പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

കിട്ടപ്പനുണ്ണിയുടെ സ്വർണ്ണപ്പട്ടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ഉണ്ണിക്കഥ

പട്ടം പറത്താൻ മിടുക്കനായിരുന്നു കിട്ടപ്പനുണ്ണി. പട്ടംപറത്തലിൽ കിട്ടപ്പനുണ്ണിയെ ജയിക്കാൻ പറ്റിയ ആരുംതന്നെ പട്ടണക്കാട്ടങ്ങാടിയിലോ പഴവങ്ങാടിയിലോ ഉണ്ടായിരുന്നില്ല. കിട്ടപ്പനുണ്ണിയുടെ സ്വർണ്ണനിറമുളള പട്ടം ആകാശത്തു തത്തിതത്തിപ്പാറുമ്പോൾ നാട്ടാരും വീട്ടാരും ഇമപൂട്ടാതെ നോക്കിനിൽക്കും. “ഹാ! എന്തൊരു ചേല്‌!” എന്ന്‌ എല്ലാവരും ഉറക്കെ ആർത്തുവിളിക്കുകയും ചെയ്യും.

കിട്ടപ്പനുണ്ണി തന്റെ സ്വർണ്ണപ്പട്ടത്തെ താഴത്തുപോലും വെക്കാറില്ല. പട്ടം പറത്തൽ കഴിഞ്ഞാൽ അവൻ സ്വർണ്ണപ്പട്ടത്തെ തോളിലിരുത്തി വീട്ടിലേക്കു കൊണ്ടുപോകും. പിന്നെ വീടിന്റെ തട്ടിൻപുറത്തു കൊണ്ടുപോയി സൂക്ഷിച്ചുവെക്കും. ഒരു ദിവസം കിട്ടപ്പനുണ്ണി പട്ടവുമായി കൊയിലാണ്ടിപ്പാടത്ത്‌ പട്ടം പറത്തൽ മൽസരത്തിനു പോയി. അവിടെ പേരുകേട്ട പല പട്ടം പറത്തലുകാരും വന്നിരുന്നു. ഏറ്റവും ഉയരത്തിൽ പറക്കുന്ന പട്ടത്തിനു നൂറ്റൊന്നു രൂപയും ഒരു സ്വർണ്ണപ്പതക്കവുമായിരുന്നു സമ്മാനം!

പട്ടംപറത്തൽ മത്സരം ആരംഭിച്ചു. ആദ്യം പട്ടാമ്പിക്കാരൻ പട്ടരച്ചന്റെ കുങ്കുമനിറത്തിലുളള പട്ടം ഉയർന്നു. പിന്നെ വടുതലക്കാരൻ വടിവേലുവിന്റെ പച്ചപ്പട്ടുകൊണ്ടുണ്ടാക്കിയ പട്ടം കുതിച്ചു പൊങ്ങി. താമസിയാതെ താമരശ്ശേരിക്കാരൻ തോമാച്ചന്റെ വെൺപട്ടം ആകാശത്തു തത്തിക്കളിച്ചു.

അതിനു പിന്നാലെ പല നിറത്തിലും തരത്തിലുമുളള വർണ്ണപ്പട്ടങ്ങൾ ഒന്നൊന്നായി മേലോട്ടു പൊങ്ങി.

ഒടുവിലാണ്‌ കിട്ടപ്പനുണ്ണിയുടെ സ്വർണ്ണപ്പട്ടം ആകാശത്തേക്കു മെല്ലെമെല്ലെ ഉയരാൻ തുടങ്ങിയത്‌. അവൻ പട്ടത്തോടു പറഞ്ഞുഃ

“അഴകെഴുന്ന പട്ടമേ

അരുമയായ പട്ടമേ

കുതികുതിച്ചു കുതികുതിച്ചു

വാനിലേക്കു പൊങ്ങുവിൻ....!”

സ്വർണ്ണപ്പട്ടം വട്ടം ചുറ്റുന്ന ഒരു പ്രാവിനെപ്പോലെ തത്തിത്തത്തി ആകാശത്തേക്കു പറന്നുയർന്നു. പട്ടരച്ചന്റെ പട്ടത്തെയും വടിവേലുവിന്റെ പട്ടത്തെയും തോമാച്ചന്റെ പട്ടത്തെയുമെല്ലാം തോൽപ്പിച്ചുകൊണ്ട്‌ കിട്ടപ്പനുണ്ണിയുടെ സ്വർണപ്പട്ടം മേലോട്ടുമേലോട്ടു കുതിച്ചു പൊങ്ങി.

കാണികൾ സന്തോഷത്തോടെ കൈയടിച്ചും ജയ്‌വിളിച്ചും പട്ടംപറത്തലുകാരെ പ്രോത്സാഹിപ്പിച്ചു. പക്ഷേ, കിട്ടപ്പനുണ്ണിയുടെ സ്വർണ്ണപ്പട്ടത്തിന്റെ അടുത്തെത്താൻപോലും മറ്റു പട്ടങ്ങൾക്കു കഴിഞ്ഞില്ല. മത്സരത്തിൽ നൂറ്റൊന്നു രൂപയും സ്വർണ്ണപ്പതക്കവും കിട്ടപ്പനുണ്ണിക്കു കിട്ടി.

ഇതോടെ സ്വർണ്ണപ്പട്ടത്തിന്റെ മനസ്സിൽ അൽപം അസൂയ മുളച്ചു. സമ്മാനമായി കിട്ടുന്ന രൂപയും സ്വർണ്ണപ്പതക്കവുമെല്ലാം കിട്ടപ്പനുണ്ണിക്കാണല്ലോ കിട്ടുന്നത്‌. അതുകൊണ്ട്‌ തനിക്കെന്താ ലാഭം? ഒരു ലാഭവുമില്ലാതെ കിട്ടപ്പനുണ്ണിക്കു പേരുണ്ടാക്കിക്കൊടുത്തിട്ടു വല്ല കാര്യവുമുണ്ടോ! കിട്ടപ്പനുണ്ണിയെ ഒരു പാഠം പഠിപ്പിക്കുകതന്നെ! സ്വർണ്ണപ്പട്ടം മനസ്സിൽ ഉറപ്പിച്ചു. ഇതിനിടയിലാണ്‌ അമ്പാട്ടുപറമ്പിലെ പട്ടംപറത്തൽ മത്സരം വന്നുചേർന്നത്‌. കിട്ടപ്പനുണ്ണിയും മത്സരത്തിനുപോകാൻ തയ്യാറെടുത്തു.

അവൻ തന്റെ സ്വർണ്ണപ്പട്ടത്തിന്റെ കുറ്റങ്ങളും കുറവുകളും തീർത്ത്‌ മോടികൂട്ടി. പട്ടത്തെ തോളിലേറ്റിക്കൊണ്ട്‌ അവനും അമ്പാട്ടുപറമ്പിലേക്കു നടന്നു.

അമ്പാട്ടുപറമ്പിലെത്തിയപ്പോൾ മത്സരം തുടങ്ങേണ്ട സമയമായിക്കഴിഞ്ഞിരുന്നു. പച്ചയും നീലയും മഞ്ഞയും വെളളയും ചുവപ്പുമായി പലരുടെയും പട്ടങ്ങൾ ആകാശത്തിൽ ഒന്നൊന്നായി നിരന്നു.

ഒടുവിലാണ്‌ കിട്ടപ്പനുണ്ണി തന്റെ സ്വർണ്ണപ്പട്ടത്തെ ആകാശത്തേക്ക്‌ ഉയർത്തിവിട്ടത്‌. അവൻ പട്ടത്തോടു പറഞ്ഞുഃ

“പേരുകേട്ട പട്ടമേ

എന്റെ പൊന്നു പട്ടമേ

താളമോടെ മേളമോടെ

വാനിലേക്കു പൊങ്ങുവിൻ!”

സ്വർണ്ണപ്പട്ടം ഒരു വാനമ്പാടിയെപ്പോലെ കുതികുതിച്ച്‌ നീലാകാശത്തിലേക്ക്‌ ഉയർന്നു. കാണികൾ വിടർന്ന കണ്ണുകളോടെ പട്ടത്തിന്റെ കളിയാട്ടം കണ്ടുനിന്നു.

പക്ഷേ, പെട്ടെന്നാണ്‌ സ്വർണ്ണപ്പട്ടത്തിന്റെ ഭാവം മാറിയത്‌. അതു ചരടുപൊട്ടിച്ച്‌ ഓടിയകലാൻ തീരുമാനിച്ചു. കിട്ടപ്പനുണ്ണി വളരെ പാടുപെട്ട്‌ പട്ടത്തെ താഴെയിറക്കാൻ നോക്കിയെങ്കിലും അത്‌ അവന്റെ കൈപ്പിടിയിൽ നിന്നില്ല.

എല്ലാവരും നോക്കിനിൽക്കേ സ്വർണ്ണപ്പട്ടം ചരടുപൊട്ടിച്ച്‌ ദൂരേക്കു പാറിയകന്നു. പൊട്ടിയ ചരടുമായി കിട്ടപ്പനുണ്ണി സങ്കടത്തോടെ മേലോട്ടു നോക്കിനിന്നു. അവൻ സ്‌നേഹത്തോടെ സ്വർണ്ണപ്പട്ടത്തെ വിളിച്ചുഃ

“പോയിടല്ലേ പട്ടമേ

പോയിടല്ലേ പട്ടമേ

എന്നെവിട്ടു ദൂരെ ദൂരെ-

പ്പോയിടല്ലേ പട്ടമേ...!”

പക്ഷേ, പട്ടം അവനെ അനുസരിച്ചില്ല. അത്‌ അതിവേഗം അവിടെനിന്നു തെക്കോട്ടു പറന്നു നീങ്ങി.

സ്വർണ്ണപ്പട്ടം തനിയെ പറന്നുനീങ്ങുന്നത്‌ ഒരു പരുന്തമ്മ കണ്ടു. പരുന്തമ്മ ചോദിച്ചുഃ

“ചേലെഴുന്ന പട്ടമേ

വാലെഴുന്ന പട്ടമേ

നൂലിൽനിന്നു വിട്ടകന്നു

ചാലെയെങ്ങു പോണു നീ?”

ഇതുകേട്ടു സ്വർണ്ണപ്പട്ടം വലിയ ഗമയിൽ പറഞ്ഞുഃ

“മാരിവില്ലു പൂത്തിടുന്ന

നാട്ടിലേക്കു പോണൂ ഞാൻ.”

സ്വർണ്ണപ്പട്ടത്തിന്റെ ബെല്ലും ബ്രേക്കുമില്ലാത്ത പോക്കുകണ്ട്‌ പരുന്തമ്മ പറഞ്ഞുഃ

“കറുകറുത്ത കാറുവന്നു

മൂടിടുന്നു ചുറ്റിലും!

താഴെ നിന്റെ വീട്ടിലേക്കു

പോകപോക പട്ടമേ.”

പക്ഷേ, സ്വർണ്ണപ്പട്ടത്തിനുണ്ടോ വല്ല കൂസലും. അവൻ വീണ്ടും പറന്നുനീങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ കറുത്ത കുറെ മേഘങ്ങൾ ആ വഴിക്കു പാഞ്ഞു വന്നു. മേഘങ്ങൾ ചോദിച്ചുഃ

“മോടിയുളള പട്ടമേ

ധാടിയുളള പട്ടമേ

വീടുവിട്ടു നാടുവിട്ടു

നീന്തിയെങ്ങു പോണു നീ?”

ഇതുകേട്ട്‌ സ്വർണ്ണപ്പട്ടം തിരിഞ്ഞുനോക്കാതെ പറഞ്ഞുഃ

“മാരിവില്ലു പൂത്തിടുന്ന

നാട്ടിലേക്കു പോണു ഞാൻ.”

സ്വർണ്ണപ്പട്ടത്തിന്റെ മട്ടും ഭാവവും കണ്ട്‌ കാർമേഘങ്ങൾ പറഞ്ഞു.

“നാട്ടിലേക്കു പോക നീ

വീട്ടിലേക്കു പോക നീ

മഴവരുന്നു മഴവരുന്നു

കുഴകുഴഞ്ഞു പോകുമേ.”

പക്ഷേ, സ്വർണ്ണപ്പട്ടത്തിനുണ്ടോ വല്ല കൂസലും!

കുറച്ചു ദൂരം ചെന്നപ്പോൾ ഒരു കൊടുങ്കാറ്റ്‌ അതു വഴിയേ ചീറിപ്പാഞ്ഞു വന്നു. കാറ്റിൽപ്പെട്ട്‌ സ്വർണ്ണപ്പട്ടം ദൂരെയുളള ഒരു അഴുക്കുചാലിന്റെ മുകളിലെത്തി. പെട്ടെന്ന്‌ ആർത്തിരമ്പിക്കൊണ്ട്‌ ഒരു പെരുമഴ വന്നു.

പെരിമഴയിൽപെട്ട്‌ ആദ്യം സ്വർണ്ണപ്പട്ടത്തിന്റെ ചേലുളള വാല്‌ മുറിഞ്ഞു വീണു. എന്നിട്ടും അതിന്റെ അഹംഭാവം ശമിച്ചില്ല.

സ്വർണ്ണപ്പട്ടം പിന്നെയും കുതിച്ചുപോകാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും മഴയിൽ കുതിർന്ന്‌ അവന്റെ ശരീരത്തിലെ സ്വർണ്ണനിറത്തിലുളള കടലാസു മുഴുവൻ അലിഞ്ഞു താഴേക്കു വീണു.

എല്ലും തോലുമായ എലിമ്പൻപട്ടം കൈകാലിട്ടടിച്ചു കരഞ്ഞുഃ

“മഴകുതിർന്നു വീണു ഞാൻ

കുഴകുഴഞ്ഞു വീണു ഞാൻ

ചേലുപോയി, വാലുപോയി-

ക്കോലുമാത്രമായി ഞാൻ......!”

അഹംഭാവിയായ പട്ടത്തെ സഹായിക്കാനോ അവന്റെ സങ്കടം തീർക്കാനോ അവിടെ ആരുമുണ്ടായിരുന്നില്ല. താമസിയാതെ അത്‌ അഴുക്കുചാലിനടിയിലേക്കു താണുപോയി.

സിപ്പി പളളിപ്പുറം

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.