പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

‘വിഷ’മാവസ്ഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ത്യാഗരാജൻ ചാളക്കടവ്‌

ലേഖനം

സിനിമയിൽ നിന്നും ക്രിക്കറ്റിൽനിന്നും ഇറങ്ങിവന്ന്‌ നമ്മുടെ മഹാതാരങ്ങൾ, ഇത്രയും കാലം നമ്മെ കുടിപ്പിച്ചത്‌ വിഷമായിരുന്നുവെന്ന്‌ പുതിയ കണ്ടെത്തൽ! ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽപോലും നിറഞ്ഞുതുളുമ്പി ആധിപത്യം പൂർത്തിയാക്കിക്കഴിഞ്ഞ സാഹചര്യത്തിൽ, ഇപ്പോൾ അകപ്പെട്ടിരിക്കുന്ന ‘വിഷ’മാവസ്ഥയിൽ നിന്നും പുറത്തുവരാൻ കൊക്കക്കോളയ്‌ക്കും പെപ്‌സിക്കും ആരും ബുദ്ധി ഉപദേശിച്ചു കൊടുക്കേണ്ട. നേരെചൊവ്വേ പറഞ്ഞാൽ, ഇപ്പോഴത്തെ ഈ വിഷം കണ്ടെത്തലും നിരോധനവുമൊക്കെ എത്രകാലം നിലനില്‌ക്കും എന്നത്‌ സംശയമാണ്‌.

ബ്രിട്ടനിലെ എക്‌സീറ്റർ സർവ്വകലാശാലയുടെ സഹായത്തോടെ ബി.ബി.സിയുടെ ‘റേഡിയോ ഫോർ’ എന്ന റേഡിയോചാനലാണ്‌ നാട്ടുകാരെ ഇപ്പോൾ ഞെട്ടിച്ചത്‌. ആൾക്കാരുടെ ആശ്ചര്യാവസ്ഥ സാധാരണനില കൈവരിക്കുംമുമ്പേ ഞങ്ങളുടെ വകകൂടി ഇരിക്കട്ടെ എന്ന്‌ വിചാരിച്ചാവും സംസ്ഥാന മലിനീകരണ (നിയന്ത്രണ) ബോർഡും തങ്ങളുടെ ‘കണ്ടെത്തൽ’ പുറത്തുവിട്ടത്‌. ചെയർമാന്റെ രോഷം ചാനലിൽ തെളിഞ്ഞപ്പോൾ, ഒരു വർഷത്തിലേറെയായി സമരം തുടരുന്ന പ്ലാച്ചിമടക്കാരെയാണ്‌ ഓർമ്മ വന്നത്‌.

ഇളവേനലിൽപോലും വരണ്ടുണങ്ങുകയും ചുട്ടുപൊളളുകയും ചെയ്യുന്ന ഒരു പ്രദേശത്തുനിന്നും ഓരോ ദിവസവും പത്തുലക്ഷം ലിറ്റർ വെളളം ഊറ്റിയെടുത്ത്‌ കുപ്പിയിലാക്കി വിഷവും ചേർത്ത്‌ വില്‌ക്കാൻ അന്താരാഷ്‌ട്ര കുത്തകഭീമനായ കൊക്കക്കോളയ്‌ക്ക്‌ അനുമതി നൽകിയത്‌ ആദ്യത്തെ തെറ്റ്‌. ആ തെറ്റിനു ബലിയാടുകളായി മാറിയ സാധാരണജനം കുടിവെളളത്തിനുവേണ്ടി പോരാടുമ്പോൾ കമ്പനി മേധാവികളുടെ ആസനത്തിൽ ഉറുമ്പുകയറുക സ്വാഭാവികം. ഈ പട്ടിണിപ്പാവങ്ങളെ അവരുടെ പോരാട്ടത്തിൽനിന്നും പിന്തിരിപ്പിക്കേണ്ടത്‌ തങ്ങളുടെ പ്രധാന ആവശ്യമായി കണ്ട കോളക്കമ്പനി പിന്നെ ചെയ്‌ത പണിയുണ്ടല്ലോ, അതാണ്‌ കൂടുതൽ നികൃഷ്‌ടം. ആഹാരമില്ലെങ്കിലും, മുണ്ടുമുറുക്കിയാണെങ്കിലും ധർമ്മസമരത്തിൽ പ്ലാച്ചിമടക്കാർ മുന്നേറുമ്പോൾ, ലോകത്തെല്ലായിടത്തും എല്ലാ ബഹുരാഷ്‌ട്രകുത്തക ഭീമന്മാരും ചെയ്‌തുകൊണ്ടിരിക്കുന്ന അടവുതന്നെ കോളയും പുറത്തെടുത്തു; തങ്ങൾക്കെതിരെ ശബ്‌ദിക്കുന്നവന്റെ ആരോഗ്യം ക്ഷയിപ്പിക്കുക. ആരോഗ്യമുളളവനല്ലേ ഉച്ചത്തിൽ ശബ്‌ദിക്കാനാവൂ. ആരോഗ്യമില്ലാത്തവൻ എത്രകാലം ഉച്ചത്തിൽ ശബ്‌ദിക്കും...? അങ്ങനെയാണ്‌ കോളക്കമ്പനി പരിസരത്ത്‌ കുന്നുകൂടുന്ന അവശിഷ്‌ടങ്ങൾ വളമാണെന്ന്‌ പറഞ്ഞത്‌, പ്ലാച്ചിമടക്കാർ അടങ്ങുന്ന ചിറ്റൂർ താലൂക്കുകാർക്കുതന്നെ വില്‌ക്കാൻ തുടങ്ങിയത്‌. ഇതിലൂടെ കമ്പനി സാധിച്ചത്‌ രണ്ടുകാര്യം; യാതൊരു പണച്ചെലവുമില്ലാതെ മാലിന്യം ഒഴിവാക്കാം. അതിലൂടെ വിറ്റ ലിവർ സിറോസിസ്‌, അൽഷൈമേഴ്‌സ്‌, കാൻസർ എന്നിവയിലൂടെ സമരക്കാരെയും ഘട്ടംഘട്ടമായി ഒഴിവാക്കാം!

‘ഇന്നു നീ, നാളെ ഞാൻ’ എന്ന പൊതുസത്യത്തിലേക്ക്‌ ജനം ഉണരാതിരിക്കുന്നിടത്തോളം കാലം അധിനിവേശത്തിന്റെ പുതിയ തന്ത്രങ്ങളുമായി അവർ വീണ്ടും വരും. കണ്ണുകളിൽ മഞ്ഞളിപ്പ്‌ വ്യാപിക്കുമ്പോൾ അവർ നമ്മുടെ മജ്ജയിൽ കയറിയിരിക്കുന്നതും നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നതും നമ്മൾ കാണാതെ പോവും....

പ്ലാച്ചിമടയിലെ സഹോദരീ സഹോദരന്മാരേ, നിങ്ങളെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവന്റെ വലുപ്പം കണ്ട്‌ ഒരിക്കലും പതറിപ്പോവരുത്‌. നിങ്ങൾക്കു പിന്നിൽ ലക്ഷക്കണക്കിനു മനുഷ്യസ്‌നേഹികൾ ഇതാ തയ്യാറായി വരുന്നുണ്ട്‌. ഇനി യുദ്ധം തുടരേണ്ടത്‌ നമ്മൾ ഒരുമിച്ചാണ്‌...

‘കൊക്ക’ക്കുറിപ്പ്‌ഃ

കോളക്കമ്പനി കളി തുടരുന്നുഃ തൊഴിലാളികളെ അണിനിരത്തി മാധ്യമങ്ങൾക്കും എതിരാളികൾക്കുമെതിരെ പ്രകടനങ്ങൾ, ഇതേ മാധ്യമങ്ങൾ വഴി, ‘ഞങ്ങൾ നിങ്ങൾക്കൊരു ദോഷവും വരുത്തില്ല’ എന്ന പരസ്യങ്ങൾ....

ത്യാഗരാജൻ ചാളക്കടവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.