ആത്മാവിന്റെ രഹസ്യങ്ങളിലേക്ക്
നീ ആഴക്കടലായി അടിച്ചുകയറി
ആകാശം വായിക്കുന്ന ഓടക്കുഴലായി
ഞാൻ തിരകളിലൊഴുകി നടന്നു.
കാറ്റും കരയുമറിയാതെ
ഞാൻ ഓരോ കുമിളയേയും ചുംബിച്ചു
നക്ഷത്രങ്ങളും നിലാവും
നൃത്തമാടുന്ന തിരകളിലേക്ക്
എന്റെ ഹൃദയം കുടിയേറി.
ഇപ്പോൾ, ഞാനറിയുന്നു
കരയിൽനിന്നും കരച്ചിലിൽനിന്നും
ഞാനെത്രമാത്രം അകലെയാണെന്ന്!