പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൻ.കെ. നമ്പൂതിരി

ലേഖനം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ശ്രദ്ധേയമായ വിജയവും, ബി.ജെ.പി നേതാവ്‌ സി.കെ.പത്മനാഭന്റെ സഹതാപാർഹമായ പരാജയവും ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്‌. ജനാധിപത്യവിശ്വാസത്തെത്തന്നെ തകർക്കുന്ന ദുർവാസനകൾ ഇക്കുറി അരങ്ങു തിമിർത്താടുകയായിരുന്നു. അതാണ്‌ നമ്മെ ഏറെ ആകാംക്ഷപ്പെടുത്തുന്നത്‌. ഭരണസ്വാധീനത്തിന്റെ സാദ്ധ്യതകളെല്ലാം പ്രയോഗിക്കപ്പെട്ടു, വ്യാജവോട്ടർമാരെ ചേർക്കുവാൻ നടന്ന ശ്രമങ്ങളിൽനിന്നാണ്‌ വിവാദം തുടങ്ങിയത്‌. വോട്ടർമാരെ ചേർക്കുന്നതിന്‌ ക്വോട്ട നിശ്ചയിച്ച്‌, ചേർക്കുന്നവർക്ക്‌ പ്രതിഫലം നൽകുന്നതിൽനിന്ന്‌ ആരംഭിച്ച, പണത്തിന്റെ കുത്തൊഴുക്ക്‌ പണം നൽകി വോട്ട്‌ വിലയ്‌ക്കു വാങ്ങുന്നിടം വരെയെത്തി.

ഒരു ഭരണകൂടമാകെ, അതിന്റെ എല്ലാ വഴികളുമുപയോഗിച്ച്‌ തെരഞ്ഞെടുപ്പു വിജയത്തിനായി രംഗത്തിറങ്ങിയപ്പോൾ നമ്മുടെ മൂല്യസങ്കല്പങ്ങളിൽ വിളളലുകളുണ്ടായി. യു.ഡി.എഫ്‌ തന്റെ പാർട്ടി പ്രവർത്തകരെ പണം നൽകി പ്രലോഭിപ്പിട്ട്‌ വോട്ട്‌ തട്ടിയെടുത്തുവെന്ന്‌ ബി.ജെ.പി നേതാവ്‌ ശ്രീധരൻപിളള വിലപിക്കുമ്പോൾ ഈ രംഗത്തേക്ക്‌ ഒഴുകിയെത്തിയ പണത്തെപ്പറ്റി നമുക്ക്‌ ഒട്ടൊക്കെ കണക്കാക്കാനാവും. ജനാധിപത്യത്തെ കശാപ്പുചെയ്‌ത്‌ പണാധിപത്യത്തെ ആ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാൻ ശ്രമിച്ചത്‌ മഹാത്മാഗാന്ധിയുടെ പൈതൃകം അവകാശപ്പെടുന്നവരാണ്‌ എന്നുകൂടി ഓർക്കുമ്പോൾ...!

അറപ്പുളവാക്കുന്ന പ്രചാരണതന്ത്രമാണ്‌ കോൺഗ്രസ്‌ നേതാക്കൾ സ്വീകരിച്ചത്‌. പടിവാതില്‌ക്കൽ വന്നുനില്‌ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പിൽ പ്രസക്തമായി നില്‌ക്കുന്നത്‌, നില്‌ക്കേണ്ടത്‌ രാഷ്‌ട്രീയ പ്രശ്‌നങ്ങളാണ്‌; ഭരണനടപടികൾ ജനങ്ങൾക്ക്‌ നൽകുന്ന അനുഭവങ്ങളാണ്‌. പക്ഷേ അത്തരം ചർച്ചകളിൽനിന്ന്‌ ഭരണനേതൃത്വം ഭയന്നോടുകയായിരുന്നു. നാലരവർഷത്തിന്റെ ബാക്കിപത്രമെന്ത്‌ എന്ന ചോദ്യം അവരെ ഞെട്ടിച്ചിട്ടുണ്ടാവണം. യു.ഡി.എഫ്‌ നേതൃത്വം വ്യക്തിഹത്യയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന പ്രചാരണത്തിലേക്ക്‌ കടന്നുകയറിയതും, അതിന്‌ ഏറ്റവും പറ്റിയ ഒരാളെ തെരഞ്ഞെടുപ്പ്‌ പ്രചാരത്തിന്റെ മുഖ്യചുമതല ഒരു ഘട്ടത്തിൽ ഏല്‌പിച്ചു കൊടുത്തതും ആകസ്‌മികമല്ല. സാധാരണ മനുഷ്യർ തങ്ങളിലൊരാളായി കണ്ട പന്ന്യനെ ‘അന്യനായി’ ചിത്രീകരിച്ചപ്പോൾ, സങ്കുചിത ദേശവാദമുയർത്തിയപ്പോൾ, കണ്ണൂരെ അക്രമകാരികളുടെ പ്രതിനിധിയായി ഈ സാധുമനുഷ്യനെ വരച്ചുകാട്ടിയപ്പോൾ, തലമുടിയുടെ നീളവും രൂപലാവണ്യത്തെ സംബന്ധിച്ച പരാമർശവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതിയും ജാതിയും മതവുമെല്ലാം അവർ ആയുധമാക്കിയപ്പോൾ തകർന്നുവീണത്‌ ഒരു പ്രമുഖ ദേശീയ രാഷ്‌ട്രീയകക്ഷിയുടെ പൈതൃകവും മൂല്യ സങ്കല്പങ്ങളുമായിരുന്നു. പി.കെ.വിയേയും അവർ വെറുതെ വിട്ടില്ല. ഒന്നരക്കൊല്ലം ഈ മണ്ഡലത്തെ അദ്ദേഹം അനാഥമാക്കിയത്രേ. പാർലമെന്റംഗത്വം വികസനപ്രവർത്തനത്തിന്റെ കങ്കാണിത്വം മാത്രമായാണവർ ചിത്രീകരിച്ചത്‌. ദശാബ്‌ദങ്ങളുടെ ഇടവേളയ്‌ക്കുശേഷം പാർലമെന്റിൽ പി.കെ.വിയുടെ ആദ്യപ്രസംഗം കേട്ട്‌ അത്ഭുതാദരങ്ങളോടെ പത്രപ്രവർത്തകർ ചോദിച്ചുവത്രേ-‘ഈ മഹാനുഭാവനെ ഇത്രകാലം ഇവിടെ നിന്നൊഴിച്ചുനിർത്തിയതെന്തേ?’

തിരുവനന്തപുരത്തെ ജനാവലി ആദരിക്കപ്പെട്ട നിമിഷമായിരുന്നു അത്‌. പക്ഷേ ഈ മഹത്വം യു.ഡി.എഫ്‌ നേതൃത്വത്തിന്‌ മനസ്സിലായില്ല.

ഇവയൊന്നും തെരഞ്ഞെടുപ്പുരംഗത്തെ മൂന്നാംകിടക്കാരുടെ പ്രയോഗങ്ങളായിരുന്നില്ല. ആരുടെയെങ്കിലും നാവിന്റെ ആകസ്‌മികമായ സ്‌ഖലിതങ്ങളുമായിരുന്നില്ല. കോൺഗ്രസിലെ അറിയപ്പെടുന്ന ദേശീയനേതാക്കളടക്കം കൈക്കൊണ്ട സമീപനം ഇതായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകമുളള ഒരു ദേശീയപാർട്ടി ഈ നിലയിൽ അധഃപതിക്കുന്നതും, മത വർഗ്ഗീയ ശക്തികളോടു കരാറുറപ്പിക്കുന്നതും നാം കണ്ടു. മുമ്പും ഇവയിൽ ചിലത്‌ നടന്നിട്ടുണ്ടാവാം. പക്ഷേ ഇത്ര പരസ്യമായി, നഗ്നമായി ഇതൊക്കെയുണ്ടാവുന്നത്‌ നടാടെയാണ്‌.

ജനങ്ങൾ ഇതറിഞ്ഞു. ചായക്കടയിലും വഴിയോരങ്ങളിലും ചിരിച്ചുനടക്കുന്ന, രാഷ്‌ട്രീയസംവാദങ്ങളിൽ മികവുറ്റ വാദങ്ങൾകൊണ്ട്‌ ആരെയും നേരിടുന്ന പന്ന്യൻ രവീന്ദ്രൻ തങ്ങളിലൊരാൾ തന്നെയെന്ന്‌ അവർ തിരിച്ചറിഞ്ഞു. പന്ന്യന്റെ ജയവും തോൽവിയും അന്യഥാ സാധാരണമായ ഒരു കാര്യമാണെങ്കിലും, ഈ വിധിയെഴുത്തിന്റെ പ്രാധാന്യം ജനാധിപത്യത്തെ സംബന്ധിച്ച്‌ പ്രതീക്ഷകൾ നമ്മിലുണർത്തുന്നുവെന്നതാണ്‌; അതാണ്‌ മുഖ്യം.

അസാധാരണമായ രാഷ്‌ട്രീയ കൂട്ടുകെട്ടുകൾ ഈ തെരഞ്ഞെടുപ്പുവിജയത്തിന്‌ അല്‌പം മങ്ങലേല്പിച്ചിട്ടില്ലേ എന്നതും ചിന്തിക്കേണ്ട ഒന്നാണ്‌.

കെ.എൻ.കെ. നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.