പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

മഹാബലിയും വാമനനും മലയാളിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.എം.പി.ബാലകൃഷ്‌ണൻ

ലേഖനം

മണ്ണിൽനിന്നും മറഞ്ഞിട്ടും മലയാളമനസ്സിൽ അമരനായ മാവേലി മുത്തച്ഛൻ ചെറുമക്കളെ കാണാനെത്തുന്ന ‘ഓണനന്നാൾ’. ഓണത്തെക്കുറിച്ച്‌ ആദ്യപരാമർശം കാണുന്നതു മാങ്കുടിമരുതനാർ രചിച്ച ‘മതുരൈ കാഞ്ചി’ എന്ന സംഘകാലകൃതിയിലാണ്‌. അതിൽ ‘മായോൻ മേയ ഓണനന്നാൾ’ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്‌. മഹാവിഷ്‌ണു അവതരിച്ച ഓണദിവസം എന്നർത്ഥം.

മഹാബലിയുടെ വരവു സംബന്ധിച്ചു പ്രചാരത്തിലുളള കഥയ്‌ക്ക്‌, ഏതായാലും പ്രമാണമൊന്നും കാണുന്നില്ല. വാമനൻ മൂന്നടിമണ്ണു യാചിച്ചു എന്നും മൂന്നാമടിയ്‌ക്കിടമില്ലാതെ വന്നപ്പോൾ മഹാബലിയുടെ തലയിൽ ചവിട്ടി പാതാളത്തിലേയ്‌ക്കാഴ്‌ത്തി എന്നുമാണല്ലോ അക്കഥ. വഞ്ചകനായ വാമനനും ദയാർഹനായ മഹാബലിയുമാണ്‌ ആ കഥയിലൂടെ തെളിയുന്ന ചിത്രം. ശ്രീമദ്‌ ഭാഗവതം അനുസരിച്ച്‌ സംഗതി അങ്ങനെയല്ല.

വിശ്വമടക്കിവാണിരുന്ന മഹാബലശാലിയായിരുന്നു മഹാബലിച്ചക്രവർത്തി. വാമനമൂർത്തി മഹാബലിയുടെ യജ്ഞവാടത്തിലേക്കെഴുന്നളളി. വടുരൂപിയായ വാമനനെക്കണ്ടപ്പോൾ മഹാബലി ചോദിച്ചുഃ

“എന്തുവേണം അങ്ങേയ്‌ക്ക്‌? വിശിഷ്‌ടങ്ങളായിരിക്കുന്ന അന്നപാദ്യങ്ങൾ, പശുക്കൾ, സ്വർണ്ണം, മണിമന്ദിരങ്ങൾ, ഗ്രാമങ്ങൾ, കന്യകമാർ, കുതിര, ആന, തേര്‌-എന്തുവേണമെങ്കിലും ചോദിച്ചുകൊൾക.”

വാമനൻ പറഞ്ഞുഃ “പൂർവ്വികന്മാർ എന്നപോലെ ഭവാനും മഹാധർമ്മാത്മാവുതന്നെ. എന്നാൽ എനിക്ക്‌ എന്റെ കാലുകൊണ്ടളന്ന മൂന്നടി ഭൂമി മാത്രമേ വേണ്ടൂ.”

മഹാബലിക്ക്‌ മഹാനാണക്കേടായിത്തോന്നി ആ യാചന.

“ബാലനായ അങ്ങ്‌ ബാലിശബുദ്ധിയുമാണല്ലോ. സർവ്വലോകങ്ങൾക്കും ഏകസ്വാമിയായ എന്നിൽനിന്നും മൂന്നടി മണ്ണുമാത്രം ചോദിക്കുന്നവൻ ബുദ്ധിശൂന്യൻതന്നെ.”

അപ്പോൾ വാമനന്റെ മറുപടി ഇപ്രകാരമായിരുന്നുഃ

“മഹാരാജാവേ, ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിയാത്തവനു പ്രപഞ്ചത്തിലെ സർവ്വതും ലഭിച്ചാലും സംതൃപ്‌തി വരില്ല. ജംബുദ്വീപം മുഴുവനും കിട്ടുമ്പോൾ സപ്‌തദ്വീപുകളും കിട്ടിയാൽ കൊളളാം എന്നു തോന്നും. മനസ്സിനെ ജയിക്കാത്തവനു മൂന്നുലോകങ്ങളും കിട്ടിയാലും മതിവരണമെന്നില്ലല്ലോ. അതിനാൽ എനിക്കു മൂന്നടി സ്ഥലം മതി.”

മഹാബലി ഭൂദാനത്തിനായി ജലപാത്രമെടുത്തു. ഗുരുവായ ശുക്രാചാര്യന്‌ ആ ദാനം തടയണമെന്നുണ്ടായിരുന്നു. ചക്രവർത്തിയാകട്ടെ, താൻചെയ്‌ത സത്യത്തിൽനിന്നു വ്യതിചലിക്കാതെ ദാനത്തിനൊരുങ്ങി. അന്നേരം, വാമനനായിരുന്ന ബാലൻ വളർന്നു ബ്രഹ്‌മാണ്ഡമാകെ നിറയുന്നതായും, ഒരു ചുവടുകൊണ്ടും ഭൂമിയേയും രണ്ടാം ചുവടുകൊണ്ടു സ്വർഗ്ഗത്തെയും അളന്നു മൂന്നാമടിക്കു സ്ഥലമില്ലാതെ നിലകൊളളുന്നതായും മഹാബലിക്കു തോന്നിയത്രേ. തുടർന്നു, വരുണപാശത്താൽ ബന്ധിതനാവുകയാണു ചക്രവർത്തി.

ഇനിയുളള സംഭവങ്ങളാണു ഏറെ ശ്രദ്ധേയം. സർവ്വവും നഷ്‌ടമാകും എന്നു കണ്ടിട്ടും സത്യത്തിൽ ഉറച്ചുനിന്ന മഹാബലിയെ വാമനൻ സ്വർഗ്ഗത്തെക്കാളേറെ ഐശ്വര്യപൂർണ്ണമായ സുതലത്തിലേക്കാണയയ്‌ക്കുന്നത്‌. അതും പോരാഞ്ഞ്‌, താൻതന്നെ അവിടെ മഹാബലിയുടെ കൊട്ടാരത്തിൽ ദ്വാരപാലകനായി നിന്നു എന്നും ഭാഗവതം പറയുന്നു.

നോക്കുക. സത്യനിഷ്‌ഠനായ മനുഷ്യനുമുന്നിൽ ഈശ്വരാവതാരം ഭൃത്യനാവുന്നു! ഇതു ഭാരതീയ സംസ്‌കൃതിക്കിണങ്ങും. സത്യമേവജയതേ എന്നാണല്ലോ ആർഷവാക്യം. ഈശ്വരൻ സത്യസ്വരൂപനാകുന്നു; സത്യംതന്നെയാകുന്നു. ആ സത്യത്തിനുവേണ്ടി സിംഹാസനംപോലും ഉപേക്ഷിക്കാൻ മടിക്കാത്തവരായിരുന്നു നമ്മുടെ പൂർവ്വികർ. അടുത്തകാലംവരെ ആ സംസ്‌കാരം നിലനിന്നതുകൊണ്ടാണു മഹാത്മജിയുടെ ജീവിതം ‘സത്യാന്വേഷണ പരീക്ഷണ’മായത്‌.

പില്‌ക്കാല സത്യധർമ്മാദികൾക്കുണ്ടായ അപചയം നമുക്കറിയാം. സത്യത്തിന്റെ പേരിൽ മഹാബലിച്ചക്രവർത്തി സ്വന്തം ത്രൈലോക്യസാമ്രാജ്യം സന്ത്യജിച്ചതിന്റെ സ്‌മാരകമായ ‘ഓണനന്നാ’ളിൽ നാം പൂക്കളം ഉപ്പിലിടുന്നു; അടുപ്പിൽ തീപൂട്ടാതെ റെഡിമെയ്‌ഡ്‌ പായസം വാങ്ങി നുണയുന്നു; തിരുവാതിരക്കളിയും തുമ്പിതുളളലും ഊഞ്ഞാലാട്ടവുമെല്ലാം ടി.വിയിൽ കണ്ടു തൃപ്‌തരാവുന്നു. ഈ പ്രകൃതിമാതാവു വീണ്ടും ആർദ്രയാകണമെങ്കിൽ, ഊഷരഭൂമി വീണ്ടും ഉർവ്വരയാകണമെങ്കിൽ വിദേശ ഓർക്കിഡുകൾക്കിടയിലും ദേശീയ ദശപുഷ്‌പങ്ങൾ തഴച്ചുവളരണമെങ്കിൽ സമസ്‌ത കാപട്യങ്ങളും വെടിഞ്ഞു നാം സത്യത്തിലേക്ക്‌ മടങ്ങണം. മലയാളികൾ മലയാളികളാകണം. ഇത്‌ ഓർമ്മിപ്പിച്ചുകൊണ്ടാണ്‌ ഓരോ തിരുവോണവും വന്നെത്തുന്നത്‌.

ഡോ.എം.പി.ബാലകൃഷ്‌ണൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.