പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

‘അശ്ലീലചിന്തകൾക്ക്‌ ഒരു ബദൽ’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനിൽ വളളിക്കോട്‌

പ്രതികരണം

അങ്ങുവടക്കൊരു ഗ്രാമത്തിന്റെ പേര്‌ ലോകത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. പയ്യോളി എന്നാണാ ഗ്രാമത്തിന്റെ പേര്‌. പയ്യോളി അടയാളപ്പെടുത്തിയത്‌ അവിടെ ഒരു പെൺകുട്ടി ജനിച്ചു എന്നും അവൾ ഈ ലോകം മുഴുവൻ ഓടിത്തീർത്തു എന്നുമാണ്‌. ഇത്തരം ചെറിയ ജീവിതങ്ങളല്ലേ ഒരു വർഗ്ഗത്തേയോ, നാടിനെയോ ധന്യമാക്കുന്നത്‌.

ഹരിയായനയിലെ കർണ്ണാലിൽ എന്ന ഗ്രാമം നമ്മുടെ ആകാശത്ത്‌ ഒരു നക്ഷത്രത്തെ സംഭാവന ചെയ്‌തു. കൽപ്പനാ ചൗള എന്ന നക്ഷത്രം. അപ്പോൾ പിന്നെ നമുക്കും ചിന്തിക്കേണ്ടതുണ്ട്‌; നമ്മൾ നമ്മുടെ ജീവിതം കൊണ്ട്‌ എന്തുചെയ്തു?

ഇങ്ങനെയൊരു സ്‌ത്രീപക്ഷ ചിന്തയ്‌ക്കു പ്രേരിപ്പച്ചത്‌ ‘ചിരിചെപ്പ്‌’ മാസികയുടെ ഒക്‌ടോബർ ലക്കത്തിൽ എന്റെ പ്രിയ കഥാകൃത്തും പത്രപ്രവർത്തകനുമായ വിനോദ്‌ ഇളകൊളളൂരിന്റെ ‘അശ്ലീലചിന്തകൾ’ എന്ന ലേഖനമാണ്‌.

താനൊരു ഫെമിനിസ്‌റ്റ്‌ വിരോധിയോ, ലൈംഗികാഭാസകനോ അല്ലെന്ന്‌ മുൻകൂർ ജാമ്യമെടുത്തുകൊണ്ടും, വാത്സ്യായന മഹർഷിക്ക്‌ പാദപൂജ ചെയ്‌തുകൊണ്ടും സ്‌ത്രീശരീരത്തെ ആസ്വദിക്കുന്ന ലേഖകൻ പെണ്ണുപിടിയൻമാർക്കു മുഴുവൻ അടിവളമിട്ടുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌.

‘പി.ടി.ഉഷ ഇന്ത്യാ മഹാരാജ്യം മുഴുവൻ ഓടിത്തീർത്താലും, സാനിയാ മിർസ ടെന്നീസ്‌ വല അടിച്ചുകീറിയാലും പെണ്ണു പെണ്ണുതന്നെ’ എന്ന പരാമർശം പഴയ നായനാർ ഫലിതംപോലെ അത്ര നിസാരമായി കാണാവുന്ന ഒന്നല്ല, നിഷ്‌കളങ്കവുമല്ല.

വങ്കന്മാരായ നമ്മൾ ആൺപിറപ്പുകൾ മനുസ്‌മൃതിയെ കൂട്ടുപിടിച്ച്‌ അതിലഞ്ചാറുവരി കാണാപാഠം പഠിച്ച്‌ വിശ്വസിച്ചുവച്ചിരുന്ന ഒരു കാര്യമുണ്ട്‌, ‘ആണിന്റെ തണലിലാണ്‌ പെണ്ണ്‌ ജീവിക്കേണ്ടത്‌ എന്ന്‌........’ അളിയാ സംഗതി മറിച്ചാണ്‌. ഈ മൺപാത്രത്തിലേക്കിറക്കിവിട്ട്‌ കെട്ടുപ്രായം വരെ നമ്മെ തീറ്റിപ്പോറ്റുന്നും അണ്ടർവെയർ വരെ നനച്ചുണക്കിത്തന്ന്‌ കുട്ടപ്പൻമാരാക്കി വിലസാൻ വിടുന്നും ‘സ്‌ത്രീ ഒരു ഗർഭാശയമാണ്‌’ എന്ന്‌ നമ്മൾ ആക്ഷേപിക്കുന്ന അതേയിനം തളള തന്നെയാണ്‌. കല്യാണം കഴിഞ്ഞാൽ സൂക്ഷിപ്പിന്റെ താക്കോൽ പിടിച്ചുവാങ്ങിയോ, ചോദിച്ചുവാങ്ങിയോ കെട്ടിയോന്റെ മൂക്കിൽ പഞ്ഞിവയ്‌ക്കുന്ന നേരം വരെ മണ്ണോ പൊടിയോ പറ്റാതെ നോക്കിനടത്തുന്നതും ഒരു പെണ്ണു തന്നെ. അങ്ങനെ രണ്ടു ഘട്ടങ്ങളിലായി നമ്മുടെ ജീവിതം പെണ്ണിന്റെ തണലിൽ തന്നെയാണളിയാ. റെജീനയും, ശോഭ ജോണുമല്ല പെൺവർഗ്ഗത്തിന്റെ മുഴുവൻ മുക്ത്യാർകാര്‌. അടുത്ത ജന്മമെങ്കിലും ഒരു പേപ്പട്ടിയായി ജനിക്കണേ എന്ന്‌ വിനോദ്‌ ഇളകൊളളൂർ തമ്പുരാനോട്‌ യാചിക്കുമ്പോൾ, ഒരു പെണ്ണായി പിറവികൊടുക്കണേ എന്നാണ്‌ എന്റെ പ്രാർത്ഥന. ജനിച്ചതും, ജനിക്കാനിരിക്കുന്നതുമായ മുഴുവൻ പെൺപിറപ്പുകൾക്കുളള പ്രതിഷേധമായി ഈ കുറിപ്പ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.

അനിൽ വളളിക്കോട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.