പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

പിടിച്ചുപറി ദൈവത്തിന്റെ പേരിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പത്തിയൂർ ശ്രീകുമാർ

പ്രതിഷേധം

‘പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ചും

സ്വച്ഛാബ്ധി മണൽത്തിട്ടാം പാദോപധാനം പൂണ്ടും’

പളളികൊളളുന്ന ഈ കൊച്ചുകേരളത്തിന്റെ ദേശീയോത്സവമായി, ‘ഹർത്താൽ’ എന്ന ഓമനപ്പേരുളളതും ‘ബന്ദ്‌’ എന്ന അന്തർദ്ദേശീയ നാമം വഹിക്കുന്നതുമായ പൊതുജനദ്രോഹമെന്ന ക്രൂരത മാറിയിട്ടുണ്ടെന്നുളളത്‌ അസ്‌മാദൃശർക്ക്‌ ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. (ശ്‌... ശ്‌.. ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും ശക്തമായ പ്രതിഷേധമാർഗ്ഗമാണ്‌ ബന്ദ്‌- എന്നിലെ ഇടതുപക്ഷക്കാരൻ അകത്തിരുന്നു മുരളുന്നു) ബന്ദ്‌ നേരത്തെ അറിഞ്ഞാൽ വളരെ സന്തോഷം. കാരണം സർക്കാർ വിലാസം മദ്യക്കടയിൽനിന്നു കുപ്പി ഒന്നു വാങ്ങി വീട്ടിൽ വെയ്‌ക്കാം. വീട്ടിലിരുന്നു മാത്രം കളളുകുടിക്കുന്ന അന്തസ്സുളള കളളുകുടിയനാണെന്നു ‘നല്ല പകുതി’യെ ബോധ്യപ്പെടുത്താം. (ഉച്ചയൂണിനു മുമ്പ്‌ രണ്ടെണ്ണം വീശുന്നത്‌ ടിയാൾ അറിയുന്നില്ലല്ലോ) നേതാവു ചത്താലും, തല്ലുകിട്ടിയാലും ബന്ദ്‌ സുനിശ്ചയം. ഒരു ദിവസം ജോലിയില്ലാതായാൽ ഭക്ഷണം പട്ടിണി മാത്രമാകുന്ന ‘അസ്ഥിബ്രാൻഡ്‌’ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പോയി തുലയട്ടെ. ഹർത്താലിനെപ്പറ്റി പറഞ്ഞത്‌ അതിനു സമമോ അല്‌പംകൂടി ഉയരത്തിൽ നിൽക്കുന്നതോ ആയ മറ്റൊരു സാമൂഹികവിപത്തിനെക്കുറിച്ചു പറയാനാണ്‌. ഭക്തിയുടെ പേരിൽ വൃശ്ചികമാസത്തിലെ പണപ്പിരിവും ശബ്‌ദമലിനീകരണവുമാണ്‌ ടി വിപത്ത്‌. വൃശ്ചികം പുലരുമ്പോൾ ഓരോ ആൽത്തറയും ഓരോ വീടും ഭക്തിസാന്ദ്രമാവുകയാണ്‌. (സ്വാമിയേ... ശരണമയ്യപ്പാ.. പൊന്നു ശാസ്‌താവേ..) രാവിലെ നാലുമണിമുതൽ കാസറ്റുകൾ ഭക്തി വിളമ്പാൻ തുടങ്ങും. അയൽവാസിയെ ദ്രോഹിക്കുക എന്ന സദുദ്ദേശവും ഇതിന്റെ പിന്നിലുണ്ട്‌. പിന്നീടതു ഭാഗവതപാരായണമെന്ന കലാപരിപാടിയിലേക്കു മാറുന്നു. ഉച്ചയ്‌ക്കു ഗംഭീരൻ സദ്യ. ക്യൂവിൽ ആയിരങ്ങൾ. (വീട്ടിലെ അടുക്കള അടച്ചിടാം എന്നൊരു പ്രയോജനം ഈ പ്രസാദ ഊട്ടിലുണ്ട്‌.) രാത്രി ‘ഭജന’ എന്ന പേരിലൊരു ആക്രമണം. അർദ്ധരാത്രി വരെയാണു പ്രക്ഷേപണം. ഒരുമാതിരി ജനമെല്ലാം അതിൽ നിലംപരിശാകും.

ഉച്ചഭാഷിണിയെടുത്തു നാലുപുറവും കെട്ടി, ഒരു ജോലിയും ചെയ്യാൻ മനസ്സില്ലാത്ത ഒരു വിദ്വാനെ പൗരാണികൻ എന്ന നാമധേയം നല്‌കി കൊണ്ടിരുത്തുന്നു. (പൗരാണികർക്ക്‌ സംഘടനയുണ്ട്‌ എന്നറിയാഞ്ഞല്ല ഇപ്പറയുന്നത്‌). ടിയാൻ ഭാഗവതം തുറന്നുവച്ച്‌ ആരോടോ അമർഷം തീർക്കുന്ന തരത്തിൽ ഓരോ പേജും അമറിമറിക്കുന്നു, രാവിലെ എട്ടു മുതൽ പന്ത്രണ്ടുവരെയും ഉച്ചയ്‌ക്ക്‌ രണ്ടു മുതൽ അഞ്ചുവരെയും. ഇന്ന്‌ എന്റെ വീടിന്റെ നേരെയാണു പാരായണമെങ്കിൽ അധികം താമസിയാതെ അയൽവാസിയെ ‘അനുഭവിപ്പിക്കുന്ന’ കൃത്യം ഞാൻ ഏറ്റെടുക്കുന്നു. മകരമാസംവരെ നീണ്ടുനിൽക്കുന്ന ബഹുജനദ്രോഹപാരായണയജ്ഞം. അയൽക്കാരൻ അന്യമതസ്ഥനാണെങ്കിലോ; പരിഹാരമുണ്ട്‌. അതാവരുന്നു ദൈവവചന പ്രഘോഷണവും, രോഗശാന്തി ശുശ്രൂഷയും. പകരത്തിനു പകരം. ആനന്ദലബ്‌ധിക്കിനിയെന്തു വേണം!

മതവികാരം ‘വ്രണപ്പെടുത്തി’ വിലയേറിയ വോട്ട്‌ എന്തിനു കളയണം എന്ന കൗശലമാണ്‌ ജനനേതാക്കളെന്ന അപൂർവ്വ ജീവിവർഗ്ഗങ്ങളെ ഇതിനെതിരെ നിശ്ശബ്‌ദരാക്കുന്നത്‌. (എന്തു വികാരം? എന്തു വ്രണം? ഒന്നുമില്ല സാർ; അത്താഴപ്പട്ടിണിക്കാരായ ബഹുഭൂരിപക്ഷത്തിനും ഇപ്പറഞ്ഞ വികാരവും വ്രണവും ഒന്നുമില്ല സാർ.) ദൈവത്തിന്റെ പേരിലുളള ഈ ക്രൂരതയ്‌ക്ക്‌ വിശ്വഹിന്ദുവും വിശാലഹിന്ദുവും തീവ്ര ഇടതും, വലതും, ഖദറും ഒരുമിച്ചു കൈകോർക്കുന്നതു കാണുമ്പോഴാണ്‌ ഇതിനെതിരെ പ്രതികരിച്ചു തടികേടാക്കണ്ട എന്നു തീരുമാനിക്കേണ്ടിവരുന്നത്‌. ‘ചിക്കുൻഗുനിയ’ പോലെ പറിച്ചെറിഞ്ഞാലും വിട്ടുപോകാത്ത ഒരു ദുരന്തം.

വാഹനം തടഞ്ഞുകൊണ്ടുളള പണപ്പിരിവാണ്‌ മറ്റൊരിനം. പട്ടണങ്ങളെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ ആവശ്യക്കാരുടെ രുചിഭേദമനുസരിച്ചു കഴുത്തുവെട്ടുകയോ, കൈയോ കാലോ വെട്ടിമാറ്റുകയോ മാത്രമേ ചെയ്യുന്നുളളു. ഇതു പരസ്യമായി ജനത്തിന്റെ തൊലിയുരിക്കുകയാണ്‌. എതിർത്താൽ ഭക്തി പൂരപ്പാട്ടിനു വഴിമാറും. അല്‌പം ദണ്ഡനവും ഏൽക്കേണ്ടിവന്നേക്കാം. ഭാര്യയും മക്കളും അച്‌ഛനുമമ്മയും ആരുമായിക്കൊളളട്ടെ, അവര്‌ കേൾക്കെയാണ്‌ പീഡനറിയാലിറ്റി ഷോയുടെ തൽസമയം. ദൈവത്തിന്റെ മുന്നിലായാലും മാനമാണല്ലോ വലുത്‌. ഇപ്പോഴത്തെ അവസ്ഥയിൽ അതുപോയാൽ തിരിച്ചെടുത്തുതരാൻ ഏതു ദൈവത്തിനാണു കഴിയുക. കാരണം ഭക്തിയാണെങ്കിലല്ലേ ദൈവങ്ങൾക്കു മനസ്സിലാകൂ.

ഭക്തിയുടെ പേരിലുളള ഈ വിഭക്തിയെ ചങ്ങലക്കിടേണ്ട കാലം അതിക്രമിച്ചു. കാരണം, യഥാർത്ഥ വിശ്വാസിക്ക്‌ ഈ ആഭാസത്തിന്റെ മുന്നിൽ കൈകൂപ്പാനോ സാഷ്‌ടാംഗം പ്രണമിക്കാനോ ഉളള കഴിവില്ല!

പത്തിയൂർ ശ്രീകുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.