പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ലൈലയുടെ ക്ലാസ്‌മേറ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാധവിക്കുട്ടി

മാധവിക്കുട്ടിയുടെ ‘ഫ്രഷ്‌’ കഥ - 12

തന്റെ സ്‌നേഹിതന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒരു പരിഷ്‌കൃത നഗരിയിൽ എത്തിയതായിരുന്നു സുപ്രസിദ്ധനായ ആ സ്‌ത്രീരോഗ വിദഗ്‌ദ്ധൻ. വിവാഹാഘോഷം അവസാനിച്ചപ്പോൾ വൈകുന്നേരം ഒരു പരീക്ഷണത്തിനായി ഡോക്‌ടർ വേശ്യാലയങ്ങൾ സന്ദർശിക്കുവാൻ തീർച്ചയാക്കി. വാർദ്ധക്യത്തിലേക്ക്‌ അടുക്കുന്ന പുരുഷന്മാർക്ക്‌ പ്രോസ്‌റ്ററ്റ്‌ ഗ്രന്ഥിയുടെ വീക്കം കാരണം വർദ്ധിക്കാനിടയുളള കാമവികാരങ്ങളുടെ ഒരു പരീക്ഷണത്തിന്‌ തയ്യാറായി അയ്യായിരം രൂപയും കീശയിലിട്ട്‌ ഡോക്‌ടർ മധ്യവർത്തികൾ മാത്രം പോവാറുളള ഒരിടത്തേക്ക്‌ ചെന്നു. ടാക്‌സിഡ്രൈവർ തന്നെ വഞ്ചിച്ചുവെന്ന്‌ രണ്ടുനിമിഷങ്ങൾക്കകം ഡോക്‌ടർ മനസ്സിലാക്കി. ഇടത്തരക്കാർ മാത്രം ചെല്ലുന്ന ഈ സ്ഥലത്തുവെച്ച്‌ തനിക്ക്‌ വല്ല ഗുഹ്യരോഗവും പിടിപെടുമോ എന്ന്‌ അയാൾ ഭയന്നു. പെട്ടെന്ന്‌ മടങ്ങി അവിടെയുളളവരെ അപമാനിക്കുവാൻ ഡോക്‌ടർ തയ്യാറായില്ല.

“പതിനെട്ട്‌ വയസ്സായ ഒരു പെൺകുട്ടി” അയാൾ മന്ത്രിച്ചു.

“തീർച്ചയായിട്ടും.” ഗൃഹനാഥ പറഞ്ഞു. “പതിനെട്ടു വയസ്സിനേറെ പ്രായമുളളവരെ ഇവിടെ കാണുകയില്ല.” അവർ പറഞ്ഞു.

“പതിനഞ്ച്‌ വയസ്സ്‌ കഴിഞ്ഞ കന്യകകൾ.”

ആദ്യം പുറത്തുവന്ന പെൺകുട്ടിയുടെ കൂടെ ഡോക്‌ടർ ഇരുണ്ട അകത്തളത്തിലേക്ക്‌ നടന്നു.

വൃഥാവിലായ ഒരു ബലാൽസംഗശ്രമത്തിനുശേഷം ഡോക്‌ടർ ആ ബാലികയെ നോക്കാതെ കുളിമുറി തേടി അലഞ്ഞു.

“കുളിമുറി പുറത്താണ്‌. ഇടനാഴി കഴിഞ്ഞ്‌ പോവണം.”

പെൺകുട്ടി പറഞ്ഞു.

ഇടനാഴി കഴിഞ്ഞ്‌ പുറത്തേക്ക്‌ കടക്കുന്നയിടത്ത്‌ ഇന്ത്യൻ രീതിയിലുളള ഒരു കക്കൂസ്‌ ഡോക്‌ടർ കണ്ടു. ശരീരം മടക്കി അതിൽ വിസർജ്ജിക്കുവാൻ ഡോക്‌ടർക്ക്‌ കഴിഞ്ഞില്ല. കാൽമുട്ടുകൾ വേദനിച്ചു.

വീണ്ടും മുറിയിൽ വന്നപ്പോൾ പെൺകുട്ടി പറഞ്ഞു.

“സാറിന്റെ പേരക്കുട്ടി ലൈല എന്റെ കൂടെ പഠിച്ചതാ....അവളോട്‌ ചോദിച്ചുനോക്കൂ. ഒൻപതാംക്ലാസില്‌ ഞങ്ങള്‌ ഒന്നിച്ച്‌ പഠിച്ചതാ....പിന്നെ എന്റെ അച്ഛൻ മരിച്ചു. ഞാൻ ഓടിപ്പോന്നു.”

ഡോക്‌ടർ കട്ടിലിൽ വീണ്ടും ഇരുന്നു. തന്റെ പുറംവേദന അസഹ്യമായെന്ന്‌ അയാൾക്ക്‌ തോന്നി. സംസാരിക്കുവാൻ ശബ്‌ദം തെളിയുന്നുമില്ല.

“ഞാൻ പോവട്ടെ. മഴ പെയ്യുന്നതിനു മുൻപ്‌ ഞാൻ പോവുന്നു.” അയാൾ പിറുപിറുത്തു.

ആ പെൺകുട്ടി അയാളെ തടഞ്ഞ്‌ നിർത്തിയില്ല.

മാധവിക്കുട്ടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.