പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

ലളിതം ജയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ത്യാഗരാജൻ ചാളക്കടവ്‌

കുറിപ്പ്‌

ഇന്ത്യ, ഉണ്ടായ കാലംമുതലേ ആൾദൈവങ്ങളുടെ നാടാണ്‌. ആത്മീയത എങ്ങനെ വേവിച്ചാലും വേവുന്ന ഈ നാട്ടിൽ മനുഷ്യദൈവങ്ങൾ ഉദിച്ചുയർന്നില്ലെങ്കിലേ അത്ഭുതമുളളു. കല്ലിലും മണ്ണിലും ലോഹത്തിലുമൊക്കെ നിർമ്മിച്ചുവെച്ചിരിക്കുന്ന ദൈവങ്ങൾ ‘മുണ്ടാട്ടം മുട്ടി’ നില്‌ക്കുന്ന അവസ്ഥയെ മുതലെടുത്ത്‌, അല്‌പസ്വല്‌പം ചെപ്പടിവിദ്യകളൊക്കെ കാണിച്ചുകൊണ്ടാണ്‌ ഈ വിദ്വാന്മാർ ‘വിഡ്‌ഢിക്കൂഷ്‌മാണ്ഡങ്ങളെ’ ചാക്കിലാക്കുന്നത്‌. അനന്തരം പത്തുകിട്ടുകിൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നുമെന്ന മട്ടിൽ, ഇവർ കോടികളുടെ ആസ്‌തിയിലേക്കുയരുന്നത്‌ നമ്മൾ കണ്ടുകണ്ടങ്ങിരിക്കയാണ്‌.

ക്രമേണ സാധാരണ ഭക്തജനങ്ങൾ വേലിക്കുപുറത്തേക്കു നിർത്തപ്പെടുകയും സമീപാസനങ്ങളിൽ ഭരണകൂട, വിദേശ, വ്യവസായപ്രമുഖർ ചടഞ്ഞിരിക്കുകയും ചെയ്യുന്നു. ഭക്തി ഒരു വ്യവസായമായി മാറുകയും ആ വ്യവസായത്തിന്റെ വിജയകരമായ നിലനില്‌പിന്‌ അനുബന്ധവ്യവസായങ്ങള ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. ആൾദൈവങ്ങളുടെ പേരിലുളള ആതുരാലയങ്ങളും വിദ്യാലയങ്ങളുമൊക്കെയേ നാലാളറിയുകയുളളൂ. ആൾക്കാരറിയാത്ത മറ്റുപല കാര്യങ്ങളും അറിയാവുന്ന ആൾക്കാരെ യഥോചിതം കൈകാര്യം ചെയ്യാനുളള മെക്കാനിസവും ആൾദൈവങ്ങൾക്കുണ്ട്‌. ഈ മെക്കാനിസത്തിൽപെട്ട്‌ കാലപുരി പൂകിയവരെക്കുറിച്ച്‌ മാധ്യമങ്ങളും കമാന്നൊരക്ഷരം മിണ്ടില്ല; ഭരണക്കാരും പോലീസും ഈ പേരും പറഞ്ഞ്‌ അങ്ങോട്ട്‌ ഉദിക്കുകയേ ഇല്ല. ആൾദൈവങ്ങളുടെ കാലുനക്കിയ, നക്കിക്കൊണ്ടിരിക്കുന്ന എത്രയെത്ര പ്രഗത്ഭരെ നമ്മൾ പരിചയപ്പെട്ടു കഴിഞ്ഞു!

ഈ നാട്‌ ഇങ്ങനെയേ പോകൂ എന്ന വേവലാതിയിലിരിക്കുമ്പോഴാണ്‌ തമിഴ്‌നാട്ടിൽനിന്നൊരു വാർത്ത വരുന്നത്‌. കാഞ്ചിമഠം ശങ്കരാചാര്യർ ജയേന്ദ്രസരസ്വതിയെ കൊലക്കേസിൽ പിടിച്ച്‌ ജയിലിലാക്കി. അതും അർദ്ധരാത്രിയിൽ! കാഞ്ചിമഠത്തിൽ പണ്ട്‌ ഉദ്യോഗസ്ഥനായിരുന്ന ശങ്കരരാമനെ, കാഞ്ചിപുരം വരദരാജപ്പെരുമാൾ ക്ഷേത്രവളപ്പിൽവെച്ച്‌ വെട്ടിനുറുക്കിക്കൊന്ന കേസിലാണ്‌ ശങ്കരാചാര്യർ അകത്തായത്‌. അതിനു കാരണമായി, തമിഴ്‌നാട്‌ സർക്കാർ നിരത്തിവെച്ച തെളിവുകൾക്കുമുന്നിൽ വമ്പൻ നിയമജ്ഞർക്കുപോലും ഉത്തരംമുട്ടിപ്പോവുന്നു. ശങ്കരാചാര്യരുടെ മൊബൈൽഫോൺ ബിൽ, ഐ.സി.ഐ.സി.ഐ. ബാങ്കിലുളള മഠത്തിന്റെ അക്കൗണ്ടിൽനിന്നും പിൻവലിച്ച വൻതുകകൾ, അതു കൈപ്പറ്റിയ പ്രതികൾ, മഠത്തിലെ നെറികേടുകൾ കാണിച്ച്‌ ശങ്കരരാമൻ എഴുതിയ കത്ത്‌, ‘സ്വാമിജി’ നേപ്പാളിലേക്കു കടക്കാൻ പ്ലാനിടുന്നത്‌ തുടങ്ങിയ തെളിവുകൾ, കൊലപാതകത്തിൽ ശങ്കരാചാര്യർക്കും പങ്കുണ്ടായിരുന്നു എന്നതിലേക്ക്‌ വിരൽ ചൂണ്ടുന്നു; ഇതൊക്കെ ഇങ്ങനെ പകൽപോലെ തെളിഞ്ഞുനിൽക്കുമ്പോൾ വിശ്വസിക്കുകയേ നമുക്കും നിവൃത്തിയുളളൂ.

ആൾദൈവങ്ങളുടെ തലതൊട്ടപ്പന്മാരായ, ഇന്ത്യയിലെ ബലാബലപ്പാർട്ടികൾ കോൺഗ്രസും ബി.ജെ.പിയും ശങ്കരാചാര്യരുടെ അറസ്‌റ്റിൽ നടുങ്ങിയപ്പോൾ, മുമ്പൊരിക്കൽ ജയലളിതയുടെ പോലീസ്‌ അർദ്ധരാത്രിയിൽ പിടിച്ച്‌ അകത്താക്കിയ ഡി.എം.കെ അദ്ധ്യക്ഷൻ കരുണാനിധി സബാഷ്‌ പറയുകയാണുണ്ടായത്‌! (പിന്നീട്‌ തിരിച്ചും!)

സംഗതികളുടെ കിടപ്പുവശത്തിന്‌ സത്യബന്ധമുണ്ടെങ്കിൽ, വരുംവരായ്‌കകൾ അല്‌പംപോലും ഗൗനിക്കാതെ ആൾദൈവത്തിന്റെ തൊണ്ടയ്‌ക്കുപിടിച്ച ധീരവനിത എന്ന കാരണത്താൽ നമ്മൾക്കും ജയലളിതാമ്മയ്‌ക്ക്‌ സബാഷ്‌ പറയാം.

ത്യാഗരാജൻ ചാളക്കടവ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.