പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

സുന്ദരിച്ചക്കിയും കാന്താരിച്ചീരുവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ഉണ്ണിക്കഥ

അത്തിക്കരയില്ലത്ത്‌ ഒരു ഉപ്പൂത്തിയമ്മയും ഇത്തിക്കരയില്ലത്ത്‌ ഒരു പുല്ലൂത്തിയമ്മയും പാർത്തിരുന്നു. ഉപ്പൂത്തിയമ്മ ഉപ്പുകച്ചവടം ചെയ്തും പുല്ലൂത്തിയമ്മ പുല്ലുകച്ചവടം ചെയ്തുമാണ്‌ ജീവിച്ചിരുന്നത്‌.ഉപ്പൂത്തിയമ്മയ്‌ക്കും പുല്ലൂത്തിയമ്മയ്‌ക്കും ഓരോ പെൺമക്കളാണുണ്ടായിരുന്നത്‌. ഉപ്പൂത്തിയമ്മയുടെ മകളുടെ പേരു സുന്ദരിച്ചക്കിയെന്നും പുല്ലൂത്തിയമ്മയുടെ മകളുടെ പേരു കാന്താരിച്ചീരുവെന്നുമായിരുന്നു.

ഉപ്പൂത്തിയമ്മ ഒരു ദിവസം ഉപ്പുകച്ചവടത്തിനുപോയി മടങ്ങുമ്പോൾ വളളം മുങ്ങി മരിച്ചുപോയി. അതോടെ സുന്ദരിച്ചക്കി ഒറ്റയ്‌ക്കായി. അവൾ തന്റെ കൊച്ചുവീട്ടിൽ അടക്കത്തോടും ഒതുക്കത്തോടുംകൂടി ജീവിച്ചുവന്നു. സുന്ദരിയും മിടുമിടുക്കിയുമായ സുന്ദരിച്ചക്കിയോടു പുല്ലൂത്തിയമ്മയ്‌ക്കും മകൾ കാന്താരിച്ചീരുവിനും വല്ലാത്ത അസൂയയായിരുന്നു.

സുന്ദരിച്ചക്കി ദിവസവും രാവിലെ ഉണർന്ന്‌ അത്തിക്കരമുത്തിയേയും ഇത്തിക്കരമുത്തിയേയും തൊഴാൻ പോകും. അതു കഴിഞ്ഞാൽ ചന്തയിൽപ്പോയി കഞ്ഞിക്കും കറിക്കുമുളള സാധനങ്ങൾ വാങ്ങിക്കൊണ്ടുവരും.

പതിവുപോലെ സുന്ദരിച്ചക്കി ഒരു ദിവസം ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോയി. അന്ന്‌ അവളുടെ പിറന്നാളായിരുന്നു. പിറന്നാൾപ്പായസമുണ്ടാക്കാനായി അവൾ ചന്തയിൽനിന്നു മൂന്നു തേങ്ങ വാങ്ങി. വീട്ടിൽ വന്നു തേങ്ങ ഉടച്ചപ്പോൾ അതിനകത്തു നല്ല ഭംഗിയുളള ഒരു പട്ടുചേല! രണ്ടാമത്തെ തേങ്ങയിൽ രത്നം പതിച്ച ആഭരണങ്ങൾ! മൂന്നാമത്തേതിൽ ഒരു ജോടി കണ്ണാടിച്ചെരുപ്പുകൾ!

പിറ്റേദിവസം സുന്ദരിച്ചക്കി പട്ടുചേലയും ചുറ്റി, രത്നാഭരണങ്ങളുമണിഞ്ഞു കണ്ണാടിച്ചെരുപ്പുകളും ധരിച്ച്‌ ആറ്റിങ്ങലമ്പലത്തിൽ ഉത്സവത്തിനുപോയി.

ആൾത്തിരക്കിൽപ്പെട്ടു സുന്ദരിച്ചക്കിയുടെ ഒരു കണ്ണാടിച്ചെരുപ്പു കാണാതായി. ഒറ്റച്ചെരുപ്പുമായി അവൾ വീട്ടിലേക്കു മടങ്ങി.

കാണാതെ പോയ കണ്ണാടിച്ചെരുപ്പ്‌ ആറ്റിങ്ങൽത്തമ്പുരാന്റെ മന്ത്രിക്കു കിട്ടി. മന്ത്രി അതു കൊണ്ടുപോയി ഇളയത്തമ്പുരാനെ ഏല്പിച്ചു. ഇളയത്തമ്പുരാനു ചെരുപ്പു കിട്ടിയെന്നറിഞ്ഞ്‌ സുന്ദരിച്ചക്കി കൊട്ടാരത്തിലെത്തി മുഖം കാണിച്ചു. സുന്ദരിയായ സുന്ദരിച്ചക്കിയെ കണ്ടപ്പോൾ ഇളയത്തമ്പുരാന്‌ അവളെ കല്യാണം കഴിക്കാൻ ആഗ്രഹംതോന്നി. അദ്ദേഹം അതിനുളള ഒരുക്കങ്ങളും ചെയ്തു.

സുന്ദരിച്ചക്കിയെ കൊട്ടാരത്തിലെ ഇളയത്തമ്പുരാൻ കല്യാണം കഴിക്കാൻ പോകുന്ന വിവരമറിഞ്ഞു പുല്ലൂത്തിയമ്മയ്‌ക്കും മകൾ കാന്താരീച്ചീരുവിനും അസൂയ അടക്കാൻ വയ്യാതായി. സുന്ദരിച്ചക്കിയെ ചതിയിൽ കുടുക്കാനുളള സൂത്രങ്ങളെക്കുറിച്ച്‌ അവർ ചിന്തിച്ചുകൊണ്ടിരുന്നു.

കല്യാണദിവസമായി. സുന്ദരിച്ചക്കിയുടെ വീട്ടിൽ വച്ചായിരുന്നു കല്ല്യാണം. കല്ല്യാണംകൂടാൻ വന്നവരുടെ കൂട്ടത്തിൽ പുല്ലൂത്തിയമ്മയും കാന്താരിച്ചീരുവും ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞു ചെക്കനും പെണ്ണും കൊട്ടാരത്തിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ പുല്ലൂത്തിയമ്മ പറഞ്ഞുഃ

“ഇന്നേയ്‌ക്കിരുവരും പോയിടേണ്ട

ഇന്നത്തെ ശകുനം പിഴച്ചതാണേ!

നാളെ വെളുപ്പിനു രണ്ടുപേരും

കൈകോർത്തു പൊയ്‌ക്കൊൾക തമ്പുരാനേ!”

ഇതുകേട്ട്‌ ഇളയത്തമ്പുരാൻ അന്നത്തെ യാത്ര നീക്കിവച്ചു.

സന്ധ്യയ്‌ക്കു സുന്ദരിച്ചക്കി കുളിക്കാൻ കുളക്കടവിലേക്കു പോയപ്പോൾ പുല്ലൂത്തിയമ്മ പാത്തും പതുങ്ങിയും പിന്നാലെ ചെന്നു. കുളിക്കാനിറങ്ങിയ സുന്ദരിച്ചക്കിയെ അവൾ വെളളത്തിലേക്കു തളളിയിട്ടു. നിലയില്ലാത്ത കയത്തിൽപ്പെട്ടു സുന്ദരിച്ചക്കിയുടെകഥ കഴിഞ്ഞു.

പുല്ലൂത്തിയമ്മ സുന്ദരിച്ചക്കിയുടെ പട്ടുചേലയും രത്നാഭരണങ്ങളുമെടുത്തു തന്റെ മകൾ കാന്താരിച്ചീരുവിനെ അണിയിച്ചു.

പിറ്റേന്നു പുലർച്ചയ്‌ക്ക്‌ കാന്താരിച്ചീരു ഒന്നുമറിയാത്തപോലെ ഇളയത്തമ്പുരാന്റെ കൂടെ കൊട്ടാരത്തിലേക്കു പുറപ്പെട്ടു. സുന്ദരിച്ചക്കിയാണ്‌ തന്റെ കൂടെ ഉളളതെന്ന്‌ ഇളയത്തമ്പുരാൻ വിചാരിച്ചു.

കുറെ ദിവസം കഴിഞ്ഞു. ഇളയതമ്പുരാൻ പുതുമണവാട്ടിയോടൊപ്പം സുന്ദരിച്ചക്കിയുടെ വീട്ടില വിരുന്നുവന്നു. അപ്പോൾ മുറ്റത്തുളള കുളത്തിന്റെ നടുക്ക്‌ ഒരു താമരപ്പൂ വിരിഞ്ഞുനില്‌ക്കുന്നത്‌ ഇളയതമ്പുരാനും കാന്താരിച്ചീരുവും കണ്ടു.

കാന്താരിച്ചീരു താമരപ്പൂ പറിക്കാനായി കുളത്തിലേക്കു ചാടിയിറങ്ങി. പക്ഷേ അവൾക്ക്‌ അതു പറിച്ചെടുക്കാൻ കഴിഞ്ഞില്ല. അവൾ കൈ നീട്ടുമ്പോഴേക്കും താമരപ്പൂ അകന്നകന്നു പോയി. അവൾ അത്ഭുതത്തോടെ ഇളയതമ്പുരാനോടു പറഞ്ഞു.

“ഇപ്പൂവു വല്ലാത്ത പൂവുതന്നെ;

കൗതുകമേറുന്ന പൂവുതന്നെ

കൈനീട്ടും നേരത്തു തെന്നിമാറും

പൂവിനു മാന്ത്രിക ശക്തിയുണ്ടോ?”

ഇതുകേട്ട്‌ ഇളയതമ്പുരാൻ കുളത്തിലേക്കു മെല്ലെ നീന്തിച്ചെന്നു. തമ്പുരാൻ കൈ നീട്ടിയപ്പോൾ താമരപ്പൂ അകന്നുപോയില്ല. അദ്ദേഹം അതു പറിച്ചെടുത്തു സൂക്ഷിച്ചുവച്ചു. അദ്ദേഹം പറഞ്ഞുഃ

“ഇപ്പൂവു നമ്മുടെ കൊട്ടാരത്തിൽ

ദേവനു കാണിക്കയായി വയ്‌ക്കാം.

ഇപ്പൂവു കാണുവാനെന്തു ചന്തം

കാണുന്നോരാരും കൊതിച്ചുപോകും.!”

അവർ കൊട്ടാരത്തിലേക്കു മടങ്ങിയപ്പോൾ താമരപ്പൂവും മറക്കാതെ കൊണ്ടുപോയി. ഇളയതമ്പുരാൻ പൂവെടുത്തു കൊട്ടാരത്തിലെ ദേവന്റെ പ്രതിമയ്‌ക്കു മുന്നിൽ കാണിക്കയായിട്ടു വച്ചു.

കുറെ ദിവസം കഴിഞ്ഞിട്ടും ആ താമരപ്പൂവു വാടുകയോ കൂമ്പുകയോ ചെയ്തില്ല. ഇതുകണ്ടു കാന്താരിച്ചീരുവിനു പല സംശയങ്ങളുമുണ്ടായി. അവൾ ഇളയതമ്പുരാനറിയാതെ തെക്കേ വളപ്പിലേക്കു വലിച്ചെറിഞ്ഞു.

താമരപ്പൂ വലിച്ചെറിഞ്ഞ സ്ഥലത്ത്‌ ഒരു നാരകം മുളച്ചുവന്നു. അത്‌ അല്പദിവസം കൊണ്ടു വളർന്നു പന്തലിച്ചു പൂവിട്ടു. അപ്പോൾ കൊട്ടാരത്തിലെ വാല്യക്കാരിയമ്മൂമ്മ പറഞ്ഞുഃ

“നമ്മുടെ നാരകം പൂവണിഞ്ഞേ

വണ്ടുകൾ മൂളിപ്പറന്നണഞ്ഞേ

ആരു കൊതിച്ചാലും കിട്ടുകില്ലാ

ആദ്യത്തെ നാരങ്ങ ഞാനെടുക്കും.”

ഒട്ടും വൈകാതെ നാരകത്തിലെ നാരങ്ങ മൂത്തു. വാല്യക്കാരി വല്യമ്മയുടെ കൊതികണ്ട്‌ ഇളയതമ്പുരാൻ ആദ്യത്തെ നാരങ്ങ അവർക്കുകൊടുത്തു.

വാല്യക്കാരിയമ്മൂമ്മ നാരങ്ങയെടുത്തു തന്റെ കിടപ്പുമുറിയിൽ കൊണ്ടുപോയി ആർത്തിയോടെ പൊളിച്ചു.

നാരങ്ങയ്‌ക്കുളളിലെ കാഴ്‌ചകണ്ട്‌ അമ്മൂമ്മ അന്തംവിട്ടു നിന്നു. അതിനകത്തു സുന്ദരിയായ ഒരു പെണ്ണിരിക്കുന്നു.

അമ്മൂമ്മ രഹസ്യമായി ഇളയതമ്പുരാനെ വിളിച്ചിട്ടു പറഞ്ഞുഃ

“കണ്ടാലും കണ്ടാലും തമ്പുരാനേ

നാരങ്ങയ്‌ക്കുളളിലെ പെൺമണിയെ!

എന്തൊരതിശയം തമ്പുരാനേ

കാഴ്‌ചയിതെങ്ങനെ വിശ്വസിക്കും!”

ഇളയതമ്പുരാനും ഈ കാഴ്‌ച അത്ഭുതത്തോടെ നോക്കിനിന്നു. നാരങ്ങയ്‌ക്കുളളിൽനിന്നു സുന്ദരിയായ ഒരു പെൺകിടാവു പുറത്തേക്കിറങ്ങിവന്നു. അവൾ പറഞ്ഞു.

“അങ്ങയെ നാഥനായ്‌ സ്വീകരിച്ച

സുന്ദരിച്ചക്കി ഞാൻ തമ്പുരാനേ!

അങ്ങയെത്തേടി ഞാൻ വന്നതാണേ

സത്യം മരിക്കില്ല തമ്പുരാനേ!”

ഇതുകേട്ടപ്പോഴാണ്‌ താൻ ചതിയിൽ കുടുങ്ങിയ വിവരം ഇളയതമ്പുരാൻ മനസ്സിലാക്കിയത്‌. സുന്ദരിച്ചക്കിക്കുപകരം താൻ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു വന്നതു മറ്റൊരു പെണ്ണിനെയാണെന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. അന്തപ്പുരത്തിൽനിന്ന്‌ അവളെ തന്റെ മുന്നിലേക്കു കൂട്ടിക്കൊണ്ടുവരുവാൻ അദ്ദേഹം കല്പിച്ചു.

കാന്താരിച്ചീരു പേടിച്ചുവിറച്ച്‌ അവിടേക്കു വന്നു. തന്റെ മുന്നിൽ ജീവനോടെ നില്‌ക്കുന്ന സുന്ദരിച്ചക്കിയെ കണ്ട അവൾ ഉറക്കെക്കരഞ്ഞു. അവൾ തമ്പുരാന്റെ കാല്‌​‍്‌ക്കൽ വീണിട്ടു പറഞ്ഞുഃ

“മാപ്പെനിക്കേകണം തമ്പുരാനേ

വല്ലാത്ത തെറ്റു ഞാൻ ചെയ്തുപോയി!

എന്നെ കഴുമരം കേറ്റരുതേ

മേലിൽ ഞാൻ വഞ്ചന കാട്ടികില്ല!”

സത്യം തുറന്നുപറഞ്ഞതുകൊണ്ട്‌ ഇളയതമ്പുരാൻ അവൾക്കു മാപ്പു കൊടുത്തു. എങ്കിലും കൊടിയ വഞ്ചനചെയ്ത പുല്ലൂത്തിയമ്മയെ അദ്ദേഹം വെറുതെ വിട്ടില്ല. അവരെ അന്നുതന്നെ നാടുകടത്താൻ കല്പനയായി.

നല്ലവളായ സുന്ദരിച്ചക്കിയെ തമ്പുരാൻ തന്റെ യഥാർത്ഥ രാജ്ഞിയായി സ്വീകരിച്ചു.

സിപ്പി പളളിപ്പുറം

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.