പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

അയിത്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വൈക്കം ബിജുമോഹനൻ

കഥ

ഒരിക്കൽ ഒരു കവിയും ഒരു ഗായകനും ഒരാട്ടക്കാരനുംകൂടി പരശുരാമക്ഷേത്രത്തിലെ പ്രസിദ്ധനായൊരു ദൈവത്തെ കാണാൻ പോയി. (മൂവരും ംലേച്ഛന്മാർ). ദേവാലയത്തിലെ ദൈവത്തെ ഭരിക്കുന്ന ദൈവങ്ങൾ അവരെ തടഞ്ഞു.

“ഞാനൊരു കാലിച്ചെക്കനാണ്‌.” കവി പറഞ്ഞു.

“ഞാനൊരു വേണുവാണ്‌.” ഗായകൻ പറഞ്ഞു.

“ഞാനൊരവിൽപൊതിയാണ്‌.” ആട്ടക്കാരൻ പറഞ്ഞു.

അസംഭവ്യം. ആകാശം ഇടിഞ്ഞു വീഴും, കേരളത്തെ കടലെടുക്കും, പുണ്യാഹം ചതിച്ചു. ത്രിശുദ്ധി....സപ്‌തശുദ്ധി....! എറുമ്പുകൾക്കുകേറാം, പക്ഷികൾക്ക്‌ കാഷ്‌ഠിക്കാം, പിടിച്ചുപറിക്കാരനും പെൺവാണിഭക്കാരനും പ്രദക്ഷിണം ചെയ്യാം. രാഷ്‌ട്രീയ ചാണക്യന്‌ ജനദ്രോഹത്തിന്റെ പാപഭാരം തുലാഭാരമായി തിരുമുമ്പിലിറക്കാം. രാഷ്‌ട്രീയ നായികയ്‌ക്ക്‌ അഴിമതിയുടെ പാപക്കൂമ്പാരം ആനയാക്കി നടയ്‌ക്കിരുത്താം. ഭക്തിയെ ആട്ടിയകറ്റിയും പാപികളെ ഊട്ടിവളർത്തിയും ശിരസ്സുയർത്തുന്നു ഭാർഗ്ഗവക്ഷേത്രം! ംലേച്ഛന്മാർ തിരിഞ്ഞു നടന്നു.

‘നില്‌​‍്‌ക്കൂ....’

ഒരു വേണുഗാനം തേങ്ങലായ്‌ അടുത്തു വരുന്നതായും മെല്ലെമെല്ലെ അകന്നുപോകുന്നതായും അവർക്കുതോന്നി.

പിന്നീട്‌, മനംമടുത്ത ഭഗോപേതൻ വായുവിനെയും ഗുരുവിനെയും തേടി ഉത്തരഭാരതത്തിലേക്കു പോയതായി മേൽശാന്തിക്ക്‌ സ്വപ്‌നദർശനമുണ്ടായി.

കവി ഃ യൂസഫലി കേച്ചേരി

ഗായകൻ ഃ യേശുദാസ്‌

ആട്ടക്കാരൻ ഃ കലാമണ്ഡലം ഹൈദരാലി

വൈക്കം ബിജുമോഹനൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.