പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

പേനയുടെ മരണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഞ്ചൽ ദേവരാജൻ

മറുപടിക്കവർ വച്ചയച്ച കഥയെപ്പറ്റിയുള്ള വിവരത്തിനു കാത്തിരുന്ന അയാളെ പോസ്‌റ്റുമാൻ തേടിവന്നു.

പ്രിയസുഹൃത്തേ, സ്ഥലപരിമിതിമൂലം താങ്കളുടെ കഥ വാരികയിൽ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. തുടർന്നും എഴുതുമല്ലോ. സസ്നേഹം ഒപ്പ്‌, എഡിറ്റർക്കുവേണ്ടി.

തന്നെ ഏറെ സ്പർശിച്ച ഒരാശയമായിരുന്നു; വെറും മൂന്നുപേജ്‌. നൂറുപേജുള്ള മലയാളവാരികയിൽ സ്ഥലപരിമിതി! പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന്‌. ഒപ്പം ഖേദവും. പോര, വീണ്ടും എഴുതണമത്രേ!

ശരി, എഴുതാം... ഇൻലന്റ്‌... സർ, എന്റെ മനസിലും ഇപ്പോൾ സ്ഥലപരിമിതിയാണ്‌. കഥയില്ലാതെ എന്തെഴുതാൻ. താങ്കളെയും ഡി.ടി.പി., പ്രൂഫ്‌, ന്യൂസ്‌പ്രിന്റ്‌, പ്രസ്സ്‌ പിന്നെ പൊതുജനത്തേയും എന്തിനു ബുദ്ധിമുട്ടിക്കുന്നു. ആ സ്ഥലത്ത്‌ വാരികയിലെ സ്ഥിരം എഴുത്തുകാർ, താല്പര്യങ്ങൾ, വളരാൻ വിഴുപ്പലക്കുന്നവർ, നിങ്ങൾക്കു മനഃപൂർവ്വം പൊക്കിവിടേണ്ടവർ, പൈങ്കിളികൾ, സിനിമ-സീരിയൽ തരംഗങ്ങൾ അങ്ങനെ ഇപ്പോൾ വേണ്ടുവോളമുള്ളതൊക്കെയാകട്ടെ. പോരാത്തതിന്‌ നിങ്ങളുടെ ഗവേഷണവിഭാഗം സജീവവുമാണല്ലോ.

ലോകത്തിന്റെ പ്രശ്നം യു.എൻ.എയിലും രാജ്യത്തിന്റെ പ്രശ്നം ലോക്‌സഭയിലും സംസ്ഥാനത്തിന്റെ പ്രശ്നം നിയമസഭയിലും ദേശത്തിന്റെ പ്രശ്നം പഞ്ചായത്തിലും രാഷ്ര്ടീയസാമുദായിക പ്രശ്നങ്ങൾ കമ്മിറ്റികളിലും പരിഹരിക്കപ്പെടുമ്പോൾ പ്രശ്നങ്ങളിൽ ഉഴലുന്ന ഒരു നിരാലംബന്‌ ആത്മഹത്യമാത്രമാണ്‌ ശരണം അതോടെ മാത്രമേ ആ പ്രശ്നം തീരുകയുള്ളൂ എന്ന തത്വമായിരുന്നു എന്റെ കഥാവിഷയം. തൽക്കാലം എന്റെ പേന മരിക്കുന്നു, താങ്കളുടെ പ്രശ്നം തീരുന്നു. അതിനാൽ ഇനിയും എഴുതുക എന്ന ആവശ്യം ഈ കത്തിലൂടെ പരിഹരിക്കുകയും ഇനി അങ്ങനെ താങ്കളെ ബുദ്ധിമുട്ടിക്കില്ലെന്നു അറിയിക്കുകയും ചെയ്യുന്നു. ഹോ! സമാധാനമായി. പറയാനുള്ളത്‌ പറഞ്ഞതിലുള്ള ആശ്വാസം.

ദിവസങ്ങൾ കഴിഞ്ഞു. ഒരു കത്ത്‌-

പ്രിയ സുഹൃത്തേ, ഞങ്ങൾ നടത്തിയ കത്തെഴുത്ത്‌ മത്സരത്തിൽ താങ്കളുടെ ‘പേനയുടെ മരണം’ ഒന്നാംസ്ഥാനം നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

അഞ്ചൽ ദേവരാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.