പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

നക്ഷത്രകവിതകൾ ഉണ്ടാകുന്നത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റഹ്‌മാൻ തായലങ്ങാടി

പ്രതികരണം

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യസംഗമം ‘ന്യൂ വോയ്‌സസ്‌’ തിരുവനന്തപുരത്തെ പഞ്ചനക്ഷത്രഹോട്ടലിലാണ്‌ നടന്നത്‌. (നക്ഷത്രത്തിന്‌ അടിവരയിടുക). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ അറുപതുകഴിഞ്ഞ യുവകവികൾ ഫ്രൈഡ്‌റൈസും ന്യൂഡിൽസും ചിക്കൻസൂപ്പും കഴിച്ച്‌ ഇടവേളകളിൽ കവിത കൊറിച്ച്‌ സംഗമിച്ചതിൽ കവിത വായിക്കാറുളള വിനീതനായ ഈ ആസ്വാദകന്‌ ഒരു അപാകതയും കാണുന്നില്ല.

ആറേഴുകൊല്ലംമുമ്പ്‌ അത്യുത്തരദേശത്ത്‌ ഒരു ദക്ഷിണേന്ത്യൻ കവിമാമാങ്കം നടന്നിരുന്നു. കന്നട, തെലുങ്ക്‌, തമിഴ്‌, കൊടവ, തുളു, മലയാളം കവികളുടെ സംഗമം. ജീവിതത്തിൽ ഇന്നേവരെ കവികളെ കണ്ടിട്ടില്ലാത്തവർക്കായി അലങ്കരിച്ച തുറന്ന ലോറിയിൽ കവിപുംഗവരെ പ്രതിഷ്‌ഠിച്ച്‌ നട്ടുച്ചയ്‌ക്ക്‌ നടത്തിയ നഗരപ്രദക്ഷിണമായിരുന്നു സംഗമത്തിലെ ആകർഷകമായ ഇനം. ആന്ധ്രയിൽനിന്നും പത്തുവിരലുകളിലും കല്ലുവെച്ച സ്വർണ്ണമോതിരമണിഞ്ഞ്‌ പട്ടിൽ പൊതിഞ്ഞെത്തിയ കവിയെയും തഞ്ചാവൂരിന്റെ പ്രൗഢകവിയേയും സിനിമാനക്ഷത്രങ്ങൾ നാണിച്ചുപോകുന്ന കുടകിൽനിന്നുളള സുന്ദരി കവയിത്രിയെയും ചെത്തിയെടുത്താലും മനസ്സിൽനിന്നു മായിച്ചുകളയാനാവില്ല. ആതിഥേയ കവികളായിരുന്ന കടമ്മനിട്ടയോടും ആറ്റൂർ രവിവർമ്മയോടും ചോദിച്ചാൽ അതിന്റെ പൊലിമ പറഞ്ഞുതരും. ഞങ്ങളുടെ നാട്ടിൽ കൊടവ ഭാഷ അറിയുന്നവരുണ്ടോ എന്നറിയില്ല. എങ്കിലും അതീവ സുന്ദരിയായ കൊടവ കവയിത്രി ചൊല്ലിയ കവിതയ്‌ക്കാണ്‌ സദസ്സിന്റെ സ്വീകരണം ഹർഷാരവമായി കിട്ടിയത്‌. ഇതിൽനിന്ന്‌ കവിത നന്നായതുകൊണ്ട്‌ വലിയ കാര്യമില്ലെന്നും കവി-അഥവാ കവയിത്രികൂടി നന്നായിരിക്കണമെന്നുമാണല്ലോ മനസ്സിലാക്കേണ്ടത്‌. കവിത ഏതായാലും കവി നന്നായാൽ മതി എന്ന്‌ വേണമെങ്കിൽ നമുക്കിതിനെ സൂക്തീകരിക്കാം. മുടിമുറിക്കാതെ, ഷേവ്‌ ചെയ്യാതെ, ഇസ്‌ത്രിയിടാതെ, കുളിക്കാതെ, പല്ലുതേക്കാതെ ജോൺ എബ്രഹാമിനെപ്പോലെ നടക്കുന്ന കവികൾ ഈ സൂക്തം മനസ്സിലാക്കണം. കവി വൃത്തിയും വെടിപ്പുമുളളവനായിരിക്കണമെന്ന്‌ പറയുന്നതിൽ എന്തെങ്കിലും സർഗ്ഗാത്മകമായ പിശകുണ്ടെന്നു തോന്നുന്നില്ല!

മുമ്പ്‌ വിഖ്യാത ചിത്രകാരൻ എം.എഫ്‌ ഹുസൈനെ ചെരിപ്പിടാത്തതുകൊണ്ട്‌ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ കയറ്റാത്ത അനുഭവം ഉണ്ടായിട്ടുണ്ട്‌. മുണ്ടുടുത്തുചെന്നാലും ഇതുതന്നെ സ്ഥിതി. കുറച്ചുകൊല്ലംമുമ്പ്‌ മുംബൈ താജ്‌ ഇന്റർനാഷണലിൽ ഈയുളളവൻ മുണ്ടുടുത്ത്‌ കയറിയിട്ടുണ്ട്‌. അത്‌ നടപടി ദൂഷ്യമുളളവർക്കുളള പ്രിവിലേജ്‌ ഒന്നുമായിരുന്നില്ല. അതിനൊരു സൂത്രമുണ്ട്‌. അത്‌ കുരീപ്പുഴയ്‌ക്കോ എ.അയ്യപ്പനോ ഞാൻ പറഞ്ഞുതരില്ല.

തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലിലെ ശീതീകരിച്ച പതുപതുത്ത ദർബാർഹാളിൽ നടന്ന ന്യൂവോയ്‌സസ്‌ ക്യാമ്പ്‌ ഇവർ പറയുന്നതുപോലെ കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി സച്ചിദാനന്ദൻ തട്ടിക്കൂട്ടിയതൊന്നുമല്ല. കേരള ന്യൂറൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലിനു പുറത്ത്‌ കുരീപ്പുഴയും ബേബിയും ബാബുപാക്കനാരും അശോകനും ചേർന്നു സംഘടിപ്പിച്ച നാടൻ സംഗമവും ചുമ്മാതെന്ന്‌ പറയാൻ കഴിയില്ല. 2002-ലെ കാനേഷുമാരി അനുസരിച്ച്‌ കേരളത്തിൽ 3649 കവികളുണ്ട്‌. ഇവരെയൊക്കെ സച്ചിദാനന്ദന്‌ മസ്‌കറ്റ്‌ ഹോട്ടലിലേക്ക്‌ ക്ഷണിക്കാൻ കഴിയില്ലെന്ന്‌ ഏതൊരു ബാലപംക്തിക്കവിക്കുമറിയാം!

റഹ്‌മാൻ തായലങ്ങാടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.