പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

സന്മനസ്സ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്യൻ താന്നിപ്പുഴ

ഉണ്ണിക്കഥ

പണ്ട്‌ ഒക്കൽ ഗ്രാമത്തിൽ രണ്ട്‌ കച്ചവടക്കാരുണ്ടായിരുന്നു. കുഞ്ഞനും വേലുവും എന്നായിരുന്നു അവരുടെ പേരുകൾ.

ചന്തയിൽചെന്ന്‌ പച്ചക്കറികൾ വാങ്ങി ഗ്രാമത്തിൽ കൊണ്ടുവന്ന്‌ വിറ്റാണ്‌ അവർ ഉപജീവനം കഴിച്ചിരുന്നത്‌.

ഒരു ദിവസം രാവിലെ ഇരുവരും കൂടി ചന്തയിലേക്കു പോയി. പോകുന്നവഴി ഒരു വൃദ്ധൻ അവശനായി റോഡരികിൽ ഇരിക്കുന്നതു കണ്ടു.

രണ്ടുപേർ റോഡിലൂടെ നടന്നുപോകുന്നതുകണ്ടപ്പോൾ വൃദ്ധൻ പറഞ്ഞുഃ

‘എന്നെ സഹായിക്കൂ. എനിക്ക്‌ ഒരു ചായ വാങ്ങി തരൂ.’

വൃദ്ധന്റെ വാക്കുകൾ കേട്ടപ്പോൾ കുഞ്ഞൻ പറഞ്ഞു.

‘എനിക്ക്‌ ചന്തയിൽപോയി സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന്‌ കച്ചവടം ചെയ്യാനുളളതാണ്‌. സമയം വൈകിയാൽ നല്ല സാധനങ്ങൾ കിട്ടുകയില്ല.’

കുഞ്ഞൻ അയാളുടെ വഴിക്കുപോയി. വേലുവിന്‌ അവശനായ വൃദ്ധനെ ഉപേക്ഷിച്ചുപോകാൻ മനസ്സ്‌ അനുവദിച്ചില്ല. വേലു അടുത്ത ചായക്കടയിൽചെന്ന്‌ ഒരു ചായ വാങ്ങി കൊണ്ടുവന്നു കൊടുത്തു. ചായ കുടിച്ച്‌ വൃദ്ധൻ ആശ്വാസത്തോടെ ഇരിക്കുന്നതുകണ്ട്‌ വേലു ചന്തയിലേക്കു നടന്നു.

മുൻപേപോയ കുഞ്ഞൻ വഴിയിൽ ഒരു കാളവണ്ടി ചക്രം താണ്‌ കാളകൾ വലിക്കാൻ വിഷമിക്കുന്നതു കണ്ടു. വണ്ടിക്കാരൻ കുഞ്ഞനോട്‌ വണ്ടിതളളി സഹായിക്കണമെന്ന്‌ അഭ്യർത്ഥിച്ചു.

കുഞ്ഞൻ സഹായിക്കാൻ തയ്യാറായില്ല. അയാൾ പറഞ്ഞുഃ ‘ഞാൻ വണ്ടി തളളിക്കയറ്റാൻ നിന്നാൽ എനിക്ക്‌ ചന്തയിൽ ചെന്ന്‌ നല്ല സാധനങ്ങൾ വാങ്ങാൻ കഴിയുകയില്ല. സാധനങ്ങൾ വിറ്റുതീരുന്നതിനു മുൻപ്‌ ഞാൻ ചന്തയിൽ പോകട്ടെ.’

കുഞ്ഞൻ വേഗം ചന്തയിലേക്കു നടന്നു. പിന്നാലെവന്ന വേലുവിനെ വണ്ടിക്കാരൻ കണ്ടു. വണ്ടിക്കാരൻ വേലുവിനോട്‌ സഹായമഭ്യർത്ഥിച്ചു. വേലു ഒരു ഒഴിവുകഴിവും പറയാതെ വണ്ടി തളളികയറ്റാൻ സഹായിച്ചു.

അതിനുശേഷം ചന്തയിലേക്കു നടന്നു. മുൻപേ പോയ കുഞ്ഞൻ വഴിയിൽ ഒരു ഓട്ടോറിക്ഷ സ്‌റ്റാർട്ടാക്കാൻ കഴിയാതെ ഡ്രൈവർ വിഷമിക്കുന്നതു കണ്ടു. ഓട്ടോ ഡ്രൈവർ കുഞ്ഞനോടു പറഞ്ഞു.

‘സഹോദരാ, ഓട്ടോ ഒന്നു തളളി തരാമോ? കുറച്ചുനേരം തളളിയാൽ ഇതു സ്‌റ്റാർട്ടാവും. ഒന്നു തളളി തന്നാൽ വലിയ ഉപകാരമായിരുന്നു.’

‘ഞാൻ നിങ്ങളെ സഹായിക്കുവാൻ നിന്നാൽ എനിക്കു നേരത്തെ ചന്തയിൽ എത്തുവാൻ കഴിയുകയില്ല.’ എന്നു പറഞ്ഞുകൊണ്ട്‌ കുഞ്ഞൻ നടന്നു.

ഡ്രൈവർ വീണ്ടും വിളിച്ചു. ‘സുഹൃത്തേ ഓട്ടോ സ്‌റ്റാർട്ടായാൽ ഞാൻ നിങ്ങളെ ചന്തയിൽ കൊണ്ടുപോയി വിടാം.’

‘പരീക്ഷണം നടത്താൻ എനിക്കു നേരമില്ല. ഞാൻ പോകട്ടെ.’ കുഞ്ഞൻ അയാളുടെ വഴിക്കുപോയി.

പുറകേവന്ന വേലുവിനെ ഓട്ടോഡ്രൈവർ കണ്ടു. ഡ്രൈവർ വേലുവിനോടു സഹായമഭ്യർത്ഥിച്ചു.

വേലു ഒരു മടിയും കൂടാതെ ഓട്ടോ തളളികൊടുത്തു. ഓട്ടോ സ്‌റ്റാർട്ടായി. വേലുവിനെ കയറ്റികൊണ്ട്‌ ഓട്ടോ ചന്തയിലേക്കു പോയി.

പോകുന്ന വഴി കുഞ്ഞൻ നടന്നുപോകുന്നതു കണ്ടു. അയാളെ കൂടി വണ്ടിയിൽ കയറ്റാൻ വേലു പറഞ്ഞു.

ഓട്ടോ നിറുത്തി കുഞ്ഞനെ കയറ്റി ചന്തയിൽ കൊണ്ടു ചെന്നാക്കി. കുഞ്ഞൻ ഓട്ടോചാർജ്ജ്‌ കൊടുത്തു. ഡ്രൈവർ വാങ്ങിയില്ല. കൂലിവേണ്ട എന്നു പറഞ്ഞ്‌ വണ്ടിവിട്ടുപോയി.

കുഞ്ഞനും വേലുവും ഓട്ടോയിൽ പോയതുകൊണ്ട്‌ നേരത്തെ ചന്തയിൽചെന്ന്‌ നല്ല പച്ചക്കറികൾ വാങ്ങാൻ കഴിഞ്ഞു.

തന്നെ സഹായിക്കാത്തവനെപ്പോലും സഹായിക്കുവാനുളള സന്മനസ്സ്‌ ഓട്ടോ ഡ്രൈവർക്കുണ്ടായിരുന്നു. അയാളുടെ നല്ല മനസ്ഥിതി കണ്ടപ്പോൾ കുഞ്ഞന്‌ മനസാന്തരമുണ്ടായി. താൻ മേലിൽ മറ്റുളളവർക്ക്‌ വേണ്ടി കഴിയുന്ന സഹായം ചെയ്യുമെന്ന്‌ അയാൾ തീരുമാനിച്ചു.

ഹൃദയത്തിൽ നൻമ നിറഞ്ഞാൽ നൻമ ചെയ്യാൻ കഴിയും. നൻമയിലൂടെ മാത്രമെ ശാന്തി ലഭിക്കുകയുളളു.

‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്നാണല്ലോ പഴമൊഴി.

സത്യൻ താന്നിപ്പുഴ

തൂമ്പായിൽ,

ഒക്കൽ പി.ഒ.,

പിൻ - 683 550.


Phone: 0484-2462084




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.