പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

അടിപൊളിയാകുന്ന അദ്ധ്യാപനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുകേതു

പ്രതികരണം

പത്തിയൂർ ശ്രീകുമാറിന്റെ പ്രതികരണം (ഉൺമ നവംബർ-‘04) വായിച്ചു. ’വളരെ നന്നായി, ഇത്തരം അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു‘ എന്നുപറഞ്ഞ്‌ വേണമെങ്കിൽ ഒഴിയാം. പക്ഷെ അങ്ങനെ ഒഴിയാൻ എനിക്കു മനസ്സില്ല. ശ്രീകുമാറേ, അടിപൊളിപ്പാട്ട്‌, അടിപൊളിക്കാലം ഇതൊക്കെ വെറുതെ പറയുകയാണ്‌. യൗവ്വനത്തെ കുറ്റപ്പെടുത്തിയിട്ട്‌ എന്തുകാര്യം? അഥവാ ഒരു യൗവ്വനവും ’എനിക്ക്‌ ഇതുതന്നെ മതിയേ...‘ എന്നുപറഞ്ഞ്‌ പിറകേ പായുന്നുണ്ടോ? ഇന്നത്തെ സിനിമയും അതിലെ പാട്ടും യൗവ്വനത്തെ ഹരം കൊളളിക്കുന്നു എന്നു പറയുന്നു. ഇതൊക്കെ ചെയ്യിക്കുന്നതല്ലേ? ഒരുതരം കുരങ്ങുകളിപ്പിക്കൽ. സിനിമയെ കച്ചവടമാക്കിയ കുറച്ച്‌ വിചിത്രജന്തുക്കൾ ഇവിടെ നെരങ്ങുന്നുണ്ട്‌. സിനിമയെ മാത്രമല്ല, കേരളത്തെ മൊത്തം വിഴുങ്ങിക്കഴിഞ്ഞിരിക്കുകയാണ്‌. രക്ഷപ്പെടാനുളള പഴുതുകൾ ഒന്നുപോലും ബാക്കിയാക്കാതെ.

നല്ല വൈദ്യന്മാരെല്ലാം കടയടച്ച്‌ പോയി. മുറിവൈദ്യന്മാരുടെ ഘോഷയാത്ര നാടും നഗരവും വളഞ്ഞു കഴിഞ്ഞു. എല്ലാം സഹിക്കാം. ഏറ്റവും അപകടം വിദ്യാഭ്യാസമാണെന്നു തോന്നുന്നു. തോന്നലല്ല, അതുതന്നെ.

ഒരുദാഹരണം പറയാം; ഞാൻ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിപൊളി ഉദാഹരണം. മൂവായിരത്തോളം കുട്ടികളും നൂറിലധികം അധ്യാപകരുമുളള വിദ്യാലയം. വെറുതെ ഞാനൊരു കടക്കെടുപ്പ്‌ നടത്തി. അധ്യാപകരിൽ (ഞാനടക്കം) നാലുപേരുടെ മക്കളാണ്‌ ഇവിടെ പഠിക്കുന്നത്‌. ബാക്കിയെല്ലാവരും മക്കളെ ’വിലപിടിച്ച സ്‌കൂളുകളി‘ൽ ഭദ്രമാക്കി വെച്ചിരിക്കുകയാണ്‌. അധ്യാപകരിൽ 99% പണക്കൊഴുപ്പിൽ ജീവിക്കുന്നു.

ഏക്കറുകണക്കിനു ഭൂമിയുളളവർ&കൃഷിയുളളവർ. പട്ടണത്തിൽ പെട്രോൾപമ്പും സിനിമാടാക്കീസുമുളളവർ. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഷെയറുളളവർ. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ നടത്തുന്നവർ, ബസ്സുടമകൾ, വസ്‌ത്രാഭരണക്കടകൾ... ബ്ലേഡുകമ്പനികൾ നടത്തുന്നവർ. ഷോപ്പിംഗ്‌കോംപ്ലക്‌സ്‌ പണിതു വില്‌ക്കുന്നവർ, മാർജിൻഫ്രീ മാർക്കറ്റുടമകൾ, വല്യങ്ങാടിയിൽ ദിവസപ്പലിശയ്‌ക്ക്‌ പണം കൊടുക്കുന്നവർ.... ഇതൊക്കെ പരസ്യമാണ്‌.

ഇനി രഹസ്യക്കച്ചവടമുളള എത്രയെത്ര അധ്യാപകരുണ്ടാകും! ആ വഴിക്ക്‌ ചിന്തിച്ചാൽ എത്തുംപിടിയും കിട്ടില്ല. ഇവരാണ്‌ ഓരോ പ്രവൃത്തിദിവസവും ധൃതിപിടിച്ചെത്തുന്നത്‌. എന്തായിരിക്കും ഇവർ പഠിപ്പിക്കുന്നത്‌? അഥവാ എന്ത്‌ പഠിപ്പിക്കാൻ സാധിക്കും?

നാമെല്ലാം ഇന്നലെ സൂപ്പിയുടെ മെക്കിട്ടു കേറി. “മലയാളം കൂട്ടിവായിക്കാനറിയാത്ത മന്ത്രി” എന്ന്‌. അതിലും കഷ്‌ടമാണ്‌ ശ്രീകുമാറേ ഇവിടെ. സമയമുണ്ടെങ്കിൽ, ’കേരളത്തിലെ സ്‌കൂൾമാഷ്‌മാര്‌“ എന്ന വിഷയത്തിൽ ഒരു പഠനം നടത്തിനോക്കൂ. ശ്രീകുമാറിന്‌ ജീവിതം മുഴുവൻ പൊട്ടിച്ചിരിക്കാനുളള വകകിട്ടും.

ഇനിയും ഒരുപാടുണ്ട്‌ പറയാൻ; പിന്നെയാകാം.

സുകേതു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.