പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

സാഹിത്യമോ? ആർക്കുവേണ്ടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കരൂർ ശശി

കുറിപ്പ്‌

സാഹിത്യം? ആർക്കുവേണം? കൊണ്ടുപോ! ഭയങ്കര നിരോധനമാണത്രേ ഇപ്പോൾ എവിടെയും. പത്തുനാല്‌പതുവർഷം കവിതയും പത്രപ്രവർത്തനവും കൊണ്ടുനടന്ന്‌ വയസ്സനും അവശനുമായിത്തീർന്ന കരൂർ ശശിയുടെ അടുത്തേക്ക്‌ യുവതലമുറയിൽപ്പെട്ടവർ അപ്പപ്പോൾ കരഞ്ഞുകൊണ്ട്‌ എത്തുന്നു. കത്തെഴുത്ത്‌ എന്നത്‌ നിലച്ചുപോയ ഇക്കാലത്തും സാഹിത്യനിരോധനം സംബന്ധിച്ച പരിദേവനക്കത്തുകൾ ലഭിക്കുന്നു. നേരിട്ടുവരുന്നവരോട്‌ ഞാനും കയർക്കുന്നുഃ ആർക്കുവേണം നിന്റെയൊക്കെ സാഹിത്യം! കത്തുകൾക്ക്‌ ഒന്നിനും മറുപടി എഴുതാറില്ല. പോയിത്തുലയട്ടെ. ഞാനുമിപ്പോൾ മാനസികമായി, ആനുകാലികങ്ങളുടെ പത്രാധിപരും പുസ്‌തകപ്രസാധനശാലകളുടെ ഉടമസ്ഥനുമാണ്‌. ഒരു സുഖം. എന്നല്ല, വല്ലാത്തൊരാനന്ദാനുഭൂതി! ഞാനിപ്പോൾ ഈ വയസ്സുകാലത്ത്‌ വല്ലാത്തൊരു ലഹരിയിലാണ്‌ഃ ക്രിക്കറ്റ്‌, സ്‌റ്റാർസിംഗർ, തകധിമി, തില്ലാന തില്ലാന, എഫ്‌.എം., വണ്ടർവേൾഡ്‌ എന്നിത്യാദികളുടെ ഭാഗമാണ്‌. നാടോടുമ്പോൾ നടുവെ ഓടണ്ടേ? എഴുത്തുകാരനെ തിരസ്‌കരിക്കുന്ന ആനുകാലികങ്ങളുടെ പത്രാധിപന്മാരെയും പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ പറ്റില്ല എന്നു പറയുന്ന പ്രസാധകരേയും എഴുത്തുകാർക്കും വേണ്ട എന്ന അവസ്ഥവരും, വരണം എന്ന്‌ ഒരു സുഹൃത്‌കവി എഴുതിക്കണ്ടു. അതൊരു തികഞ്ഞ ന്യായമാണ്‌. സംഭവിക്കണം. എന്നുവെച്ച്‌ എന്റെ മനസ്സ്‌ മാറാൻ പോകുന്നില്ല. സാഹിത്യം എന്നുവെച്ചാൽ എന്താണ്‌? വായനാനുഭൂതി. അവന്റെയും ഇവന്റെയുമൊന്നും രചനകളുടെ വായനാനുഭൂതി വിറ്റഴിച്ചുകൊളളാം എന്ന്‌ ഞങ്ങൾ ആർക്കും വാക്കുകൊടുത്തിട്ടില്ല. തകഴിയും, കേശവദേവും, ബഷീറും, പൊറ്റെക്കാടും, ജിയും, ചങ്ങമ്പുഴയും, ഇടപ്പളളിയും, ഉറൂബും, അന്തർജ്ജനവും, വൈലോപ്പിളളിയും ഒക്കെ പോയി തുലയട്ടെ! എല്ലാം ‘ശത്തു’പോയി! എന്നുവച്ച്‌ ഞങ്ങൾ ആനുകാലികക്കാരും പുസ്‌തകശാലക്കാരുമൊന്നും സാഹിത്യത്തെ പാടേ കൈയൊഴിഞ്ഞിട്ടില്ല. ഞങ്ങൾക്ക്‌ ഞങ്ങളുടെ കവികളും കഥയെഴുത്തുകാരും നോവലെഴുത്തുകാരുമൊക്കെയുണ്ട്‌. കാണാറില്ലേ? നിങ്ങൾ വേണമെങ്കിൽ വായിച്ചുകൊളളണം. വായിച്ചില്ലെങ്കിലും ഒന്നുമില്ല. ഞങ്ങൾ ഈ വകകൾക്ക്‌ വലിയ പ്രാധാന്യം നൽകാറില്ല. ഞങ്ങൾ പ്രാധാന്യം നൽകുന്നത്‌, ഞങ്ങൾക്കുപോലും പിടികിട്ടാത്ത കാര്യങ്ങൾ, പറയുന്നവർക്കുപോലും പിടികിട്ടിയിട്ടില്ല എന്ന ബോധ്യത്തോടെ അറിയിക്കാൻ ശ്രമിക്കുന്നവരെയാണ്‌. ഞങ്ങൾക്ക്‌ ഞങ്ങളെപ്പോലും പിടിയില്ല, എന്നിട്ടുവേണ്ടേ ഞങ്ങൾ പ്രാമുഖ്യം നൽകി പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ പിടികിട്ടാൻ! ഇതാണ്‌ ഇപ്പോഴത്തെ ഒരു സ്‌റ്റെൽ! ആരെങ്കിലും വായിക്കുന്നുണ്ടോ? ഞങ്ങൾക്ക്‌ അറിഞ്ഞിട്ട്‌ കാര്യമില്ല. നഷ്‌ടമോ? അതു നികത്താൻ ഞങ്ങൾക്ക്‌ എത്രയോ വഴികൾ. ഞങ്ങൾ ഞങ്ങളുടെ അളിയന്മാരുടെയും സഹോദരന്മാരുടെയും പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കും. ഞങ്ങൾ പരസ്യം കൊടുക്കും. കാശുകൊടുത്ത്‌ ആരും വാങ്ങിയില്ലെങ്കിലും ഞങ്ങൾക്ക്‌ ഒരു ചുക്കുമില്ല. ആനുകാലികങ്ങളിൽ പരസ്യങ്ങൾ അങ്ങനെ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ‘സാഹിത്യം സാഹിത്യം’ എന്നു പുലമ്പുന്നവരെ ഭയപ്പെടുത്തുകമാത്രമാണ്‌ ഞങ്ങളുടെ ലക്ഷ്യം. സർഗ്ഗാത്മക സാഹിത്യത്തെ മുച്ചൂടും നശിപ്പിക്കുക എന്നതുമാത്രമാണ്‌ ഞങ്ങളുടെ ദൗത്യം. കാശുണ്ടേ, കാശ്‌! വിവരക്കേടുണ്ടോ വിവരക്കേട്‌? എന്നാൽ മാത്രം ഞങ്ങൾ നിങ്ങളെ സ്വീകരിക്കും. ആർക്കും മനസ്സിലാകാത്ത, എഴുതുന്നവർക്കുപോലും മനസ്സിലാകാത്ത ‘സ്‌റ്റൈലൻ’ ഉരുപ്പടികൾ ഞങ്ങളുടെ ആനുകാലികങ്ങളിൽ വരും. വേണമെങ്കിൽ വായിക്കാം. ഞങ്ങൾ പ്രസാധകർ തീരുമാനിക്കുന്നവരുടെ പുസ്‌തകങ്ങൾമാത്രം പുറത്തുവരും. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ കാണാറില്ലേ? കണ്ടുകണ്ട്‌ ആനന്ദിക്കുക!

ഓ സമയം പോയി. എഫ്‌.എം. റേഡിയോ കുറുക്കനോരികൾ കേൾക്കാൻ വൈകിപ്പോയി. സ്‌റ്റാർസിംഗർ, തകതിമി, തില്ലാന തില്ലാന.... ഇതാ വരുന്നു. ഗുഡ്‌ ബൈ!

കരൂർ ശശി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.