പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

പാപം ചെയ്യാത്തവർ കല്ലെറിയുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പിഷാരടി

പ്രതിഷേധം

മലയാളിയായ ക്രിസ്‌ത്യൻ പുരോഹിതന്റെ പ്രണയകഥ പറയുന്ന ‘സിൻ’ എന്ന ഹിന്ദിച്ചിത്രം വിവാദമായിരിക്കുകയാണല്ലോ. പാതിരിയുടെ അയഞ്ഞ ധാർമ്മികത മുംബൈയിലെ കത്തോലിക്കാ സമൂഹത്തെ മുറിവേൽപ്പിച്ചുപോലും!

മകളാകാൻ മാത്രം പ്രായമുളള ഒരു പെൺകുട്ടിയോട്‌ കത്തോലിക്കാ പാതിരിക്കുണ്ടാകുന്ന പ്രണയവും രതിയുമാണ്‌ ചിത്രത്തിലെ കഥയെന്നും ഇത്‌ കേരളത്തിൽ സംഭവിച്ച കഥയാണെന്നും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. (പിന്നീടാ പാവം റെജീനയെപ്പോലെ മൊഴിമാറ്റി അത്‌ യാദൃശ്ചിക നാടകമാക്കി) പതിവുപോലെ മതവികാരത്തിന്റെ മാംസളതയിൽ വ്രണങ്ങളുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുടന്തൻന്യായവും പറഞ്ഞ്‌ മതത്തിന്റെ മുളളുവേലിയിൽ തൊട്ടുകളിക്കരുത്‌ എന്ന താക്കീതുമായി വിശുദ്ധജനം തെരുവിലിറങ്ങി. പക്ഷേ മുംബൈ ഹൈക്കോടതി ചിത്രം നിരോധിക്കാനുളള ഹർജി തളളുകയാണു ചെയ്‌തത്‌.

(കേരള ഹൈക്കോടതിയായിരുന്നെങ്കിൽ, സിനിമയ്‌ക്കു കാശുമുടക്കിയവന്റെ കണ്ണു തളളിപ്പോകാനിടയാക്കിയേനെ.)

കേരളത്തിലെ കത്തോലിക്കാസഭ ഇതിനെതിരെ ഒന്നും ഉരിയാടിക്കണ്ടില്ല. ഇവിടെ അച്ചന്റെ പ്രണയവും രതിയും ബലാത്സംഗവും പെൺവാണിഭവും കൊലപാതകവുമൊക്കെ കെട്ടുകഥയല്ലാതായിട്ട്‌ കാലം കുറച്ചായെന്ന ബോദ്ധ്യം കൊണ്ടാണോ എന്തോ? അഭയാകേസ്‌, വിതുരകേസ്‌-തോണ്ടി പുറത്തിട്ടാൽ നാറ്റമടിക്കുന്ന കേസവശിഷ്‌ടങ്ങൾ ധാരാളമുണ്ടല്ലോ. ഇതൊക്കെ നേരാംവണ്ണം അറിയാഞ്ഞിട്ടാവുമോ മുംബൈയിലെ പാപം ചെയ്യാത്ത കത്തോലിക്കാവിശ്വാസികൾ സിനിമാ സംവിധായകൻ വിനോദ്‌പാണ്ഡെയുടെ കലാഹൃദയത്തേയും വ്രണപ്പെടുത്തുന്നത്‌? കാമകോടി കാമിച്ചു കാമിച്ച്‌ കുഴപ്പത്തിൽ ചാടിയപ്പോൾ ഇവിടത്തെ എല്ലാത്തരം മതവികാരികളും ചിരിച്ചു. പ്രതിഷേധിക്കാൻ ചെന്ന ഫാസിസ്‌റ്റുകളെ നോക്കി കൂടുതൽ ഉച്ചത്തിൽ ചിരിച്ചു. ആർക്കും ഒരബദ്ധമൊക്കെപ്പറ്റാം, അത്‌ വികാരിയായാലും കാമകോടിയായാലും. പറ്റിയ അബദ്ധത്തിന്‌ വൈറ്റുവാഷടിക്കാൻ കുഞ്ഞാടുകളും ഭൂതഗണങ്ങളും ഇറങ്ങിപ്പുറപ്പെടാതിരുന്നാൽ നന്നായിരുന്നു.

കൗമാര സുനാമികളും കവിതയും

സുനാമിയുണ്ടായതോടെ ഇവിടത്തെ വരണ്ട്‌ വെടിച്ചു കീറിയിരുന്ന ചില കവിമനസ്സുകൾക്ക്‌ പുതിയൊരു കുളിരും പനിയും വിറയലും വന്നു. ഒരാഴ്‌ചത്തെ പത്രം വായനയോടെ ആശയവ്യക്തതയുണർന്നു. സുനാമി മടങ്ങിയിട്ട്‌ മാസങ്ങളായെങ്കിലും സുനാമിക്കുളിര്‌ കവികൾക്ക്‌ വിട്ടുമാറിയിട്ടില്ല. ഹാ! കഷ്‌ടം ഭീകരം ഭയാനകം! എന്നിങ്ങനെ അതിനിശിത പദാവലികളാണ്‌ പലരും സന്നിബാധിച്ചാലെന്നപോലെ എഴുതിപിടിപ്പിക്കുന്നത്‌. സുനാമിക്കുശേഷം നടന്ന സകല കലോത്സവങ്ങളിലും, സകലമാന കലാപരിപാടികളിലും മുഖ്യമാനവിഷയം സുനാമിയായിരുന്നു. ആലപ്പുഴ ജില്ലാ ഹയർസെക്കണ്ടറി കലോത്സവത്തിലുമതേ. ഉദാഃ കവിതയെഴുത്ത്‌ മത്സരം, വിഷയം സുനാമി. ചേർത്തലയിലൊരു പളളിക്കൂടത്തിൽ സയൻസ്‌ പ്ലസ്‌ടുവിന്‌ പഠിക്കുന്ന പതിനേഴുകാരി തലേന്ന്‌ ശബ്‌ദതാരാവലി കാണാപ്പാഠമാക്കിക്കൊണ്ട്‌ എഴുതിയത്‌ കസറി. അവളെഴുതിയ ‘സുനാമിക്ക്‌’ ഒന്നാം സ്ഥാനം. പിറകെ പത്രലേഖകർ പാഞ്ഞുനടന്ന്‌ ഒരു സത്യം കണ്ടെത്തി- ഇതിനേക്കാൾ മികച്ചൊരു കവിത ഇനി പിറക്കാനോ മരിക്കാനോ ഇടയില്ല. കവിതയിലെ രണ്ടുമൂന്ന്‌ വരികളെങ്കിലും ഉദ്ധരിക്കണമെന്ന്‌ പിഷാരടിക്കാഗ്രഹമുണ്ട്‌. പക്ഷേ ‘മഞ്ഞപ്പുസ്‌തകം വേറെ ഞമ്മള്‌ വേറെ’ എന്ന നിലപാടിലാണ്‌ ഉൺമ പത്രാധിപർ. തത്‌കാലം ഒരുവരി ഉദ്ധരിക്കാം.

‘ഭ്രൂണഭക്ഷകനായ ഭയത്തിൻ പുരോഹിതൻ’(?!) സംശയിക്കേണ്ട, ഒന്നാംസമ്മാനം നേടിയ മഹാകവിതയുടെ അവസാനമിങ്ങനെയാണ്‌. മലയാളത്തിലെ ഒരു പ്രശസ്‌ത കവിയുടെ വരികൾതന്നെ. (ചുളളിക്കാടിന്റെ ‘ഡ്രാക്കുള’ എന്ന കവിത.) ‘കൊച്ചുമിടുക്കി’ (പത്രക്കാരന്റെ പ്രയോഗം)യുടെ മിടുക്ക്‌ അപാരംതന്നെ. +2 സുവോളജി പാഠപുസ്‌തകത്തിലെ ‘പ്രത്യുത്‌പാദനം’ എന്ന അധ്യായത്തിൽ ചേർക്കാൻ സർവ്വഥാ യോഗ്യമാണ്‌ ഈ കവിത. എൻ.സി.ഇ.ആർ.ടി. ഒട്ടും സമയം കളയാതെ ആ വഴിക്ക്‌ ചിന്തിക്കേണ്ടതാണ്‌. കൊച്ചുമിടുക്കികളാണല്ലോ വളർന്ന്‌ നാളെ വലിയ മിടുമിടുക്കികളാവേണ്ടത്‌!

അർജ്ജുനവിരോധയോഗം

ഒരേ പേരുകാർ. ഒരാൾ കൊടിയേന്തി നയിക്കുന്നു. മറ്റേയാൾ കൊടിയെടുപ്പിച്ച്‌ നിലകൊളളുന്നു.

പിണറായി വിജയന്‌ എം.എൻ.വിജയൻ പൊടിയനായിത്തീർന്നുവെങ്കിലും വിജയൻമാഷിന്റെ ഒരൊറ്റ ലേഖനം വായിച്ചവർക്കും ഒരൊറ്റ പ്രഭാഷണം ശ്രവിച്ചവർക്കും യഥാർത്ഥ വിജയനാരാണെന്ന്‌ അറിയാം.

അധികാരത്തിന്റെ ഊക്കിൽ അവനവനാണുതാരം എന്നു നെഞ്ചുവിരിക്കുന്ന ‘അന്ധകൂപ’ങ്ങളെ നോക്കി വിജയൻമാഷുടെ വാക്കുകൾ നിശ്ശബ്‌ദതീക്ഷ്‌ണമായി മന്ദഹസിക്കുന്നുണ്ട്‌. പക്ഷേ, കണ്ണടച്ചാലും ഇരുട്ടുവീഴും. അതു നന്നായി. ‘ഒട്ടകത്തിന്‌ ഇടംകൊടുത്ത ഉപമ’കൾ പത്രത്താളിൽ തൂക്കിയിട്ട്‌ സക്കറിയയെപ്പോലുളള അഭിനയവിജയന്മാർക്ക്‌ കടന്നുവരാം. വിജയൻമാഷുടെ ‘കസേര’ സാംസ്‌കാരികരംഗത്ത്‌ പകർച്ചപ്പനിക്കും കാരണമായോ?!

പിഷാരടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.