പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

പൂർവ്വ ദൃഷ്‌ടമല്ലാത്ത (പുത്തൻ) ചേരുവകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കാവാലം ബാലചന്ദ്രൻ

ലേഖനം

രചനയുടെ സർഗസംവേഗങ്ങളിൽ തികച്ചും ബോധപൂർവ്വമായ സമീപനം കവിക്ക്‌ ഉണ്ടാക്കിക്കൊളളണമെന്നില്ല. രചനാവേളകളിൽ സ്വയം കൈവിട്ടുപോകുമെന്ന്‌ നെരൂദയും സമ്മതിച്ചിരിക്കുന്നു. ഇത്‌ കവിതയുടെ നൈസർഗികതയാണ്‌ അടയാളപ്പെടുത്തുന്നത്‌. സാഹിത്യത്തിൽ വിശിഷ്യാ, കവിതകളിൽ രണ്ടുവാക്കുകൾ ചേരുമ്പോൾ ഒരു നക്ഷത്രം ജനിക്കുന്നു എന്നു പറയാറുണ്ട്‌. പദങ്ങളുടെ ചേരുവ ജനിപ്പിക്കുന്ന നക്ഷത്രസുഭഗമായ്‌ പുതുഭാവുകത്വത്തിന്റെ വെളളിവെളിച്ചമാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ഇത്തരം പുതുചേരുവകൾ ഭാഷയ്‌ക്ക്‌ ഈടുവയ്‌പുകളാണ്‌; അഥവാ, ഈടുവയ്‌പുകളാകണം. ബാലചന്ദ്രൻ ചുളളിക്കാട്‌ നരകതീർത്ഥം എന്നു (മദ്യത്തെ) കുറിക്കുമ്പോൾ, ശ്വാസനാളം കീറുമന്ധവേഗങ്ങൾ എന്നു കുറിക്കുമ്പോൾ ജനിക്കുന്നത്‌ ഒരു നവീന ഭാവുകത്വമാണ്‌. പുതുകവിതകളിലെ പദങ്ങളുടെ സവിശേഷ സന്നിവേശങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ടവയാണെന്നു ഞാൻ കരുതുന്നു.

യാഥാസ്ഥിതികരായ ഭാവുകരും വൈയാകരണരും അനുവദിച്ചു കൊടുക്കുന്നതിനപ്പുറത്തേക്കു പ്രതിഭാശാലിയായ കവി സഞ്ചരിച്ചുവെന്നുവരും.

‘ഇച്ഛയ്‌ക്കൊത്ത വഴി ഗച്ഛ’ എന്നും മറ്റും ഉണ്ണായിവാര്യർ പ്രയോഗിച്ചിട്ടുളളതോർക്കുക.

‘സുതർ മാമുനിയോടയോദ്ധ്യയിൽ

ഗതരായോരളവന്നൊരന്തിയിൽ...’

എന്ന വരികളിൽ ‘മാമുനിയോട്‌’ കഴിഞ്ഞ്‌ ഒപ്പം&കൂടെ എന്നത്‌ വിട്ടുകളഞ്ഞിരിക്കുന്നത്‌ വ്യാകരണപ്രകാരം സാധുവല്ലായിരിക്കാം. ആവാപോദ്വാപങ്ങൾ തീർത്തും ദുഃസാദ്ധ്യമായ ആശാൻ കവിതയിൽ വ്യാകരണത്തിനു നിരക്കാത്ത വേറെയും വരികൾ ഉണ്ടായെന്നു വരാം. പക്ഷേ, മലയാളി മനസാ സ്വീകരിച്ചു കഴിഞ്ഞ ‘കാവ്യസ്വാതന്ത്ര്യങ്ങ’ളാണ്‌ അവയൊക്കെ.

പ്രശ്‌നകാരിയും പ്രശ്‌നംവയ്‌ക്കലുമായി, കട നടത്തുന്നവനും പച്ചക്കറിക്കച്ചവടവും മാറുന്ന അപൂർവ്വദൃഷ്‌ടമായ കല്‌പന, ഭാഷയുടെ ‘പുതുപുത്തൻ’ ചുവടുവയ്‌പുകളിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു കവിത അടുത്തകാലത്തു ഞാൻ വായിച്ചു. ശ്രീകുമാർ കരിയാട്‌ എഴുതി മാതൃഭൂമി വാരിക (ജൂലൈ 9-15) വെളിപ്പെടുത്തിയ ‘പച്ചക്കറിച്ചന്ത’യാണ്‌ ആ കവിത. രാശിചക്രവും ഗ്രഹങ്ങളും തമിഴ്‌നാടുലോറികളും സൗരയൂഥവും പണിക്കാരും പച്ചക്കറികളും ഉടമയായ സെബാസ്‌റ്റ്യനുമൊക്കെച്ചേർന്ന്‌ വളരെ വ്യത്യസ്‌തമായ ഒരു കൊളാഷ്‌ രൂപത്തിലാണ്‌ ഇതിന്റെ രചന. ദിനാന്തത്തിൽ പച്ചക്കറിക്കടവിട്ടു വീട്ടിലേക്കുപോകുന്ന സെബാസ്‌റ്റ്യനെ ഇങ്ങനെ എഴുതിയിരിക്കുന്നുഃ

“പെട്ടെന്നായ്‌ വൈകുന്നേരം

കവിതാപ്പുറത്തേറി-

യൊറ്റയ്‌ക്കു സായന്തനസ്സെബാസ്‌റ്റ്യൻ മറയുന്നു.

പച്ചയാമുടുപ്പിട്ട സ്വപ്‌നങ്ങളപ്രത്യക്ഷ-

പ്പെട്ടെന്നു മുനിസിപ്പൽ സൈറനും കരയുന്നു.”

ഇവിടെ, സായന്തനസ്സെബാസ്‌റ്റ്യൻ, അപ്രത്യക്ഷപ്പെട്ടെന്ന്‌ തുടങ്ങിയവ, ഉറച്ചുപോയ കാവ്യാസ്വാദനശീലമുളളവരും വൈയാകരണരും അത്രപെട്ടെന്ന്‌ അംഗീകരിച്ചുതരില്ല. വൈകുന്നേരം കടപൂട്ടി രണ്ടുസ്‌മോളും വീശി കവിത ചൊല്ലിക്കൊണ്ടു വീട്ടിലേക്ക്‌ ഒറ്റയ്‌ക്കു നടന്നുപോകുന്ന ഒത്തിരി സെബാസ്‌റ്റ്യൻമാരെ നമുക്കറിയാം; അവരാരും രാവിലത്തെ സെബാസ്‌റ്റ്യൻമാരല്ല എന്നും! ഈ സായന്തന സെബാസ്‌റ്റ്യനെത്തന്നെ പൊറുക്കാൻ കഴിയാത്തവർ ‘അപ്രത്യക്ഷപ്പെട്ടെന്ന്‌’ എങ്ങനെ പൊറുക്കും?

ജീവൽ ഭാഷാപദങ്ങൾ കൊരുത്ത്‌, പാരമ്പര്യവൃത്തമായ കേകയിലാണ്‌ ശ്രീകുമാർ കവിത നിബന്ധിച്ചിട്ടുളളത്‌. നട്ടപ്രവെയിലിൽ, കച്ചോടത്തിൻ തുടങ്ങിയവയുടെ ഉചിതരുചിരമായ സന്നിവേശം ശ്രദ്ധാർഹമായിരിക്കുന്നു. ഈ കവിത മലയാളത്തിലെ അത്യുദാത്തമായ ഒന്നാണെന്നു പറഞ്ഞുവരിയല്ല. പ്രത്യുത, കവിയുടെ ഭാഷാപരമായ പുത്തൻ ഈടുവയ്‌പുകൾ നാം തിരിച്ചറിയേണ്ടതുണ്ട്‌ എന്നാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌.

കവിയുടെ ജീവിതം ഭാഷയ്‌ക്കുളളിലാണ്‌. അയാൾ പുതിയ ജീവിതം പണിതുയർത്തുന്നത്‌ പുതിയ ഭാഷയ്‌ക്കുളളിലാണ്‌. സാർത്ഥകമായ പുതിയ ‘കോയിനേജുകൾ’ കവിതയെ ആധുനികമാക്കി നിലനിർത്തുന്നു. ഭാഷയെ പച്ചകെടാതെ സംരക്ഷിച്ചുനിർത്തുന്നു.

കാവാലം ബാലചന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.