പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

ജീവിതമോടുന്ന പാതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉൺമ മോഹൻ

അനുഭവക്കുറിപ്പ്‌ ഃ ഒന്ന്‌

തന്റെ പുസ്തകമാണ്‌ ബെസ്‌റ്റ്‌ സെല്ലറെന്നും, പ്രസാധകൻ കഞ്ഞികുടിക്കുന്നതും കാറുവാങ്ങുന്നതും അതുകൊണ്ടാണെന്നും വിശ്വസിച്ച്‌ പരവശരാകുന്ന ഗ്രന്ഥകർത്താക്കൾ, (എല്ലാവരും ഈ പരിധിയിൽ വരില്ല) പുസ്തകമൊരുക്കി വിൽക്കുന്നവന്റെ രക്തവും വിയർപ്പും കണ്ണീരും ഇടകലരുന്നത്‌ ഒരുനിമിഷം സ്വന്തം കണ്ണാൽ കണ്ടെങ്കിൽ!

ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി 15ന്‌ രാവിലെ കണ്ണൂരിലേയ്‌ക്ക്‌ യാത്ര. കൂട്ടിന്‌ ടവേര നിറയെ പുസ്തകങ്ങൾ. ഡ്രൈവിംഗ്‌ തനിച്ച്‌. എറണാകുളം നോർത്ത്‌ പറവൂരിൽ ‘സുശിഖം’ മാസികയിൽ ഒരു മണിക്കൂർ. കോഴിക്കോട്‌ ‘പ്രദീപ’ത്തിൽ അരമണിക്കൂർ. പയ്യോളിയിൽ നോവലിസ്‌റ്റ്‌ മണിയൂർ ഇ. ബാലൻമാഷിന്റെ വീട്ടിൽ ഒരു മണിക്കൂർ. പയ്യോളിയിൽ നിന്നും ഉത്തമൻ മേലടി, അമ്മ പൊതിച്ച്‌ ഏല്പിച്ച കരിക്കുകളുമായി സ്നേഹപൂർവ്വം കൂടെക്കൂടി. രാത്രി പത്തുമണിക്ക്‌ കണ്ണൂരിലെത്തുമ്പോഴേക്കും വണ്ടി 434 കി.മീ. ഓടിക്കഴിഞ്ഞിരുന്നു.

പോലീസ്‌ മൈതാനായിലെ എട്ടു ദിവസത്തെ പുസ്തകോത്സവം. കാളച്ചന്തപോലെയോ മീൻചന്തപോലെയോ രൂപാന്തരം പ്രാപിച്ച പുസ്തകച്ചന്ത. മടുപ്പിക്കുന്ന കച്ചവടാനുഭവങ്ങൾ. മനസ്‌ അസ്വസ്ഥം. മുൻകൂട്ടി എത്തിയ സഹായികളെ ഉൺമയുടെയും ഡിംപിളിന്റെയും സ്‌റ്റാളുകൾ ഏൽപിച്ചിട്ട്‌ രണ്ടാം നാൾ വൈകുന്നേരം കോഴിക്കോട്ടേക്ക്‌ 100കി.മീ. വണ്ടിയോടിക്കുന്നു. മാഹിവഴി വണ്ടിയോടിക്കുമ്പോൾ പ്രിയപ്പെട്ട എഴുത്തുകാരൻ എം.മുകുന്ദൻ മനസ്സിൽ. അദ്ദേഹത്തെ നേരിൽ കണ്ട്‌ പിരിഞ്ഞത്‌ 1991ൽ ബോംബെയിൽവച്ച്‌. പിന്നീട്‌ കത്തുകൾ - ഫോൺവഴി ബന്ധപ്പെടൽ.

ചരിത്രപ്രസിദ്ധമായ മലബാർ ഇടങ്ങൾ. 1984 ഒക്ടോബറിൽ മുപ്പതുദിവസം നീണ്ട കാൽനടയാത്ര നടത്തിയത്‌ ഇതുവഴിയൊക്കെയാണെന്ന്‌ ഡ്രൈവിംഗിനിടയിലും ഓർത്തുകൊണ്ടിരുന്നു. നോവലിസ്‌റ്റ്‌ സി. രാധാകൃഷ്ണന്റെയും മാടമ്പ്‌ കുഞ്ഞിക്കുട്ടന്റെയും നേതൃത്വത്തിൽ കാസർകോട്ടുനിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ നടത്തിയ സമാധാന പദയാത്രയിലെ പതിനൊന്ന്‌ എഴുത്തുകാരിൽ ഏറ്റവും ‘പയ്യൻ’ ഈയുള്ളവൻ.

ഒക്ടോബർ 2ന്‌ തുടങ്ങിയ നടത്തം വെയിലേറ്റ്‌ കരുവാളിച്ച്‌, എന്നാൽ ലോകസമാധാനത്തിനു വേണ്ടി ഇത്രയും ചെയ്യാനാകുന്നല്ലോ എന്ന സംതൃപ്തിയോടെ അവസാനിച്ചത്‌ ഒക്ടോബർ 31ന്‌ കായംകുളത്ത്‌. അന്ന്‌ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു. പത്തൊൻപതു വയസിൽ നടന്നുപോയ വഴികളിലൂടെ പിന്നീടൊരുപാട്‌ തവണ യാത്ര ചെയ്തിട്ടുണ്ട്‌. ഇന്നിപ്പോൾ തനിച്ച്‌ കാറോടിച്ച്‌, ഒത്തിരി എഴുത്തുകാരുടെ പുസ്തകങ്ങളും പേറി, ലക്ഷ്യങ്ങൾ പേറി...

നേരത്തെ വയനാട്ടിലേക്കയച്ച പുസ്തകക്കെട്ടുകൾ കോഴിക്കോട്‌ വരെ മാത്രമേ എത്തുകയുള്ളുവെന്ന്‌ പാഴ്‌സൽ സർവ്വീസുകാരുടെ സന്ദേശം. കൊയിലാണ്ടിയിൽ പാലംപണികാരണം അത്തോളി വഴി വണ്ടിയോടിക്കുമ്പോൾ, ഒരു പാറമടയ്‌ക്കരികിലൂടെ കവി രാഘവൻ അത്തോളി തൊപ്പിയുംവെച്ച്‌ നടന്നുപോകുന്നു. വണ്ടി നിർത്തി. പഴയ സുഹൃത്ത്‌, സ്നേഹസമ്പന്നൻ. കോഴിക്കോടുവരെ രാഘവനും ഒപ്പം. കോഴിക്കോട്ടെത്തി ഭീമൻ കെട്ടുകൾ വണ്ടിയിൽ കയറ്റി വയനാടൻ ചുരം കയറി കൽപ്പറ്റയിലെത്തുമ്പോൾ രാത്രി 12മണി. വാടകമുറി കിട്ടിയില്ല. വണ്ടിയിൽ കിടന്ന്‌ ഉറങ്ങിയെന്ന്‌ വരുത്തി.

പിറ്റേന്ന്‌ വയനാട്‌ ജില്ലാ ലൈബ്രറി കൗൺസിലിന്റെ എട്ടുദിവസത്തെ പുസ്തകോത്സവം. സുഖകരമല്ലാത്ത അനുഭവങ്ങളാണ്‌ പുസ്തകോത്സവങ്ങളിൽ നിന്നും കാര്യമായി നേടുകന്ന കച്ചവടമത്സരങ്ങളുടെ മുഖങ്ങൾ, കണ്ടുപരിചയിക്കുന്ന മുഖങ്ങളിൽ നിന്ന്‌ വ്യത്യസ്തം. എങ്കിലും എഴുത്തുകാരോടും ഗ്രന്ഥകർത്താക്കളോടുമുള്ള ബാധ്യത, ഉത്തരവാദിത്തം. അക്ഷരങ്ങളുടെ ലോകത്തുനിന്നുകൊണ്ട്‌ അക്കങ്ങളോടുള്ള പോരാട്ടമാണ്‌ ഇത്തരം പുസ്തകോത്സവങ്ങൾ. അവിടെ സ്നേഹത്തിനും ആദർശത്തിനും സ്ഥാനമില്ല. വൈവിധ്യമായ മുഖങ്ങൾ ഏറെക്കാണാം. ചില നല്ല സൗഹൃദങ്ങൾ, വായനശാലാ പ്രവർത്തകരുടെ സഹകരണ-നിസ്സഹകരണം, സംഘാടകരുടെ വിവിധങ്ങളായ സ്വഭാവവൈചിത്ര്യങ്ങൾ, സഹപ്രവർത്തകരുടെയും, സ്‌റ്റാൾ ചുമതലക്കാരുടെയും വേവലാതികൾ, സമീപനശൈലികൾ. ജീവിതമറിയാൻ ഇതും വേണമല്ലോ.

അഞ്ചുനാൾ കൽപറ്റയിൽ. കണ്ണൂർ പുസ്തകമേള തീരുന്നദിവസം വൈകിട്ട്‌ (ഫെബ്രുവരി 21) കൽപറ്റയിലെ സ്‌റ്റാളിൽ ജ്യേഷ്‌ഠനെ നിർത്തിയിട്ട്‌ മാനന്തവാടിവഴി വടക്കൻചുരമിറങ്ങി കൂത്തുപറമ്പിലൂടെ കണ്ണൂരിലേയ്‌ക്ക്‌, നാല്‌ മണിക്കൂർ രാത്രിയാത്ര. രാത്രി 12മണി വണ്ടിയിൽ പുസ്തകക്കെട്ടുകൾ കയറ്റി രണ്ടുസഹായികളുമൊത്ത്‌ വാഹനം കോഴിക്കോട്‌ വഴി പാലക്കാട്ടേയ്‌ക്ക്‌. ഇടയ്‌ക്കിടയ്‌ക്ക്‌ ഉറക്കം വന്നുവിളിക്കുമ്പോൾ നിരത്തരികിൽ വണ്ടി നിൽക്കും. മയക്കം. വീണ്ടും ഓട്ടം. 300 കി.മീ. ഓടി 22ന്‌ രാവിലെ 8ന്‌ പാലക്കാട്‌ കോട്ട മൈതാനിയിൽ. പാലക്കാട്‌ ജില്ലാലൈബ്രറി കൗൺസിലിന്റെ അഞ്ചുനാളത്തെ പുസ്തകോത്സവം. കാറ്റു പൊടിയും അസഹ്യം. ചുണ്ടുകൾ വരണ്ടുണങ്ങുന്ന ചൂട്‌. ക്ഷീണം. ഡിംപിളിന്റെയും ഉൺമയുടെയും സ്‌റ്റാളുകളിൽ മാറിമാറി ഡ്യൂട്ടി. ആദ്യമായിട്ടാണ്‌ കണ്ണൂരിലും പാലക്കാട്ടും (മലപ്പുറത്തും) കൗൺസിലിന്റെ പുസ്തകോത്സവം നടക്കുന്നത്‌. ആശ്വാസം പകരുന്ന വില്പനാനുഭവമല്ലായിരുന്നു ഈ ജില്ലകളിൽ. പുസ്തകോത്സവങ്ങൾക്ക്‌ പോകുന്നതിന്റെ ഏറ്റവും ഗുണം പഴയ സാഹിത്യസുഹൃത്തുക്കളെയും, ഉൺമ ബന്ധുക്കളെയും കണ്ടുമുട്ടാനാവുന്നു എന്നതാണ്‌. പുതിയ സൗഹൃദങ്ങളുണ്ടാവുന്നു. ‘ഉൺമ’യെ അറിയുന്ന ധാരാളം പേർ വന്ന്‌ പരിചയപ്പെടും.

ചാനലുകളിൽ കാണാറുണ്ടെന്നും പ്രസിദ്ധീകരണങ്ങളിൽ വായിക്കാറുണ്ടെന്നും പറയുമ്പോൾ സന്തോഷം; തകർത്താടുന്ന ജീവിതതിരക്കിലും ചിലരൊക്കെ ഈ ഇത്തിരിക്കുഞ്ഞന്റെ ‘ഓട്ടം’ ഗൗനിക്കുന്നുണ്ടല്ലോ!

ഫെബ്രുവരി 26ന്‌ വൈകിട്ട്‌ പുസ്തകമേള സമാപിച്ചു. രാത്രിയിൽ വണ്ടിയിൽ പുസ്തകക്കെട്ടുകൾ കയറ്റി സഹായികളുമായി നാട്ടിലേയ്‌ക്ക്‌. 13 ദിവസം മുമ്പ്‌ യാത്രയാരംഭിച്ചിടത്ത്‌ വെളുപ്പിന്‌ 4ന്‌ തിരികെയെത്തി.

അതിനുമുമ്പുതന്നെ കോഴിക്കോട്‌, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പുസ്തകോത്സവം നടന്നിരുന്നു. കഴിഞ്ഞ നാലുവർഷമായി ഈ മേളകൾ അരങ്ങേറുന്നു.

ലൈബ്രറി കൗൺസിലിന്റെ ഈ മേളകൾ അക്ഷരാർത്ഥത്തിൽ അക്ഷരോത്സവം തന്നെയാണ്‌. വായനയുടെ ലോകത്തേക്ക്‌ ജനങ്ങളെ തിരികെ കൊണ്ടുവരാനുള്ള യജ്ഞമാണിത്‌. അനവധി പ്രസാധകർ ഒരു കുടക്കീഴിൽ ഒത്തുകൂടുന്ന ഈ സംരംഭം ചില പരിഷ്‌കാരങ്ങളോടുകൂടി എല്ലാ കാലത്തും നിലനിൽക്കേണ്ടതു തന്നെയാണ്‌.

ഉൺമ മോഹൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.