പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

മാധവിക്കുട്ടി മലയാളിയായി പിറക്കാതിരുന്നെങ്കിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജി. ഹരി നീലഗിരി

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ ഞങ്ങൾ അക്കാലതരുണന്മാർ പ്രസിദ്ധീകരിച്ച ഒരു കാമ്പസ്‌ മാഗസിനിൽ മാധവിക്കുട്ടിയെക്കുറിച്ച്‌ വന്ന കുറിപ്പിന്റെ ശീർഷകം ‘തീണ്ടാരിത്തുണിമനസ്സുകൾക്ക്‌ ഒരു അനുഭവപാഠം’ എന്നായിരുന്നു. നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന്‌ മാധവിക്കുട്ടി ഉൾപ്പെട്ടതിൽ ആഹ്ലാദവും ആവേശവും പ്രകടിപ്പിക്കുന്നതായിരുന്നു ആ കുറിപ്പ്‌. ഒപ്പം കപട സദാചാരവാദികൾ അവരെ വേട്ടയാടുന്നതിലെ പ്രതിഷേധവും. വെള്ളയമ്പലത്ത്‌ സ്ഥാണുവിലാസം ബംഗ്ലാവ്‌ എന്ന പേരിലുള്ള ഒരു പഴയ വീട്ടിലായിരുന്നു ദാസേട്ടനും ബാലാമണിയമ്മയ്‌ക്കുമൊപ്പം അന്നവർ താമസം. കുറിപ്പിന്റെ ശീർഷകം കണ്ടതും മാധവിക്കുട്ടിയുടെ മുഖത്ത്‌ വല്ലാത്തൊരു അരോചകത്വം നിറഞ്ഞു; ‘കുട്ട്യോളേ, എന്തിനാ നിങ്ങൾ ഇങ്ങനെയൊക്കെ ടൈറ്റിൽ കൊടുക്കുന്നത്‌?“ വാത്സല്യപൂർവ്വകമായ വ്യസനത്തോടെ അവർ ചോദിച്ചു. മാധവിക്കുട്ടി അക്കാലത്ത്‌ ഞങ്ങൾക്കും ലൈംഗികവിപ്ലവത്തിന്റെ ധീരോദാത്തപ്രതീകമായിരുന്നു! ഞങ്ങളുടെ സന്ദർശനം നിത്യേനയെന്നോണമായപ്പോൾ ദാസേട്ടൻ ഓർമ്മിപ്പിച്ചു ഃ ’നിങ്ങൾ ഇങ്ങനെ എന്നുംവന്ന്‌ അവളെ ഡിസ്‌റ്റർബ്‌ ചെയ്യരുത്‌. Her health is not so okay*. പിന്നീട്‌ മധുരമധുരമായ വാക്കുകളും അതിനു പിന്നിലെ സുസ്‌മേരവദനവും ഓർമ്മയിൽ അവശേഷിപ്പിച്ച്‌ മാധവിക്കുട്ടി തിരുവനന്തപുരം വിട്ടു. സ്ഥാണുവിലാസം ബംഗ്ലാവിനുമുന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം ആ ഭൗതികസാന്നിധ്യത്തിനായി കൊതിച്ചു. അടുത്തിടെ അവർക്കുള്ള യാത്രാമംഗളങ്ങളും ഫീച്ചറുകളും ആനുകാലികങ്ങളിൽ നിറഞ്ഞു. സാംസ്‌കാരിക മലയാളി വീട്ടിൽ നിന്നിറങ്ങിയ പ്രിയപ്പെട്ട ആ എഴുത്തുകാരിക്ക്‌ ഗുഡ്‌ബൈ പറയുന്നു.

മാധവിക്കുട്ടി എന്ന കമലാദാസ്‌ എന്ന കമലാസുരയ്യ ആത്മാവിനെ ഒരിക്കൽക്കൂടി പൊള്ളിക്കുകയാണ്‌; അടുത്തിടെ പീപ്പിൾ ടിവിയിലെ ‘ക്വസ്‌റ്റ്യൻടൈമിൽ’ മുറിവേറ്റ ഒരു ചകോരമായി സോഫയിൽ ചാരിക്കിടന്നുകൊണ്ട്‌ ജോൺ ബ്രിട്ടാസുമായി അവർ പങ്കുവയ്‌ക്കുന്നു. ആ ധർമ്മസങ്കടങ്ങൾ മലയാളി സമൂഹത്തിൽ പിറന്നുപോയ എന്നെ ആഴത്തിൽ വ്യസനിപ്പിക്കുകയും ആത്മരോഷത്തിന്റെ തീച്ചൂളയിൽ ഉരുക്കുകയും ചെയ്തു.

മാധവിക്കുട്ടിക്ക്‌ നിരന്തരം തെറിക്കത്തുകൾ ലഭിക്കുന്ന വിവരം ഞാനാദ്യമറിയുന്നത്‌ നടരാജഗുരുവിന്റെ ശിഷ്യനായ സ്വാമി വിനയചൈതന്യയിൽ നിന്നാണ്‌. സ്വാമി വിനയചൈതന്യ മാധവിക്കുട്ടിയെ സന്ദർശിക്കുന്നത്‌ മതംമാറ്റത്തിന്റെ ഹാങ്ങോവർ കാലത്തായിരുന്നു. അനുചരവൃന്ദത്താൽ ചൂഴപ്പെട്ടും അസ്വതന്ത്രയായും അവർ കൊച്ചിയിലെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഒരു കെട്ട്‌ തെറിക്കത്തുകൾ വിനയചൈതന്യയെ കാട്ടി മാധവിക്കുട്ടി പറഞ്ഞുഃ ‘വിനയാ, മലയാളി ആരാധകർ എനിക്ക്‌ അയച്ചുതന്നിരിക്കുന്ന ഗിഫ്‌റ്റ്‌സ്‌ കണ്ടില്ലേ?’ വർഷങ്ങളായി കേരളത്തിനു പുറത്തു ജീവിക്കുന്ന സ്വാമിക്ക്‌ അത്‌ അവിശ്വസനീയമായിരുന്നു. ‘സാക്ഷരമലയാളികളിൽ ഈ ജനുസിൽപ്പെട്ടവരുണ്ടോ?’ സ്വാമി അത്ഭുതം കൂറി. കപടസദാചാരികൾ നിർത്തിവച്ചിരുന്ന കൃത്യം മതമൗലികവാദികൾ ഏറ്റെടുത്തതിന്റെ സൂചനയായിരുന്നു ആ തെറിക്കത്തുകൾ.

പീപ്പിൾ ടിവിയിലെ ‘ക്വസ്‌റ്റ്യൻടൈമി’ൽ ഇസ്ലാംമതം സ്വീകരിക്കുന്നതോടനുബന്ധിച്ച്‌ തനിക്കുണ്ടായ ചില മിസ്‌റ്റിക്‌ അനുഭവങ്ങൾ അവർ പങ്കുവയ്‌ക്കുന്നു. നിലാവിന്റെ ലാവണ്യമാർന്ന ആ നിഗൂഢകഥകൾ കേട്ട്‌ നാം തരിച്ചിരുന്നു പോകുന്നു.

ഫെമിനിസത്തിനിട്ട്‌ അവർ ചില കിഴുക്കുകൾ കൊടുക്കുന്നു. ‘ഇക്കാലമത്രയും മടിയിൽ തലവച്ചുറങ്ങിയവനെ എങ്ങനെ ഡിവോഴ്‌സ്‌ ചെയ്യാനാകും? I hate this feminism... ആത്മപുച്ഛത്തോടെ അവർ പറയുന്നു. തന്റെ സ്വതസിദ്ധമായ അഭിമുഖകൗശലത്തോടെ ജോൺബ്രിട്ടാസ്‌ മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തിലേയ്‌ക്ക്‌ കുസൃതിചോദ്യങ്ങളുമായി കടക്കുകയായി. ’ദാസേട്ടനെ ഡിവോഴ്‌സ്‌ ചെയ്തുകൂടേ‘ എന്ന ഒരുത്തരേന്ത്യൻ സാഹിത്യസുഹൃത്തിന്റെ നിർദ്ദേശത്തിന്‌ താൻ നൽകിയ ചുട്ടമറുപടി അവർ ഓർമ്മിക്കുന്നു. കുടിച്ചും കുടിയ്‌ക്കാതെയും ഒറ്റയ്‌ക്കും തെറ്റയ്‌ക്കുമെല്ലാം തന്നെ സന്ദർശിക്കാനെത്തുന്ന ബോറന്മാരെ കൈകാര്യം ചെയ്ത കഥകളും, താൻ വളർത്തി വലിയവരാക്കിയ അനാഥക്കുട്ടികളെക്കുറിച്ചും ദാനം ചെയ്ത്‌ പാപ്പരായ കഥകളും ഫോറസ്‌ട്രിക്ലബ്ബിൽ നിന്ന്‌ പാരയിലൂടെ ബഹിഷ്‌കൃതയായതുമെല്ലാം അവർ അയവിറക്കുന്നു. ഈ ഘട്ടത്തിലാണ്‌ ജീവിതസായാഹ്‌നത്തിൽ ജന്മനാടിനെ എന്നേക്കുമായി ഉപേക്ഷിക്കുവാൻ നിർബന്ധിതയാക്കുന്നിടത്തോളം സ്നേഹാധിക്യത്താൽ മലയാളിസമൂഹം തന്നെ മൂടിയ കഥ അവർ വെളിപ്പെടുത്തുന്നത്‌. പരിചാരികയെ വിളിച്ച്‌ ആ സ്നേഹസമ്മാനങ്ങൾ അവർ അഭിമുഖക്കാരന്‌ കാട്ടിക്കൊടുക്കുന്നു; അഭിസംബോധന; പുലയാടിച്ചീ...

’ബ്രൂട്ടസേ, (ഈ ഘട്ടത്തിൽ ജോൺ ബ്രിട്ടാസിനെ കമലാസുരയ്യ ‘ബ്രൂട്ടസ്‌’ എന്ന്‌ തെറ്റിവിളിച്ചത്‌ മലയാളിസമൂഹത്തെ സംബന്ധിച്ച്‌ തീർത്തും അന്വർത്ഥമായി!) സദാസമയവും പത്തിരുപതുപേരെങ്കിലും കാണുന്ന ഈ വീട്ടിൽ എവിടെവച്ചാണ്‌ ഞാൻ ‘പാപം’ ചെയ്യുന്നത്‌? കുളിമുറിയിൽ വച്ചാണെങ്കിൽ അമ്മേ എന്ന്‌ ഈ കുട്ടികൾ മുട്ടിവിളിക്കില്ലേ?‘ അമ്മയുടെ മുലകളിൽ തൊട്ടു നമസ്‌ക്കരിച്ചുമാത്രം ആൺമക്കൾ യാത്ര പുറപ്പെടുമായിരുന്ന തിരുവിതാംകൂർ ഭാഗത്തെ സമീപഭൂതകാല സംസ്‌കാരത്തെക്കുറിച്ചായിരുന്നു ഞാൻ ഓർത്തത്‌. ഒപ്പം എന്റെ ഒരാത്മമിത്രത്തിന്റെ (ക്രൂര)ഫലിതവും ഃ ’നാലപ്പാട്ട്‌ നാരായണമേനോൻ രണ്ട്‌ വിഖ്യാതഗ്രന്ഥങ്ങൾ രചിച്ചു. അതിൽ ‘ആർഷജ്ഞാനത്തിന്റെ വഴി അനന്തിരവൾ സ്വീകരിച്ചു. ’രതിസാമ്രാജ്യ‘ത്തിന്റേത്‌ കൊച്ചനന്തിരവളും!’

ഞാൻകൂടി ഉൾപ്പെടുന്ന മലയാളി സമൂഹത്തിന്റെ ഉള്ളിന്നുള്ളിലെ ദുരാപൂർവ്വകമായ മതവിദ്വേഷത്തെക്കുറിച്ചും ദുർവ്വാരുഹമായ കപടസദാചാരത്തെക്കുറിച്ചും മാധവിക്കുട്ടിയുടെ വാക്കുകളിൽ പിടിച്ച്‌ പേജുകൾ തന്നെ എഴുതാം. എന്നാൽ അത്‌ മലയാളിക്ക്‌ കഥയുടെ വസന്തങ്ങൾ സമ്മാനിച്ച ഈ അനുഗൃഹീത എഴുത്തുകാരിയോട്‌ ചെയ്യുന്ന മറ്റൊരു അനീതിയാകും.

ചിത്തഭ്രമം ബാധിച്ച ഒരു ന്യൂനപക്ഷം ചെയ്യുന്ന ഇത്തരം വിധംസാത്മകമായ തിന്മകൾ നാം ഭൂരിപക്ഷംവരുന്ന ‘സാക്ഷരമലയാളികൾ’ ഇങ്ങനെ കയ്യുംകെട്ടി നോക്കിയിരിക്കുന്നത്‌ ആശാസ്യമാണോ?

ജി. ഹരി നീലഗിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.