പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

വിവാഹം തോക്കിൻമുനയിലൂടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗോപി ആനയടി (നാഗ്‌പൂർ)

അഹിംസയുടെ പ്രവാചകനും ദയാമൂർത്തിയും കരുണയുടെ സാഗരവുമായിരുന്ന ബുദ്ധഭഗവാന്റെ വിഹാരകേന്ദ്രമായിരുന്ന ‘ഗയ’ ഉൾപ്പെട്ട ബീഹാർ സംസ്ഥാനം ഇന്ന്‌ ഹിംസയുടെയും കാപാലികതയുടെയും ഈറ്റില്ലമാണ്‌. രാഷ്‌ട്രീയത്തിനു പുത്തൻ മാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിനു സമ്മാനിച്ച ലാലുപ്രസാദ്‌ യാദവ്‌ എന്ന പരുക്കൻ രാഷ്‌ട്രീയക്കാരന്റെ നാട്ടിൽ വിവാഹത്തിനു കല്യാണചെറുക്കനെ കണ്ടുപിടിക്കുന്നതിനുപോലും നിറതോക്കുകൾ സഹായത്തിനെത്തുകയാണ്‌.

കല്യാണപ്രായമെത്തിയ യുവാക്കളെ അപഹരിക്കുന്ന അഞ്ഞൂറിലധികം അപഹരണസംഘങ്ങൾ ഇന്നു ബീഹാറിൽ പ്രവർത്തനനിരതമാണ്‌. വൻ തുക സ്‌ത്രീധനം നല്‌കാനാവാത്ത മാതാപിതാക്കൾ സ്വന്തം പുത്രിമാർക്കുവേണ്ടി വിദ്യാസമ്പന്നരായ വരന്മാർക്കായി ഇത്തരം സംഘങ്ങളെ അഭയം തേടുന്നത്‌ സാധാരണമായിരിക്കുകയാണ്‌. യോഗ്യരായ യുവാക്കളെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി അപഹരിച്ച്‌ പെണ്ണിന്റെ വീട്ടിൽ എത്തിക്കുകയും, തുടർന്ന്‌ വിവാഹം നടത്തിക്കുകയും ചെയ്യുന്നു.

1995-96 മുതലാണ്‌ ഇത്തരം വിവാഹങ്ങൾ കണ്ടുതുടങ്ങിയത്‌. നാളുകൾ കഴിയുംതോറും ഈ പുത്തൻ പരിപാടിക്കു പ്രചാരം ഏറിവരുന്നുണ്ട്‌. ഇത്തരം അയ്യായിരത്തിലധികം വിവാഹങ്ങൾ ബീഹാറിലെ പല ജില്ലകളിലായി നടന്നുകഴിഞ്ഞു. ഈ വർഷം മാത്രം ഇത്തരം 1850 ൽ അധികം വിവാഹങ്ങൾ നടന്നിട്ടുളളതായാണ്‌ റിപ്പോർട്ടുകൾ.

അമിതമായ സ്‌ത്രീധനാർത്തി നാൾക്കുനാൾ പെരുകിവരുന്ന ബീഹാറിൽ വരന്മാരെ അപഹരിക്കുന്ന സംഘങ്ങൾക്കു പ്രചാരം ഏറുന്നതു സ്വാഭാവികമാണല്ലോ. വൻ തുക സംഭാവന നല്‌കി മദ്ധ്യപ്രദേശിലെയും മഹാരാഷ്‌ട്രയിലെയും പ്രൈവറ്റ്‌ എൻജിനീയറിംഗ്‌ കോളേജുകളിൽ ബീഹാറിൽ നിന്നുളള വിദ്യാർത്ഥികൾ പ്രവേശനം നേടുന്നത്‌, എൻജിനീയറാകാനുളള മോഹം കൊണ്ടല്ല, മറിച്ച്‌ സ്‌ത്രീധനം വിലപേശി വാങ്ങുവാനാണ്‌. അപഹരണസംഘങ്ങൾ മുഖേനയുളള വിവാഹം നേരത്തെ മുതിർന്ന ജാതിക്കാരിൽ മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ ഇന്നു താണജാതിയിൽപെട്ടവരും അപഹരണസംഘങ്ങളെ അഭയം തേടിവരുന്നുണ്ട്‌.

സ്വന്തം മകൾക്കുവേണ്ടി മാതാപിതാക്കൾ ഏതെങ്കിലും ഒരു പയ്യനെ ഇഷ്‌ടപ്പെട്ടാൽ അവർ ഉടൻതന്നെ അപഹരണസംഘത്തെ സമീപിക്കുകയായി. വിവാഹത്തിനുവേണ്ട സന്നാഹങ്ങൾ പൂർത്തിയായാൽ ഉടൻതന്നെ നിശ്ചിത വരനുമായി അപഹരണസംഘം വിവാഹവേദിയിലെത്തുന്നു. വിവാഹം നടക്കുന്നതും തോക്കിൻമുനയിൽതന്നെ. വിവാഹാനന്തരം നവദമ്പതികൾ ഒരുമിച്ചുറങ്ങുവാനുളള ഏർപ്പാടുകളും ചെയ്‌തുകഴിഞ്ഞാൽ സംഘത്തിന്റെ ചുമതല അവസാനിച്ചു. വേദിവിട്ടു പോരുന്നതിനു മുൻപായി വരനു വേണ്ട ഉപദേശങ്ങളും നല്‌കുന്ന അവർ പ്രതിഫലവും കണക്കുപറഞ്ഞു വാങ്ങുവാൻ മറക്കാറില്ല. വിവാഹാനന്തരം വധുവിനെ ഉപദ്രവിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്‌താൽ ജീവനെടുത്തു കളയുമെന്ന ഭീഷണിയാണ്‌ വരന്‌ ഉപദേശരൂപേണ സംഘം നല്‌കുന്നത്‌. അതിനാൽ തോക്കുചൂണ്ടിയുളള വിവാഹത്തിനുശേഷമുളള ജീവിതം അനർഗളമായി മുന്നോട്ടുപോകുന്നു.

വിവാഹം സ്വർഗ്ഗത്തിലാണു നടക്കുന്നത്‌ എന്ന ധാരണ ഇനി നമുക്കു തിരുത്താം.

ഗോപി ആനയടി (നാഗ്‌പൂർ)




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.