പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

കവിത്രയവും മൂന്നു തമ്പുരാക്കന്മാരും പിന്നെ എഴുത്തച്ഛനും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുതുകുളം സി. മാധവൻപിളള

കുറിപ്പ്‌

അന്നൊക്കെ ഞങ്ങളുടെ മുൻഷിസാർ പറയുമായിരുന്നു-‘എഴുത്തച്ഛന്റെഗാന്ധാരീവിലാപം എത്ര മനോഹരം!’ പില്‌ക്കാലത്ത്‌ ഓർത്തോർത്ത്‌ ചിരിച്ചിട്ടുണ്ട്‌-മനോഹരമായി കരയുന്നതെങ്ങനെയെന്നു പിടികിട്ടാതെ. എങ്കിലും, ക്രമേണ ഗ്രഹിക്കാൻ കഴിഞ്ഞു-എഴുത്തച്ഛന്റെ കവിതയിൽ യുദ്ധവും മരണവും വിലാപവും ഭ്രാതൃഹത്യയും എല്ലാം മനോഹരമായേ വരൂ എന്ന സത്യം.

യുദ്ധകാണ്ഡത്തിൽ തുഞ്ചത്തെഴുത്തച്ഛൻ ശാരികപ്പൈതലിനോടു പാടാൻ പറയുന്നതിങ്ങനെയാണ്‌ഃ

‘ശാരികപ്പൈതലേ ചൊല്ലു ചൊല്ലിന്നിയും

ചാരുരാമായണയുദ്ധം മനോഹരം.’

സ്‌ത്രീപർവത്തിൽ ഗാന്ധാരി പറയുന്നുഃ

‘ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ

വല്ലവീവല്ലഭാ നിന്റെ മരുമകൻ.’

ആദ്യവും അവസാനവും പ്രാസംതൊടുത്തു മനോഹരമായി കരയുന്നു. കവിതയിൽ കരയേണ്ടതങ്ങനെതന്നെയാണ്‌. അല്ലെങ്കിൽ ഓജസ്സും ചാരുതയുമറ്റു ചത്ത കവിത പിറക്കും.

പതിനഞ്ചുദിവസത്തെ ഭാരതയുദ്ധം കഴിഞ്ഞിരിക്കുന്നു. അരുംകൊല അനേകം നടന്നു. രക്തപ്പുഴ കൈവഴികളായൊഴുകുന്നു. പടനിലമാകെ തലകളുരുളുന്നു. കബന്ധങ്ങൾ തുളളുന്നു. കവി പാടുന്നുഃ

‘പരാപരാപരാ പരമപാഹിമാം

പരമാനന്ദമെന്നതേ പറയാവൂ

ശുകതരുണി നിൻ വചനപീയൂഷ

സുഖപാനമോദലഹരികൊണ്ടുഞ്ഞാൻ

പരവശനായിച്ചമഞ്ഞിതേറ്റവും-’

ഇതുകേട്ട്‌ ഏതോ രസികൻ, കളളടിച്ചിട്ടു കവി എന്തോ പുലമ്പുകയാണെന്നുവരെ പറഞ്ഞു കളഞ്ഞു.

വിദ്യാർത്ഥിജീവിതത്തിലേക്കു വീണ്ടും തിരിയട്ടെ. അന്നത്തെ അക്ഷരശ്ലോകസദസ്സിൽ ഈ ശ്ലോകം പലതവണ ഉയരും-

‘താണാദിക്കിനു തെല്ലുദൂരെയുടനെ

കാർകൊണ്ടലിൻ കോടിയിൽ

കാണാമാഭകടല്‌ക്കരക്കൊരുകരിംവാർ

കൈതപൂക്കുന്നപോൽ

ഏണാങ്കന്റെയപൂർണ്ണബിംബമവിടെ-

പ്പൊങ്ങുന്നതോ വാണിതൻ

ചേണാർന്നീടിന ഹംസമാവഴി

പറന്നെത്തുന്ന സന്നാഹമോ!’

എ.ആർ. തമ്പുരാന്റെ വിയോഗത്തിൽ മനംനൊന്ത്‌ ആശാനെഴുതിയ പ്രരോദനത്തിൽനിന്നാണെന്നറിയാതെ ഈ മനോഹരമായ ശ്ലോകംചൊല്ലി ഞങ്ങൾ രസിക്കുമായിരുന്നു. പിന്നീടാണറിയുന്നത്‌ കൃതി ഏതെന്നും ഇത്തരം മനോഹരമായ ശ്ലോകങ്ങൾ നൂറിലേറെവരുമെന്നും. ‘ചോരച്ചെങ്കനൽ ചേർന്ന കൊളളിനിര’, ‘ഒറ്റക്കാൽ പിറകൂന്നിയൂർമ്മികകളാൽ’, ‘നീലപ്പുൽത്തകിടിക്കുമേൽ പലനിഴൽക്കൂടാരം’- അങ്ങനെ വരുന്നു വാങ്ങ്‌മയ ചിത്രങ്ങൾ.

മൂന്നു തമ്പുരാക്കന്മാരെ-പന്തളത്തുതമ്പുരാനെയും കുഞ്ഞിക്കുട്ടൻതമ്പുരാനെയും എ.ആർ. തമ്പുരാനെയും ഓർത്ത്‌ യഥാക്രമം ഉളളൂരും വളളത്തോളും ആശാനും വിലപിക്കുന്നത്‌ ഒരു താരതമ്യപഠനത്തിനു വിധേയമാക്കേണ്ട വിഷയമല്ല. എങ്കിലും, ആശയഗംഭീരനെന്നൊരു ബോർഡുവെച്ചു തെല്ലകലെ ഇരുന്നുകൊളളാൻ അന്നത്തെ ‘തമ്പുരാക്കന്മാർ’ ആശാനെ അനുവദിച്ചതോർക്കുമ്പോൾ ഉളളൂരും വളളത്തോളും വിലപിച്ചതെങ്ങനെയെന്നു പരിശോധിക്കുകതന്നെവേണം.

പന്തളത്തു കേരളവർമ്മയുടെ വിയോഗത്തിൽ ഉളളൂർ കരയുന്നു-ഒരു സുഹൃച്ചരമം-

ഹാ! പന്തളം നൃപനുമദ്ധ്യവയസ്സിലീമ-

ട്ടാപത്തണഞ്ഞിടുവതാരുനിനച്ചിരുന്നു!

എന്തൊരാപത്താണു നൃപനുഭവിച്ചതെന്നു ചിന്തിച്ചാൽ, ആരും കരഞ്ഞുപോകും, ഇതിൽക്കൂടുതലൊന്നും സംഭവിച്ചില്ലല്ലോ എന്നോർത്ത്‌ ആശ്വസിക്കുകയും ചെയ്യും.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ചരമത്തിൽ ഒരു ‘മഹാസങ്കട’മെന്ന പേരിൽ വളളത്തോളെഴുതിയ കവിതയിൽനിന്നു രണ്ടു വരികൾ-

‘കാലാഭിമാനപ്രദകീർത്തി കുഞ്ഞി-

ക്കുട്ടക്ഷിതീശൻ ശിവരാമരാമ.’

കുട്ടക്ഷിതീശനെന്നു കേൾക്കുമ്പോഴേ നമ്മൾ കരഞ്ഞു (ചിരിച്ചു) തുടങ്ങും. എങ്കിലും, നാമം ജപിച്ചു ദുഃഖത്തെ അല്‌പം ലഘൂകരിക്കുന്നുണ്ട്‌. ഇത്തരം മഹാകവികളുടെ ഇതുപോലുളള ചവറുകൾ ഒന്നൊഴിയാതെ തേടിപ്പിടിച്ചു കുത്തിക്കെട്ടി ലാഭംകൊയ്യുന്ന പുസ്‌തകക്കച്ചവടക്കാരന്റെ ആർത്തി, ഉപജീവനമാർഗ്ഗമെന്നോർത്തു പൊറുക്കാവുന്നതേയുളളു. പക്ഷേ, കുറുപ്പിന്റെ ഉറപ്പെന്നപോലെ ഇതിനൊക്കെ ‘പഠന’മുണ്ടാക്കിക്കൊടുക്കുന്ന വൻകിട സാഹിത്യകാരനെയും സഹിച്ചുകൊളളണമെന്ന വിധി -ദൈവമേ കുറച്ചു കടന്നുപോയി.

വാൽക്കഷ്‌ണംഃ കഴിഞ്ഞലക്കം ഉൺമയിൽ അടിക്കുറിപ്പുമത്സരത്തിലേക്കു വായനക്കാർക്കു പരോക്ഷമായ ഒരു ക്ഷണമുണ്ട്‌-ബഹുമാനപ്പെട്ട പത്രാധിപരുടെ. അദ്ദേഹത്തിന്റെ ഹാസ്യത്തിൽ ഞാനും പങ്കുചേരുന്നു. ‘ഞങ്ങളിരുവരും അരനൂറ്റാണ്ടിനുമേലായി ഒരു തീവണ്ടിയിൽ കയറ്റാവുന്നത്ര പടപ്പാട്ടും (വാരിക്കുന്തവും പൊന്നരിവാളുമെടുക്കുന്നവർ പാടുന്ന പാട്ടുകൾ) പടപ്പാട്ടും (പടങ്ങളോടവേ പിന്നിൽനിന്നു വെറുതെ പാടാനായി പടയ്‌ക്കുന്ന പാട്ടുകൾ) ഉണ്ടാക്കിയിട്ടും ഇന്നോളം ഞങ്ങളെ തിരിഞ്ഞുനോക്കാത്ത മൂരാച്ചികളെ കാണുമ്പോൾ, ഞങ്ങൾ തിന്നുന്ന വേദന പെണ്ണുങ്ങളുടെ കക്ഷത്തിനിടയിലൂടെ നോക്കിച്ചിരിച്ചു തീർക്കട്ടെ.’

മുതുകുളം സി. മാധവൻപിളള
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.