പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

കുട്ടിക്കാല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശൂരനാട്‌ രവി

എന്റെ ബാല്യകാലം. അന്നൊക്കെ നാട്ടിൽ അറുകൊല, യക്ഷി, മാടൻ, മറുത, പിളളതീനിക്കാളി തുടങ്ങിയ അദൃശ്യജീവികൾ രാത്രികാലങ്ങളിൽ നാടടക്കിവാണിരുന്നു. ചില ചട്ടമ്പിമാരും കളളന്മാരുമൊഴികെ ആരും വഴിനടക്കുകയില്ല. കളീയ്‌ക്കൽ കുളം മുതൽ താഴോട്ട്‌ മേങ്ങോലപ്പാടംവരെ നീണ്ടുകിടക്കുന്ന തോട്ടുവരമ്പിൽ അറുകൊല കൂവിക്കൊണ്ടു നടക്കുമായിരുന്നു. മാടൻ തലയിൽ നെരിപ്പോടുമായി പോകുന്നതു കണ്ടവർക്കെല്ലാം കുളിരും പനിയും പിടിച്ചിട്ടുണ്ട്‌.

കൊത്തംപിളളിലെ ചങ്കുച്ചേട്ടനെയും കുരുമ്പോലിക്കിഴക്കേതിലെ കൊച്ചുരാമൻ കൊച്ചാട്ടനെയും ഒരു അറുകൊലയും തൊട്ടിട്ടില്ല. അതിനൊരു കാരണമുണ്ട്‌; ചന്തിക്കത്തെ മുണ്ടുപൊക്കിയേ അവർ നടക്കുകയുളളു. ആ ഒറ്റക്കാരണംകൊണ്ട്‌ പിന്നിൽക്കൂടിയും മുന്നിൽക്കൂടിയും അറുകൊല അടുക്കുകയില്ല. അകന്നകന്ന്‌ മറയും.

അക്കാലത്ത്‌ ഒരു അറുകൊല എന്റെ വീടിന്റെ കിഴക്കേവഴിയിൽക്കൂടി കിഴക്കോട്ട്‌ കണ്ണങ്കരക്കാവും കടന്ന്‌ കൊല്ലക ഇടവഴിയുംതാണ്ടി ഉളളാടപ്പിളളിൽ തെക്കുവശത്തുകൂടി കിഴക്കോട്ടുചെന്ന്‌ വടക്കോട്ടുതിരിഞ്ഞ്‌ ആകാശത്ത്‌ അലിയുന്നതായി പലരും കണ്ടവരുണ്ട്‌. ഈ അറുകൊലയെ കണ്ട്‌ കിടുങ്ങിവീണ പുതുശ്ശേരേത്ത്‌ ഗോവിന്ദപ്പിളള പത്തുദിവസം പനിപിടിച്ചു കിടന്നുപോയി.

അറുകൊലയുടെ രൂപം ഇപ്രകാരമാണ്‌ കണ്ടിട്ടുളളവർ വർണ്ണിച്ചിരുന്നത്‌.

തലമൂടി കാലോളം വെളളമുണ്ട്‌

മുലമീതേ കസവിന്റെ കച്ചയുണ്ട്‌

കലമൊന്നു തലയിലുണ്ടതിനുമീതേ

കത്തുംവിളക്കൊന്ന്‌ വേറെയുണ്ട്‌.

ഓരോ ചുവടും എണ്ണിയെണ്ണി മുമ്പോട്ടുവച്ച്‌ ‘ഹൂ...ഹൂ..’ എന്ന്‌ കൂവിക്കൊണ്ട്‌ രാത്രി പകുതികഴിഞ്ഞ്‌ അറുകൊല കിഴക്കോട്ടുവരുന്നത്‌ ചീനിവിളയിൽ പുറംകാലാ തിരിഞ്ഞുകൊണ്ടിരുന്ന (വിസർജ്ജനം) പുതുശ്ശേരേത്ത്‌ ഗോവിന്ദപ്പിളള കണ്ട്‌ ഞെട്ടി പിന്നോട്ടുവീണുപോയി. ഗോവിന്ദപ്പിളളയെ താങ്ങിയെടുത്ത്‌ കൊണ്ടുപോയവരെല്ലാം വളരെ സഹിച്ചു. പിന്നെ ‘മൂഹ്‌ മൂഹ്‌’ എന്ന്‌ മൂക്കുപൊത്തി. പിന്നെ മുണ്ടും തുണിയും അടിച്ചു നനച്ചുണക്കി. അങ്ങനെയിരിക്കെ ഈ അറുകൊലയെ പിടിക്കാൻ പിറങ്ങാട്ടുവിളയിലെ തത്തപ്പാതിയും പുത്തൻപുരയ്‌ക്കലെ കടിച്ചുപറിയും മടലുംവെട്ടി കാത്തിരുന്നു. അങ്ങനെ പല ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം പടിഞ്ഞാറുനിന്നും അറുകൊല കൂറിക്കൊണ്ട്‌ വരുന്നതുകണ്ടു. തത്തപ്പാതിയും കടിച്ചുപറിയും വിറച്ചുതുടങ്ങി. എങ്കിലും അവർ കൈയിൽകരുതിയ മടക്കുപിച്ചാത്തിയിൽ മുറുകെ പിടിച്ചു. ഇരുമ്പിൽ തൊട്ടുകൊണ്ടിരുന്നാൽ ഇനി ബാധകൾ ഒഴിഞ്ഞുപോകുമെന്നാണ്‌ പറയാറ്‌. എന്തായാലും അറുകൊല അടുത്തെത്തി. കടിച്ചുപറി കയ്യാല കടന്ന്‌ വഴിയിൽചാടി രണ്ടുംവരട്ടെയെന്ന്‌ കരുതി മടൽ നിലത്ത്‌ ആഞ്ഞടിച്ചു. അലറി വിളിച്ചു. വീണ്ടും വീണ്ടും മടൽകൊണ്ട്‌ പടപടാ നിലത്തടിച്ചു. അറുകൊല വഴിയുടെ വടക്കുവശത്തെ കുഴിയിലേക്ക്‌ മറിഞ്ഞ്‌ ആവിയും അനക്കവുമില്ലാതെ കിടന്നുപോയി. കലം കമഴ്‌ന്നുപോയി. മണ്ണെണ്ണവിളക്ക്‌ ആളിക്കത്തിയ വെളിച്ചത്തിൽ കടിച്ചുപറി അറുകൊലയുടെ വെളുത്ത മൂടുപടം മെല്ലെപ്പൊക്കി.

“ദേവകിപ്പെങ്ങൾ...ദേവകിപ്പെങ്ങൾ...” കടിച്ചുപറി തത്തപ്പാതിയുടെ കാതിൽ അടക്കം പറഞ്ഞു. രണ്ടുപേരും അറുകൊലയെ പിടിച്ചുപൊക്കി. തത്തപ്പാതിയുടെ പെങ്ങൾ ദേവകിയമ്മ. കലത്തിൽ കുത്തരിച്ചോറ്‌. അയല വറുത്തത്‌. പിന്നെ ഉത്തേജകങ്ങളായ കറികൾ.

“കഴുവേറിമോളേ കടന്നോ തിരികെ. കല്ലൂർക്ക്‌ പിന്നെ പോയാമതി...”

തത്തപ്പാതി തന്റെ പെങ്ങളെ അടിച്ചു തിരിച്ചു. കടിച്ചുപറിയും തത്തപ്പാതിയും ആ അറുകൊലയെ പിടിച്ചതിനുശേഷം പിന്നെ അറുകൊല നാട്ടിൽ വിളഞ്ഞിട്ടില്ല.

പനിവന്നിട്ടാരും കിടന്നിട്ടില്ല.

ഭർത്താക്കന്മാർ അകലെയാകുന്ന വീടുകളിൽനിന്നും എത്രയെത്ര അറുകൊലകൾ അന്തർദാഹവുമായി അതിരുകൾതാണ്ടി ആളുന്ന ജ്വാലയായി അലഞ്ഞിട്ടുണ്ട്‌. ഈ കഥ നടന്നിട്ട്‌ ഇന്നേക്ക്‌ ഏതാണ്ട്‌ അറുപത്‌ ആണ്ട്‌ കഴിയുന്നു.

ശൂരനാട്‌ രവി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.