പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

അരാജകപ്രവാചകന്‌ അതിന്റെ വഴി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ.കെ.ആർ.സി. പിളള

കാഴ്‌ചപ്പാട്‌

ബ്രാഹ്‌മണികവത്‌കരിക്കപ്പെടുകയെന്നത്‌ സായൂജ്യമായി കരുതുന്ന അവർണ്ണന്റെ ആത്മരതിയാണ്‌ ‘ഹൈന്ദവ’മാകാനുളള ആസക്തിയായി അഭിവൃദ്ധിപ്പെടുന്നത്‌. സാധാരണക്കാരൻ കുറി, കാവി, ചരടുകെട്ടലുകൾ തുടങ്ങിയ പ്രതീകങ്ങളിലൂടെ ജാതിശ്രേണിയെ മറികടക്കാൻ വൃഥാ വ്യായാമം നടത്തുമ്പോൾ സാഹിത്യ-കലാകാരൻമാർ കൃതികളിലൂടെ ഈ പാഴ്‌വേല നടത്തുകയും സ്വയം ഇളിഭ്യന്മാരാവുകയും ചെയ്യുന്നു. പരകായപ്രവേശത്തിന്റെ പരിഹാസ്യതയിലേക്ക്‌ ‘ഉയർന്ന’ മഹാസാഹിത്യകാരനായിരുന്നു ഒ.വി.വിജയൻ-ജീവിതത്തിലും മരണത്തിലും.

വേദോപനിഷദ്‌-ഗീതാദി ആത്മീയപിത്തലാട്ടങ്ങളിലൂടെ ചിലർ ‘ആധികാരികത’ അവകാശപ്പെടാൻ പാഴ്‌ശ്രമം നടത്തുമ്പോൾ തുലോം അപ്രസക്തനായൊരു മനുഷ്യദൈവത്തിന്റെ പാദസേവകനും, അയാളുടെ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസറെപ്പോലെ സാഹിത്യരചന നടത്തുകയും ചെയ്‌തയാളാണ്‌ വിജയൻ. ‘ഖസാക്കിന്റെ ഇതിഹാസ’വും ‘ധർമ്മപുരാണ’വും മാറ്റിവച്ചാൽ വിജയന്റെ സാഹിത്യം ശൂന്യമാകുന്നത്‌ ഇതുകൊണ്ടുതന്നെയാണ്‌. സാഹിത്യകാരൻ എന്തായിരിക്കണമെന്ന9 വാശിയല്ല, സാഹിത്യകാരൻ മനുഷ്യകഥാനുഗായിയായിരിക്കണമെന്ന നിർബന്ധമാണ്‌ ഈ കുറിപ്പിനു നിദാനം. ആത്മീയത ആകാവുന്നവർക്ക്‌ അതാകാം. പക്ഷെ അത്‌ സഭ്യതലംവിട്ട്‌ ആര്യബോധത്തിന്റെ അധോതലങ്ങളിലേക്കെത്തുകയും കമ്മ്യൂണിസ്‌റ്റുകാരെയും യുക്തിവാദികളെയുമൊക്കെ ആക്ഷേപിക്കാൻ മാത്രമായ എഴുത്തായി പരിണമിക്കുകയും ചെയ്യുമ്പോൾ (തലമുറകൾ) അതിനുപിന്നിലെ രാഷ്‌ട്രീയതാത്‌പര്യം, അരാഷ്‌ട്രീയവാദിയുടെ അമേരിക്കൻ സ്വപ്‌നമായി മാറുന്നു. ഗുജറാത്തും മാറാടുംപോലും ഇത്തരക്കാരെ നൊമ്പരപ്പെടുത്താത്തതും പ്രശ്‌നം സർഗ്ഗപ്രക്രിയയുടേതല്ലെന്ന്‌ ബോധ്യപ്പെടുത്തുന്നു.

എഴുത്തിലെയും ജീവിതത്തിലെയും ഈ അരാജകത്വം തന്നെയാണ്‌ മരണത്തിലും ഇത്തരക്കാരെ പിന്തുടരുന്നത്‌. ഒരു മിശ്ര വിവാഹിതനും, അത്യന്താധുനികനുമായിട്ടും തന്റെ മരണക്രിയ എപ്രകാരമായിരിക്കണമെന്ന്‌ പറയാനുളള വിവേകമെന്തേ വിജയൻ കാണിച്ചില്ല? പ്രവാചക പരിവേഷം കല്പിക്കപ്പെട്ടിട്ടുളള ഇദ്ദേഹത്തിന്‌ എന്തുകൊണ്ട്‌ തന്റെ ഭാര്യയിലേക്കോ മകനിലേക്കോപോലും തന്റെ ‘ദർശനം’ സന്നിവേശിപ്പിക്കാനായില്ല? അങ്ങനെയൊരാളെ സ്വർഗ്ഗത്തിലേക്ക്‌ കയറ്റിവിടണമെന്ന നിർബന്ധം മരുമക്കളായ ബുദ്ധിജീവികൾക്കുണ്ടായതെങ്ങനെയാണ്‌? ശൂദ്രൻപോലും ഹിന്ദുവല്ലെന്നു പ്രഖ്യാപിക്കുന്ന ‘ഹൈന്ദവധർമ്മ’ത്തിൽ പഞ്ചമനായ വിജയനെ (തീയന്റെ മഹാപുരാണമാണല്ലോ ‘തലമുറകൾ’) ബ്രാഹ്‌മസ്വർഗ്ഗത്തിലെത്തിക്കാൻ എങ്ങനെയാണ്‌ കഴിയുക? കർമ്മം ചെയ്‌തവനാണ്‌ ഭസ്‌മം കലക്കാനുളള അവകാശമെന്നത്‌ ഏതു ശ്രൗതവിധിയാണാവോ? ചാരം ഗംഗയില കലക്കിയാൽ ആത്മാവില്ലാത്ത ചണ്ഡാലന്‌ ബ്രാഹ്‌മണപദവി ലഭിക്കുമോ? ചിതയിൽനിന്നും വരുന്ന ചാരം വിറകും ശരീരവും കത്തിയതിന്റെ അവശിഷ്‌ടമാണ്‌. അത്‌ ഗംഗയിലൊഴുക്കിയാലും തെങ്ങിൻ ചുവട്ടിലിട്ടാലും ഫലം ഒന്നുതന്നെ. അതു മകൻ ചെയ്‌താലും മരുമകൻ ചെയ്‌താലും പുസ്‌തകക്കച്ചവടക്കാരൻ ചെയ്‌താലും മണ്ണിനു വളമാകും. അതിന്റെ പേരിലൊരു വാക്‌പയറ്റ്‌ ‘വിവാദ’മല്ല ‘വിവരക്കേടാ’ണ്‌. സൈബർയുഗത്തിലെ പണ്ഡിതൻമാരുടെ നിരക്ഷരതയാണത്‌. എന്നാൽ ചാരത്തെയും ലാഭകരമാക്കാനുളള തത്‌പരകക്ഷികളുടെ ഇച്ഛ കമ്പോളസംസ്‌കാരമാണ്‌. അത്‌ അപഹാസ്യമാണ്‌. വിജയൻ നിരൂപകർക്കു മഹാനായിരിക്കാം. പക്ഷേ മഹാരഥന്മാർക്ക്‌ മരണാനന്തരമുണ്ടാകുന്ന ഈ ഗതികേട്‌ ജീവിതത്തിൽ അവരെടുക്കുന്ന നിലപാടുകളുടെ അനന്തരഫലമാണ്‌. (നായനാർക്കു സംഭവിച്ചതും അതുതന്നെയാണ്‌.) പുറംലോകത്തിനു വിപ്ലവകാരിയും പണ്ഡിതാഗ്രേസരനും പ്രവാചകനുമൊക്കെയാകുന്നവർ സ്വജീവിതത്തിൽ തികഞ്ഞ അരാജകവാദികളായിരിക്കും. ആദർശധീരതയും, അചഞ്ചല വ്യക്തിത്വവുമുളളവർ മരണത്തെപ്പോലും അതിജീവിക്കും. അതിന്റെ തെളിവാണ്‌ പൊൻകുന്നം വർക്കിയും എം.പി.പോളുമൊക്കെ. ബുദ്ധിജീവിയുടെ പരിവേഷമല്ല അന്തസ്സത്തയാണുണ്ടാകേണ്ടത്‌. ബ്രാഹ്‌മണ്യം ജന്മംകൊണ്ടു മാത്രം ആർജ്ജിക്കാൻ കഴിയുന്നതാണെന്ന്‌ പഞ്ചമരെയെങ്കിലും ബോദ്ധ്യപ്പെടുത്തുന്നത്‌ ഇനിയെന്നാണാവോ?

പ്രൊഫ.കെ.ആർ.സി. പിളള




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.