പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

മത്സ്യസമ്പത്ത്‌ സംരക്ഷിക്കണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.എസ്‌. ദേവരാജ്‌

കാഴ്‌ചപ്പാട്‌

ഇന്നത്തെ പരിതസ്ഥിതികളിൽ കായലുകളിലും ട്രോളിംഗ്‌ ഏർപ്പെടുത്തണമെന്ന്‌ പറഞ്ഞാൽ നമുക്ക്‌ അത്‌ ഉൾക്കൊളളുവാൻ കഴിയുകയില്ല. അശാസ്‌ത്രീയമായ മത്സ്യബന്ധനരീതികളും, മലിനീകരണവും നിമിത്തം കായലുകളിൽ ഓരോ വർഷവും മത്സ്യസമ്പത്ത്‌ കുറഞ്ഞുവരുന്നു. മത്സ്യങ്ങളുടെ പ്രജനനകാലഘട്ടങ്ങളിൽപോലും മത്സ്യബന്ധനം നടത്തുന്നതിനാൽ പല മത്സ്യങ്ങളുടെയും വംശനാശംതന്നെ സംഭവിച്ചിട്ടുണ്ട്‌.

തീരദേശങ്ങളിൽ നിരനിരയായി നിന്നിരുന്ന കണ്ടൽകാടുകൾക്കുചുറ്റും മത്സ്യക്കൂട്ടങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. കണ്ടൽകാടുകളുടെ നിഴൽപറ്റി ഇണചേർന്ന്‌ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളർത്തുന്നതിനുളള സാഹചര്യമുണ്ടായിരുന്നു. മത്സ്യങ്ങളുടെ വളർച്ചയ്‌ക്ക്‌ തീരദേശങ്ങളിൽ മുഴുവൻ കണ്ടൽകാടുകൾ വച്ചുപിടിപ്പിക്കുന്ന ഒരു കർമ്മപദ്ധതിതന്നെ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

കൊയ്‌ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽ നിന്നാണ്‌ ആറ്റുകൊഞ്ച്‌ കായലിൽ എത്തിക്കൊണ്ടിരുന്നത്‌. നെൽകൃഷി സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌ ആലപ്പുഴ-തണ്ണീർമുക്കം ബണ്ട്‌ സ്ഥാപിച്ചത്‌. എന്നാൽ ഇന്ന്‌ നെൽകൃഷി താറുമാറായതോടെ തണ്ണീർമുക്കം ബണ്ടിന്റെ പ്രസക്തിതന്നെ നഷ്‌ടപ്പെട്ടു. കുട്ടനാട്ടിൽ നാമമാത്രമായ സ്ഥലങ്ങളിൽ മാത്രമാണ്‌ ഇപ്പോൾ നെൽകൃഷി ചെയ്യുന്നത്‌.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടയ്‌ക്കുന്നതോടെ കായലിന്റെ നീരൊഴുക്ക്‌ കുറയുന്നു. തടസ്സമില്ലാതെ ജലമൊഴുകിക്കൊണ്ടിരുന്നപ്പോൾ കായലിന്റെ തീരങ്ങളിൽ ‘എക്കൽ’ അടിയുമായിരുന്നു. ഇത്‌ കായൽതീരത്തെ തെങ്ങുകളിൽ നല്ല വിളവ്‌ ലഭ്യമാക്കിയിരുന്നു.

കായലുകളിലെ വെളളത്തിന്‌ പല സ്ഥലങ്ങളിലും ഉപ്പുരസം കുറയുന്നു. ഉപ്പുരസം കുറഞ്ഞതോടെ നീർകാക്കകൾ പെരുകുകയും, ഇത്‌ മത്സ്യസമ്പത്ത്‌ നശിപ്പിക്കുന്നതിന്‌ കാരണമാകുകയും ചെയ്യുന്നു. കൊയ്‌ത്തു കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽനിന്നും പുറത്തിറങ്ങുന്ന ആറ്റുകൊഞ്ചിൻകുഞ്ഞുങ്ങൾ ഉപ്പുരസം കൂടുതലുളള ഇടങ്ങൾതേടി പുറപ്പെട്ടാൽ മിക്കവാറും ലക്ഷ്യം കാണാറില്ല. അതിനുമുമ്പേ ഏതെങ്കിലും വലക്കണ്ണികളിൽ കുടുങ്ങിയിട്ടുണ്ടാകും.

ചെമ്പ്‌, പൂത്തോട്ട, പെരുമ്പളം, പാണാവളളി, അരൂക്കുറ്റി എന്നിവിടങ്ങളിലെ കായലുകൾക്കാണ്‌ കൂടുതൽ ഉപ്പുരസമുളളത്‌. ദീർഘനേരത്തെ നീന്തലിൽ ശത്രുക്കളിൽനിന്നും രക്ഷപ്പെട്ട്‌ അഞ്ചുശതമാനം കൊഞ്ചിൻകുഞ്ഞുങ്ങൾ മാത്രമേ എത്തുന്നുളളുവെന്നാണ്‌ ശാസ്‌ത്രജ്ഞന്മാരുടെ പക്ഷം.

കടലിൽ എല്ലാവർഷവും ട്രോളിംഗ്‌ ഏർപ്പെടുത്തുന്നതുകാരണം കടൽമത്സ്യങ്ങൾ പന്ത്രണ്ടുമാസവും സുലഭമായി ലഭിക്കുന്നുണ്ട്‌. എന്നാൽ കായലുകളിൽ ട്രോളിംഗ്‌ പ്രായോഗികമാണോ?

ഒരുനേരത്തെ ആഹാരത്തിന്‌ വഴികാണാതെ കായലുകളിൽ പകലന്തിയോളം അലഞ്ഞിട്ട്‌ നിരാശരായി തിരികെവരുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ നിരോധനം കൂടി ഏർപ്പെടുത്തുമെന്ന്‌ പറഞ്ഞാൽ അക്കൂട്ടർ തീർച്ചയായും പൊട്ടിത്തെറിക്കും. എന്നാൽ മത്സ്യസമ്പത്ത്‌ നിലനിർത്തുവാൻ പ്രജനനസന്ദർഭങ്ങളിൽ മാത്രമെങ്കിലും നിരോധനം ആവശ്യമാണ്‌. പക്ഷെ, കായലിന്റെ ഭൂമിശാസ്‌ത്രപരമായ കിടപ്പുകാരണം പല സ്ഥലങ്ങളിലും നിരോധനം ഫലവത്താകില്ല.

കായലുകളിൽ മത്സ്യസമ്പത്ത്‌ അനുസ്യൂതം തുടരണമെങ്കിൽ നാം അല്‌പം ക്ഷമ കാണിക്കേണ്ടിവരും. അല്ലെങ്കിൽ വരുംനാളുകളിൽ ശൂന്യമായ കായലോരങ്ങളെക്കുറിച്ചോർത്ത്‌ ദുഃഖിക്കേണ്ടിവരും.

എം.എസ്‌. ദേവരാജ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.