പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

വിജയന്റെ വഴി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉഴവൂർ ശശി

പ്രതികരണം

രാജഗോപാൽ വാകത്താനത്തിന്‌ മറുപടിയെഴുതുന്നതും ഒ.വി. വിജയനുവേണ്ടി വക്കാലത്തുപറയുന്നതും എന്റെ ജോലിയല്ലെന്നറിയാം. എന്നാൽ മുൻവിധികളോടെയും വൈരാഗ്യത്തോടെയും വിജയനെ വിചാരണചെയ്യുമ്പോൾ ‘ശാന്തിമന്ത്രം’ മനസ്സിലാക്കിയ ഈ എഴുത്തുകാരനെ മലയാളി ഇനിയും തിരിച്ചറിയുന്നില്ലെന്നുളള വിധിയുടെ ക്രൂരത ഭയങ്കരമാണ്‌. മനുഷ്യനിൽവരെയെത്തുന്ന പ്രപഞ്ചദർശനത്തെയും മനുഷ്യനിൽ ചുറ്റുന്ന ജീവാരാധനയെയും മറികടന്ന വിജയനെ മനുഷ്യദൈവത്തിന്റെ പാദസേവകനും പബ്ലിക്‌ റിലേഷൻസ്‌ ഓഫീസറുമായി മുദ്രകുത്താനുളള കുത്സിതശ്രമം ഭൂഷണമല്ല. ‘മധുരം ഗായതി’ എന്ന ഒരൊറ്റ നോവലിനൊപ്പം വയ്‌ക്കാവുന്ന കൃതി മലയാളത്തിൽ വേറെ ഇറങ്ങിയിട്ടില്ലെന്നറിയണമെങ്കിൽ, ഈച്ചയും ഉറുമ്പും പഴുതാരയും ആൽമരവും ചേർന്ന ജീവലോകത്തിന്റെ വിശാലതയിലേക്കിറങ്ങുവാനുളള ഉൾക്കരുത്തും അളവുകോലും കൈമുതലായി ഉണ്ടാവണം. ആ അർത്ഥത്തിൽ സമീപിക്കുമ്പോൾ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ മറികടന്ന രചനകൾ വിജയന്റേതായി ഉണ്ടായിട്ടുണ്ട്‌.

എഴുത്തിലും ജീവിതത്തിലുമുളള ഉയർന്ന ദർശനമാനത്തെ വരുംതലമുറയ്‌ക്കും കുടുംബത്തിനും ശരാശരി മലയാളിക്കും മനസ്സിലാവാത്തതിന്‌ വിജയൻ കുറ്റക്കാരനല്ല. അടയാളങ്ങളിട്ടുപോകാനുളള ദൗത്യമായിരുന്നു വിജയനുണ്ടായിരുന്നത്‌. ‘തകർന്ന സങ്കല്പങ്ങളിലൊക്കെയും ഇന്നും വിശ്വാസമുണ്ടെന്നു നടിച്ചുകൊണ്ട്‌ ജീവിച്ചില്ലെങ്കിൽ പലരുടെയും ശത്രുവാകേണ്ടിവരും’ എന്ന ഗുരുസാഗരവാക്യത്തെ വിജയനെ വായിക്കുമ്പോൾ പലവട്ടം എടുത്തണിയേണ്ടിയും അഴിക്കേണ്ടിയും വരും. കാമലീലയുടെ പ്രളയജലത്തിൽ കാൽവിരലുണ്ടുമയങ്ങിയ മഹാമൗനത്തിലൂടെ ഒത്തിരി ദർശനങ്ങളെ സ്ഥലകാലസീമകളുടെ കൃത്യതവെടിഞ്ഞ്‌ പറഞ്ഞുവയ്‌ക്കുകയാണ്‌ രചനകളിലൂടെ വിജയൻ അനുഷ്‌ഠിച്ച കർമ്മം. ചിലപ്പോൾ മത്സ്യമായി, ചിലപ്പോൾ ഖൾഗിയായി (കൽക്കി) ദശാവതാരപ്പൊരുളുകളും, ചിലപ്പോൾ ജ്ഞാനമായി, ചിലപ്പോൾ മൗഢ്യമായി ബോധിസത്വജന്മങ്ങളും, പലപ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവുമായി ചിന്തയിലൊതുങ്ങാത്ത പൊരുളുകളും കാണെക്കാണെ അഹിംസയുടെ സഹനമന്ത്രങ്ങളുമായി വിജയദർശനങ്ങൾക്ക്‌ രൂപപരിണാമം സംഭവിച്ചുകൊണ്ടിരുന്നു.

‘ധർമ്മപുരാണ’വും ‘മധുരംഗായതി’യും ഒരേ തൂലികയിൽ പിറക്കുകയും, ‘ചെങ്ങന്നൂർ വണ്ടി’യും ‘മങ്കര’യും കാലസീമഭേദിച്ച്‌ എഴുതുകയും, കടൽത്തീരത്തെ കരയിക്കുന്ന പിതൃസ്‌നേഹത്തിനെ അരിമ്പാറ ബീഭത്സതകൊണ്ട്‌ മറികടക്കുകയും, തലമുറകളുടെ തുടർച്ചകളെ സത്യാന്വേഷണ പരീക്ഷകളാക്കുകയും ചെയ്‌തു വിജയന്‌ എഴുത്ത്‌ ഒരേസമയം മുക്തിയുമ ശിക്ഷയും വേദനയും ആനന്ദവും പീഡനവുമായിരുന്നു. വിജയനെ വായിക്കണമെങ്കിൽ നിലനില്‌ക്കുന്ന സൗന്ദര്യലോക സങ്കല്പങ്ങളെയും ഭാഷയെയും ഉപയോഗരീതിയെയും നിരാകരിക്കുകയും മറികടക്കുകയും ചെയ്യണം. ഒരൊറ്റവരികൂടി എഴുതട്ടെ; വിദ്വേഷത്തിന്റെ എല്ലാ മൂർച്ചകളെയും രാകിമാറ്റിക്കടക്കേണ്ട ഇടമാണ്‌ വിജയന്റെ എഴുത്തിടങ്ങൾ.

ഉഴവൂർ ശശി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.