പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ബിജു പോയവഴിയേത്‌?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിശ്വൻ പടനിലം

കഥ

രാധാമണി വിധവയാണ്‌. പ്രായം മുപ്പത്തിമൂന്ന്‌. ഏകമകൾ ആരതി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു.

രാധാമണിയുടെ ഭർത്താവ്‌ ആത്മഹത്യ ചെയ്‌തതാണ്‌. കുടിച്ചുകുടിച്ച്‌ ഭ്രാന്തായപ്പോൾ അയാൾ വിഷം കുടിച്ച്‌ മരിക്കുകയായിരുന്നു. അന്ന്‌ ആരതിയ്‌ക്ക്‌ പ്രായം എട്ടുവയസ്സ്‌.

ആളുകളൊക്കെ ‘പൂജ്യം പൂജ്യം’ പറയുന്നത്‌ അയാളെ രാധാമണി കൊന്നതാണെന്നാണ്‌. എന്നാൽ അതിനുളള ‘മനക്കട്ടി’ അവൾക്കില്ലെന്ന്‌ ഏറെപ്പേരും വിശ്വസിക്കുന്നു.

എന്തായാലും രാധാമണി വിധവയാണ്‌.

രാധാമണിയുടെ മകൾ മിടുക്കിയാണ്‌. സുന്ദരിയും.

അവളെ എല്ലാവർക്കും ഇഷ്‌ടമാണ്‌. അവൾക്കും എല്ലാവരെയും ഇഷ്‌ടമാണ്‌.

ഒരു ദിവസം അയൽപക്കത്തെ ബിജു രാധാമണിയുടെ വീട്ടിലേക്ക്‌ കടന്നുവന്നു.

നാട്ടിലെ റോമിയോയും ജാക്കിച്ചാനും താനാണെന്നു കരുതുന്നയാളാണ്‌ ബിജു. വന്നപാടെ യാതൊരു മുഖവുരയും കൂടാതെ അയാൾ രാധാമണിയോടു പറഞ്ഞുഃ

“അമ്മേ... എനിക്കു നിങ്ങളുടെ ബന്ധുവാകണമെന്നുണ്ട്‌.”

“എനിക്കു മനസ്സിലായില്ല.”

രാധാമണിക്ക്‌ പണ്ടേ അവനെ ഇഷ്‌ടമല്ല. എങ്കിലും വെറുപ്പ്‌ പുറത്തുകാണിക്കാതിരിക്കുവാൻ അവർ ശ്രമിച്ചു.

“തെളിച്ചുപറയാം. എനിക്ക്‌ ആരതിയെ ഇഷ്‌ടമാണ്‌. എനിക്കവളെ വിവാഹം കഴിക്കണം.”

രാധാമണി ഒന്നു ഞെട്ടി. വല്ലാതെ പരിഭ്രമിച്ചു.

“ഇവന്റെ കുഞ്ഞുപെങ്ങളായി കരുതേണ്ടതാണ്‌. എന്നിട്ട്‌...” പരിഭ്രമം പുറത്തുകാട്ടാതെ അവർ വശ്യമായി പുഞ്ചിരിച്ചു. പിന്നെ നീണ്ട ഒരു പൊട്ടിച്ചിരിയ്‌ക്കൊടുവിൽ വല്ലാത്ത ഗൗരവത്തോടെ അവർ പറഞ്ഞു.

“ഇവിടെയിപ്പോൾ കല്യാണപ്രായത്തിലുളളതും സംരക്ഷണം ആവശ്യമുളളതും എനിക്കാണ്‌. നിനക്കെന്റെ ബന്ധുവായാൽ മതിയെങ്കിൽ നാളെ വീട്ടുകാരെയും കൂട്ടി വന്നോളൂ. ഞാൻ തയ്യാറാണ്‌.”

നേരിയ ഒരു കിതപ്പോടെ രാധാമണി പറഞ്ഞു നിർത്തി. ബിജു എവിടേക്കാണ്‌ പോയതെന്ന്‌ പിന്നെ അവർ കണ്ടില്ല.

വിശ്വൻ പടനിലം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.