പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

വേശ്യാവൃത്തി പാരമ്പര്യതൊഴിലാക്കിയ ഗിരിവർഗ്ഗക്കാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗോപി ആനയടി (നാഗ്‌പൂർ)

മറുനാടൻ ചിന്ത്‌

മദ്ധ്യപ്രദേശത്തെ ‘രത്ത്‌ലം’-ൽ നിന്നും ‘നീമുച്ചി’നു പോകുന്ന നൂറ്റിയൻപതു കി.മീറ്റർ ദൂരം ഹൈവേയുടെ ഇരുവശങ്ങളിലും ‘ബാൻചഡാ’ എന്നറിയപ്പെടുന്ന ഗിരിവർഗ്ഗക്കാരുടെ കുടിലുകളാണ്‌. ചില പ്രത്യേക ആചാരാനുഷ്‌ഠാനങ്ങൾ കാരണം, മറ്റുളള ഗിരിവർഗ്ഗക്കാരിൽനിന്നും ഇവർ വേറിട്ടു നിൽക്കുന്നു.

ബാൻചഡാകളുടെ പുരുഷന്മാർ കുടുംബം പുലർത്തുന്ന ചുമതലകളിൽനിന്നും മുക്തരാണ്‌. തിന്നും കുടിച്ചും ഉറങ്ങിയും അലസജീവിതം നയിക്കുന്ന അവർ, സ്വന്തം സഹോദരിമാരുടെയോ പുത്രിമാരുടെയോ വരുമാനംകൊണ്ട്‌ ജീവിതം ഉല്ലസിക്കുന്നവരാണ്‌. കുടുംബത്തിൽ ഒരു പെൺകുട്ടിക്ക്‌ പന്ത്രണ്ടു വയസ്സു പൂർത്തിയായാൽ കുടുംബത്തിനു വരുമാനമാർഗ്ഗം ഉണ്ടാക്കേണ്ടത്‌ അവളാണ്‌. തൊഴിലെന്താണെന്നല്ലെ..? അതിപുരാതനമായ തൊഴിൽതന്നെ-വേശ്യാവൃത്തി.

ഹൈവേയിലോടുന്ന ട്രക്കുകളിലെ ഡ്രൈവർമാർ റോഡരുകിലെ ‘ദാഭ’കളെന്നറിയപ്പെടുന്ന തട്ടുകടകളിൽനിന്നും ഭക്ഷണം കഴിച്ചാൽ അല്‌പം വിനോദത്തിനുവേണ്ടി ചെന്നെത്തുന്നത്‌ ‘ബാൻചഡ’കളുടെ കുടിലുകളിലാണ്‌. അച്ഛനും, അമ്മയും, സഹോദരന്മാരും കുടിലിനുവെളിയിൽ സൊറപറഞ്ഞിരിക്കുമ്പോൾ, കുടിലിന്നുളളിൽ പന്ത്രണ്ടുകാരി പെൺകുട്ടി പുതുതായിവന്ന ‘ഗ്രാഹകി’നെ (കസ്‌റ്റമർ) തൃപ്തിപ്പെടുത്തുന്ന തിരക്കിലായിരിക്കും. കുടുംബത്തിലെ മൂത്ത പെൺകുട്ടിക്കു മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഈ ദുര്യോഗം. എന്നാൽ ആധുനിക സൗകര്യങ്ങളിലുളള അത്യാർത്തിമൂലം വീട്ടിലെ എല്ലാ പെൺകുട്ടികളെയും വേശ്യാവൃത്തിയിലേക്കു രക്ഷിതാക്കൾ തളളിവിടുകയാണിപ്പോൾ.

ഇവിടെ, ഷാഗർഗ്രാം എന്നുപേരുളള പഞ്ചായത്തിലെ ചില വീടുകളിൽ കളർ ടി.വി., വാഷിംഗ്‌മെഷീൻ, ഫ്രിഡ്‌ജ്‌, ഡിഷ്‌ ആന്റിന തുടങ്ങിയ ആധുനിക ഉപകരണങ്ങളും കാണാനിടയായി. ഇവയെല്ലാം പെൺകുട്ടികളുടെ ‘മിടുക്കു’കൊണ്ടുണ്ടായതാണെന്നു പറയാൻ അവിടെക്കണ്ട ആണുങ്ങൾക്ക്‌ ഒരു മടിയുമുണ്ടായില്ല.

‘ഖിൽവാഡി’കൾ എന്ന പേരിലാണ്‌ ഹതഭാഗ്യകളായ ഇവിടുത്തെ പെൺകുട്ടികൾ അറിയപ്പെടുന്നത്‌. കളിപ്പാവകൾ എന്നാണ്‌ വാക്കിനർത്ഥം. അതെ, മാംസദാഹം ശമിപ്പിക്കാനെത്തുന്ന പുരുഷന്മാരുടെ കൈകളിലെ വെറും കളിപ്പാവകൾ...! ബാല്യവും, യൗവനവും ഞെരിഞ്ഞമർന്നുപോകുന്ന സാധു പെൺകുട്ടികൾ. ഇതവരുടെ പരമ്പരാഗത തൊഴിലാണ്‌. സമൂഹം ഇവരെ ഇക്കാരണത്താൽ പുച്ഛത്തോടെ കാണുമെന്നുളള അനാവശ്യമായ ആശങ്കകളൊന്നും ഇവരെ ഒരിക്കലും അലട്ടാറില്ല.

മദ്ധ്യപ്രദേശ്‌ സർക്കാർ ഈ ‘ഖിൽവാഡി’കളെ പുനരധിവസിപ്പിക്കാൻ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്‌. ഇൻഡോറിലെ ‘കസ്‌തൂർബാഗ്രാമി’ലേക്ക്‌ അറുപതോളം പെൺകുട്ടികളെ മാറ്റിയെങ്കിലും, ഭൂരിപക്ഷവും അവിടെ നിന്നുമോടി സ്വന്തം ഗ്രാമങ്ങളിലെത്തി പഴയ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണെന്നറിയുമ്പോഴാണ്‌, ഇവരെ ആർക്കും രക്ഷപ്പെടുത്താനാവില്ല എന്ന സത്യം നാം അറിയുന്നത്‌. ‘ഖിൽവാഡി’കളിൽനിന്നും ‘ഖിൽവാഡി’കളെ ആരു രക്ഷിക്കാനാണ്‌...?

ഗോപി ആനയടി (നാഗ്‌പൂർ)
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.