പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

നേർച്ചപ്പെട്ടികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടോണിമാത്യു

പ്രതിഷേധം

ഈശ്വാരാനുഗ്രഹം മൊത്തമായും ചില്ലറയായും കൊടുക്കാനായി ഇന്ന്‌ മതസംഘടനകൾ നെട്ടോട്ടവും കുറിയോട്ടവും നടത്തുകയാണല്ലോ. സ്വർഗ്ഗത്തിലേക്കുളള പാസ്‌പോർട്ടും വീസായും അവർ നല്‌കും. അമിതമായ കൈക്കൂലിയൊന്നും ആവശ്യപ്പെടുകയുമില്ല. കാണിക്കമണ്ഡപം, കുരിശടി, നേർച്ചപ്പെട്ടി എന്നീ ഓമനപ്പേരുകളാണ്‌ യഥാക്രമം ഹിന്ദു, ക്രൈസ്‌തവ, ഇസ്ലാംമതങ്ങൾ ഈ ധനശേഖരണകേന്ദ്രങ്ങളെ വിളിക്കുന്നത്‌. ബസ്‌സ്‌റ്റേഷൻ, തീയേറ്റർ, മദ്യഷാപ്പ്‌ എന്നിവയുളളിടങ്ങളിൽ ഓരോ ഭണ്ഡാരപ്പെട്ടി തീർച്ചയായും കാണും. ബസ്‌ അപകടത്തിൽപ്പെടാതിരിക്കാനും, നല്ല സിനിമ കാണാനും, വിഷമദ്യം ലഭിക്കാതിരിക്കാനുമുളള പ്രാർത്ഥനയുടെ ഫലമായാണ്‌ ഭക്തർ പണമിടുന്നത്‌. വിശ്വാസികളെ നാം എന്തിനു വിഷമിപ്പിക്കുന്നു. ഇടട്ടെ, തോരെത്തോരെ ഇടട്ടെ.

പളളികളുടെയും ക്ഷേത്രങ്ങളുടെയും മസ്‌ജിദുകളുടെയും മുമ്പിൽ, വഴിയരികിൽ, വളച്ചു വാർത്തുവെച്ചിരിക്കുന്ന പണപ്പെട്ടികൾ കണ്ടിട്ടില്ലേ? തിരക്കേറിയ മനുഷ്യന്‌ നേർച്ച എറിഞ്ഞുവീഴ്‌ത്താനുളള സൗകര്യത്തിനുവേണ്ടിയാണത്‌. ഈയിടെ അഞ്ചുരൂപ തുട്ടുകൊണ്ടുളള ഒരു ഭക്തന്റെ ഏറ്‌ ചെന്നുകൊണ്ടത്‌ വഴിയരികിൽനിന്ന ഒരു കുഞ്ഞിന്റെ കണ്ണിലാണ്‌. കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തു! കുരുടനു കാഴ്‌ചകൊടുത്ത ക്രിസ്‌തുവിന്റെ കുരിശടിയിലാണ്‌ ഇതു സംഭവിച്ചതെന്നോർക്കുക! മതാന്ധർക്കുമാത്രമേ ഈ ക്രൂരപ്രവൃത്തി ചെയ്യാനാവൂ. വെളിച്ചം വിതറേണ്ട മതം ഇരുട്ടുപരത്തുന്നു. ഹാ, കഷ്‌ടം! എന്ന്‌ ക്രിസ്‌തുവിനെപ്പോലെ നമുക്കും പറയാം.

നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പുറമ്പോക്കുകൾ കൈയേറിയാണ്‌ ഈ ‘വിശുദ്ധ’ പെട്ടികൾ സ്ഥാപിക്കുന്നത്‌. വളവിലും തിരിവിലും ഓരോ വഞ്ചികൾകാണും; മത്സരിച്ചു തന്നെയാണ്‌ നിർമ്മാണം. സർക്കാരുപോലും പൊളിച്ചുകളയില്ല. മതവ്രണം പൊട്ടുമെന്നാണ്‌ പേടി. പൊട്ടിയാൽ നാറ്റം അസഹ്യമായിരിക്കുമെന്ന്‌ ആർക്കാണ്‌ അറിയാൻമേലാത്തത്‌! കപടഭക്തരെ വെളളയടിച്ച ശവക്കല്ലറകൾ എന്നാണ്‌ ക്രിസ്‌തു വിളിച്ചത്‌. അത്തരം ശവക്കല്ലറകളല്ലേ ഇന്ന്‌ നാടുമുഴുവൻ?

ഓപ്പൺ ഹാർട്ട്‌ സർജറി കഴിഞ്ഞാണ്‌ പല പ്രതിമകളിലെയും ക്രിസ്‌തുരൂപം സ്ഥിതിചെയ്യുന്നത്‌. ഹൃദയത്തിന്റെ അറകളിൽനിന്ന്‌ തേനീച്ച ഇറങ്ങിവരുന്നത്‌ കാണാം. ഈച്ചക്കുത്തേറ്റുകൊണ്ടാണ്‌ ക്രിസ്‌തു വഴിയരികിൽനിന്ന്‌ ഭിക്ഷാടനം നടത്തുന്നത്‌. നിങ്ങൾ ചെയ്യുന്നത്‌ എന്തെന്ന്‌ നിങ്ങൾ അറിയുന്നില്ല എന്ന്‌ യേശുവിനോടൊപ്പം നമുക്കും വിലപിക്കാം.

കൃഷ്‌ണന്റെ പ്രതിഷ്‌ഠയിലെ ഓടക്കുഴലിൽനിന്നും കാട്ടുകടന്നലാണ്‌ ഇളകിവരുന്നത്‌. പാട്ടുപാടിക്കൊണ്ട്‌, അദ്ദേഹവും ധർമ്മഭിക്ഷയെടുക്കുന്ന ദയനീയ കാഴ്‌ചയാണ്‌ നിരത്തുവക്കിൽ കാണുന്നത്‌.

അല്ലാഹുവിനോ മുഹമ്മദ്‌നബിക്കോ രൂപമില്ലാത്തതിനാൽ, ഇസ്ലാംപളളിയുടെ മുമ്പിൽ, ‘സംസം’ (മതി, മതി) എന്ന്‌ ഒരിക്കലും ഉരിയാടാത്ത ഒരു ഭീമൻവഞ്ചിയാണ്‌ വെച്ചിരിക്കുന്നത്‌. എത്ര ‘സക്കാത്ത്‌’ വീണാലും അതു നിറയില്ല. മരുഭൂമി ജലത്തിനുവേണ്ടി ദാഹിക്കുന്നതുപോലെ, അതു പണത്തിനായി കാത്തിരിക്കുന്നു!

പകൽ ഭക്തപ്രമാണികളും രാത്രി തസ്‌കരവീരന്മാരും ഇതുപൊട്ടിച്ച്‌ ചില്ലിക്കാശെടുക്കുന്നു. രണ്ടുകൂട്ടരെയും ഈശ്വരൻ ഒരുപോലെ അനുഗ്രഹിക്കുന്നു.

ഓം... ആമ്മീൻ... അസ്ലാം...

ടോണിമാത്യു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.