പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

പഠിപ്പും പണവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പൂവൈ അമുദൻ

പുനഃ മുരളീധരൻ ആനാപ്പുഴ

ഹരിലാലിന്റെ കീശയിൽ പത്തുരൂപാനോട്ടിരിക്കുന്നത്‌ അച്‌ഛൻ കുട്ടപ്പന്റെ കണ്ണിൽപ്പെട്ടു.

ബാഗിൽ പുസ്‌തകങ്ങളടുക്കിവെച്ച്‌ സ്‌കൂളിലേക്ക്‌ പുറപ്പെടാൻ തയ്യാറെടുക്കുകയാണ്‌ ഹരി. അച്‌ഛൻ തന്റെ കീശയിലെ പത്തുരൂപാനോട്ട്‌ കണ്ടെന്ന്‌ അവന്‌ മനസ്സിലായി. അതുകൊണ്ട്‌ വേഗം പോകാൻ ശ്രമിക്കയാണവൻ.

“മോൻ സ്‌കൂളിലേക്കാണോ?” കുട്ടപ്പൻ വളരെ സൗമ്യമായി ചോദിച്ചു.

“പുസ്‌തകോം എടുത്തോണ്ട്‌ സ്‌കൂളിലേക്കല്ലാതെ പിന്നെ...!” ഹരിയ്‌ക്ക്‌ ചോദ്യം ഇഷ്‌ടപ്പെട്ടില്ല.

“ദേഷ്യപ്പെടല്ലേ മോനേ, അരീ!” ഇതും പറഞ്ഞ്‌ അച്‌ഛൻ അവന്റെ കവിളിൽ മെല്ലെ തട്ടി.

“എന്നെ ‘അരീ, അരീ’ന്ന്‌ വിളിക്കണതെന്താ? ഹരിലാൽ എന്നല്ലേ എനിക്കിട്ടിരിക്കുന്ന പേര്‌!”

“സ്‌നേഹം കൊണ്ട്‌ ചുരുക്കി വിളിച്ചതാ മോനേ!”

“ആ വാക്കിന്റെ അർത്ഥമറിയോ അച്‌ഛന്‌? ‘അരി’യെന്നാൽ ‘ശത്രു’ എന്നാണ്‌!”

“എന്റെ ദൈവമേ! അതെങ്ങനെയാ നീ എന്റെ ശത്രുവാകുന്നേ? കാര്യം, നിന്റെ ചില നേരത്തെ വർത്താനം കേട്ടാൽ ശത്രൂനെപ്പോലെ തോന്നും! എന്നാലും, ഞാനങ്ങനെ പറയില്ല.”

“അമ്മേ..!” അവൻ നീട്ടി വിളിച്ചു. എന്നിട്ട്‌ പറഞ്ഞുഃ “ഞാൻ സ്‌കൂളീപ്പോവാട്ടോ.” എന്നും അമ്മയോട്‌ പറഞ്ഞിട്ടേ അവൻ പോകാറുളളൂ.

“അമ്മ പിൻവശത്ത്‌ പണിയിലാണെന്ന്‌ തോന്നുന്നു.” അച്‌ഛൻ.

“എന്താ, അച്‌ഛൻ ഇന്ന്‌ ജോലിക്ക്‌ പോകുന്നില്ലേ?”

“പിന്നെ! വലിയ കളക്‌റ്റരുദ്യോഗോല്ലേ, ഗോപാലേട്ടന്റെ കടേലെ കണക്കെഴുത്ത്‌!”

“ചെയ്യുന്ന ജോലി ദൈവമാണെന്ന്‌ ഞങ്ങളുടെ പുസ്‌തകത്തിലുണ്ടല്ലോ. അച്‌ഛൻ പഠിക്കുന്ന കാലത്ത്‌ അങ്ങനെയൊന്നും പഠിച്ചിട്ടില്ലേ?”

മകന്റെ ചോദ്യം ഉളളിൽ തറയ്‌ക്കുന്നപോലെ തോന്നി കുട്ടപ്പന്‌. എങ്കിലും മനസ്സിലെ ചിന്തയ്‌ക്കനുസരിച്ച്‌ ദേഷ്യം നടിക്കാതെ പറഞ്ഞുഃ “കീശേല്‌ കാശുണ്ടല്ലോ! അമ്മ തന്നതാണോ?”

“പിന്നെ ഞാൻ സമ്പാദിക്കണ്‌ണ്ടോ! എന്റെ ആവശ്യങ്ങൾക്ക്‌ അമ്മയല്ലേ കാശ്‌ തരുന്നത്‌? അമ്മയോട്‌ പറഞ്ഞേക്ക്‌ ഞാൻ പോയെന്ന്‌.”

പോകാനൊരുങ്ങിയ അവനെ കുട്ടപ്പൻ പിടിച്ചു നിർത്തി. പോക്കറ്റിൽ പൊന്തിനിന്നിരുന്ന നോട്ടിലായിരുന്നു കുട്ടപ്പന്റെ കണ്ണ്‌.

“കൈവിട്‌. എനിക്ക്‌ പോകാനുളള സമയമായി.” പിടി വിടുവിക്കാൻ അവൻ കുതറി.

“ഈ പത്ത്‌ രൂപ നിനക്കെന്തിനാണ്‌?”

“നോട്ട്‌ബുക്ക്‌ വാങ്ങാൻ.”

“അത്‌ നാളെ വാങ്ങാം. നീ ആ കാശിങ്ങ്‌ താ!”

“തരില്ല ഞാൻ! അച്‌ഛന്‌ ലോട്ടറി ടിക്കറ്റ്‌ വാങ്ങാനല്ലേ?” അവൻ കീശയിൽ പൊത്തിപ്പിടിച്ചു.

“അതേടാ. അതിനുതന്നെ. നീ പിടിവാശി കാണിക്കാതെ കാശെട്‌.”

“തരില്ലച്ഛാ. ഒരാഴ്‌ചയായി ചോദിച്ചു തുടങ്ങിയിട്ട്‌. അമ്മ എവിടെന്നോ കടം വാങ്ങിത്തന്നതാണ്‌.” അവന്‌ കരച്ചിൽ വന്നു. കൈ എടുക്കാതെ കീശയിൽ അവൻ അമർത്തിപ്പിടിച്ചു.

“വിടടാ. ചുമ്മാ ഉടുപ്പ്‌ കീറും. ഒരു കോടി രൂപയെങ്ങാൻ കിട്ടിയാൽ നിങ്ങൾക്കല്ലേ അത്‌ തരിക!”

“അങ്ങനെയുളള കാശ്‌ വേണ്ടച്ഛാ. കഷ്‌ടപ്പെട്ടുണ്ടാക്കുന്ന ഒരു രൂപയാണ്‌ ഒരു കോടിയേക്കാൾ വലുതെന്ന്‌ ഞങ്ങൾ പഠിച്ചിട്ടുണ്ട്‌.”

“ടേയ്‌.... നാളെ ഞാൻ കോടീശ്വരനാണെന്നോർത്തോ! സ്വപ്‌നത്തിൽ ദൈവം വന്നു പറഞ്ഞതാ. നിനക്ക്‌ കോടീശ്വരന്റെ മകനാകേണ്ടേ? എടക്കേടുണ്ടാക്കല്ലേ. പുസ്‌തകം പിന്നേം കിട്ടും. ഈ ലോട്ടറിയുടെ അവസാന ദിവസമാണിന്ന്‌. കെട്ടുകെട്ടായി നിനക്ക്‌ പുസ്‌തകം ഞാൻ വാങ്ങിത്തരും.” ഇതും പറഞ്ഞ്‌ ഒരു കണക്കിൽ പത്തുരൂപാനോട്ട്‌ കുട്ടപ്പൻ കൈക്കലാക്കി.

“അമ്മേ...!” ഹരി ഉറക്കെ നിലവിളിച്ചു. എന്തോ സംഭവിച്ചെന്ന്‌ പേടിച്ച്‌ ഓടിവന്ന തങ്കമ്മ ഭർത്താവിന്റെ കൈയിലിരിക്കുന്ന നോട്ട്‌ കണ്ടു. വിമ്മിക്കരയുന്ന മകനെ അവർ തന്നോട്‌ ചേർത്തുപിടിച്ചു.

ദഹിപ്പിച്ചു കളയുമെന്ന മട്ടിൽ കുട്ടപ്പൻ ഭാര്യയെ നോക്കി. “ഞാൻ ചോദിച്ചാ, നിനക്ക്‌ കാശ്‌ കടം വാങ്ങിത്തരാൻ പറ്റൂലാ, അല്ലേ?”

“കൊച്ച്‌ ചോദിച്ചത്‌ പഠിപ്പിന്‌! നിങ്ങളോ ചൂതാട്ടത്തിന്‌!” തങ്കമ്മയ്‌ക്ക്‌ ദേഷ്യം സഹിക്കാനായില്ല.

“ങ്‌ഹേ.. ലോട്ടറിയെടുക്കണത്‌ ചൂതാട്ടാമോ?”

“എന്താ സംശയം?”

“കിട്ടിയാൽ വീടിന്‌! കിട്ടിയില്ലെങ്കിൽ നാടിന്‌! എന്ന്‌ കേട്ടിട്ടില്ലേ നീയ്യ്‌?”

“കൊച്ചിന്‌ നോട്ടുബുക്ക്‌ വാങ്ങാൻ വഴിയില്ല. ലോട്ടറി വാങ്ങി നാടുനന്നാക്കാനിറങ്ങിയിരിക്കുന്നു! കഷ്‌ടപ്പെടാതെ കോടികൾ നേടാനൊരാള്‌!”

പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ നോട്ടും തട്ടിപ്പറിച്ചോണ്ട്‌ ഹരിലാൽ ഓടി. കുട്ടപ്പൻ പിറകെയും. പുസ്‌തകം വാങ്ങുന്നതിനുമുമ്പേ പൈസ പിടിച്ചുവാങ്ങണമെന്നു കരുതി ക്ലാസ്സിനടുക്കൽ വരെയെത്തി. അപ്പോഴേക്കും ടീച്ചർ അവിടെ വന്നു.

“എന്താ ഹരിലാലേ, ഇന്നെങ്കിലും നീ നോട്ടുബുക്ക്‌ വാങ്ങി എഴുതുമോ?”

“പുസ്‌തകത്തിനുളള കാശ്‌ കൊണ്ടുവന്നിട്ടുണ്ട്‌. ഇതാ ടീച്ചർ.” നോട്ടെടുത്ത്‌ അവൻ നീട്ടി.

“സ്‌റ്റോറിൽ പോയി നീ തന്നെ വാങ്ങിക്കൊണ്ടു വരൂ.”

നിർബന്ധമായി അവൻ പൈസ ടീച്ചറുടെ കൈയിൽ തിരുകി. ഹരിക്ക്‌ എന്തു പറ്റിയെന്ന ചിന്തയായിരുന്നു ടീച്ചർക്ക്‌. അവൻ അച്‌ഛന്റെ നേരെ നോക്കി.

“ടീച്ചറേ, ഇതാണെന്റെ അച്‌ഛൻ! ഞാൻ നന്നായി പഠിക്കുന്നുണ്ടോന്ന്‌ ടീച്ചറോട്‌ ചോദിച്ചറിയാൻ വന്നതാ. പുസ്‌തകത്തിന്‌ കാശ്‌ തന്നത്‌ അച്‌ഛനാ. അത്‌ ഞാനെങ്ങാൻ കളഞ്ഞാലോ എന്നോർത്ത്‌ കൂടെപ്പോരികേം ചെയ്‌തു.”

കുട്ടപ്പൻ ടീച്ചറെ തൊഴുതു. അയാൾ മകന്റെ നേരെ നോക്കി. ഭാഗ്യം! ലോട്ടറിക്ക്‌ പണം പിടുങ്ങാൻ വന്നതാണെന്നു പറഞ്ഞ്‌ മകൻ തന്നെ ചീത്തയാക്കിയില്ലല്ലോ എന്ന്‌ മനസ്സിലോർത്തു. മറ്റു കുട്ടികളും തന്നെ ശ്രദ്ധിക്കുന്നതായി അയാൾക്ക്‌ മനസ്സിലായി. ടീച്ചറുമായി കുറച്ചുനേരം സംസാരിച്ചു.

“നന്നായി പഠിക്ക്‌.” സ്‌നേഹപൂർവ്വം മകന്റെ തോളിൽത്തട്ടി തലയും കുമ്പിട്ട്‌ അയാൾ തിരികെ നടന്നു.

വൈകുന്നേരം വീട്ടിലെത്തുമ്പോൾ അച്‌ഛൻ അടിക്കുമോയെന്ന ചിന്തയായിരുന്നവന്‌. താൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഭാഗ്യത്തെ കാത്തിരിക്കുന്നതിനേക്കാൾ പഠിപ്പിലും ബുദ്ധിയിലും വിശ്വസിക്കുന്നതാണ്‌ നല്ലത്‌. അവൻ ഉറച്ചു വിശ്വസിച്ചു. വീട്ടിലേക്ക്‌ തിരിയുന്ന ഇടവഴിയിൽ അച്‌ഛൻ കാത്തു നിൽക്കുന്നത്‌ കണ്ടപ്പോൾ അവൻ പേടിച്ചു. എങ്കിലും അവൻ സാവധാനം നടന്നടുത്തു. പ്രതീക്ഷയ്‌ക്ക്‌ വിപരീതമായി അച്‌ഛൻ ഓടിവന്ന്‌ അവനെ വാരിപ്പുണർന്നു. ആനന്ദം കൊണ്ട്‌ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

പൂവൈ അമുദൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.