പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

അണ്ണാക്കുട്ടനും തേൻകിളിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ഉണ്ണിക്കഥ

പണ്ടുപണ്ട്‌ ഒരു അമ്മച്ചിപ്ലാവിന്റെ കൊമ്പിൽ ഒരു അണ്ണാക്കുട്ടനും അണ്ണാനമ്മയും പാർത്തിരുന്നു. അണ്ണാക്കുട്ടൻ തീരെ കുഞ്ഞായിരുന്നു. അവനു മരം കേറാനോ ഇരതേടാനോ അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ട്‌ അവനെ വീട്ടിലിരുത്തിയിട്ട്‌ അണ്ണാനമ്മയാണു നിത്യവും ഇരതേടാൻ പോയിരുന്നത്‌.

ഒരുദിവസം അണ്ണാനമ്മ പതിവുപോലെ ആരിയങ്കാവിൽ തീറ്റതേടാൻ പോയി. പക്ഷേ കുറച്ചുനേരം കഴിഞ്ഞപ്പോൾ അണ്ണാനമ്മയതാ ചോരയിൽകുളിച്ചു വീട്ടിലേക്ക്‌ ഓടിവരുന്നു! അണ്ണാക്കുട്ടൻ ഒന്നും മനസ്സിലാകാതെ അമ്മയോടു ചോദിച്ചുഃ

“അമ്മേ അമ്മേ അമ്മയ്‌ക്കെന്താ പറ്റിയത്‌?” അമ്മ കിതച്ചുകൊണ്ടു പറഞ്ഞുഃ

“ഉണ്ണിക്കുട്ടാ പൊന്നാരേ!......അമ്മയെ ഒരു കാലിച്ചെറുക്കൻ കല്ലെറിഞ്ഞു വീഴ്‌ത്തി. ഞാൻ ആര്യയങ്കാവിലെ അത്തിക്കൊമ്പത്തിരുന്നു നിനക്കുവേണ്ടി മധുരമുളള അത്തിപ്പഴങ്ങൾ ശേഖരിക്കുകയായിരുന്നു.”

“എന്നിട്ടെന്താ ചോര ഒഴുകുന്നത്‌?”- അണ്ണാക്കുട്ടൻ പേടിയോടെ വീണ്ടും ചോദിച്ചു.

“കാലിച്ചെറുക്കന്റെ കല്ല്‌ അമ്മയുടെ നെഞ്ചിലാണു കൊണ്ടത്‌. ആവൂ....എന്റെ ശരീരമാകെ തളരുന്നു!”-അണ്ണാനമ്മ കൂട്ടിൽ കിടന്നു കൈകാലിട്ടടിച്ചു.

കുറെക്കഴിഞ്ഞപ്പോൾ അണ്ണാനമ്മയുടെ കണ്ണുകൾ മറിഞ്ഞു മറിഞ്ഞു പോകുന്നതുപോലെ തോന്നി.

“അമ്മേ!....എന്റെ പൊന്നമ്മേ!...കണ്ണു തുറക്കൂ. അണ്ണാക്കുട്ടനു തീറ്റ തരാൻ വേറെ ആരുമില്ലല്ലോ.” അണ്ണാക്കുട്ടൻ കരഞ്ഞുവിളിച്ചു. പക്ഷേ അണ്ണാനമ്മ ഉണർന്നില്ല. അവൾ മരിച്ചുകഴിഞ്ഞിരുന്നു.

അണ്ണാനമ്മ മരിച്ചപ്പോൾ പാവം അണ്ണാക്കുട്ടൻ പട്ടിണിയിലായി. നേരത്തേ അമ്മ വീട്ടിൽ കരുതിവെച്ചിരുന്ന ഉണക്കപ്പഴങ്ങളും തീർന്നുകഴിഞ്ഞിരുന്നു. പട്ടിണികൊണ്ട്‌ അണ്ണാക്കുട്ടൻ എല്ലും തോലുമായി. വിശന്നു വലഞ്ഞ്‌ അവൻ മാളത്തിന്റെ പുറത്തേക്കു തലയും നീട്ടിയിരുന്നു.

അപ്പോൾ കോലോത്തുംകടവിലെ കോവാലൻകാക്ക ഒരു ചക്കരമാമ്പഴവും കൊത്തിക്കൊണ്ട്‌ അമ്മച്ചിപ്ലാവിന്റെ കൊമ്പത്തുവന്നിരുന്നു. അണ്ണാക്കുട്ടൻ ആർത്തിയോടെ കേണപേക്ഷിച്ചു.

“കോവാലൻകാക്കേ, കോങ്കണ്ണൻകാക്കേ

ഒരു നുളളു മാമ്പഴം തന്നേ പോ!....

ആരോരുമില്ലാത്ത പാവമാണേ ഞാൻ

അമ്മയില്ലാത്തൊരു കുഞ്ഞാണേ!”

ഇതുകേട്ട്‌ കോവാലൻകാക്ക കോക്കിരികാട്ടിക്കൊണ്ടു പറഞ്ഞു.

“അമ്മയില്ലാത്ത കുഞ്ഞാണെങ്കിൽ പട്ടിണി കിടന്നു ചത്തോളൂ. ഇതിൽനിന്ന്‌ ഒരു കഷണം പോലും നിനക്കു തരില്ല.”

കോവാലൻ കാക്ക മാമ്പഴവുംകൊണ്ടു പറന്നുപോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു തിത്തിരിത്തത്ത കുറെ അത്തിപ്പഴവുമായി അമ്മച്ചിപ്ലാവിന്റെ കൊമ്പിൽ വന്നിരുന്നു. അണ്ണാക്കുട്ടൻ അലിവോടെ അപേക്ഷിച്ചുഃ

“ഇത്തിരിത്തത്തേ, തിത്തിരിത്തത്തേ

അത്തിപ്പഴമൊന്നു തന്നേപോ!....

വയറു പൊരിഞ്ഞു മരിക്കാറായ്‌ ഞാൻ;

അത്തിപ്പഴമൊന്നു തന്നേപോ!.....”

ഇതുകേട്ടു തിത്തിരിത്തത്ത തിരിഞ്ഞുനോക്കാതെ പറഞ്ഞുഃ “വല്ല കല്ലും മണ്ണും കൊത്തി തിന്നോളൂ. ഇതിൽനിന്ന്‌ ഒരൊറ്റ പഴംപോലും നിനക്കു തരില്ല.”

തിത്തിരിത്തത്ത അത്തിപ്പഴവും കൊത്തി കൂട്ടിലേക്കു പറന്നുപോയി.

പിന്നാലെ ഒരു തേൻകിളി പാട്ടുംപാടി അതുവഴിയേ പറന്നുവന്നു. അണ്ണാക്കുട്ടൻ തേൻകിളിയോടു തളർന്ന സ്വരത്തിൽ അപേക്ഷിച്ചുഃ

“തേൻകിളിയമ്മേ പൂങ്കിളിയമ്മേ

തേൻതുളളി ഒരു തുളളി തന്നേപോ!

മേനി തളർന്നു ഞാൻ വീണിടും മുമ്പേ

വല്ലതും തിന്നുവാൻ തന്നേപോ!......”

ഇതുകേട്ടു തേൻകിളി വേഗം അണ്ണാക്കുട്ടന്റെ അരികിലേക്കു പറന്നുചെന്നു. തേൻകിളി ചോദിച്ചുഃ

“അണ്ണാക്കണ്ണാ ചങ്ങാതീ, നിനക്കെന്തു പറ്റി?” അണ്ണാക്കുട്ടൻ കരഞ്ഞുകൊണ്ടു പറഞ്ഞു.

“എന്നമ്മ പൊന്നമ്മ ചത്തേപ്പോയ്‌

പട്ടിണികൊണ്ടു ഞാൻ ചാവാറായ്‌”

അണ്ണാക്കുട്ടന്റെ കണ്ണീരും സങ്കടവും കണ്ടു തേൻകിളിക്ക്‌ അവനോട്‌ അലിവുതോന്നി. അവൾ പറഞ്ഞുഃ

“അണ്ണാക്കുട്ടാ നീ കരയേണ്ട. ഞാൻ വേഗം പോയി നിനക്കു തീറ്റ തേടിക്കൊണ്ടുവരാം.”

തേൻകിളി അതിവേഗം അവിടെ നിന്നും പറന്നുപോയി.

അല്‌പസമയത്തിനുളളിൽ തേൻകിളി ഒരു തുണ്ടു വാഴപ്പഴവുമായി തിരിച്ചുവന്നു. അത്‌ അണ്ണാക്കുട്ടനു കൊടുത്തിട്ടു പറഞ്ഞുഃ

“ഇപ്പോൾ നീ ഈ വാഴപ്പഴം തിന്നോളൂ. ഇനി നിനക്കു വേണ്ടതു ഞാൻ ദിവസേന കൊണ്ടുവന്നു തരാം!”

അണ്ണാക്കുട്ടൻ ആർത്തിയോടെ വാഴപ്പഴം കാർന്നു തിന്നു. അവനു സന്തോഷമായി. പിന്നെ അവൻ വളർന്നു വലുതാകുന്നതുവരെ തേൻകിളി അവനു തിന്നാനും കുടിക്കാനും വേണ്ടതൊക്കെ കൊടുത്തുകൊണ്ടിരുന്നു.

ഒരു ദിവസം തേൻകിളി തീറ്റയുംകൊണ്ടു വന്നപ്പോൾ അണ്ണാക്കുട്ടൻ സന്തോഷത്തോടെ പറഞ്ഞുഃ

“കിളിയമ്മേ, ഇപ്പോൾ ഞാൻ വലുതായി. നാളെമുതൽ ഞാൻ തനിയെ തീറ്റ തേടി പൊയ്‌ക്കൊളളാം. നീ ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. അമ്മയില്ലാത്ത എന്നെ വളർത്തിയത്‌ കിളിയമ്മയല്ലേ!”

തേൻകിളിക്ക്‌ അതു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അവൾ അണ്ണാക്കുട്ടനെ അനുഗ്രഹിച്ചിട്ടു പറന്നുനീങ്ങി. കുറെ ദിവസങ്ങൾ കടന്നുപോയി. അണ്ണാക്കുട്ടൻ കുറെക്കൂടി വളർന്നു. അവൻ ചില്ലകളിൽ ചാടിമറിഞ്ഞും വളളികളിൽ ഊഞ്ഞാലാടിയും കായ്‌കനികൾ പറിച്ചു തിന്നാൻ പഠിച്ചു.

ഒരു ദിവസം അണ്ണാക്കുട്ടൻ പനങ്കാട്ടിലെ ഒരു പനയിലിരുന്ന്‌ പനങ്കരിക്കു തിന്നുകയായിരുന്നു. അപ്പോൾ പെട്ടെന്ന്‌ എവിടെനിന്നോ ഒരു കൂട്ടക്കരച്ചിൽ കേട്ടു. എന്താണാവോ? അവൻ ചെവിയോർത്തു. ഏതോ പക്ഷികൾ ‘രക്ഷിക്കണേ രക്ഷിക്കണേ’ എന്നു വിളിച്ചു കരയുന്ന ശബ്‌ദമായിരുന്നു അത്‌.

അണ്ണാക്കുട്ടൻ അങ്ങോട്ടു കുതിച്ചു. അപ്പോഴാണ്‌ ആ കാഴ്‌ച കണ്ടത്‌. കുറെ പക്ഷികൾ മലവേടൻ വിരിച്ചിട്ട വലയിൽ കുടുങ്ങിക്കിടന്നു കരയുകയാണ്‌. അക്കൂട്ടത്തിൽ അവന്റെ ഉറ്റ ചങ്ങാതിയായ തേൻ കിളിയും ശത്രുക്കളായ കോവാലൻകാക്കയും തിത്തിരിത്തത്തയുമെല്ലാം ഉണ്ടായിരുന്നു.

തേൻകിളിയെ മാത്രം രക്ഷിക്കാമെന്ന്‌ അവൻ ആദ്യം വിചാരിച്ചു. എന്നാൽ അവന്‌ അതിനു മനസ്സു വന്നില്ല. ആപത്തിൽ ശത്രുക്കളെപ്പോലും സഹായിക്കുന്നതാണ്‌ ശരിയെന്ന്‌ അവനു തോന്നി. അകലെനിന്നു മലവേടൻ ഓടിവരുന്നത്‌ അണ്ണാക്കുട്ടൻ കണ്ടു. അവൻ പിന്നെ ഒന്നും ചിന്തിച്ചില്ല. വേഗത്തിൽ ഓടിച്ചെന്നു വല കടിച്ചുമുറിച്ച്‌ കോവാലൻ കാക്കയെയും തിത്തിരിത്തത്തയെയും തേൻകിളിയേയും മറ്റുളളവരെയും രക്ഷപ്പെടുത്തി. ഇതു കണ്ടു തേൻകിളി പറഞ്ഞുഃ

“അണ്ണാക്കുട്ടാ, നീ എത്ര നല്ലവനാണ്‌! നിന്റെ ശത്രുക്കളെയും നീ രക്ഷപ്പെടുത്തിയല്ലോ.”

തേൻകിളിയുടെ വാക്കുകൾ കേട്ട്‌ അണ്ണാക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞുഃ

“കിളിയമ്മേ, എന്നെ സഹായിച്ചില്ലെങ്കിലും ഇവരും എന്റെ മിത്രങ്ങളാണ്‌. ആപത്തിൽ ഇവരെ ഉപേക്ഷിക്കാൻ എനിക്കു മനസ്സുവന്നില്ല.”

ഇതുകേട്ട്‌ കോവാലൻകാക്കയും തിത്തിരിത്തത്തയും നാണിച്ചു തലതാഴ്‌ത്തി. അവർ പറഞ്ഞു.

“അണ്ണാക്കുട്ടാ, നീ ഞങ്ങളോടു ക്ഷമിക്കണം. നീ വിശന്നു കരഞ്ഞപ്പോൾ നിന്നെ ഞങ്ങൾ തിരിഞ്ഞുപോലും നോക്കിയില്ല. അതു വലിയ തെറ്റായിപ്പോയി. ഇനി ഞങ്ങൾ അങ്ങനെ ചെയ്യില്ല.”

“അതെ, ഇന്നുമുതൽ നമ്മളൊന്നാണ്‌! തമ്മിൽത്തമ്മിൽ സ്‌നേഹിച്ചും സഹായിച്ചും നമുക്കു കഴിഞ്ഞുകൂടാം.” തേൻകിളി എല്ലാവരെയും സ്‌നേഹപൂർവം തഴുകി.

അണ്ണാക്കുട്ടനു നന്ദി പറഞ്ഞുകൊണ്ട്‌ അവർ ഓരോരോ വഴിക്കു പറന്നുപോയി.

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.