പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

ഭാഗ്യവും യോഗ്യതയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ.അമ്പലപ്പുഴ രാമവർമ്മ

ലേഖനം

ഭാഗ്യമോ യോഗ്യതയോ ഒരുവന്റെ ജീവിതത്തിൽ വിജയിക്കുന്നത്‌? പലരുടെയും അനുഭവം ഓർത്തുനോക്കുമ്പോൾ ഭാഗ്യം എന്നുതന്നെ പറയണം. ‘ഭാഗ്യവാൻ’ ‘പരമഭാഗ്യവാൻ’ ‘ഭാഗ്യശാലി’ എന്നൊക്കെ നാം പറയാറില്ലേ? അവർ അനുഗൃഹീതരാണ്‌. കാരണം ഭാഗ്യം പ്രദാനം ചെയ്യുന്നത്‌ ഈശ്വരനാണ്‌. ‘ഭാഗ്യം’ എന്നാൽ ‘ഈശ്വരാനുകൂല്യം’ എന്നാണർത്ഥം. ദൈവത്തിൽനിന്നു നമുക്കു ലഭിക്കുന്ന നന്മയാണു ഭാഗ്യം. ഈശ്വരനെ സേവിച്ചതുകൊണ്ടുമാത്രം ഒരാൾ ഭാഗ്യവാനായിത്തീരണമെന്നില്ല. അയാൾക്കും ആപത്തുകൾ സംഭവിക്കുന്നു. അതെന്തുകൊണ്ട്‌? ഇ​‍്വശ്വരവിശ്വാസമില്ലാഞ്ഞിട്ടാണോ? അല്ല. നമുക്കു വന്നുചേരുന്ന ഭാഗ്യവും നിർഭാഗ്യവും നിർണ്ണയിക്കുന്നതും നിർണ്ണയിക്കേണ്ടതും ഈശ്വരനാണ്‌. അദ്ദേഹത്തിന്റെ നിശ്ചയം എന്താണെന്നുളളതിനെപ്പറ്റി നമുക്ക്‌ ഒരു നിശ്ചയവുമില്ല.

‘ഒരു നിശ്ചയമില്ലയൊന്നിനും

വരുമോരോദശ വന്നപോലെ പോം

വിരയുന്നു മനുഷ്യനേതിനോ

തിരിയാ ലോകരഹസ്യമാർക്കുമേ’ എന്ന്‌ മഹാകവി പറഞ്ഞത്‌ എത്ര ശരി! ലോകരഹസ്യം ഈശ്വരനു മാത്രമേ അറിയൂ.

നിരീശ്വരവാദികൾ ഇതൊന്നും സമ്മതിച്ചില്ലെന്നു വരാം. എങ്കിലും അവരും ‘ഭാഗ്യ’ത്തെപ്പറ്റി പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നതു കേട്ടിട്ടുണ്ട്‌. ഒരു മീറ്റിംഗിന്റെ ഉദ്‌ഘാടകൻ പറയുകയുണ്ടായി. “ഈ മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടകനാകാൻ കഴിഞ്ഞത്‌ എന്റെ ജീവിതത്തിലെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.” ഇതിൽ അദ്ധ്യക്ഷത വഹിച്ചയാൾ പറയുകയാണ്‌ഃ “ഇന്നു ഹർത്താലും പണിമുടക്കുമായതിനാൽ എനിക്കു വന്നുചേരാൻ സാധിക്കുമോ എന്നു സംശയമായിരുന്നു. ഭാഗ്യവശാൽ ഞാനിങ്ങു വന്നെത്തി.” സ്‌റ്റേറ്റിൽ ഒരു പരീക്ഷയ്‌ക്ക്‌ ഒന്നാമനായി വിജയിച്ച വിദ്യാർത്ഥി പറയുകയാണ്‌ഃ “ഫസ്‌റ്റ്‌ ക്ലാസ്സു കിട്ടുമെന്നു വിചാരിച്ചിരുന്നു. എന്നാൽ ഒന്നാംറാങ്കു കിട്ടിയത്‌ എന്റെ ഭാഗ്യം കൊണ്ടാണ്‌.” നിനച്ചിരിക്കാതെയുളള അവാർഡ്‌ ലബ്‌ധിയിൽ ചില സാഹിത്യകാരന്മാരും ഇങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്‌. അപ്പോൾ ‘ഭാഗ്യം’ എന്ന ഘടകത്തിനു തന്നെയാണ്‌ എല്ലാവരും പ്രാധാന്യം കൊടുക്കുന്നത്‌ എന്നുവരുന്നു. ഇവിടെ ഈ പദത്തിന്റെ പ്രയോഗത്തിലും അതുൾക്കൊളളുന്ന ആശയത്തിലും മാത്രമേ വിവാദമുളളു. എല്ലാവരും ഭാഗ്യാന്വേഷികൾ തന്നെയാണ്‌.

സാഹിത്യകൃതികളിലും ഭാഗ്യത്തെപ്പറ്റി എത്രയോ പരാമർശങ്ങളുണ്ട്‌! ‘നളചരിതം’ രണ്ടാംദിവസത്തെ കഥയിൽ ദമയന്തിയെ അന്വേഷിച്ചു പല സ്ഥലങ്ങളിലും സഞ്ചരിച്ച സുദേവൻ എന്ന ബ്രാഹ്‌മണൻ ഒടുവിൽ അവളെ കാണാനിടയായപ്പോൾ പറയുന്നത്‌ ഇങ്ങനെയാണ്‌. ‘നിന്നെ കണ്ടെത്തി ഭാഗ്യമേ.’ ശാകുന്തളത്തിൽ കണ്വമഹർഷി ശകുന്തളയെ ഭർത്തൃഗൃഹത്തിലേക്കു യാത്രയയയ്‌ക്കുന്ന വേളയിൽ ദുഷ്യന്തനു കൊടുക്കുന്ന സന്ദേശത്തോടൊപ്പം ‘പിന്നാലുളളതു ഭാഗ്യമാണതു വധു ബന്ധുക്കളോതീടൊലാ’ എന്നും പറയുന്നു. അതായത്‌ ‘രാജപത്നിയായ ഇവൾക്ക്‌ ഭാവിയിൽ പട്ടമഹിഷീസ്ഥാനം ലഭിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവളുടെ ഭാഗ്യംപോലിരിക്കും’ എന്ന്‌. ‘മഹാഭാരത’ത്തിൽ ഒരിടത്ത്‌ ഈ വസ്‌തുത സരസമായി പറഞ്ഞിട്ടുണ്ട്‌.

‘ഭാഗ്യവന്തം പ്രസൂയേഥാഃ

മാശൂരം മാചപണ്ഡിതം

ശൂരാശ്ച കൃതവിദ്യാശ്ച

വനേസീദന്തി പാണ്ഡവാഃ’

‘നീ ഭാഗ്യവനെ പ്രസവിക്കണം; ശൂരനേയോ പണ്ഡിതനേയോ ആവരുത്‌. എന്തെന്നാൽ ശൂരന്മാരും വിദ്യാസമ്പന്നരുമായ പാണ്ഡവന്മാരുടെ സ്ഥിതി കണ്ടില്ലേ? അവർക്ക്‌ ഭാഗ്യദോഷത്താൽ വനത്തിൽ ദുഃഖിച്ചുകഴിയാനാണ്‌ വിധി.’ എന്നർത്ഥം.

അതിനാൾ യോഗ്യതയേക്കാൾ ജീവിതത്തിൽ സ്ഥാനം ലഭിക്കുന്നത്‌ ഭാഗ്യത്തിനുതന്നെയാണ്‌. ഏതു കാര്യത്തിനായാലും അർഹതയും യോഗ്യതയുമൊക്കെ ഒരിടത്തിരിക്കും. ആരെയാണോ ഭാഗ്യദേവന കടാക്ഷിക്കുന്നത്‌, അയാൾക്കാണ്‌ ആ സ്ഥാനം ലഭിക്കുക.

പ്രൊഫ.അമ്പലപ്പുഴ രാമവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.