പുഴ.കോം > ഉണ്‍‌മ > ഉപന്യാസം > കൃതി

സാഹിത്യസാർസും സ്‌നേഹപ്രതിരോധവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.എം.പി.ബാലകൃഷ്‌ണൻ

സംസ്‌കൃതം പഠിപ്പിക്കുന്നത്‌ ചാതുർവർണ്ണ്യസംസ്‌കാരം പുനസ്ഥാപിക്കാനുളള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നു കേരള സർവ്വകലാശാല സംസ്‌കൃത അദ്ധ്യാപകനും വേദാനത പഠനകേന്ദ്രം മേധാവിയുമായ ഡോ. കെ. മഹേശ്വരൻനായർ പ്രസ്താവിച്ചിരിക്കുന്നു. ആദ്യം താൻ ആ തൊഴിൽ നിർത്തിയിട്ടുവേണ്ടേ ഹേ ഇതുപറയാൻ എന്നു നിങ്ങൾ ചോദിച്ചാൽ എന്തായിരിക്കും ഈ ശമ്പളപണ്ഡിതന്റെ മറുപടി? ദേഹമനങ്ങാനെ പ്രതിമാസം അഞ്ചക്കശമ്പളം പറ്റിക്കൊണ്ടിരിക്കുന്നത്‌ അങ്ങനെയങ്ങു വേണ്ടെന്നു വയ്‌ക്കാനൊക്കുമോ എന്നായിരിക്കാനേ തരമുളളൂ. വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികൾ സംസ്‌കൃതം പഠിച്ചു വേദവും പഠിച്ചിട്ടാണ്‌ അതിനധികാരി ജാതിബ്രാഹ്‌മണരല്ലെന്ന്‌ ആർക്കും ഖണ്ഡിക്കാനാവാത്തവണ്ണം നിരൂപണം ചെയ്‌തുവച്ചത്‌. ശ്രീനാരായണഗുരു സംസ്‌കൃതം സ്വയം പഠിക്കുകയും മറ്റുളളവരെ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ഇന്നത്തെ ‘വിപ്ലവകാരികൾ’ എത്തിനില്‌ക്കുന്ന പടുകുഴി സങ്കല്പിച്ചു നോക്കുക. ഈ പരിതസ്ഥിതിയിൽവേണം കഴിഞ്ഞ ലക്കം ഉൺമയുടെ മുഖക്കുറിക്കും മുന്നേയുളള തലക്കുറിക്കും നാം ഉത്തരം തേടേണ്ടത്‌. ‘ഇനി നമുക്ക്‌ വേണ്ടത്‌ സ്‌നേഹം പഠിപ്പിക്കാൻ ഒരു സർവ്വകലാശാലയും സിലബസ്സുമാണ്‌. പക്ഷേ ആര്‌ ആരെ പഠിപ്പിക്കും?“ എന്നാണല്ലോ തലക്കുറിച്ചോദ്യം. പഠിപ്പിക്കേണ്ടതു ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ നാട്ടുകാരെത്തന്നെ. സിലബസ്‌ ആദികവി മുതൽ ഇങ്ങോട്ടുളളവർ എഴുതിവച്ചിട്ടുണ്ട്‌. സർവ്വകലാശാലകൾക്കും പഞ്ഞമില്ല. പക്ഷേ പഠിപ്പിക്കുന്നതാര്‌? അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന മേൽപറഞ്ഞ തരം സാംസ്‌കാരിക ഇത്തിൾക്കണ്ണികളെ ഏല്‌പിക്കാമോ ആ പണി?

സംസ്‌കാരംപോലെ അർത്ഥലോപം ഭവിച്ചു പോയ ശബ്‌ദം എന്നു വേറെയില്ല. അർത്ഥകാമങ്ങൾക്കുവേണ്ടി ധർമ്മത്തെ വില്‌ക്കുന്ന, നിരർത്ഥകമായ പ്രശസ്‌തിക്കുവേണ്ടി അമ്മയെ തല്ലുന്ന അധോലോക നായകന്മാരായിരിക്കുന്നു നമ്മുടെ സാംസ്‌കാരികരംഗത്തെ മിക്ക നേതാക്കളും. ജനസാമാന്യത്തിനു സുവ്യക്തമാവുന്ന നഗ്നയാഥാർത്ഥ്യങ്ങൾപോലും ഇവരുടെ ദൃഷ്‌ടിയിൽ പെടുന്നില്ല. രുഗ്‌ണമായ സ്വന്തം മനസ്സിന്റെ പുലമ്പൽ സാഹിത്യം എന്ന പേരിൽ ഇവർ പ്രചരിപ്പിക്കുന്നു. സാർസിനെക്കാൾ അപകടകാരികളായി അക്ഷരരൂപത്തിൽ വന്ന്‌ അവ നമ്മെ ബാധിക്കുന്നു. ആന്റണി സർക്കാരിന്റെ രണ്ടുവർഷത്തെ പ്രകടനത്തിനു വിവിധ രംഗങ്ങളിലെ പ്രഗത്ഭർ മാർക്കിട്ട കൂട്ടത്തിൽ നമ്മുടെ കറിയാച്ചന്റെ കമന്റ്‌ കേട്ടില്ലേ? ”ത്രിശൂല കഠാര വിതരണത്തെ അനുഗ്രഹിച്ചും മാറാടിനെ ആർ.എസ്‌.എസ്‌. നിയന്ത്രണത്തിനു വിട്ടുകൊടുത്തും ഇടുക്കിയിൽ അനധികൃത ക്ഷേത്രനിർമ്മാണസ്ഥലം അനുവദിച്ചും ഈ ഭരണകൂടം കേരളീയരെ മതഫാസിസത്തിനു മനഃപൂർവ്വം ഒരുക്കിക്കൊടുക്കുന്ന നയം സ്വീകരിക്കുകയാണെന്നു സംശയിക്കണം.“ സംശയാത്മാ വിനശൃതി. ദൃക്കിന്റെ വൈകല്യം ദൃശ്യത്തെ മാറ്റിമറിക്കും. മുൻവിധികളും ഗൂഢലക്ഷ്യങ്ങളും പുലർത്തുന്നവരുടെ സർഗ്ഗാത്മക രചനകൾപോലും ഗുണത്തിലേറെ ദോഷം ചെയ്യും.

സർഗ്ഗാത്മക രചനയിൽ എടുത്തു പറയത്തക്ക രണ്ടു കഥകൾ കഴിഞ്ഞലക്കം ഉൺമയിൽ ഉണ്ട്‌. ഗാർഹസ്ഥ്യത്തിന്റെ കാണാപ്പുറങ്ങൾ തന്നെ രണ്ടിലും വിഷയം. ’ആതുരാലയ‘ത്തിൽ (മാധവിക്കുട്ടി) ഡോക്‌ടറും ’തഴപ്പായിലൊരുറക്ക‘ത്തിൽ (സരസ്വതിശർമ്മ) കമ്പ്യൂട്ടർ എൻജിനീയറും ഭർത്താക്കന്മാർ. മാധവിക്കുട്ടി സ്വന്തം നായകനിലേക്കും സരസ്വതിശർമ്മ നായികയിലേക്കുമാണ്‌ വായനക്കാരുടെ അനുകമ്പ ആർജ്ജിക്കാൻ ശ്രമിക്കുന്നത്‌. രണ്ടിലെയും ഇതിവൃത്തത്തിനു പുതുമയൊന്നുമില്ല. എന്നാൽ സരസ്വതി ശർമ്മയുടെ കഥ ഉദാത്തമായൊരു തലത്തിലാണു പര്യവസാനിക്കുന്നത്‌. അന്ത്യഭാഗത്ത്‌ അപ്രതീക്ഷിതമായി കഥയ്‌ക്കുണ്ടാവുന്ന ഭാവശുദ്ധി പ്രശംസനീയം തന്നെ. ഭാര്യ എന്നൊരു ജീവി തന്നോടു സഹവസിക്കുന്ന കാര്യം പോലും മറന്നു കമ്പ്യൂട്ടറിന്റെ അനന്തസാദ്ധ്യതകളിലാണ്ടു കഴിഞ്ഞിരുന്ന അയാൾ പിറ്റേന്നു പ്രഭാതത്തിൽ ”കിടക്കമുറി പിന്നിട്ടു ചായ്‌പിലേക്ക്‌ എത്തിനോക്കി. തറയിൽ തഴപ്പായിൽ യശോദാമ്മയും ഊർമ്മിളയും പരസ്‌പരം പുണർന്നുറങ്ങുന്നു.“ ഇത്രയും വായിക്കുമ്പോൾ നിങ്ങളുടെയുളളിൽ ഒരു ചിരി വിടരുന്നില്ലേ? കഥാനായകന്റെ ചുണ്ടുകളിലും അതേ ചിരി വിടർന്നു. പക്ഷേ അരികിലെത്തിനോക്കിയപ്പോൾ ”കണ്ണീരിന്റെ കതിർമഴ നെഞ്ചിലേറ്റിയ തലയണ. മക്കളില്ലാത്ത യശോദാമ്മയ്‌ക്ക്‌ ഒരു മകളെ കിട്ടിയപോലെ ഊർമ്മിളയെ നെഞ്ചോടു ചേർത്തിരിക്കുന്നു!“ ഇവിടെ വായനക്കാരനുണ്ടാകുന്ന അനുഭവം ഹൃദയവിശുദ്ധിയാകുന്നു. മൗസ്‌ കൈപ്പത്തിക്കുളളിൽ കയറുന്നതോടെയാണല്ലോ രാമാനുജന്റെ ദിവസവും കഥയും തുടങ്ങുന്നത്‌. ഒടുങ്ങുന്നതാകട്ടെ, യശോദാമ്മയും ഊർമ്മിളയും ഒരു നീണ്ട ഉറക്കത്തിന്റെ യാത്രയിലാണെന്ന തിരിച്ചറിവിൽ ഭയാനകമായ മൗനത്തിന്റെ വന്യതയിലേക്ക്‌ രാമാനുജൻ കുഴഞ്ഞുവീഴുമ്പോൾ, സർവ്വതിനും ഹേതുവായ കമ്പ്യൂട്ടർ ഭ്രാന്തിന്റെ പ്രതിനിധിയെന്നോണം മറ്റൊരു മൗസ്‌ (ചുണ്ടെലി) മച്ചകത്തുനിന്നും പരിഹാസച്ചിരിയോടെ പറത്തേയ്‌ക്കോടി മറയുന്നതോടെയും. കഥയുടെ ക്രാഫ്‌റ്റും നന്നായി.

ഈ ചെറുകഥയെക്കുറിച്ച്‌ ഇത്രയുമെഴുതാൻ കാരണമുണ്ട്‌. രചനാപടുതയുടെ അഭാവത്തിൽ രതിവൈകൃതത്തിലേക്ക്‌ വഴുതിപ്പോകാൻ സാധ്യതയുളള കഥാതന്തുവാണിവിടെ. ശാസ്‌ത്രപ്രതിഭയ്‌ക്കു എതിർദിശയിലാണു സർഗ്ഗപ്രതിഭ സഞ്ചരിക്കാറ്‌. അത്തരം സർഗ്ഗവൈഭവമുളള കുറെ കവികൾ കേരളത്തിലുണ്ടായിട്ടുണ്ട്‌. ഇന്നു ക്യാപ്‌സൂൾ കവികളേയുളളൂ. ക്യാപ്‌സൂൾ എന്ന ആംഗലപദത്തിനു ബീജകോശം, അരുചികരമായ ഔഷധം പൊതിയുന്ന ജലാറ്റിൻകോശം എന്നെല്ലാം അർത്ഥം. ഇതിലെ ക്യാപ്‌സൂൾ കവിതകളിലും ആ കോശം മാത്രമേയുളളൂ. ബീജമില്ല; ഔഷധമില്ല; കവിതയില്ല. കിടങ്ങറ ശ്രീവത്സന്റെ വരികൾ ഈ സാഹചര്യത്തിൽ ആശ്വസമായി. കവിത്വംപോലൊരു സിദ്ധിതന്നെ കാവ്യാസ്വാദനശേഷിയും. നമ്മുടെ സംഗീതക്കാരിൽ ഭൂരിപക്ഷത്തിനും അതില്ല. ഭാഷയും പൊരുളും അറിയില്ല. വികൃതമാക്കിയെങ്കിലും അന്യഭാഷാഗാനങ്ങളാലപിക്കുന്നതാണഭിമാനം എന്നു കരുതുന്ന കൂട്ടരാണവർ. മലയാള ഗാനങ്ങൾ അവരുടെ കണ്ണിൽ രണ്ടാംതരം മാത്രം. പിന്നെ, പദങ്ങളെ ചവച്ചരച്ചു തുപ്പുകയാണു കർണ്ണാടക സംഗീതക്കാർ സാധാരണ ചെയ്യുന്നത്‌. മലയാള ഗാനങ്ങളെ അങ്ങനെ വധിക്കാതെ വിടുന്നതും നന്നല്ലേ കെ.പി. സാറേ? ഒന്നുകിൽ സ്വന്തം ഠ വട്ടത്തിൽ ഒതുങ്ങിക്കൂടുക; അല്ലെങ്കിൽ ആത്മവിസ്‌മൃതിയോളം അന്യവത്‌കരിക്കപ്പെടുക- ഈ രണ്ടറ്റവും ആപൽക്കരം തന്നെ. പകരം, എല്ലാം കണ്ട്‌, കൊളേളണ്ടതു കൊണ്ട്‌, സ്വഭാഷാസംസ്‌കൃതികൾക്കു കൊടുക്കുകയത്രേ പുത്രധർമ്മം. സ്‌പാനിഷ്‌ കവിയായ മിഗ്വേൽ ഫെർണാണ്ടസിന്റെ ജീവിതകഥ (കാവാലം ബാലചന്ദ്രൻ) ഉൺമ വായനക്കാർക്കു പുതിയ അറിവായില്ലേ? ഇങ്ങനെ പലതുമറിഞ്ഞേ നന്മതിന്മകൾ വേർതിരിക്കാൻ നാം പ്രാപ്‌തരാവൂ. ”കമ്മ്യൂണിസ്‌റ്റ്‌ രാഷ്‌ട്രങ്ങളെന്നും ക്യാപ്പിറ്റലിസ്‌റ്റ്‌ രാഷ്‌ട്രങ്ങളെന്നും പണ്ടുണ്ടായിരുന്ന ചേരിതിരിവിന്റെ സ്ഥാനത്ത്‌ ആഗോളമുസ്ലീം സമൂഹം, ആഗോള ക്രിസ്‌ത്യൻ സമൂഹം എന്നിങ്ങനെ പുതിയ ചേരികൾ ലോകരാജ്യങ്ങൾക്കിടയിൽത്തന്നെ ബലപ്പെട്ടുവരുന്നു എന്ന വസ്‌തുത നിസ്സാരമായി തളളിക്കളയാവുന്നതല്ല.“ അഡ്വക്കേറ്റ്‌ ജിതേഷിന്റെ ഈ അവബോധം പരമാർത്ഥം മാത്രം. പല മാന്യന്മാർക്കും കാണാൻ കഴിയാത്തതോ പറയാൻ ധൈര്യമില്ലാത്തതോ ആയ പരമാർത്ഥം.

”പുതിയ നൂറ്റാണ്ട്‌ ഇതിനോടകം സാക്ഷ്യം വഹിച്ച രണ്ടു യുദ്ധങ്ങളുടെയും ഇസ്രായേൽ പാലസ്‌തീൻ സംഘർഷങ്ങളുടെയും പിന്നിൽ മതത്തിന്റെ രാഷ്‌ട്രീയമാണ്‌. അതുപോലെ ഗുജറാത്തുമുതൽ മാറാടുവരെ നീളുന്ന സമീപകാല ഇന്ത്യൻ കലാപങ്ങളുടെയെല്ലാം പിന്നിലും...“ അദ്ദേഹം തുടരുന്നു. മാറാട്ട്‌ 16 മാസം മുൻപുണ്ടായ വർഗ്ഗീയ കലാപത്തിൽ മരിച്ചവർ അഞ്ച്‌. മതത്തിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ രണ്ടു ഹിന്ദു, മൂന്നു മുസ്ലീം. അന്നു മന്ത്രി കുഞ്ഞാലിക്കുട്ടി അവിടെ ഓടിച്ചെന്നു. സമാധാന സമ്മേളനങ്ങൾ, ചർച്ചകൾ, സൗഹാർദ്ദപ്രതിജ്ഞ, മൈത്രീറാലി, സർവ്വമതപ്രാർത്ഥന, സദ്യ... ഭരതവാക്യമായി മന്ത്രി നല്‌കിയ ഉറപ്പ്‌ ഇതായിരുന്നുഃ ”മാറാട്ട്‌ പൂർണ്ണ സമാധാനമായി. അതു സർക്കാരിന്റെ വമ്പിച്ച നേട്ടമാണ്‌. എല്ലാവർക്കും സ്വൈര്യമായി ഉറങ്ങാം. സ്‌നേഹമായി കഴിയാം.’ സമാധാനക്കമ്മിറ്റി മാസംതോറും ചേർന്നുകൊണ്ടിരിക്കുന്നു. അവസാനയോഗം 2003 ഏപ്രിൽ 30ന്‌ നടന്നു. പക്ഷേ ഈ സമയത്തെല്ലാം പളളിയിൽ മാരകായുധങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന്‌ ഇപ്പോഴും പോലീസ്‌ കണ്ടെടുത്തുകൊണ്ടിരിക്കുന്ന ജലാറ്റിൻ ബോംബുകളും വാളുകളും തെളിയിക്കുന്നു. സർവ്വകലാശാലകളുണ്ട്‌, സിലബസ്സുമുണ്ട്‌. പക്ഷേ സ്‌നേഹം ആര്‌ ആരെ പഠിപ്പിക്കണം? ഉൺമയുടെ ചോദ്യം ചെറിയൊരു മാറ്റത്തോടെ ഞാൻ ആവർത്തിക്കട്ടെ.

------

ഡോ.എം.പി.ബാലകൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.