പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > വനം കാടിന്റെ നടുമദ്ധ്യം > കൃതി

ഭാഗം5

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആര്യൻ കണ്ണനൂർ

വനം കാടിന്റെ നടുമദ്ധ്യം

രക്ഷിക്കണേ.... രക്ഷിക്കണേ....

മലഞ്ചെരുവുകളിൽ തട്ടി കരച്ചിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.

മുകളിലേക്കു പൊക്കിപ്പൊക്കിക്കൊണ്ടുപോകുന്ന കലാപരിപാടി തൽക്കാലത്തേക്ക്‌ നിർത്തിവെച്ചു എന്നു തോന്നുന്നു. കുറച്ചു നേരമായി അനങ്ങാതെ തൂങ്ങി നിൽപ്പാണ്‌.

“നേരത്തെ ശവപ്പെട്ടിയിൽ കണ്ട പ്രേതം തന്നെയാവും നമ്മെ പൊക്കി എടുത്തത്‌.”

ബേബി പറഞ്ഞു.

“എന്നാലും അയാളെ സമ്മതിക്കണം. എന്നെ പുഷ്‌പം പുഷ്‌പം പോലെയല്ലെ എടുത്തു പൊക്കിയത്‌.”

റഹീമിന്‌ അദ്‌ഭുതം

“കരിമ്പന ഏഴുനിലമാളികയാക്കി നമ്മേ ആകർഷിച്ചുകൊണ്ടുപോകുംന്ന്‌. പിറ്റേദിവസം കരിമ്പനയുടെ ചോട്ടിൽ ഇത്തിരി മുടി. നഖം, ബാക്കിയൊക്കെ പ്രേതം അകത്താക്കിയിട്ടുണ്ടാവുംന്ന്‌. അമ്മ പറയാറുള്ളതാണ്‌.....”

രമ്യയുടെ സ്വരം പതറി.

“വിവരം ഇത്ര കൃത്യമായിട്ടറിയാൻ നിന്റെ അമ്മയുടെ കോവർക്കേഴ്‌സ്‌ ആണോ പ്രേതങ്ങള്‌?”

സുനിൽ കണ്ണുരുട്ടി.

“യക്ഷികളാണ്‌ കരിമ്പന ഏഴുനില മാളികയാക്കുക എന്നാണ്‌ എന്റെ അമ്മ പറഞ്ഞ്‌ തരാറ്‌.”

ബേബി തടസ്സവാദം പുറപ്പെടുവിച്ചു.

“പ്രേതങ്ങളും യക്ഷികളും അടുത്ത ബന്ധുക്കളാണോ എന്ന്‌ ആർക്കറിയാം?”

“അത്‌ അമ്മ പറഞ്ഞ്‌ തന്നിട്ടില്ല അല്ലേ?”

സുനിൽ പരിഹസിച്ചു.

ഏതാനും നിമിഷത്തെ നിശ്ശബ്‌ദത.

ഡും.....ഡും.......ഡും.........

അടുത്ത്‌ എവിടെ നിന്നോ ഒരു ശബ്‌ദം.

“അത്‌ ഹൃദയം മിടിപ്പാണോ?”

“എന്റെയല്ല...... ഉറപ്പ്‌.”

റഹിം വിട്ടു പറഞ്ഞു.

“എല്ലു കടിച്ചു പൊട്ടിക്കണ ശബ്‌ദാണോ?”

ഡും........ഡും...........ഡും....

ആരോ ഡ്രമ്മിൽ കൊട്ടുകയാണ്‌.

ഡും......ഡും.......

അതിനു മറുപടി എന്നോണം മറ്റു പല ദിക്കിൽ നിന്നും ഡ്രമ്മിന്റെ ശബ്‌ദം ഉയർന്നുകൊണ്ടിരുന്നു.

ആരോ എന്തോ സന്ദേശം കൈമാറുകയാണ്‌. ഒരു പക്ഷേ, ഭക്ഷണം റെഡിയായെന്ന്‌ മറ്റു യക്ഷികളെ അറിയിക്കുകയായിരിക്കും.

വായേത്തോന്നിയത്‌ കോതയ്‌ക്ക്‌ പാട്ട്‌.

ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാം.

“ഭൂതം എപ്പോഴാണാവോ ചോരകുടിക്കാൻ തീരുമാനിച്ചിരിക്കുന്നത്‌. ആക്രാന്തം മൂത്ത്‌ കൺട്രോളുപോയി കൈവിടാതിരുന്നാൽ മതിയായിരുന്നു. താഴത്തു വീണാൽ ഒരു സുഖവും ഉണ്ടാവില്ല.”

റഹിം പരിതപിച്ചു.

“എട പൊട്ടാ. പ്രേതം നമ്മെ പൊക്കിയതൊന്നുമല്ല. നമ്മൾ വലയിൽ അകപ്പെട്ടിരിക്കയാണ്‌. വല മരക്കൊമ്പിൽ കെട്ടിതൂക്കി നിർത്തിയിരിക്കയാണ്‌. കണ്ണുതുറന്ന്‌ നോക്ക്‌.”

സുനിൽ വിശദീകരിച്ചു.

അപ്പോഴാണ്‌ മറ്റുള്ളവരും അത്‌ ശ്രദ്ധിക്കുന്നത്‌. സുനിൽ പറഞ്ഞതു ശരിയാണ്‌. കാട്ടുവള്ളികൾ കൊണ്ടു നിർമ്മിച്ച വലയിൽ കുടുങ്ങി തൂങ്ങിക്കിടക്കുകയാണ്‌.

കുട്ടിക്കാലത്ത്‌ അമ്മ തൂക്ക്‌ കെട്ടി അതിൽ കിടത്താറുള്ളതുപോലെ പുറത്തു ചാടാതിരിക്കാൻ മീതെ കുടുക്കിയിട്ടുണ്ടെന്നു മാത്രം.

സമയം ഇഴഞ്ഞു നീങ്ങി.

ചുറ്റും ഇരുട്ട്‌ കട്ടപിടിച്ചു.

ആഹൂയ്‌.... ഊഹൂയ്‌.....

എവിടെനിന്നോ ഒരു ആരവം

വളരെ ദൂരെ കുന്നിൻ ചെരിവിൽ മിന്നാമിന്നുങ്ങുകൾ പോലെ കത്തിച്ച പന്തങ്ങൾ പ്രത്യക്ഷപ്പെട്ടു.

ഒരു സംഘം ആൾക്കാർ വരിവരിയായി കുന്നിറങ്ങിവരികയാണ്‌.

ആഹൂയയ്‌..... ഊഹൂയ്‌......

ശബ്‌ദം കൂടുതൽ കൂടുതൽ അടുത്തടുത്തു വന്നു.

ഏറെ താമസമുണ്ടായില്ല. താഴെ ചുറ്റും പന്തം നിറഞ്ഞു.

കാട്ടുജാതിക്കാരാണ്‌. അവരുടെ കയ്യിൽ കുന്തമുണ്ട്‌. അമ്പും വില്ലുമുണ്ട്‌.

പലതരം ചായം തേച്ചു പിടിപ്പിച്ച അവരുടെ മുഖം പന്തത്തിന്റെ വെളിച്ചത്തിൽ തിളങ്ങി.

ഇവർ എന്താണ്‌ ചെയ്യാൻ പോകുന്നത്‌ ആവോ.

ഏതായാലും പ്രേതത്തിന്റെയും യക്ഷിയുടെയും അത്താഴമാകുന്നതിലും ഭേദം കാട്ടുജാതിക്കാരുടെ ആഹൂയ്‌ ഊഹൂയ്‌ തന്നെയാണ്‌.

നരഭോജികളാണോ ആവോ? ആണെങ്കിൽ മുടിയും നഖവും കൂടി ബാക്കി കാണില്ല.

ആഹൂയ്‌...... ഊഹൂയ്‌.....

അവർ മരത്തിനു ചുറ്റും നൃത്തം ചെയ്‌തു.

തലവൻ വലയുടെ നേരെ താഴെയെത്തി മുകളിലേക്ക്‌ കുന്തം ചൂണ്ടി എന്തോ ആക്രോശിച്ചു.

അതോടെ എല്ലാവരും വലയുടെ നേരെ താഴെയെത്തി മുകളിലേക്ക്‌ കുന്തം ചൂണ്ടി എന്തോ ആക്രോശിച്ചു.

അതോടെ എല്ലാവരും വലയുടെ നേരെ താഴെയെത്തി കുന്തം മുകളിലേക്ക്‌ ഉയർത്തിപ്പിടിച്ചു.

വല ഏറെ മുകളിലായതു നന്നായി. ഇല്ലെങ്കിൽ ശരീരത്തിൽ തുളഞ്ഞു കയറി കുന്തത്തിന്മേൽ ചോര കിനിഞ്ഞേനേ....

തലവൻ കൈപൊക്കി.

മറ്റുള്ളവർ മുട്ടുകുത്തി തലവന്റെ വാക്കുകൾക്കുവേണ്ടി ശ്രദ്ധയോടെ കാതോർത്തു.

“നമ്മുടെ കാട്ട്‌ക്ക്‌ മൂപ്പൻ മകൾ മാരയുടെ പിറന്നാൾ വരാൻ പോകുന്നു. അന്നേദിവസം മലൈഭൈരവന്‌ കുരുസി കഴിക്കാനുള്ള ബലിമൃഗമാണ്‌ വലയിൽ. ആനയായാലും ചേനയായാലും ആടായാലും ആടലോടകമായാലും രക്ഷപ്പെടരുത്‌....”

തലവന്റെ സ്വരം കനത്തു.

“കുരുസിമൃഗം രക്ഷപ്പെട്ടാൽ ശിക്ഷ എന്തെന്ന്‌ ഞാൻ പറയണോ?”

വേണ്ട.... വേണ്ട....“

അവർ ഒന്നിച്ചു മറുപടി പറഞ്ഞു.

”ഞങ്ങളുടെ തലയറുത്ത്‌ കുന്തത്തിൽ നാട്ടും...“

”ശരി... നല്ലപോലെ ശ്രദ്ധിച്ചു കൊള്ളിൻ....“

അവർ മുട്ടുകാലിൽ നിന്നും ചാടി എണീറ്റു.

കുന്തം ആകാശത്തിലേക്ക്‌ ഉയർത്തി അലറി വിളിച്ചു.

പിന്നെ തയ്യാറായി നിന്നു

വല സാവധാനം താണു. താഴെ എത്തിയപ്പോൾ അവർ വളഞ്ഞു.

കുന്തക്കാർ കുന്തത്തിന്റെ മുന വലക്കുനേരെ നീട്ടി.

”ഇതു മൃഗമല്ലല്ലോ. മനുഷ്യക്കുട്ടികളാണല്ലോ...“

അവർ അത്‌ഭുതം കൊണ്ട്‌ ഞെട്ടി.

ആദ്യമായാണ്‌ മനുഷ്യക്കുട്ടികൾ കുടുങ്ങുന്നത്‌.

ഇനി എന്താണ്‌ ചെയ്യേണ്ടത്‌?

അവർ കൂടിയാലോചന തുടങ്ങി.

”നമുക്ക്‌ ഇവരെ മൂപ്പന്റെ അരുകിൽ എത്തിക്കാം“

തലവൻ കൽപ്പിച്ചു.

ആരൊക്കെയോ ശരീരത്തിലേക്ക്‌ ചാടി വീണു. കരയാനോ കുതറി മാറാനോ കഴിയുന്നതിന്‌ മുമ്പ്‌ കുന്തത്തിൽ വരഞ്ഞുകെട്ടികഴിഞ്ഞിരുന്നു.

കുന്തം രണ്ടുപേർ ചേർന്ന്‌ ചുമലിൽ ഏറ്റി.

ആഹൂയ്‌......ഊഹൂയ്‌.....

കിന്നെ ഒരു കാടൻ നൃത്തമായിരുന്നു.

പത്തടി മുന്നോട്ട്‌ ഓടും. പത്തടി പിന്നോട്ട്‌ ഓടും. പിന്നെ കുന്തം ഉയർത്തിപ്പിടിച്ച്‌ അട്ടഹസിക്കും.

ആഹൂയ്‌.....ഊഷൂയ്‌.....

കാട്‌ കുലുങ്ങി.

”കയറിട്ട്‌ ശരീരത്തിൽ മുറുക്കിയിട്ട്‌ എനിക്ക്‌ വേദനിക്ക്‌ണൂ....“

റഹിം വിലപിച്ചു.

”ഞങ്ങൾക്കും ഉണ്ട്‌ വേദന“

”നിങ്ങൾക്ക്‌ വേദന മാത്രമല്ലേയുള്ളു. എനിക്ക്‌ ഭയവും ഉണ്ട്‌“

”ഭയം നിന്റെ കൂടപ്പിറപ്പല്ലേ?“

”ഈ ഭയം ആ ഭയമല്ല.“

”ഈ ഭയം പിന്നെ ഏതു ഭയമാണ്‌?“

”എന്റെ കനം കാരണം കുന്തം എപ്പോഴാണ്‌ പൊട്ടിച്ചാടുക എന്നറിയില്ല. അതോടെ എന്റെ ഗുണഗുണാർട്ടിസ്‌ അവസാനിച്ചില്ലേ?“

റഹിം വീണ്ടും വിഷമിച്ചു.

”സാരല്യാ. ഏറ്റു നടക്കുന്നവരുടെ ശരീരത്തിലേക്കു തന്നെ വീണാൽ മതി. അവരുടെ ഗുണഗുണാർട്ടിസും ശരിയായിക്കിട്ടൂലോന്ന്‌“

നൃത്തം അവസാനിപ്പിച്ചു.

ഇനി എന്റെ കൂടെ വരിൻ....”

തലവൻ മുന്നിൽ നടന്നു.

കുന്തം ഏറ്റിയവർ പിറകേയും അവരെ വലയം ചെയ്‌തുകൊണ്ട്‌ അമ്പെയ്‌ത്തു കാരും.

“നമ്മേ എവിടേയ്‌ക്കാണ്‌ കൊണ്ടു പോകുന്നത്‌.?”

“അറിയില്ല. പക്ഷേ, തലവൻ പറയുന്നതു ശ്രദ്ധിച്ചില്ലേ?” മൂപ്പന്റെ മകളുടെ പിറന്നാളിന്റെയന്ന്‌ നമ്മേ കുരുതികൊടുക്കും.“

സുനിൽ പറഞ്ഞു തീർന്നില്ല. റഹിം കരഞ്ഞു.

”പടച്ചോനേ.... ഇവര്‌ നമ്മേ കൊല്ലാൻ കൊണ്ടുപോകാണോ?“

”പേടികൊണ്ട്‌ ഞാനുംപ്പൊ മരിക്കും.“

ബേബിയും കരഞ്ഞു.

”പേടിച്ചിട്ട്‌ കാര്യമില്ല. രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുകയാണ്‌ വേണ്ടത്‌.“

സുനിലിന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു.

”ഈ കുന്തത്തിൻമേൽ ഇവർ വരിഞ്ഞുകെട്ടിയിരിക്കയല്ലേ? പോരാത്തതിന്‌ കഴുത്തിൽ ഏറ്റിയിരിക്കയല്ലേ? ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ പറ്റുമെന്നോ പറയുന്നത്‌?“

എഹിം വിലപിച്ചു.

”ഇപ്പോഴല്ല. സന്ദർഭം ലഭിക്കുന്ന ആദ്യനിമിഷം.“

ആഹൂയ്‌.....ഊഹൂയ്‌

സംഘം മലകേറിക്കൊണ്ടിരുന്നു.

Previous Next

ആര്യൻ കണ്ണനൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.