പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > വനം കാടിന്റെ നടുമദ്ധ്യം > കൃതി

ഭാഗം2

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആര്യൻ കണ്ണനൂർ

വനം കാടിന്റെ നടുമദ്ധ്യം

ആരോ തോണ്ടി വിളിക്കുന്നു.

മമ്മി ആയിരിക്കും.

പരീക്ഷ അടുത്തിരിക്കുന്നു. കാലത്തു നാലുമണിക്കുതന്നെ സ്വയം എഴുന്നേറ്റ്‌ വായന തുടങ്ങണമെന്നാണ്‌ മേലാവിൽ നിന്നുള്ള ഉത്തരവ്‌ ഒരു പക്ഷേ, അലാറം മുഴുവൻ അടിച്ചുതീർന്നിട്ടുണ്ടാവും. എന്നിട്ടും എഴുന്നേറ്റ്‌ വായന തുടങ്ങാത്തതുകൊണ്ടാവും മമ്മിയുടെ പടപ്പുറപ്പാട്‌.

എന്തൊരു ക്ഷീണം. കണ്ണ്‌ തുറക്കാനേ തോന്നുന്നില്ല.

ശരീരം മുഴുവൻ ഇടിച്ചു പിഴിഞ്ഞപോലെ.

ഇന്നലെ കളിക്കുമ്പോൾ ബേബിയുടെ ക്യാച്ച്‌ എടുക്കാൻ ഒന്നു ഡൈവ്‌ ചെയ്‌തതാണ്‌. വാരിയെല്ലും കുത്തിയാണ്‌ വിണത്‌. ഫീൽഡിംഗിൽ ഒരു ആന്റി റോട്‌സ്‌ ആയില്ലെങ്കിലും, ക്യാമ്പ്‌ മിസ്സ്‌ ചെയ്‌താൽ മാനം കപ്പൽ കയറില്ലേ?

വീഴ്‌ച ഇത്തിരി ഓതിരം കടകം ആയി എന്നാണ്‌ തോന്നുന്നത്‌. ശരീരം ഒരു പൂർണ ബന്ദിന്നുളള പുറപ്പാടിലാണ്‌. ഓ ഇപ്പോൾ ബന്ദില്ലല്ലോ-ഹർത്താൽ.

“തണ്ടുവിനും ദ്രാവിഡിനും വല്ലതും പറ്റിയാൽ ചികിത്സിക്കാൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡുണ്ട്‌. നിനക്ക്‌ വല്ലതും പറ്റിയാൽ ഒരു ബോർഡും ഉണ്ടാവില്ല. അമ്മ തന്നെ വേണ്ടിവരും...”

മമമ്മിക്ക്‌ കരിനാക്ക്‌ ഉണ്ടോ ആവോ?

വീണ്ടും ശക്തിയായി തോണ്ടുന്നു.

ഇനിയും കണ്ണടച്ചു കിടക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. മമ്മിപിടിച്ചാൽ ഇരുപത്തൊന്നു കാരറ്റല്ല ശരിക്കും ചെവി പൊന്നാകും.

ഇന്നത്തെ കണി മമ്മിയുടെ കലിതുള്ളുന്ന മുഖമായിരിക്കും. മമ്മിയുടെ മുഖം കണി കണ്ടാൽ അന്ന്‌ കുശാൽ ആണ്‌. എവിടെ നിന്നെങ്കിലുമൊക്കെയായി അടി ചോദിച്ച്‌ മേടിക്കാതിരിക്കില്ല.

മമ്മിയുടെ നാവും ഒട്ടും മോശമല്ല.

കൊച്ചുവെളുപ്പാൻ കാലത്തു തന്നെ മമ്മിയുടെ സുഭാഷിതം കേൾക്കാനുള്ള ശേഷി ഇല്ല -രണ്ടു കൈ കൊണ്ടും ചെവി അടച്ചു പിടിച്ചു.

വൺ....റ്റു.....ത്രി......

സാവധാനം കണ്ണുതുറന്നു.

ഹൂയിന്റപ്പാ..... എന്താണിതു മുന്നിൽ?

അലർച്ച തൊണ്ടയിൽ കുരുങ്ങി.

മുഖത്തേക്ക്‌ മുഖം ചേർത്തുപിടിച്ച്‌ കണ്ണുരുട്ടി മിഴിച്ചു നോക്കുന്ന ഒരു സത്വം.

“ആ......ഈ......ഊ......”

കരച്ചിൽ കേട്ട്‌ പേടിച്ചായിരിക്കണം. അത്‌ ഒറ്റച്ചാട്ടത്തിന്ന്‌ മരത്തിന്റെ മുകളിൽ എത്തി.

മമ്മിയല്ല ഇതൊരു കുരങ്ങാണ്‌. സാമാധാനം!

ചുറ്റും ഇടതൂർന്ന കാട്‌, നാലു പുറത്തുനിന്നും പല തരത്തിലുള്ള ജീവികളുടെ ശബ്‌ദം ഉയരുന്നു.

ഈശ്വരാ..... ഞാനിപ്പോൾ എവിടെയാണ്‌?

സുനിൽ സാവധാനം എഴുന്നേറ്റിരുന്നു.

ഓ..... കൊക്കയിലൂടെ താഴേക്ക്‌ ഊർന്നുപോന്നത്‌ ഓർമ്മയിലേക്ക്‌ കടന്നുവരുന്നു.

എപ്പോഴാണ്‌ ബോധം നശിച്ചത്‌? അതുമാത്രം ഓർമ്മയില്ല.

ശരീരം മുഴുവനും കീറി മുറിഞ്ഞിരിക്കുന്നു. നീറിയിട്ടു വയ്യ.

ഏതായാലും നല്ല ഭാഗ്യമുണ്ട്‌. ഇത്രയല്ലേ പറ്റിയുള്ളൂ. താഴേക്ക്‌ പോരുമ്പോൾ എല്ലാം അവസാനിച്ചു എന്നു കരുതിയതാണ്‌.

റഹീമും രമ്യയും ബേബിയും എവിടെയാണാവോ?

ചുറ്റും കാടും വള്ളിപ്പടർപ്പും ഉയർന്ന മലകളും അല്ലാതെ വിശേഷിച്ച്‌ ഒന്നു കാണാനില്ല.

“റഹീം.....ബേബീ......രമ്യേ.....”

ശബ്‌ദമുയർത്തി വിളിച്ചു.

തൊട്ടടുത്ത്‌ ചെടികൾ അപ്പുറത്ത്‌ രമ്യ തേങ്ങുന്നതുപോലെ.

ചാടി എഴുന്നേറ്റ്‌ കുറ്റിച്ചെടികൾക്കും വള്ളിപ്പടർപ്പുകൾക്കും

ഇടയിലൂടെ മുന്നോട്ടു നീങ്ങി.

തൊട്ടുമുന്നിൽ രമ്യ. അവൾ ചെടികൾക്കിടയിൽ മുഖം പൊത്തി കൂന്നിപ്പിടിച്ച്‌ ഇരിപ്പാണ്‌.

മുഖം ഉയർത്തിയതോടെ അവൾ പൊട്ടിക്കരഞ്ഞുപോയി.

നിമിഷങ്ങൾ കടന്നുപോയി.

“മറ്റുള്ളവരെവിടെ? അവർക്ക്‌ വല്ലതും പറ്റിയിട്ടുണ്ടാവോ? എനിക്ക്‌ പേടിയാവുന്നു.......”

ഒതുക്കിയിട്ടും രമ്യക്ക്‌ തേങ്ങൽ തേട്ടിവന്നു.

“ധൈര്യമായിട്ട്‌ ഇരിക്ക്‌ നമുക്കൊന്നും പറ്റിയില്ലല്ലോ അവർക്കും ഒന്നും പറ്റിയില്ല.....”

രമ്യയുടെ മുഖത്ത്‌ ആശ്വാസത്തിന്റെ തെളിച്ചം.

“നമുക്ക്‌ അവരെ തെരഞ്ഞ്‌ പിടിക്കാം. വാ....”

രമ്യയെ പിടിച്ച്‌ എഴുന്നേൽപ്പിച്ചു.

“ബേബീ..... റഹീമേ.....”

ഉറക്കെ വിളിച്ചു.

ദൂരെ എവിടെനിന്നോ റഹിം വിളികേട്ടതുപോലെ ചെടികൾ പകുത്തുകൊണ്ട്‌ മുന്നോട്ടുനീങ്ങി.

“അയ്യോ...... ഞാൻ കുടുങ്ങി

രമ്യ ഒച്ചവെച്ചു.

തിരിഞ്ഞുനോക്കുമ്പോൾ അവൾ തൊരടി മുള്ളിൽ കുടുങ്ങിയിരിക്കുന്നു. ഒരു മുള്ള്‌ ഊരിയെടുക്കുമ്പോഴും വേറെ നൂറ്‌ മുള്ള്‌ കൊളുത്തിട്ട്‌ കഴിഞ്ഞിരിക്കും.

ഒരു വിധം പുറത്തു ചാടിച്ചു.

”എന്റെ ശരീരം മുഴുവൻ മുറിഞ്ഞു“.

ഭാഗ്യം ഉണ്ട്‌. ജീവികളെ പച്ചയോടെ തിന്നുന്ന ചെടികളുടെ കയ്യിൽ ഒന്നിമല്ലല്ലോ ചെന്നുപെട്ടത്‌.

രമ്യ പച്ചില പിഴുതെടുത്ത്‌ ചോര ഒപ്പി.

”റഹീമേ....“

വീണ്ടും അവൻ വിളി കേട്ടു.

പക്ഷേ, എവിടെ നിന്നാണെന്ന്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല.

ശരീരം ആവിയായി ശബ്‌ദം മാത്രമായി തീർന്നിരിക്കുമോ?

”റഹീമേ..... നീ എവിടെയാണ്‌ ഒളിച്ചിരിക്കുന്നത്‌?“

രമ്യയും വിളിച്ചു ചോദിച്ചു.

”ഞാൻ.... ആകാശത്ത്‌.....“

തല ഉയർത്തി നോക്കി. ഓ..... അവൻ വള്ളികൾക്കിടയിൽ കുരുങ്ങിക്കിടക്കുകയാണ്‌.

”അവിടെ തൂങ്ങിക്കളിയ്‌ക്കാതെ, താഴേക്ക്‌ ഇറങ്ങിവാ.....“

രമ്യക്ക്‌ ദേഷ്യം വന്നപോലെ.

”ഒന്ന്‌ ഇറങ്ങിവരാൻ പറ്റുമായിരുന്നെങ്കിൽ മണിക്കൂറുകൾക്കു മുമ്പുതന്നെ താഴത്ത്‌ എത്തിയിട്ടുണ്ടാവില്ലേ? ഈ വള്ളികൾക്കിടയിൽ വെറുതെ തൂങ്ങിക്കിടക്കാൻ ആർക്കാ മോഹം?“

റഹിം ആകാശത്തുനിന്ന്‌ പ്രതിവചിച്ചു.

അവൻ വീണ്ടും പിടഞ്ഞുനോക്കി. ഒരു കാര്യവുമില്ല. കൂടുതൽ കുടുങ്ങിയില്ല എന്നു മാത്രം.

”ഒരു കത്തി കിട്ടാനുണ്ടോ?“

റഹിം വിളിച്ചു ചോദിച്ചു.

”ഇവിടെ എവിടന്നു കിട്ടാൻ നിന്റെ നാവു തന്നെ വേണ്ടിവരും.....“

റഹിം വീണ്ടും പിടഞ്ഞു നോക്കി.

”നിയ്യിത്രയ്‌ക്ക്‌ ആനമാർക്ക്‌ ആയിട്ടും ആ വള്ളിയൊന്നും പൊട്ടുന്നില്ലെന്നോ? എന്താ ഇത്‌ സ്‌റ്റീലിന്റെ വള്ളിയോ? അതോ നിയ്യ്‌ വെറും കാറ്റു നിറച്ച ആന ബലൂണോ?“

രമ്യ അദ്‌ഭുതപ്പെട്ടു.

”നീയ്യെന്നെ പ്രാകല്ലേ. എന്റെ കാറ്റ്‌ പോകും....“

റഹിം വീണ്ടും പിടഞ്ഞു നോക്കി.

ഒരു കാര്യവും ഉണ്ടായില്ല.

തൊട്ടപ്പുറത്ത്‌ എന്തോ അനങ്ങുന്നതുപോലെ. റഹിം ഒന്നേ നോക്കിയുള്ളൂ.

”ബദരീങ്ങളേ...... മലമ്പാമ്പ്‌....“

റഹിം തൊണ്ട തുറന്നു.

നിമിഷങ്ങൾ വേണ്ടിവന്നില്ല റഹിം ഭൂമിയിൽ ലാന്റ്‌ ചെയ്‌തു.

സാമാന്യം വൃത്തിയായി നാലു കാലിൽത്തന്നെയാണ്‌ ഭൂമി തൊട്ടത്‌. ആലോചിച്ചാൽ കുറച്ചുനേരമെങ്കിലും അവൻ അവിടത്തന്നെ കിടക്കേണ്ടതാണ്‌. പക്ഷേ, അതുണ്ടായില്ല. മലമ്പാമ്പിനോടുള്ള സ്‌നേഹം കൊണ്ടാവണം. ഒറ്റക്കുതിപ്പിന്‌ ചാടി എഴുന്നേറ്റ്‌ ഓടിപ്പോന്നു.

നോക്കി നിൽക്കെ മലമ്പാമ്പും താഴെയെത്തി.

ചെടികൾക്കിടയിൽ ഒരു പിടച്ചിൽ

മലമ്പാമ്പ്‌ ഒരു മുയലിന്റെ ശരീരത്തിൽ ചുറ്റിയിരിക്കുന്നു. മോട്ടോറിലെ കോപ്പർ വൈന്റിംഗുപോലെ.

”ഇവനെയല്ലല്ലോ ചുറ്റി വരിഞ്ഞത്‌. ഭാഗ്യം എന്നേ പറയാവൂ.....“

രമ്യ ആശ്വസിച്ചു.

”ഇവനെ ചുറ്റിവരിയാൻ മലമ്പാന്നിന്‌ നീളം തികയേണ്ടേ? രണ്ടു ചുറ്റുമ്പോഴേക്കും പാമ്പ്‌ തീരും....“

സുനിൽ പൊട്ടിച്ചിരിച്ചു.

ഇനി ബേബിയെ കണ്ടെത്തണം. ഇതുപോലെ വല്ല ദിക്കിലും തൂങ്ങിക്കിടക്കുന്നുണ്ടോ ആവോ!

”ബേബീ........“

സുനിൽ ഉച്ചത്തിൽ വിളിച്ചു.

ബേ.....ബീ......ബേ........ബീ........

അത്‌ മലമടക്കുകളിൽ തട്ടി ഒന്നിനുപത്തായി പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

ബേ.....ബീ......ബേബീ.......

പ്രതിധ്വനി കേൾക്കാൻ നല്ല രസം....

”ബേ......ബീ........ബേബീ.....“

വീണ്ടും അലറി വിളിച്ചു.

ബേ.......ബീ.........ബേ......ബീ......

വീണ്ടും വീണ്ടും പ്രതിധ്വനി ഉയർന്നു.

ഖർ......ഖർ.......

തൊട്ടടുത്തുനിന്ന്‌ ഒരു മുരൾച്ച

”അയ്യോ ഏതോ കാട്ടുമൃഗം.“

”മിണ്ടാതിരിക്ക്‌.....“

സുനിൽ റഹീമിന്റെ വായ പൊത്തിപ്പിടിച്ചു.

മെല്ലെ ചെടികൾക്കിടയിലേക്ക്‌ ഒളിഞ്ഞുനിന്നു.

”ഒളിഞ്ഞിരുന്നിട്ടും കാര്യമില..... അവ മണത്തു പിടിക്കും....“

രമ്യ പിറുപിറുത്തു.

നിശ്ശബ്‌ദം.......

സുനിൽ ചുണ്ടിൽ വിരൽ വെച്ചു.

മുരൾച്ച അടുത്തടുത്തേക്ക്‌ നീങ്ങിനീങ്ങി വന്നു കൊണ്ടിരുന്നു.

Previous Next

ആര്യൻ കണ്ണനൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.