പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

കല്ലുകൾ ഉണ്ടാകുന്നത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജി.വിക്രമൻപിളള

കഥ

ബ്രഹ്‌മമുഹൂർത്തത്തിനുമുമ്പ്‌ കോഴി കൂവി. ഗൗതമൻ പെട്ടെന്നുണർന്നു. സ്‌നാന വന്ദനങ്ങൾക്കായി നദിയിലേക്കുപോയി. തീരത്തെത്തിയപ്പോൾ അദ്ദേഹത്തിന്‌ എന്തോ പന്തികേടു തോന്നി. നദി ഉണർന്നിട്ടില്ല. സസന്ദേഹം ആശ്രമത്തിലേക്കു തിരിച്ചു നടന്നു.

***********************************************************************

ഉറക്കത്തിനിടയ്‌ക്ക്‌ ഭർത്താവ്‌ സുരതത്തിനു ക്ഷണിച്ചപ്പോൾ അഹല്യയ്‌ക്ക്‌ ദേഷ്യവും അത്ഭുതവുമാണു തോന്നിയത്‌. അസമയത്തിങ്ങനെ....എങ്കിലും, സാധാരണയായി വിഷയകാര്യത്തിൽ താല്‌പര്യമില്ലാത്ത ഭർത്താവ്‌ നിർബന്ധിക്കുമ്പോൾ വഴങ്ങുകയേ നിവൃത്തിയുളളൂ.

കാര്യം കഴിഞ്ഞു പുറത്തേക്കിറങ്ങിയ കപട ഗൗതമനെ യഥാർത്ഥ ഗൗതമൻ കൈയോടെ പിടികൂടി.

“നില്ലുനില്ലെടാ മഹാപാപീ! നീയൊരു ദുഷ്‌ടാത്മാവോ? സത്യം പറയായ്‌കിൽ നിന്നെ ഞാനിപ്പോൾ ഭസ്‌മമാക്കുവൻ.”

ഗൗതമൻ ക്രോധംകൊണ്ടു ജ്വലിച്ചു.

അപകടം മനസ്സിലാക്കിയ വ്യാജൻ മുനിയുടെ കാല്‌ക്കൽ വീണു.

“സ്വർലോകാധിപനായ കാമ കിങ്കരനഹം വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വം കൊണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ.”

ഇന്ദ്രനോ?

ഗൗതമൻ ഞെട്ടി. ഉടൻ ഭസ്‌മമാക്കുവാനാണു തോന്നിയത്‌. പക്ഷെ, വിഭൂതിയോഗത്തിലെ ഭഗവദ്വചനം മനസ്സിലേയ്‌ക്കോടിയെത്തി.

“ദേവാനാമസ്‌മി വാസവ”

(ദേവന്മാരിൽ ഞാൻ ഇന്ദ്രനാകുന്നു.)

തല്‌ക്കാലം ഭസ്‌മമാക്കണ്ട, സഹസ്രഭഗനായി പോകട്ടെ! ഭേഷ്‌!

ഇന്ദ്രൻ സന്തോഷംകൊണ്ട്‌ നില്‌ക്കാനും നടക്കാനും വയ്യാതെ സ്വർഗ്ഗത്തിലേക്ക്‌ ഒറ്റയോട്ടം. നൂറായിരം തരുണിമാർ ശുശ്രൂഷിക്കാനുളളപ്പോൾ ഇതു രസികൻ ശിക്ഷതന്നെ. സ്വർഗ്ഗീയ സുന്ദരിമാർക്കെല്ലാം ഒരുമിച്ചു പണികൊടുക്കാമല്ലോ. ഗൗതമനു നന്ദി!

അനന്തരം-

ത്രികാലജ്ഞാനിയായ മാമുനി ഭർത്താവായുണ്ടായിട്ടും തനിക്കു രക്ഷകിട്ടിയില്ലല്ലോ എന്ന ദുഃഖത്തിലും പാപബോധത്തിലും ഉരുകിപ്പോയ അഹല്യയ്‌ക്കുനേരെ ഗൗതമന്റെ ക്രോധം പ്രവഹിച്ചുഃ

“കഷ്‌ടമെത്രയും ദുർവൃത്തം ദുരാചാരേ! ദുഷ്‌ടമാനസേ തവ സാമർത്ഥ്യം നന്നുപാരം ദുഷ്‌കൃതമൊടുങ്ങുവാനിന്നു ചൊല്ലീടുവൻ...............കല്ലായി പോകട്ടെ.”

ചോദ്യങ്ങൾ തൊണ്ടയിൽ കുരുങ്ങിപ്പോയ അഹല്യ ഒരു കല്ലായി കാനനത്തിൽ കാത്തു കിടന്നു.

ജി.വിക്രമൻപിളള




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.