പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

തൊഴിലിന്റെ മഹത്വം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പൂവൈ അമുദൻ

പുനരാഖ്യാനം ഃ മുരളീധരൻ ആനാപ്പുഴ

നല്ല വളക്കൂറുളള മണ്ണാണ്‌ വാളയാർപുരം ഗ്രാമത്തിലേത്‌. അദ്ധ്വാനശീലരായ മനുഷ്യരാണ്‌ അവിടെയുളളവർ. കൃഷിക്കാരും കരിങ്കൽപണിക്കാരുമായിരുന്നു അധികവും. വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ടായിരുന്നു അവിടെ. ക്ഷേത്രത്തിലെ ദേവിയുടെ അനുഗ്രഹം കൊണ്ടാണ്‌ ഗ്രാമത്തിന്റെ ഐശ്വര്യം നിലനിൽക്കുന്നതെന്ന്‌ പ്രായമായവർ പറയും.

കൃഷിക്കാരനായ കണാരന്റെ ഒരേയൊരു മകനാണ്‌ ഉദയൻ. അടുത്ത വീട്ടിലെ ചന്ദ്രൻ കരിങ്കൽത്തൊഴിലാളിയായിരുന്നു. ചന്ദ്രന്റെ മകൻ ഉത്തമനും കണാരന്റെ മകൻ ഉദയനും. ഗ്രാമത്തിലെ പ്രൈമറിസ്‌കൂളിലെ പഠനം കഴിഞ്ഞപ്പോൾ പട്ടണത്തിലെ ഹൈസ്‌കൂളിൽ ചേർന്നു പഠിച്ചു. രണ്ടുപേരും നല്ല മാർക്ക്‌ വാങ്ങിയാണ്‌ പൊതുപരീക്ഷകൾ പാസ്സായത്‌. മക്കൾ തങ്ങളെപ്പോലെ വെയിലിലും മഴയിലും കഷ്‌ടപ്പെടാതിരിക്കാൻ അവർക്ക്‌ സർക്കാരുദ്യോഗം ലഭിക്കണമെന്ന്‌ കരുതിയ കണാരനും ചന്ദ്രനും അവരെ കോളേജിലയച്ചു പഠിപ്പിച്ചു. നല്ല മാർക്കോടെ മാസ്‌റ്റർ ഡിഗ്രിയെടുക്കാൻ രണ്ടുപേർക്കും കഴിഞ്ഞു. വാളയാർപുരത്തിൽ ഇവർ മാത്രമേ ഇത്രയ്‌ക്ക്‌ പഠിച്ചവരായി ഉണ്ടായിരുന്നുളളൂ. ഗ്രാമീണരെല്ലാം ഇവരെ ആദരവോടെ കാണാൻ തുടങ്ങി.

പഠിപ്പിനൊത്ത സർക്കാരുദ്യോഗത്തിനായി രണ്ടുപേരുടേയും ശ്രമം. അപേക്ഷകൾ അയച്ചുകൊണ്ടേയിരുന്നു. ഫലമുണ്ടായില്ല. പ്രൈവറ്റ്‌ കമ്പനികളിലേക്കും അപേക്ഷകൾ അയക്കാതിരുന്നില്ല. ജോലിയന്വേഷിക്കുന്ന ജോലിയുമായി അങ്ങനെ രണ്ടുമൂന്നുവർഷം കഴിഞ്ഞു.

കണാരനും ചന്ദ്രനും വല്ലാതെ വ്യസനിച്ചു. തങ്ങൾക്ക്‌ വയസ്സായി. ഇത്ര പഠിച്ചിട്ടും മക്കൾക്ക്‌ ഒരു ജോലി ലഭിച്ചില്ലല്ലോ എന്ന ചിന്ത അവരെ തളർത്തി.

അങ്ങനെയിരിക്കെ രണ്ടുപേർക്കും ഇന്റർവ്യൂ കാർഡ്‌ വന്നു. ആദ്യമായി ഇങ്ങനെയൊന്ന്‌ വന്നതറിഞ്ഞപ്പോൾ ജോലി ലഭിച്ചതുപോലുളള സന്തോഷമായിരുന്നു വീട്ടിലും നാട്ടിലും.

ഉത്തമന്‌ ദൂരെയുളള ഒരു മരുന്ന്‌ കമ്പനിയിൽ നിന്നും ഉദയന്‌ ഒരു ചിട്ടിക്കമ്പനിയിൽ നിന്നുമാണ്‌ കാർഡ്‌ വന്നിരുന്നത്‌. രണ്ടുപേരേയും എല്ലാവരും കൂടി യാത്രയാക്കി. ഇന്റർവ്യൂ സമയത്താണറിയുന്നത്‌. ജോലി കിട്ടണമെങ്കിൽ ഉത്തമൻ ഇരുപത്തയ്യായിരം രൂപയും ഉദയൻ എഴുപത്തയ്യായിരം രൂപയും ഡെപ്പോസിറ്റ്‌ അടയ്‌ക്കണമെന്ന്‌! പഠിപ്പിക്കാൻ തന്നെ പണം ചെലവാക്കി വിഷമിച്ചിരിക്കുന്ന വീട്ടുകാരോട്‌ ഇക്കാര്യം പറയേണ്ടെന്ന്‌ ഓർത്താണ്‌ വന്നതെങ്കിലും അവരുടെ ചോദ്യങ്ങൾ കേട്ടപ്പോൾ പറഞ്ഞുപോയി. ഇത്ര വലിയ തുക പെട്ടെന്നെങ്ങനെയുണ്ടാക്കുമെന്നോർത്ത്‌ വീട്ടുകാർ വിഷമിച്ചു.

ഉണ്ടായിരുന്ന ആഭരണങ്ങൾ വിറ്റും കടംവാങ്ങിയും ഒരുകണക്കിൽ ചന്ദ്രൻ പണമൊപ്പിച്ചു. ഉളള നിലവും പുരയിടവും പണയം ചെയ്‌ത്‌ കണാരനും കാശൊപ്പിച്ചെന്നേ പറയേണ്ടൂ.

ശമ്പളം കുറവായിരുന്നെങ്കിലും സത്യസന്ധതയോടും ഉത്തരവാദിത്വത്തോടും കൂടി ജോലി ചെയ്യുന്നതിനിടയിൽ വേറെ ജോലിക്ക്‌ ശ്രമിക്കാമെന്ന്‌ ഉത്തമൻ കരുതി. എങ്ങനെയും കുടുംബത്തെ സംരക്ഷിക്കണമെന്ന വിചാരമായിരുന്നവന്‌.

ഉദയൻ പണം നിറച്ച സൂട്ട്‌കേസുകമായി ചിട്ടിക്കമ്പനിയിലെത്തി. അവിടെ മാനേജരെ തടഞ്ഞുവെച്ച്‌ മൂന്നാലു പേർ ചോദ്യം ചെയ്യുന്നു. പണം കിട്ടാത്തതിലുളള ദേഷ്യമാണ്‌ ഇതിന്‌ കാരണമെന്ന്‌ ഉദയന്‌ മനസ്സിലായി. കമ്പനിയിലെ ജോലിക്കാരും ഇക്കാരണത്താൽ വിഷണ്ണരായി കാണപ്പെട്ടു.

എന്താണ്‌ വേണ്ടതെന്ന്‌ ആലോചിച്ചു നിൽക്കുമ്പോൾ മാനേജരുടെ അടുത്തുനിന്നിരുന്ന ഒരാൾ വന്നു ചോദിച്ചു.

“നിങ്ങൾ പണമടക്കാൻ വന്നതാണോ? അതോ നിങ്ങൾക്കും ഇവിടെ നിന്ന്‌ പണം കിട്ടാനുണ്ടോ? ചിട്ടി വിളിച്ചോ? ഞങ്ങൾ ചിട്ടി വിളിച്ചിട്ട്‌ ആറ്‌ മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല!” ഒറ്റശ്വാസത്തിൽ അയാൾ ഇത്രയും പറഞ്ഞു നിർത്തി.

മാനേജർ തലയുയർത്തി നോക്കി. ഉദയനെ കണ്ടു. ചുറ്റും കൂടിയിരുന്നവരോട്‌ അല്‌പം കാത്തിരിക്കാൻ പറഞ്ഞിട്ട്‌ അയാൾ ഉദയന്റെ അടുത്തേക്ക്‌ വന്നു. കുട്ടിക്ക്‌ മധുരപലഹാരങ്ങൾ കിട്ടുമ്പോഴുണ്ടാകുന്ന തെളിച്ചമായിരുന്നു അപ്പോൾ അയാളുടെ മുഖത്ത്‌.

ഉദയനെ മറ്റൊരു മുറിയിലേക്ക്‌ വിളിച്ചു കൊണ്ടുപോയ മാനേജർ പതുക്കെ ചോദിച്ചു. “പണം കൊണ്ടുവന്നിട്ടില്ലേ? ഇപ്പോൾ തന്നെ ജോലിയിൽ ചേർന്നോളൂ. ചിട്ടിക്കമ്പനികളിൽ ഇടയ്‌ക്ക്‌ ഇങ്ങനെയൊക്കെയുണ്ടാവും. അത്‌ കാര്യമാക്കേണ്ട. പണമെടുക്ക്‌! മാസം ഏഴായിരത്തഞ്ഞൂറാണ്‌ നിങ്ങൾക്ക്‌ ശമ്പളം തരിക!”

തന്റെ ഡെപ്പോസിറ്റ്‌ തുക ചിട്ടി പിടിച്ചവർക്ക്‌ നൽകി തൽക്കാലം രക്ഷപ്പെടാനാണ്‌ അയാളുടെ പ്ലാനെന്ന്‌ മനസ്സിലാക്കാൻ ഉദയന്‌ പ്രയാസമുണ്ടായില്ല. അവൻ പറഞ്ഞു. “പണം മുഴുവൻ തികഞ്ഞില്ല. നിലം പണയം ചെയ്‌ത പണം കിട്ടാൻ കുറച്ചുദിവസം കൂടി കഴിയും. ആദ്യശമ്പളം തരുന്നതിന്‌ മുമ്പ്‌ ഞാൻ മുഴുവൻ പണവും അടച്ചുകൊളളാം.”

മാനേജർക്ക്‌ ധിറുതിയായി. “എങ്കിൽ ഇപ്പോൾ കൊണ്ടുവന്നിട്ടുളളതെടുക്കൂ.”

“ഒന്നിച്ച്‌ നൽകാമെന്നോർത്ത്‌ ഇപ്പോൾ ഒന്നും കൊണ്ടുവന്നില്ല? പെട്ടിയിൽ എന്റെ വസ്‌ത്രങ്ങളാണ്‌.”

“ജോലിക്കു ചേരാൻ വെറും കൈയോടെ വന്നിരിക്കയാണല്ലേ? ഒന്നു പോണുണ്ടോ വേഗം!” മാനേജർ കഴുത്തിന്‌ പിടിച്ച്‌ തളളിയില്ലെന്നേയുളളൂ. ഉദയൻ പുറത്തേക്ക്‌ പോന്നയുടനെ ആ മുറിയിലേക്ക്‌ തളളിക്കയറിയവർ പണം ചോദിച്ച്‌ മാനേജരെ കടന്നുപിടിക്കുന്നുണ്ടായിരുന്നു.

കാര്യമറിഞ്ഞ കണാരൻ പറഞ്ഞത്‌ ‘പാമ്പിന്റെ വായിൽപ്പെട്ട തവള’ രക്ഷപ്പെട്ടപോലെയെന്നാണ്‌. പണം നഷ്‌ടപ്പെടാതെ വന്നതിൽ നാട്ടുകാരും സന്തോഷിച്ചു.

“വേണ്ട ബുദ്ധി സമയത്തിന്‌ തോന്നിയല്ലോ!” അവർ പറഞ്ഞു.

ഉദയൻ ചിന്തിച്ച്‌ ഒരു തീരുമാനത്തിലെത്തി. “കൈയിൽ വെണ്ണയും വെച്ചുകൊണ്ട്‌ നെയ്യന്വേഷിച്ച്‌ നടക്കേണ്ട കാര്യമില്ല. നമുക്ക്‌ വേണ്ടത്ര നിലമുണ്ടല്ലോ. കൈയിലാണെങ്കിൽ ഇപ്പോൾ പണവുമുണ്ട്‌. ഒരു ട്രാക്‌റ്റർ വാങ്ങി കൃഷി ചെയ്യാമെന്നാണ്‌ ഞാൻ കരുതുന്നത്‌.”

“ഇത്രയും പഠിച്ചിട്ട്‌ പാടത്തിറങ്ങുകയോ!” വീട്ടുകാർ അത്ഭുതപ്പെട്ടു.

“ഏത്‌ തൊഴിലിനും അതിന്റേതായ അന്തസ്സുണ്ട്‌. കൃഷി ചെയ്യുന്നതു കൊണ്ടല്ലേ നമ്മൾ പട്ടിണി കൂടാതെ കഴിഞ്ഞുകൂടുന്നത്‌? ഞങ്ങളെ പഠിപ്പിച്ചത്‌ ആ ജോലി ചെയ്‌തുകൊണ്ടല്ലേ?”

“അതൊക്കെ ശരി തന്ന്യാ... എന്നാലും...”

“ഒരെന്നാലും ഇല്ല! കൃഷിക്കും വ്യവസായത്തിനും മറ്റും വേണെങ്കിൽ സർക്കാർ കടം നൽകുകയും ചെയ്യും. അറിയാവുന്ന ജോലി കൈയിലിരിക്കുമ്പോൾ ജോലിക്കുവേണ്ടി ഇനി അലയുന്നില്ല!”

പറഞ്ഞതുപോലെതന്നെ ഉദയൻ പ്രവർത്തിച്ചു. മണ്ണറിഞ്ഞ്‌ അച്‌ഛനോടൊപ്പം വേലചെയ്‌ത അവന്റെ പാടത്ത്‌ പൊന്ന്‌ വിളഞ്ഞെന്ന്‌ പറഞ്ഞാൽ മതിയല്ലോ.

മാസങ്ങൾ കഴിഞ്ഞാണ്‌ ഉത്തമൻ ജോലിസ്ഥലത്തുനിന്ന്‌ വന്നത്‌. ആളറിയാത്തവിധം അയാൾ കറുത്ത്‌ മെലിഞ്ഞുപോയിരുന്നു. സുഖമില്ലാത്തവിധം ചുമച്ചുകൊണ്ടാണ്‌ അവൻ ഉദയന്റെ അടുക്കലെത്തിയത്‌.

“നിന്റെ മരുന്നുകമ്പനിയിൽ ചുമയ്‌ക്ക്‌ മരുന്നില്ലേ? ആൾ പകുതിയായല്ലോ?” ഉദയൻ പാതി വ്യസനത്തോടെ ചോദിച്ചു.

“നാട്ടിലെ തെരുവുകളിൽ അലഞ്ഞ്‌ സമർത്ഥമായി സംസാരിച്ച്‌ മരുന്ന്‌ വിൽക്കുന്ന പണി. മരുന്നിന്‌ വലിയ ഡിമാൻഡില്ല. ശമ്പളവും കുറവ്‌. അവസാനം അപ്പണി ഞാൻ വേണ്ടെന്നുവെച്ചു.”

“അപ്പോൾ കൊടുത്ത കാശോ?”

“അത്‌ വളരെ നിർബന്ധിച്ച്‌ ഞാൻ തിരികെ വാങ്ങി.”

“അത്‌ നന്നായി. ഇനിയെന്താ പരിപാടി? നീയൊരു കാര്യം ചെയ്യ്‌, എന്റെ കൂടെ കൃഷി ചെയ്യ്‌.”

“എനിക്ക്‌ സന്തോഷമേയുളളൂ. ഞാനതങ്ങോട്ട്‌ ചോദിക്കാനിരിക്കയായിരുന്നു!” ഉത്തമൻ ഉദയനെ കെട്ടിപ്പിടിച്ചു.

അവർ രണ്ടുപേരും മാത്രമല്ല അവരുടെ വീട്ടുകാരും ഇക്കാര്യത്തിൽ ഏറെ സന്തോഷിച്ചു. വിവിധ കൃഷികളും കൃഷിരീതികളും പരീക്ഷിച്ച അവർ തങ്ങളുടെ ജോലിയിൽ തിളങ്ങി. പഠിച്ചവരായാലും അദ്ധ്വാനിക്കുന്നത്‌ അഭിമാനം തന്നെയെന്ന്‌ തെളിയിച്ച അവരെ നാട്ടുകാരും ബഹുമാനിച്ചു.

പൂവൈ അമുദൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.