തനം - വികാസത്തിന്റെ ദേശഭാവനകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാലചന്ദ്രൻ വടക്കേടത്ത്‌

ലേഖനം

കെ.എസ്‌.കെ.യെ ഒരു ദേശത്തിന്റെ കവിയായി കാണുന്നതിലാണ്‌ പലർക്കും താല്‌പര്യം. ആ താല്‌പര്യം ഭീകരമായൊരു തെറ്റാണെന്ന്‌ പറയാനാവില്ല. മണപ്പുറത്തിന്റെ അനുഭവങ്ങൾ, പ്രകൃതി എല്ലാം കെ.എസ്‌.കെയുടെ കവിതയിൽ ആശയവൽക്കരിക്കുകയോ ബിംബവൽക്കരിക്കുകയോ ചെയ്യുന്നുണ്ട്‌. ആ അർത്ഥത്തിൽ ചിലർ കെ.എസ്‌.കെ. തളിക്കുളത്തെ മണപ്പുറത്തിന്റെ മഹാകവിയെന്ന്‌ വിളിച്ചാദരിച്ചു. അതാകട്ടെ ഈ കവിടെ മണപ്പുറത്തിന്‌ പുറത്തേക്ക്‌, മലയാള കവിതയുടെ പൊരുധാരയിലേക്ക്‌ പ്രവേശിക്കുന്നതിൽനിന്ന്‌ തടഞ്ഞ്‌ നിർത്തിയില്ലേയെന്ന്‌ സംശയം. ഇങ്ങനെ കെ.എസ്‌.കെ. തളിക്കുളത്തെ ഒരു സംജ്ഞക്കുളളിൽ ഒതുക്കി നിർത്തിയതിൽ ഞാനടക്കമുളള ആസ്വാദകർ കുറ്റക്കാരാണ്‌. കെ.എസ്‌.കെ. മലയാള കാവ്യസാഹിത്യ ചരിത്രത്തിൽ ചർച്ച ചെയ്യപ്പെടാതിരുന്നതിനും കാരണം മറ്റൊന്നുമല്ല.

ഇപ്പോൾ തിരിഞ്ഞ്‌ നോക്കുമ്പോൾ തിരിച്ചറിയുന്ന പ്രധാന സംഗതി ഒരു ചെറിയ കവിയല്ല കെ.എസ്‌.കെ. എന്നതാണ്‌. മലയാളത്തിലെ റൊമാന്റിക്‌ കാവ്യ പരിണാമത്തിൽ കെ.എസ്‌.കെ.യുടെ കവിതയ്‌ക്ക്‌ സുപ്രധാനമായ പങ്കില്ലെ? മധുരതരമായ ഭാഷയിലൂടെ ഒരു പ്രദേശത്തെ ആവിഷ്‌കരിച്ച കവിയാണ്‌ കെ.എസ്‌.കെ.

ഒരു പക്ഷേ, മണപ്പുറത്തിന്റെ ഭൂമിശാസ്‌ത്രഘടന ഈ കവിയുടെ കാവ്യരചനാസമ്പ്രദായത്തേയും സ്വാധീനിച്ചിരിക്കാനും ഇടയുണ്ട്‌. നാലുഭാഗവും വെളളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപുപോലെയാണ്‌ കെ.എസ്‌.കെ.യുടെ ദേശം. ഈ ദേശത്തുളളവർക്ക്‌ പുറത്തേക്ക്‌ പ്രവേശിക്കാൻ ഈ ഘടന ഒരു തടസ്സമായിരുന്നു. ഒരു റോഡ്‌ പോലും അന്നുണ്ടായിരുന്നില്ല. സാധാരണക്കാർക്ക്‌ നടക്കാൻ പറ്റിയ ഒരു പുതിയ വഴിക്ക്‌ വേണ്ടി സമരം ചെയ്‌ത ചരിത്രവും കെ.എസ്‌.കെ.യ്‌ക്ക്‌ ഉണ്ട്‌. എന്നാൽ പുറത്തേക്കുളള പ്രവേശനം മണപ്പുറത്തുകാർക്ക്‌ അപ്രാപ്യമായിരുന്നെങ്കിലും പുറത്തുനിന്ന്‌ വരുന്ന ആശയങ്ങൾ സ്വാംശീകരിക്കുവാനും സ്വജീവിതത്തിൽ ആ ആശയങ്ങളെ കലർത്താനും അവർക്ക്‌ കഴിഞ്ഞിരുന്നു. തികച്ചും ഒരു രാഷ്‌ട്രീയ സമൂഹം കെ.എസ്‌.കെ.യ്‌ക്ക്‌ ചുറ്റും ഉണ്ടായിരുന്നു. കമ്മ്യൂണിസ്‌റ്റുകാരും സോഷ്യലിസ്‌റ്റുകാരും ആശയപരമായ തർക്കങ്ങൾകൊണ്ട്‌ സർഗ്ഗാത്മകമാക്കിയ ഈ പ്രദേശത്തിന്റെ രാഷ്‌ട്രീയമനസ്സ്‌ ഒന്ന്‌ വേറെ തന്നെ. കെ.എസ്‌.കെ.യുടെ കവിതക്കിടയിൽ ആ രാഷ്‌ട്രീയം ഉണ്ട്‌.

ഒരു പ്രദേശത്തെ എഴുതിയ കവി എന്ന്‌ കെ.എസ്‌.കെ.യെ വിശേഷിപ്പിക്കുമ്പോൾ ഈ സാമൂഹ്യ നിർമ്മിതി അവഗണിക്കാനാവാത്തതാണ്‌. അങ്ങനെ പ്രദേശം ചിഹ്നവൽക്കരിക്കപ്പെടുന്നു. “പഞ്ചാര തോറ്റീടിന പൂഴി”യെന്ന്‌ ഈ പ്രദേശത്തെ കെ.എസ്‌.കെ. വർണ്ണിച്ചത്‌ വളരെ മുമ്പാണ്‌. “പനമ്പട്ടകളിൽ പിടിച്ച കാറ്റ്‌” എന്നൊരു പ്രയോഗം എത്രയോ കഴിഞ്ഞാണ്‌ നമ്മൾ ഒ.വി.വിജയനിൽ കാണുന്നത്‌.

ഇങ്ങനെ ഒരു ദേശത്തിന്റെ പ്രകൃതിയും ഭൂമിയുമെല്ലാം അനുഭവങ്ങളെയെല്ലാം മധുരമായ തന്റെ ഭാഷയിലേക്ക്‌ സ്വീകരിച്ച ഒരു കവിയെ നാം എത്രയോ മുമ്പ്‌ അറിയുന്നു. പോസ്‌റ്റ്‌മോഡേണിസ്‌റ്റുകൾ ദേശത്തെക്കുറിച്ച്‌ പറയുന്നതിന്‌ മുമ്പാണ്‌ കെ.എസ്‌.കെ. ദേശത്തെ കുറിച്ചെഴുതിയത്‌. ദേശം ഒരു പോസ്‌റ്റ്‌മോഡേൺ സംജ്ഞയാണ്‌ ഇന്നത്തെ വിമർശകർക്ക്‌. എന്നാൽ അതൊന്നുമറിയാതിരുന്ന കാലത്ത്‌ ദേശത്തെ കാവ്യവിഷയമാക്കിയതാണ്‌ കെ.എസ്‌.കെ. കവിതയുടെ വർത്തമാനകാല പ്രസക്തിയെന്ന്‌ കരുതുന്നു.

കെ.എസ്‌.കെ.യുടെ ജന്മദേശത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ദാരിദ്ര്യമാണ്‌ ഇവിടുത്തെ ഒരു ജനസമൂഹം ഉൾക്കൊണ്ടിരുന്നത്‌. വിശപ്പ്‌ അവന്റെയൊരു പ്രധാന പ്രശ്‌നമാകുന്നു. കെ.എസ്‌.കെ.യുടെ കവിതകളിൽ വിശപ്പ്‌ ഒരു പ്രധാന പ്രമേയമാണ്‌. “ദാരിദ്ര്യത്തിന്‌ അവധി കൊടുക്കലാണ്‌ ഓണ”മെന്ന്‌ കെ.എസ്‌.കെ. ഒരു കവിതയിലെഴുതി. തന്റെ ചുറ്റുപാടുമുളള ഇടത്തരക്കാരന്റെ ദാരിദ്ര്യവും അവന്റെ അനുഭവങ്ങളുമാണ്‌ കെ.എസ്‌.കെ. വിഷയമാക്കിയത്‌. ഈ വിശപ്പ്‌ അനുഭവിക്കുന്ന മനുഷ്യന്‌ എന്ത്‌ സൗന്ദര്യം? കെ.എസ്‌.കെ. ഒരു വൈരുദ്ധ്യത്തിലേക്ക്‌ തന്റെ കാവ്യമനസ്സിനെ തിരിച്ച്‌ വിടുന്നത്‌ ഈ സന്ദർഭത്തിൽ അത്ഭുതത്തോടെ കാണുന്നു. കവി കണ്ട ഇടത്തരക്കാരൻ സൗന്ദര്യത്തെക്കുറിച്ചും സംസാരിക്കുന്നു. ഈ രണ്ട്‌ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ കെ.എസ്‌.കെ.യ്‌ക്ക്‌ കവിതയിലൂടെ കഴിഞ്ഞു. വിശപ്പും സൗന്ദര്യവും ചേർന്ന്‌ ഉണ്ടാവുന്ന ഒരു ലയമാണ്‌ കെ.എസ്‌.കെ. കവിതയുടെ രസഭാവമായി പരിണമിക്കുന്നത്‌. ഒരുപക്ഷേ, കവിതയിൽ ഈ വൈരുദ്ധ്യത്തിന്‌ ലഭിച്ച സാക്ഷാൽക്കാരമാണ്‌ കെ.എസ്‌.കെ.യുടെ ജീവിതദർശനം. വാസുവും പങ്കജാക്ഷിയുമെല്ലാം ഈ വൈരുദ്ധ്യത്തിന്റെ നായികാനായക രൂപങ്ങളാണ്‌.

കെ.എസ്‌.കെ.യുടെ ദേശത്തിന്റെ മാത്രം പ്രത്യേകത മാത്രമാകാമിത്‌. ആ പ്രത്യേകതയോടെയാണ്‌ കാവ്യഭാഷ തന്നെ രൂപപ്പെടുന്നത്‌. വ്യവഹാരിത രൂപപ്പെട്ട ഒരു കാവ്യഭാഷയാണ്‌ കെ.എസ്‌.കെ. യുടേത്‌. കവിതയിൽ കഥ പറയുന്ന രീതി കെ.എസ്‌.കെ.യ്‌ക്ക്‌ കിട്ടിയത്‌ പാശ്ചാത്യകൃതികളിൽ നിന്നല്ല, തന്റെ ദേശത്തു നിന്നാണെന്ന്‌ വേറിട്ടൊരു വായന തെളിയിക്കും. ഈ കെ.എസ്‌.കെ.യെ നാമെന്തിന്‌ ചുരുക്കി കളയണം? ദേശത്തേക്ക്‌ കൂടുതൽ കൂടുതൽ ആഴ്‌ന്നിറങ്ങുകയെന്നാൽ ലോകത്തേക്ക്‌ വികസിക്കുകയാണെന്നർത്ഥം. അതാണല്ലോ കവിത.

ബാലചന്ദ്രൻ വടക്കേടത്ത്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.