പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

ലജ്ജാവതി പടർന്നുപിടിക്കുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പിഷാരടി

വിചാരണ

രംഗം ഒന്ന്‌.

സമ്മേളനത്തിൽ മുഖ്യ അതിഥിയായ സുകുമാർ അഴീക്കോടിന്റെ വരവുംകാത്ത്‌ ഒരു സദസ്സ്‌. അൻപതു കഴിഞ്ഞവരാണ്‌ അവരിലേറെപ്പേരും. കുശലാന്വേഷണങ്ങളും സാഹിത്യപരദൂഷണങ്ങളും തിരഞ്ഞെടുപ്പുവാർത്തകളും കലമ്പുന്ന നേരത്ത്‌ പൊട്ടിവീഴുന്നു, ‘ലജ്ജാവതി....’ അഴീക്കോടിനെ കാണാനും കേൾക്കാനും വന്ന ആ സദസ്സിൽ ലജ്ജാശൂന്യർ കുറവായിരുന്നു. അതുകൊണ്ട്‌ കുറച്ചുനേരം അവർ മിണ്ടാതിരുന്നു. കഴുത്തിൽ ഖദർഷാൾ ചുറ്റിയ ഒരു വൃദ്ധൻ മൈക്കുകാരനെ വിളിച്ചു. “ആ കഴുതരാഗം മാറ്റിയിട്‌.” പയ്യന്‌ ലജ്ജ. “അപ്പൂപ്പന്‌ ഈ പാട്ടിനെക്കുറിച്ചെന്തറിയാം? തത്‌കാലം ഇതു കോട്ടോണ്ടാമതി. ഇതാ ഇപ്പം ഹിറ്റ്‌” എന്ന്‌ സഹപയ്യൻ. അഴീക്കോട്‌ വന്നുചേരുംവരെ ലജ്ജാവതി കേൾക്കാൻ വിധിക്കപ്പെട്ടവരായി അവർ.

രംഗം രണ്ട്‌. സ്‌കൂൾ വാർഷികം.

അതിഥികളെത്തി പ്രിൻസിപ്പാളിന്റെ മുറിയിൽ വിശ്രമിക്കുന്നു. ‘നിന്റെ മിഴിമുനകൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേബല്ലേ....’ എന്നു പാടിക്കൊണ്ട്‌ ഒരു ടീച്ചർ കൂളായി ഡ്രിങ്ക്‌സും കൊണ്ടുവന്നു. സകലർക്കും ചിരി. പുറത്ത്‌ അപ്പോഴും മൈക്കുകാരന്റെ ലജ്ജാവതി ചാട്ടം തുടരുന്നുണ്ട്‌. കുറെ കുട്ടികളും കൂടെ ചാടുന്നു. മീറ്റിംഗിൽ മുഖ്യവിഷയം ലജ്ജാവതി. ചെറുപ്പക്കാരനായ പഞ്ചായത്ത്‌ മെമ്പർക്ക്‌ ലജ്ജാവതീവിമർശനം സഹിച്ചില്ല. ചെറുപ്പത്തിന്റെ സിംബലാണ്‌ ലജ്ജാവതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

പത്രാധിപർ അനുവദിച്ചുതന്ന ഈ ഒരു പുറംകൊണ്ട്‌ ലജ്ജാവതി അവസാനിക്കില്ല. എവിടെച്ചെന്നാലും ലജ്ജാവതി. വീട്ടിലിരുന്നാലും ലജ്ജാവതി. ടി.വി തുറന്നാൽ തലകുത്തി നില്‌ക്കുന്നു ലജ്ജാവതി. കുടജാദ്രിയുടെ ഒരു തിരിവിൽ ലജ്ജാവതി കേട്ടതിനെപ്പറ്റി ‘തകര’യുടെ ശൈലൻ എഴുതിക്കണ്ടു. ചെറുപ്പത്തിന്റെ സിംബൽ ഇത്ര മാരകമായി പടർന്നുപിടിക്കുമ്പോൾ ‘ലോകമാനമലയാലികലേ’ ഇനി നമുക്കും ലജ്ജാവതി പാടാം, ലജ്ജയില്ലാതെ ചാടാം, നാട്‌ ഇത്ര സ്‌പീഡിലോടുമ്പോൾ തലചുറ്റി വീഴാതിരിക്കാൻ ബല്ലേ ബല്ലേ....

പിഷാരടി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.